ADVERTISEMENT

പാശ്ചാത്യ ആധിപത്യത്തിനു കീഴിൽ കേരളത്തിൽ വളർന്നുവന്ന സ്വാതന്ത്ര്യമോഹങ്ങൾക്ക് വൈവിധ്യമാർന്ന മാനങ്ങളുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വിഭിന്നമായി യൂറോപ്യൻ ആധുനികതയുടെ മൂല്യബോധങ്ങൾ ഏറ്റവും ശക്തമായി വളർന്നതു കേരളത്തിലാണ്. ആധുനികതയുമായുള്ള കേരളത്തിന്റെ പൊരുത്തപ്പെടൽ യൂറോപ്പുമായുള്ള നൂറ്റാണ്ടുകൾ നീണ്ട ബന്ധത്തിലൂടെ ആർജിച്ചതാണ്. അത് ഉൾക്കൊള്ളലിലൂടെ മാത്രം ഉണ്ടായതല്ല, സംഘർഷത്തിലൂടെയും പോരാട്ടത്തിലൂടെയും വളർന്നുവന്നതാണ്.

കടൽ കടന്നെത്തിയത്

കുരുമുളകിനെയും ക്രിസ്ത്യാനികളെയും ലക്ഷ്യമാക്കി പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ കേരളതീരത്തെത്തിയ പോർച്ചുഗീസുകാർ തദ്ദേശീയരായ സുറിയാനി ക്രിസ്ത്യാനികളുമായി സംഘർഷത്തിലേർപ്പെട്ടു. ആഗോള കത്തോലിക്കാ സഭയിൽ നിന്നു വ്യത്യസ്തത പുലർത്തിയ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസസംഹിത അവർ ചോദ്യം ചെയ്തു. തങ്ങളുടെ വിശ്വാസത്തിൽ പോർച്ചുഗീസുകാരുടെ ഇടപെടലിനെ എതിർത്ത് കൂനൻകുരിശിൽ തൊട്ടു സുറിയാനികൾ വിശ്വാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. കാലക്രമേണ സുറിയാനികളിലെ വലിയൊരു വിഭാഗം കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് ആഗോള സഭയുടെ ഭാഗമായിത്തീർന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഇംഗ്ലിഷ് മിഷനറിമാർ കേരളത്തിൽ സ്വാധീനം ഉറപ്പിച്ചപ്പോൾ സെമിനാരികൾ സ്ഥാപിച്ചും ആരാധനാക്രമങ്ങൾ പരിഷ്കരിച്ചും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നേതൃത്വത്തിൽ പ്രസ്സും സ്കൂളുകളും സ്ഥാപിച്ചും, തദ്ദേശക്രൈസ്തവർ വൈദേശിക മേധാവിത്വത്തെ ഒരേസമയം എതിർക്കുകയും ഉൾക്കൊള്ളുകയും ചെയ്തു. പോർച്ചുഗീസ്‌ ആധിപത്യത്തെ എതിർക്കുമ്പോഴും തെക്കേ അമേരിക്കയിലെ അവരുടെ അധിനിവേശ പ്രദേശങ്ങളിൽനിന്നു കേരള തീരത്തെത്തിച്ച പച്ചമുളകും മരച്ചീനിയും സവാളയും കപ്പയും കടച്ചക്കയും കാപ്പിയും മറ്റും കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെയും ഭക്ഷണക്രമത്തിന്റെയും അവിഭാജ്യ ഘടകമായി. അതുകൊണ്ടു തന്നെ വൈദേശികാധിപത്യത്തിൽനിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യം ആശയങ്ങളുടെയും വസ്തുക്കളുടെയും ഉൾക്കൊള്ളലിന്റെയും സന്നിവേശിപ്പിക്കലിന്റെയും പരിഷ്കരിക്കലിന്റെയും ചരിത്രം കൂടിയാണ്.

അധികാരവും സ്വാതന്ത്ര്യവും

യൂറോപ്യൻ വ്യവസായവൽക്കരണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഉൽപാദനത്തിനുള്ള പ്രദേശമായിട്ടാണ് കോളനികളെ അവർ കണ്ടത്. ബ്രിട്ടിഷ് വാണിജ്യ, സാമ്പത്തിക താൽപര്യങ്ങൾക്കനുസരിച്ചുള്ള രാഷ്ട്രസംവിധാനമാണ് ഇന്ത്യയിൽ അവർ പടുത്തുയർത്തിയത്. ബ്രിട്ടിഷ് കച്ചവടതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആധുനിക സാമൂഹിക വ്യവസ്ഥിതിയുടെ നിർമാണത്തെക്കാളും ഉചിതം പരമ്പരാഗത അധികാരഘടനകളുടെ സംരക്ഷണവും ഊട്ടിയുറപ്പിക്കലുമാണെന്നു ബ്രിട്ടിഷുകാർ വളരെവേഗം തിരിച്ചറിഞ്ഞു.

burton-cleetus
ഡോ. ബർട്ടൺ ക്ലീറ്റസ്

കൊളോണിയൽ ഭരണം ഇന്ത്യയിൽ സ്ഥാപിതമായപ്പോൾ മലബാർ മേഖല മദ്രാസ് പ്രസിഡൻസിയുടെ നേരിട്ടുള്ള അധീനതയിലും കൊച്ചിയും തിരുവിതാംകൂറും നാട്ടുരാജാക്കന്മാരുടെ ഭരണത്തിൻകീഴിലും നിലനിന്നു. നാട്ടുരാജ്യങ്ങളിലെ സൈന്യത്തെ പിരിച്ചുവിട്ടു കന്റോൺമെന്റുകൾ സ്ഥാപിച്ച് ബ്രിട്ടിഷ് സൈന്യത്തെ നിലനിർത്തിയും നാട്ടുരാജ്യങ്ങളിൽ ബ്രിട്ടിഷ് പ്രതിനിധിയായി റസിഡന്റിനെ നിയമിച്ചും ഇവിടങ്ങളിലെ ഭരണവും ഫലത്തിൽ ബ്രിട്ടിഷ് നിയന്ത്രണത്തിലായിരുന്നു നടന്നത്. കൊളോണിയൽ ഭരണത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു തുടർച്ചയായി നികുതിഭാരം അടിച്ചേൽപിച്ചപ്പോൾ മലബാർ മേഖലയിലെ കർഷകരും കർഷകത്തൊഴിലാളികളും ബ്രിട്ടിഷ് ഭരണത്തിന്റെ സമ്മർദം നേരിട്ടു. ബ്രിട്ടിഷ് ഭരണത്തിൻകീഴിൽ നിലവിൽവന്ന ഭൂനിയമങ്ങൾ പലപ്പോഴും ഭൂവുടമകളെ സംരക്ഷിക്കുന്നതും തൊഴിലാളി വിരുദ്ധവുമായിരുന്നു. മലബാർ മേഖലയിൽ ഉടലെടുത്ത കർഷക സമരങ്ങൾ, ബ്രിട്ടിഷ് നികുതിപിരിവിന്റെ നിരന്തരമായ സമ്മർദങ്ങളുടെ ഫലമായിട്ടുണ്ടായതാണ്.

തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടിഷ് സാമ്പത്തിക സമ്മർദം നേരിടേണ്ടിവന്നത് രാജാവും ദിവാനും ഉൾപ്പടെയുള്ള ഭരണാധികാരികളായിരുന്നു. ബ്രിട്ടിഷ് ആവശ്യങ്ങൾക്കനുസരിച്ചു ചുങ്കം പിരിക്കുന്നത് നിരന്തരമായി വർധിപ്പിക്കേണ്ടി വന്നു. ഇത് നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ നില പരുങ്ങലിലാക്കി. ബ്രിട്ടിഷ് ഇടപെടലിനെതിരെ പോരാടി മരിച്ച വേലുത്തമ്പി ദളവയുടെ ശരീരം, നാട്ടുരാജ്യത്തിലെ ജനങ്ങൾക്കും ഭരണാധികാരികൾക്കുമുള്ള മുന്നറിയിപ്പ് എന്നോണം തിരുവനന്തപുരത്തു പരസ്യമായി കെട്ടിത്തൂക്കി. ബ്രിട്ടിഷ് ഭരണം കേരളത്തിൽ സാധ്യമാക്കിയത് ആയുധബലത്തിലൂടെയുള്ള ക്രൂരമായ അടിച്ചമർത്തലിലൂടെ ഭയപ്പെടുത്തിയും ആധുനിക വിദ്യാഭ്യാസ, ആരോഗ്യ മേഖലയുടെ അനുഭവപരിസരം നടപ്പിൽ വരുത്തിയുമാണ്. ബ്രിട്ടിഷ് ഭരണാധികാരികളെ ഭയന്നും ആശ്രയിച്ചും ജീവിച്ച നാട്ടുരാജാക്കന്മാർക്കു പരമാധികാരം നഷ്ടമായി. അധികാരവും സ്വാതന്ത്ര്യവും ഇഴചേർന്നു കിടക്കുന്നവയാണ്. അതുകൊണ്ടു തന്നെ അധികാരമില്ല എന്നാൽ സ്വാതന്ത്ര്യമില്ല എന്നു തന്നെയാണർഥം.

ബ്രിട്ടിഷ് ഭരണ വ്യവസ്ഥിതിയോടു സമരസപ്പെട്ട്, ബ്രിട്ടിഷ് റസിഡന്റിന്റെ ഇംഗിതത്തിനു വഴങ്ങി ഭരണം നടത്തി പരമാധികാരം നഷ്ടപ്പെടുത്തേണ്ടിവന്ന തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജകുടുംബങ്ങൾ അധികാരത്തിന്റെ പുത്തൻ അർഥങ്ങൾ കണ്ടെത്തിയത് പരമ്പരാഗത സാംസ്കാരിക കലാരൂപങ്ങളുടെ പുനഃക്രമീകരണത്തിലാണ്. സ്വാതിതിരുനാളിന്റെയും രാജാരവിവർമയുടെയും അനന്തപുരത്ത് മൂത്തകോയിത്തമ്പുരാന്റെയും, കേരളവർമ വലിയകോയിത്തമ്പുരാന്റെയും നേതൃത്വത്തിൽ സംഗീതവും ചിത്രകലയും ആയുർവേദവും സാഹിത്യവും പരിഷ്കരിക്കുകയും ജനകീയവൽകരിക്കുകയും ചെയ്തു. ആധുനികതയുടെ യുക്തിബോധത്തിനനുസരിച്ചുള്ള പാരമ്പര്യത്തിന്റെ നിർമിതിയിലൂടെയും അതിന്റെ പ്രചാരത്തിലൂടെയുമാണ് നാട്ടുരാജാക്കന്മാർ ബ്രിട്ടിഷ് ഭരണാധികാരികൾക്കു മുന്നിൽ അടിയറവച്ച പരമാധികാരം വീണ്ടും സ്വരുക്കൂട്ടിയത്.

പൗരബോധത്തിന്റെ ഉണർവ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യൂറോപ്യൻ മാതൃകയിലുള്ള പുതിയ രാഷ്ട്രസങ്കൽപങ്ങളും പൗരബോധവും നാട്ടുരാജ്യങ്ങളിലും വേരൂന്നി. ആധുനിക വിദ്യാഭ്യാസം നേടിയവർക്കു ബ്രിട്ടിഷ് ഭരണവും രാജാധികാരവും ഒരേപോലെ അസ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളായി അനുഭവപ്പെട്ടു. പൊതുയോഗങ്ങളിലൂടെ സംഘടിച്ചും പത്രങ്ങൾ സ്ഥാപിച്ചും അവർ ബ്രിട്ടിഷ്, നാട്ടുരാജ്യ അധികാരക്രമങ്ങൾക്കെതിരെ തിരിഞ്ഞു. പത്രാധിപരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ഭരണകൂട വിമർശനങ്ങളുടെ പേരിൽ ബ്രിട്ടിഷ് മലബാറിലേക്ക് നാടുകടത്തി പ്രതിഷേധങ്ങളെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ദേശീയതലത്തിൽ വളർന്നുവന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു മുന്നിൽ നാട്ടുരാജ്യങ്ങൾക്കു പിടിച്ചുനിൽക്കാനായില്ല.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ആധുനിക വിദ്യാഭ്യാസം നേടിയവർക്കുമുന്നിൽ ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിനും പരമ്പരാഗത സാമൂഹിക വ്യവസ്ഥിതിക്കുമെതിരെയുമുള്ള ആത്മസംഘർഷങ്ങൾ ഒരേപോലെ ഉടലെടുത്തു. നിലനിന്ന സാമൂഹികവ്യവസ്ഥിതിയിൽനിന്നും വൈദേശിക മേധാവിത്തത്തിൽനിന്നുമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം പുതിയ അധികാരക്രമത്തെ നിലനിർത്തുന്ന സാമൂഹികവ്യവസ്ഥിതിയിൽ അധിഷ്ഠിതമായിരുന്നു. രാജഭരണത്തിനറുതിവരുത്തിയെങ്കിലും പത്തൊൻപതാം നൂറ്റാണ്ടു മുതൽ കൊട്ടാരങ്ങൾ കേന്ദ്രീകൃതമായി വളർന്നുവന്ന കലകൾ പുതിയ സാമൂഹിക അധികാരങ്ങളുടെ സാംസ്കാരിക ചിഹ്നങ്ങളായി മാറി. കേരളീയ കലാരൂപങ്ങളായി പുതുതായി വളർന്നുവന്ന സാംസ്കാരിക മണ്ഡലം മുഖ്യധാരാ ജാതി സമൂഹങ്ങളുടെ ആധുനികകാല അധികാര പുനഃക്രമീകരണത്തിനുള്ള പ്രധാനമാർഗമായി. കേരളത്തിൽ ഉയർന്നുവന്ന പുതിയ സാംസ്കാരികത അടിച്ചമർത്തപ്പെട്ട ജാതിസമൂഹങ്ങളുടെ ഇടയിൽ നിലനിന്ന സാമൂഹിക വ്യവസ്ഥിതികളെ പുതിയ അധികാരക്രമത്തിനനുസരിച്ചു പാർശ്വവൽക്കരിക്കുന്നതായി.

പൗരബോധത്തെക്കുറിച്ചും അണുകുടുംബത്തെക്കുറിച്ചുമുള്ള പാശ്ചാത്യ കാഴ്ചപ്പാടുകൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിൽ ശക്തിപ്രാപിച്ചു. ബ്രാഹ്മണ, നായർ വിഭാഗങ്ങൾക്കിടയിൽ നടന്ന പരിഷ്‌കാരങ്ങൾ കുടുംബങ്ങൾക്കുള്ളിലെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഉടലെടുത്തതാണ്. മുഖ്യധാരാ സാമൂഹിക നിലനിൽപിനു വ്യക്തി, കുടുംബ ജീവിതത്തിന്റെ പരിഷ്‌കാരം അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസം അടിവരയിട്ടു. ആധുനിക വിദ്യാഭ്യാസം ലഭിച്ച നായർ യുവാക്കൾ കൂട്ടുകുടുംബ വ്യവസ്ഥിതിയെ സ്വാതന്ത്ര്യമില്ലായ്മയുടെ കേന്ദ്രമായി കരുതി. പുതുതായി വിദ്യാഭ്യാസം ലഭിച്ചവർ തങ്ങൾ പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലുള്ള നിർണായകമായ ഒരു കാലഘട്ടത്തിൽ നിൽക്കുന്നവരാണെന്നും സ്വന്തം സമുദായത്തെ പരിഷ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം തങ്ങളിൽ നിക്ഷിപ്തമാണെന്നും വിശ്വസിച്ചു. പൂർണമായി പുരുഷകേന്ദ്രീകൃതമായിരുന്നു ബ്രാഹ്മണ കുടുംബങ്ങൾ. മുഖ്യധാരയിലേക്കുള്ള സ്ത്രീകളുടെ വരവിനു കർക്കശമായ പരമ്പരാഗത വ്യവസ്ഥിതികളിൽ വിട്ടുവീഴ്ച വേണമെന്ന് വി.ടി.ഭട്ടതിരിപ്പാടിനെപ്പോലുള്ളവർ വാദിച്ചു.

ദേശീയ പ്രസ്ഥാനത്തിലേക്ക്

ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സമുദായ പരിഷ്കരണത്തിന്റെ അടിസ്ഥാനം ജാതിക്കും മതത്തിനുമപ്പുറമുള്ള വിശ്വമാനവികതയിൽ ആയിരിക്കുമ്പോഴും അതിന്റെ പ്രയോഗതലം പാരമ്പര്യ ചിഹ്നങ്ങളായി ഉയർന്നുവന്ന സംസ്കൃതത്തിലും ആയുർവേദത്തിലും അധിഷ്ഠിതമായിരുന്നു. ഗുരുവിനെ സംബന്ധിച്ചിടത്തോളം ഈഴവരുടെ സ്വാതന്ത്ര്യമില്ലായ്മ ജാതിയിലധിഷ്ഠിതമായ തരംതിരിക്കലായിരുന്നു. അതുകൊണ്ടു തന്നെ ജാതിക്കെതിരായ പോരാട്ടം, ജാതിവ്യവസ്ഥിതിയെ നിഷേധിക്കുമ്പോഴും സംസ്കൃത കലാ, സാംസ്കാരിക മണ്ഡലത്തെ ഉൾക്കൊണ്ട് സാധ്യമാക്കാനാണു ശ്രമിച്ചത്. സംസ്‌കൃത, മലയാള കാവ്യങ്ങളിലൂടെ ആധുനിക കേരളത്തിൽ നിർണായകസ്ഥാനം അലങ്കരിക്കുന്ന കുമാരനാശാനും അടിച്ചമർത്തപ്പെട്ട ജാതിസമൂഹങ്ങളെ ചേർത്തുപിടിച്ചുള്ള പരിഷ്കരണമാണ് അർഥവത്തായതെന്നു വാദിച്ച സഹോദരൻ അയ്യപ്പനും ഈ സാമൂഹിക പരിഷ്കരണം നേരിട്ട ആത്മസംഘർഷങ്ങളുടെ വൈവിധ്യങ്ങളാണ്.

ആധുനിക വിദ്യാഭ്യാസത്തിലൂടെയും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും പ്രവേശനം ലഭ്യമാക്കിയുമുള്ള സ്വാതന്ത്ര്യത്തിനായാണ് അയ്യങ്കാളിയെപ്പോലുള്ളവർ വാദിച്ചത്. സവർണ ജാതിസമൂഹങ്ങളിൽ നിന്നു വ്യത്യസ്തമായി അടിസ്ഥാന സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു അവരുടേത്. മലബാർ കലാപത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നവർ കലാപാനന്തര കാലത്തു ബ്രിട്ടിഷുകാരോടുള്ള എതിർപ്പ് ആധുനിക വിദ്യാഭ്യാസത്തോടും പ്രകടമാക്കി. മുസ്‌ലിം സമൂഹത്തെ ദേശീയപ്രസ്ഥാനവുമായി കണ്ണിചേർക്കുന്നതിൽ മുഹമ്മദ് അബ്ദുറഹിമാനും അൽ അമീൻ പത്രവും വലിയ പങ്കുവഹിച്ചു.

ബ്രിട്ടിഷ് കോളനി ഭരണത്തിനെതിരെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമരം കേരളത്തിലും പ്രത്യേകിച്ച് മലബാറിലും ശക്തിപ്രാപിച്ചു. കെ. മാധവൻ നായരുടെ നേതൃത്വത്തിൽ കെപിസിസി സ്ഥാപിച്ചതോടെ അതു ദേശീയ സമരത്തിന്റെ ഭാഗമായിത്തീർന്നു. രാഷ്ട്രസ്വാതന്ത്ര്യം വ്യക്തി, സാമൂഹിക സ്വാതന്ത്ര്യത്തിന്റെ വിപുലീകരണമായി കണ്ടതുകൊണ്ട് മുഖ്യധാരാ സ്വാതന്ത്ര്യസമര നേതാക്കൾ തന്നെയാണ് പലപ്പോഴും സാമൂഹിക പരിഷ്കാരത്തിനു മുന്നിട്ടുനിന്നത്.

ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും വി.ടി.ഭട്ടതിരിപ്പാടും മന്നത്തു പത്മനാഭനും സഹോദരൻ അയ്യപ്പനും തുടക്കം കുറിച്ച സാമൂഹിക വിമർശനം ആധുനിക കേരളത്തിൽ ശക്തിപ്രാപിച്ച സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ വ്യത്യസ്ത തലങ്ങളായിരുന്നു. ബ്രിട്ടിഷ് ഭരണ വ്യവസ്ഥിതിയുടെ നിയമങ്ങളെ ലംഘിച്ച് ഉപ്പുസത്യഗ്രഹ ജാഥ നയിച്ച കെ.കേളപ്പൻ തന്നെയാണ് വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള റോഡിലൂടെ അവർണർക്ക് നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയത്.

കോൺഗ്രസ് നേതാവായ ടി.കെ.മാധവനും സമുദായ പരിഷ്കർത്താവായ മന്നത്തു പത്മനാഭനും (അന്ന്) കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലനും ഗുരുവായൂർ അമ്പലത്തിൽ അവർണർക്ക് പ്രവേശനത്തിനു വേണ്ടി ഒത്തുചേർന്നു പോരാടി. വൈക്കവും ഗുരുവായൂരും ആധുനിക കേരള ചരിത്രത്തിൽ നിലനിൽക്കുന്നത് പഴയകാല ജാതിവ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടത്തിന്റെ നിർണായക നാഴികക്കല്ലുകളായിട്ടാണ്. ജാതിയിൽ അധിഷ്ഠിതമായ സാമൂഹികവ്യവസ്ഥിതി അവസാനിച്ചെന്ന പൊതുധാരണ ഊട്ടിയുറപ്പിക്കാനും ഇവ നിമിത്തമായിട്ടുണ്ട്. ജാതിയുടെ ആധുനിക അനുഭവപരിസരത്തെ തൃണവൽകരിക്കുന്നതിന് ഇതു പലപ്പോഴും കാരണമാവുകയും ചെയ്യുന്നു.

അധികാരഘടനയിലെ തിരുത്ത്

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആഗോളവ്യാപകമായി പ്രചാരത്തിലായ മാർക്സിയൻ ആശയങ്ങൾ കേരളത്തിലും വേരൂന്നി. വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരിൽ ചിലരെങ്കിലും സാമൂഹിക വ്യവസ്ഥിതി സാമ്പത്തിക അടിത്തറയിൽ പടുത്തുയർത്തിയതാണെന്നും പരമ്പരാഗത വ്യവസ്ഥിതി പരിഷ്കരിക്കാൻ കഴിയുന്ന ഒന്നല്ലെന്നും വിശ്വസിച്ചു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പരിഷ്‌കാരങ്ങൾ പരമ്പരാഗത അധികാരഘടനകളുടെ പുനരാവിഷ്കാരത്തിനു വഴിവയ്ക്കുമെന്നും കർഷകത്തൊഴിലാളികളുടെയും പാർശ്വവൽകൃത സമൂഹങ്ങളുടെയും സ്വാതന്ത്ര്യം സാധ്യമാകണമെങ്കിൽ അധികാര വ്യവസ്ഥിതിയുടെ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതണമെന്നും അവർ വിശ്വസിച്ചു. ആയിരത്തി തൊള്ളായിരത്തി നാൽപതുകളിൽ തിരുവിതാംകൂറിലും മലബാറിലും ഭരണവ്യവസ്ഥിതിയുമായി കമ്യൂണിസ്റ്റുകൾ പലതരത്തിലുള്ള രക്തരൂഷിത സംഘർഷങ്ങളിൽ ഏർപ്പെട്ടു.

ആയിരത്തി തൊള്ളായിരത്തി നാൽപത്തേഴിൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പലതരം സങ്കൽപങ്ങൾ കേരളീയ ജീവിതത്തിൽ ഇടംപിടിച്ചിരുന്നു. ബ്രിട്ടിഷ് കോളനിവിരുദ്ധ പോരാട്ടം സമൂഹം, വ്യക്തി, ഭക്ഷണം, വസ്ത്രം, ശുചിത്വം, വിവാഹം, കുടുംബം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും പരിഷ്കരിക്കുന്ന ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. അത്തരം പ്രക്രിയയെ നയിച്ചത് അധികാരവും സ്വാതന്ത്ര്യവും എന്ന വിരുദ്ധോക്തിയിലൂടെയാണ്; ചിലപ്പോൾ അധികാരത്തിലൂടെയുള്ള സ്വാതന്ത്ര്യം, ചിലപ്പോൾ അധികാരം നിഷേധിച്ചുള്ള സ്വാതന്ത്ര്യം. എന്നാൽ മറ്റു പലതിനെയും പോലെ സ്വാതന്ത്ര്യചിന്തകളും അധികാര നഷ്ടത്തെക്കുറിച്ചുള്ള ബോധത്തിൽനിന്ന് ഉടലെടുത്തതാണ്. സ്വാതന്ത്ര്യമെന്നത് എല്ലാറ്റിൽനിന്നുമുള്ള മോചനമായിരുന്നില്ല, മറിച്ച് പുതിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ അധികാരങ്ങളുടെ സംസ്ഥാപനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. അതിനാൽ തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ അധികാരവും സ്വാതന്ത്ര്യവും ഇഴപിരിഞ്ഞു കിടക്കുകയാണ്.

(ഡൽഹി ജെഎൻയുവിൽ ചരിത്രവിഭാഗം അധ്യാപകനാണു ലേഖകൻ)

Content Highlight: Indian independence movement and Kerala, 75 Years of Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com