ADVERTISEMENT

കേരളത്തിൽ ദേശീയപാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്നു ദേശീയപാതാ അതോറിറ്റിക്കു ഹൈക്കോടതി അന്ത്യശാസനം നൽകിയതു കഴിഞ്ഞ തിങ്കളാഴ്ചയാണ്. തുടർന്ന്, കോടതിയുടെയും ജനങ്ങളുടെയും കണ്ണിൽ പെ‍ാടിയിടാനെന്നോണം, ഇടപ്പള്ളി– മണ്ണുത്തി ദേശീയപാതയിൽ പലയിടത്തും നടന്നതു കുഴിയടയ്ക്കൽ നാടകമാണെന്നാണു പരാതി. കുഴിയടയ്ക്കുന്നതിനു കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടെന്നിരിക്കെ, ദേശീയപാതയിൽ അത് എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്ന ചോദ്യംകൂടി ഇതോടെ‍ാപ്പം ഉയരുന്നു. കുഴിയടയ്ക്കാനുള്ള മിശ്രിതത്തിൽ വേണ്ടത്രയളവിൽ ആത്മാർഥതകൂടി ചേർക്കണ്ടേ? 

നെടുമ്പാശേരിയിൽ, ദേശീയപാതയിലെ രണ്ടടിയോളം ആഴമുള്ള കുഴിയിൽ തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ എ.എ.ഹാഷിമിന്റെ മരണമാണ് റോഡിലെ കുഴികളുടെ ഭീഷണാവസ്ഥ വീണ്ടും പെ‍ാതുസമൂഹത്തിനുമുന്നിൽ എത്തിച്ചത്. ഹാഷിമിന്റെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങിപ്പോയി. ഈ സംഭവത്തെത്തുടർന്നാണു കോടതി ഇടപെടലുണ്ടാവുന്നത്. അപകടം സംബന്ധിച്ചും പാതയിൽ തകർന്നുകിടക്കുന്ന മറ്റു സ്ഥലങ്ങൾ സംബന്ധിച്ചും ദേശീയപാതാ അതോറിറ്റി അന്വേഷിക്കണമെന്നും എൻജിനീയർമാർ, കരാറുകാർ എന്നിങ്ങനെ ആർക്കാണ് ഉത്തരവാദിത്തമെന്നു വ്യക്തമാക്കി റിപ്പോർട്ട് നൽകണമെന്നും കോടതി പറയുകയുണ്ടായി. 

ഹർജി 19നു പരിഗണിക്കുമ്പോൾ റോഡിൽ കുഴികളില്ലെന്നാകണം അറിയിക്കേണ്ടതെന്നു പൊതുമരാമത്ത് വകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ് അടിയന്തര കുഴിയടയ്ക്കൽ യജ്ഞം തുടങ്ങിയത്. എന്നാൽ, പലയിടത്തും നടന്നതു കാട്ടിക്കൂട്ടൽ മാത്രമാണെന്നാണു പരാതി. ദേശീയപാതയിൽ മീഡിയനോടു ചേർന്ന് ചെറിയ ഒട്ടേറെ കുഴികൾ അടയ്ക്കാൻ ബാക്കിയാണ്. റോഡ് റോളർ ഉപയോഗിച്ചല്ല പലയിടത്തെയും ടാറിങ്ങെന്നും ഇടിമുട്ടി ഉപയോഗിച്ചു ടാർ മിശ്രിതം ഇടിച്ച് ഉറപ്പിക്കുകയാണെന്നും പരാതി ഉയരുകയുണ്ടായി. പലയിടത്തും കുഴിയടയ്ക്കുമ്പോൾ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരോ കരാ‍ർ കമ്പനി ഉദ്യോഗസ്ഥരോ മേൽനോട്ടത്തിന് എത്തുന്നതുമില്ല. 

കുഴിയടയ്ക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ദേശീയപാതയിൽ വേണ്ടവിധം പാലിക്കപ്പെടാത്തതു ബന്ധപ്പെട്ടവരുടെ അനാസ്ഥയും നിരുത്തരവാദിത്തവും വിളിച്ചുപറയുന്നു. ദേശീയപാതയിലെ സുരക്ഷാ ഭീഷണിയുള്ള കുഴികൾ ഉടനടിയും മറ്റു കുഴികൾ 48 മണിക്കൂറിനകവും അടച്ചിരിക്കണമെന്ന കരാറിൽ ഒപ്പുവച്ചാണു കരാർ കമ്പനി ടോ‍ൾ പിരിക്കാനുള്ള അവകാശം നേടുന്നത്. കുഴികൾ അടയ്ക്കുന്നതു സംബന്ധിച്ചു മാത്രം കരാറിൽ പ്രത്യേക വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിച്ചാൽ ടോൾ പിരിക്കാനാകില്ല. ദേശീയപാതാ അതോറിറ്റിയാണ് ഈ കരാർലംഘനം കണ്ടെത്തി തിരുത്തേണ്ടത്. കുഴി അടയ്ക്കാതിരിക്കുന്നതിനുള്ള കാരണമായി പ്രതികൂല കാലാവസ്ഥ കരാറിൽ ഒരിടത്തും പറയുന്നുമില്ല. 

ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വ്യവസ്ഥ പ്രകാരം, വെറുതേ ടാർ ഇട്ട് കുഴിയടയ്ക്കുന്നതു നിയമവിരുദ്ധമാണ്. ഓരോ കുഴിയുടെയും പരിസരത്ത് അതിന്റെ വലുപ്പം അനുസരിച്ചു ചതുരത്തിൽ ടാർ അതേ ആഴത്തിൽ വെട്ടിമാറ്റിയതിനുശേഷം വേണം അടയ്ക്കാൻ. കുഴികൾ അടയ്ക്കുന്നതിന് അവയുടെ ആഴവും വലുപ്പവും മാനദണ്ഡമല്ല; എല്ലാ കുഴിയും അടയ്ക്കണം. 

കേരളത്തിലെ ദേശീയപാതകളിലും പെ‍ാതുമരാമത്തു പാതകളിലുമുള്ള കുഴികൾ എത്രയുംവേഗം അടയ്ക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറിക്കഴിഞ്ഞു. കുഴിയെല്ലാം അടയ്ക്കാൻ ഇനിയെത്ര ജീവൻ നഷ്ടപ്പെടണമെന്നു ദേശീയപാതാ അതോറിറ്റിയോടു തിങ്കളാഴ്ച ഹൈക്കോടതി വാക്കാൽ ചോദിക്കുകയുണ്ടായി. റോഡിൽ കുഴികളുണ്ടാവുന്നതിലും ആ കുഴി മൂടാതെയിടുന്നതിലുമെ‍ാക്കെ കാണുന്ന അനാസ്ഥയുടെ തുടർച്ചതന്നെയാണ് ആത്മാർഥതയില്ലാത്ത കുഴിയടയ്ക്കലും. കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ഹൈക്കോടതി നൽകിയ കർശന നിർദേശം കുറ്റമറ്റവിധത്തിലാണ് റോഡിലെത്തേണ്ടത്. ഇക്കാര്യത്തിലും പതിവു നിരുത്തരവാദിത്തം പുലർത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുകയുംവേണം. 

 

 

English Summary: Road repair works Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com