ADVERTISEMENT

ആദ്യാനുരാഗം ഇന്ത്യൻ ഭക്ഷണത്തോടായിരുന്നു. കപൂർത്തലക്കാരൻ ഗുരുദയാൽ സിങ്ങിന്റെ കൈപ്പുണ്യം വിളമ്പിയ ഇഷ്ടം. പഞ്ചാബിലെ കപൂർത്തലയിൽനിന്നു നോർവേയിലെത്തി ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ ഇന്ത്യൻ ഭക്ഷണശാല ഗുരുദയാൽ സിങ് തുടങ്ങിയത് 1980കളുടെ തുടക്കത്തിലായിരുന്നു. ഞങ്ങൾ വളരെപ്പെട്ടെന്നു സുഹൃത്തുക്കളായി. ഭൂമിയിലെ ഏറ്റവും രുചിയേറിയ ഭക്ഷണവൈവിധ്യങ്ങളിലേക്ക് അദ്ദേഹം എന്നെ സ്നേഹപൂർവം ആനയിച്ചു. അക്കാലത്തൊക്കെ നോർവേക്കാരിലധികം പേർക്കും സ്പൈസിയായ വിഭവങ്ങളെ ഭയമായിരുന്നു. വായ പൊള്ളിപ്പോകുന്ന മസാലയിരമ്പം. വിഷപ്പാമ്പിനെ കണ്ടാലെന്നപോലെ ആളുകൾ സ്പൈസി ഭക്ഷണത്തിൽനിന്നു മാറിനടന്നു, ഓടിമറഞ്ഞു.

ഞങ്ങളുടെ നോർവീജിയൻ അടുക്കള ബോറൻ ഇടമാണ്. ആ ഒറ്റ വിശേഷണമേ സത്യത്തിൽ പറയാനുള്ളൂ. നല്ല മീനൊക്കെയുണ്ട് എന്നതു ശരി തന്നെ; പക്ഷേ ഇത്തിരി എരിവും ഒരൽപം ഉപ്പും അല്ലാതെ മെനുവിൽ വേറെ രസമൊന്നുമില്ല. ഗുരുദയാലും കുടുംബവും സ്പൈസിയായ വെജിറ്റേറിയൻ വിഭവങ്ങളും ഗാർലിക് ചിക്കനും പാകം ചെയ്യാൻ തുടങ്ങിയതോടെ ഞങ്ങൾക്കുണ്ടായ ആഹ്ലാദം! അവരുടെ തന്തൂരി അടുപ്പുകളിൽ നാനും ഇന്ത്യൻ റൊട്ടികളും വെന്ത്, നാവിൽ വെള്ളമൂറിച്ചു.

eric
എറിക് സോൾഹൈം

ഭക്ഷണത്തിൽനിന്നു തുടങ്ങിയ ഇഷ്ടം ജനങ്ങളോടും ആ നാടിനോടുമുള്ള ഇഷ്ടമായി മാറാൻ അധികം സമയമെടുത്തില്ല. നല്ലവരായ ഒട്ടേറെ ഇന്ത്യക്കാരുടെ അറിവും പാണ്ഡിത്യവും എന്നെ വിസ്മയിപ്പിക്കാൻ തുടങ്ങി. ശ്രീലങ്കയിൽ സമാധാനം കൊണ്ടുവരാനുള്ള ചർച്ചകളിലെ മുഖ്യ മധ്യസ്ഥനെന്ന നിലയിൽ ഓരോ രണ്ടു മാസം കൂടുമ്പോഴെങ്കിലും ഞാൻ ഇന്ത്യ സന്ദർശിക്കുമായിരുന്നു. ഇന്ത്യൻ പിന്തുണയോടെയുള്ള ലങ്കൻ സമാധാനത്തെക്കുറിച്ചു സുദീർഘ ചർച്ചകൾ. ഇന്ത്യയിലെ നേതാക്കൾ, അതു രാഷ്ട്രീയത്തിലാകട്ടെ സൈന്യത്തിലാകട്ടെ, കോൺഗ്രസാകട്ടെ ബിജെപിയാകട്ടെ, ഏഷ്യയെക്കുറിച്ചുള്ള അവരുടെ അഗാധമായ അറിവു പങ്കുവച്ചു. ഞങ്ങളെയോ സമാധാനശ്രമങ്ങളെയോ അവർ ഒരിക്കലും വഞ്ചിച്ചില്ല. ഇന്ത്യൻ ഇന്റലിജൻസ് വിഭാഗത്തിലെ ‘ടഫ്’ എന്നു തോന്നിച്ച മേധാവികളിലൊരാൾ അതിഹൃദ്യമായ പെരുമാറ്റംകൊണ്ട് ഞങ്ങളുടെ ഹൃദയം കവർന്നു. അദ്ദേഹം പ്രസരിപ്പിച്ച നന്മയുടെ നറുവെട്ടം കണ്ട് ഞങ്ങൾ ‘ജീസസ്’ എന്ന് ഓമനപ്പേരുമിട്ടു.

രാഷ്ട്രീയവും മതവും സംസ്കാരവും പ്രകൃതിയും ഇഷ്ടമുള്ള ഒരാൾക്ക് ഇന്ത്യയോട് ഇഷ്ടമില്ലാതെ വരുന്നതെങ്ങനെ? ഇന്ത്യയിലെ ഒരു ഗ്രാമത്തിൽനിന്ന് മറ്റൊന്നിലേക്കു സഞ്ചരിക്കുമ്പോൾതന്നെ ഭക്ഷണത്തിലെയും ആചാരങ്ങളിലെയും വൈവിധ്യവും വ്യത്യാസവും ബോധ്യപ്പെടും. അവർ ആരാധിക്കുന്നതു വെവ്വേറെ ദൈവങ്ങളെയും ആയിരിക്കും. ഇന്ത്യ എന്ന ഈ പ്രപഞ്ചത്തെയാകെ നമ്മൾ എങ്ങനെ മനസ്സിലാക്കാനാണ്?

75 വയസ്സിലെത്തിയ ഇന്ത്യ 1947ലെ ഇന്ത്യയെക്കാളും എന്തുകൊണ്ടും ഭേദപ്പെട്ട ഇടം തന്നെ. അക്കാലത്ത് ആയുർദൈർഘ്യം കഷ്ടിച്ചു മുപ്പതിനു മുകളിലായിരുന്നു. ബാലമരണങ്ങളുടെ നിരക്കു ഭയാനകമായിരുന്നു. ഇന്ത്യക്കാരിൽ വളരെക്കുറച്ച് ആളുകൾക്കു മാത്രമേ വായിക്കാനും എഴുതാനും അറിയുമായിരുന്നുള്ളൂ. പക്ഷേ, ഒരു കാര്യം തീർച്ച– കൊളോണിയലിസത്തിന്റെ ആരാധകർ ഇപ്പോഴും അവകാശപ്പെടുന്നതു പോലെയല്ല, റെയിൽവേ ട്രാക്കുകൾ പണിയാൻ പഠിക്കാൻ ഇന്ത്യക്കാർക്കു ബ്രിട്ടിഷുകാരുടെ സഹായമൊന്നും വേണ്ടിയിരുന്നില്ല. ഇന്ത്യയ്ക്ക് ഈ വേളയിൽ ആഘോഷിക്കാൻ പലതുണ്ട്. ചക്രവാളത്തിനപ്പുറം ഇതിലും സുന്ദരമായ ഇന്ത്യ കാത്തിരിക്കുന്നു എന്ന ബോധ്യവും അതിൽപെടും. കൂടുതൽ മികച്ച, കൂടുതൽ കരുത്തുള്ള, കൂടുതൽ മനോഹരമായ ഇന്ത്യ സംഭവിക്കാനിരിക്കുന്നതേയുള്ളൂ.

കേരളത്തിലെ കായലോരങ്ങൾ തൊട്ട് ഹിമാലയസാനുക്കൾ വരെ, രാജസ്ഥാനിലെ മണലാരണ്യങ്ങൾ തൊട്ട് ആന്ധ്രപ്രദേശിലെ നെൽപാടങ്ങൾ വരെ, ഇന്ത്യ ഭൂമിയിലെ മറ്റേതൊരു രാജ്യത്തെക്കാളും വൈവിധ്യം നിറഞ്ഞതാണെന്നു കാണാം. ഇന്ത്യയിലെ ജനങ്ങൾക്കു യുവത്വമാണ്. എല്ലാവരും ഊർജസ്വലരാണ്. ഇന്ത്യ എന്തല്ല എന്നു ചോദിച്ചാൽ ‘മടുപ്പിക്കുന്നതേയല്ല’ എന്നാണുത്തരം. അതുകൊണ്ടാണു പിന്നെയും പിന്നെയും ഞാൻ അവിടേക്കു മടങ്ങിയെത്തുന്നത്; അതൊരിക്കലും ഗുരുദയാൽ സിങ് എനിക്കു പരിചയപ്പെടുത്തിത്തന്ന ഭക്ഷണത്തിനുവേണ്ടി മാത്രമല്ല താനും.

 

(നോ‍ർവേയിലെ മുൻ പരിസ്ഥിതി മന്ത്രിയും ഐക്യരാഷ്ട്ര സംഘടന മുൻ അണ്ടർ സെക്രട്ടറിയും യുഎൻ എൻവയൺമെന്റ് പ്രോഗ്രാമിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് എറിക് സോൾഹൈം. ശ്രീലങ്കൻ സമാധാനദൗത്യമടക്കമുള്ള ആഗോള ശ്രമങ്ങളിൽ പങ്കാളിയാണ്. ഇന്ത്യയിൽ സ്ഥിരമായി യാത്ര ചെയ്യുന്നു.)

 

English Summary: Norway former minister greets India independence celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com