ചരിത്രം എഴുതിയ ഇന്ത്യ; നെഹ്റു ഇന്ത്യയെ കണ്ടെത്തിയ വിധം

82598455
ജവാഹർലാൽ നെഹ്റു. (Photo by Bachrach/Getty Images)
SHARE

സാധാരണക്കാരുടെ ചരിത്രകാരനായിരുന്ന നെഹ്റു അപാരമായ വായനയിലൂടെ  ചരിത്രത്തിന്റെ സങ്കീർണതകളും മനസ്സിലാക്കിയിരുന്നു

ജവാഹർലാൽ നെഹ്റു ഒട്ടേറെ ശ്രേഷ്ഠ പാരമ്പര്യങ്ങൾ ബാക്കിവച്ചിട്ടുണ്ടെങ്കിലും അത്രത്തോളം ശ്രദ്ധ ലഭിക്കാതെപോയ ഒന്നിനെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്– അദ്ദേഹത്തിന്റെ ചരിത്ര രചനകൾ. ഇന്ത്യൻ ദേശീയതയെ ഏറ്റവുമധികം സ്വാധീനിച്ച ‘ദ് ഡിസ്കവറി ഓഫ് ഇന്ത്യ’യും (ഇന്ത്യയെ കണ്ടെത്തൽ; 1946) അതിനുമുൻപ് ലോക ചരിത്രത്തെക്കുറിച്ച് ‘ദ് ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി’യും (വിശ്വചരിത്രാവലോകനം; 1934–35) നെഹ്റു രചിച്ചതാണ്. ലോക ചരിത്രത്തെ ഒന്നായി കാണണമെന്ന വാദമാണ് ‘വിശ്വചരിത്രാവലോകനം’ മുന്നോട്ടുവച്ചത്. 

എങ്കിൽ മാത്രമേ മാനവരാശിയെ മൊത്തത്തിൽ ഉൾക്കൊണ്ട് ലോകസമാധാനവും വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും ഉറപ്പുവരുത്താനാകൂ എന്ന് അദ്ദേഹം വാദിച്ചു. ഒന്നാം ലോകയുദ്ധത്തിലെ ഭീകരാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു കാഴ്ചപ്പാട് അനിവാര്യമാണെന്നും വിലയിരുത്തി. രണ്ടാം ലോകയുദ്ധത്തിനും ആണവാക്രമണത്തിനും ശേഷമായിരുന്നതെങ്കിൽ ഈ വാദം കൂടുതൽ ശക്തമായി ഉന്നയിക്കപ്പെടുമായിരുന്നു.  

ഭാരതീയസംസ്കാരത്തിന്റെ ഊർജസ്രോതസ്സുകളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ‘ഇന്ത്യയെ കണ്ടെത്തൽ’. ഇപ്പറയുന്നവയിലാണ് അദ്ദേഹം അതു കണ്ടെത്തിയത്. 1) ഹാരപ്പൻ– ആര്യൻ കാലഘട്ടം മുതൽ ഇന്നുവരെയുള്ള ഇന്ത്യൻ സംസ്കാരം. 2) സ്വാതന്ത്ര്യത്തിനായുള്ള ദാഹം; 3) ആര്യ– ദ്രാവിഡ ഭാഷാസമൂഹങ്ങളുടെയും ശക, കുശ, ഹൂണ, പാഴ്സി, തുർക്കി, യൂറോപ്യൻ ധാരകളുടെയും സാംസ്കാരിക സമന്വയത്തിനും സഹവർത്തിത്വത്തിനുമുള്ള ശേഷി; 4) ഉപനിഷത്തുകളിലും ഷഡ്ദർശനങ്ങളിലുമായി വ്യക്തമാകുന്ന ഇന്ത്യയുടെ തത്വശാസ്ത്ര പാരമ്പര്യവും ബുദ്ധനിലും ഭഗവദ്ഗീതയിലുമുള്ള പ്രായോഗിക നൈതികതയും; 5) നമ്മുടെ ഗ്രാമങ്ങളിലെ പഞ്ചായത്തുകളുടെ ജനാധിപത്യ സ്വഭാവം. 

ഇത്തരം ആശയങ്ങളെ സാമാന്യവൽക്കരിക്കുന്നതിൽ ചരിത്രകാരന്മാർക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകാമെങ്കിലും പല ഇന്ത്യൻ ദേശീയവാദികളും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പിന്തുടരുന്നവരാണ്. പല ചിന്തകരും ചരിത്രപണ്ഡിതരും ദേശീയവാദികളും ഒന്നര നൂറ്റാണ്ടിനിടെ പല തലങ്ങളിലായി ഇതേ ചിന്തകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നെഹ്റു അവയെല്ലാം ഒറ്റ കൃതിയിലേക്കു ചേർത്തുവച്ചു. മിക്ക ഔദ്യോഗിക ചരിത്രരചനകളെയും അപേക്ഷിച്ച് നെഹ്റുവിന്റെ പുസ്തകം ഏറെ വായനാക്ഷമവുമായിരുന്നു. ‘ഇന്ത്യയെ കണ്ടെത്തലി’ൽ ചരിത്രപണ്ഡിതരും വിലമതിക്കുന്ന വിവിധ തലങ്ങളുണ്ടെങ്കിലും ഒന്നു മാത്രമാണ് ഞാൻ പരാമർശിക്കുന്നത്.

madhavan
ഡോ. മാധവൻ കെ.പാലാട്ട്

സാമ്രാജ്യത്വ ചരിത്രം ഇന്ത്യൻ ചരിത്രത്തെ പൊതുവേ ഹിന്ദു, മുസ്‌ലിം, ബ്രിട്ടിഷ് കാലഘട്ടങ്ങളായാണു വിഭജിച്ചിരിക്കുന്നത്. ഇത്തരം കൃത്രിമ വിഭജനം അസംബന്ധമാണെന്നു നെഹ്റു ചൂണ്ടിക്കാട്ടി. ഹിന്ദു കാലഘട്ടത്തിന്റെ പകുതി കാലത്തോളമെങ്കിലും ബുദ്ധ സ്വാധീനം ശക്തമായിരുന്നു; ഗണ്യമായ തോതിൽ ജൈന സ്വാധീനവുമുണ്ടായിരുന്നു. മുസ്‌ലിം കാലഘട്ടത്തിൽ ആ ഭരണം ഇന്ത്യയുടെ എല്ലാ ഭാഗത്തേക്കും വ്യാപിച്ചിരുന്നില്ല; പ്രത്യേകിച്ചു ദക്ഷിണേന്ത്യയിൽ. എന്തുകൊണ്ടാണ് ബ്രിട്ടിഷ് കാലഘട്ടം ക്രൈസ്തവമെന്നു വിളിക്കപ്പെടാതിരുന്നത്?

ഇത്തരം വിഭജനങ്ങളെ അംഗീകരിച്ചില്ലെങ്കിലും പഠനത്തിന്റെ സൗകര്യാർഥം ഇന്ത്യാചരിത്രത്തെ നാലു കാലഘട്ടങ്ങളാക്കാമെന്നു നെഹ്റു നിർദേശിച്ചു. ഗുപ്ത സാമ്രാജ്യം അവസാനിക്കുകയും ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു തുടക്കമാകുകയും ചെയ്ത 7–ാം നൂറ്റാണ്ട് വരെയുള്ള ഇൻഡോ–ആര്യൻ കാലഘട്ടം, തുർക്കിയിൽനിന്നുള്ള ഭരണാധികാരികൾ ആധിപത്യമുറപ്പിച്ച 13–ാം നൂറ്റാണ്ടുവരെയുള്ള പ്രാരംഭ മധ്യകാലഘട്ടം, ഭക്തി–സൂഫി പ്രസ്ഥാനങ്ങളും ഹിന്ദു–മുസ്‌ലിം സാമ്രാജ്യങ്ങളുടെ സഹകരണവും ഇടകലർന്ന മധ്യകാലഘട്ടം, 18–ാം നൂറ്റാണ്ട് മുതലുള്ള ആധുനിക– കൊളോണിയൽ ഘട്ടം. ഈ മട്ടിലുള്ള ചരിത്ര വിഭജനത്തിനു സമീപകാല ചരിത്രപണ്ഡിതർക്കിടയിൽ സ്വീകാര്യതയുണ്ട്. അതേസമയം, മധ്യകാലഘട്ടം എന്ന പ്രയോഗം നെഹ്റു തന്നെ അപൂർവമായേ ഉപയോഗിച്ചിരുന്നുള്ളൂ. 

സാധാരണക്കാർക്കായി എഴുതിയിരുന്ന നെഹ്റു ഒരു അനൗപചാരിക ചരിത്രകാരനായിരുന്നു. എങ്കിലും വിപുലമായ വായനയിലൂടെ ചരിത്രത്തിന്റെ സങ്കീർണതകളെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഇന്നും വായനാക്ഷമമായ മികച്ച പുസ്തകങ്ങൾ എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞതും.

(ജവാഹർലാൽ നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ എഡിറ്ററാണ് ലേഖകൻ)

English Summary: Indian independence movement and Nehru

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}