ADVERTISEMENT

കേരളത്തിന്റേതുൾപ്പെടെ തീരപ്രദേശങ്ങൾ ആശങ്കാജനകമാംവിധം ശോഷിക്കുന്നുവെന്നും ജനങ്ങളുടെ ആവാസ മേഖലയുടെ വിസ്തീർണം കുറഞ്ഞുവരുന്നുവെന്നും പഠനങ്ങളുണ്ട്. ഇതിനുപുറമേയാണ് കടലിലെ വലിയ നിർമാണ പദ്ധതികൾ തീരശോഷണത്തിന് ആക്കം കൂട്ടുന്നുവെന്ന ആശങ്ക. തിരുവനന്തപുരം ജില്ലയിലെ തീരദേശവാസികൾ ഏറെക്കാലമായി അനുഭവിച്ചുവരുന്ന തീരശോഷണക്കെടുതികൾ ഇപ്പോൾ കുറെക്കൂടി രൂക്ഷമായിരിക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം തുടങ്ങിയശേഷമാണു തീരശോഷണം വർധിച്ചതെന്ന ആശങ്ക പങ്കുവച്ചും ശാശ്വത പരിഹാരം ആവശ്യപ്പെട്ടും തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ സമരമുഖത്താണ്. 

ഓഖി ദുരന്തത്തിന്റെ തിക്തഫലങ്ങൾ മുഴുവൻ ഏറ്റുവാങ്ങിയവരാണ് ഈ മേഖലയിലെ തീരദേശജനത. കടലിലുണ്ടാകുന്ന ഏത് അസാധാരണ ചലനവും തങ്ങളുടെ അടിത്തറയിളക്കുന്നതാണെന്ന ആ ആശങ്ക അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്. തീരശോഷണത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ട മുന്നൂറിലധികം കുടുംബങ്ങൾ ഗോഡൗണുകളിലും വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്. 

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരം രണ്ടുദിവസം പിന്നിട്ടുകഴിഞ്ഞു. നാലാംഘട്ട സമരത്തിനിറങ്ങിയിട്ടും പ്രശ്നം ഗൗരവത്തിലെടുത്ത് ചർച്ച നടത്താനോ വിശദ പഠനം നടത്താനോ സർക്കാർ തയാറായിട്ടില്ല. തുറമുഖ പദ്ധതി തന്നെ ഉപേക്ഷിക്കണമെന്ന നിർബന്ധം സമരക്കാർക്കില്ല. തീരശോഷണത്തിന്റെ കാരണമറിയാൻ സുതാര്യമായ പഠനം നടത്തണമെന്നതാണു പ്രധാന ആവശ്യം. തങ്ങളുടെ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയുള്ള ശാസ്ത്രീയ പഠനം വേണമെന്നും അതുവരെ തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നും തീരദേശവാസികൾ പറയുന്നു. തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവരെയും ഈ സാഹചര്യം നേരിടുന്ന മറ്റു കുടുംബങ്ങളെയും സർക്കാർ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, കാലാവസ്ഥാവ്യതിയാനം മൂലം കടലിലെ താപനില വ്യത്യാസവും അതുമൂലമുള്ള കടൽക്ഷോഭവും എല്ലാ സ്ഥലത്തുമുണ്ടായിട്ടുണ്ടെന്ന വാദമാണു സർക്കാരിന്റേത്. കടലിൽ ചെറിയ ചലനങ്ങൾക്കു സാധ്യതയുണ്ടെന്നല്ലാതെ, തുറമുഖ നിർമാണം മൂലം വലിയ ചലനങ്ങളുണ്ടാകുന്നില്ലെന്നും സർക്കാർ വാദിക്കുന്നു. എന്നാൽ, വിഴിഞ്ഞത്തെ തുറമുഖ നിർമാണം തീരശോഷണത്തിനു കാരണമായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള പഠനങ്ങളൊന്നും സർക്കാർ പൂർത്തീകരിച്ചിട്ടില്ല. നിലവിൽ നടക്കുന്നതു നിർമാണക്കമ്പനിയുടെ സഹായത്തോടെയുള്ള പഠനമാണെന്ന ആരോപണവും സമരക്കാർ ഉന്നയിക്കുന്നു. 

തുറമുഖ പദ്ധതി വരുന്ന പ്രദേശത്തുള്ളവരുടെ പ്രശ്നങ്ങൾ മാത്രമാണു സർക്കാർ പരിഗണിക്കാൻ ശ്രമിച്ചിട്ടുള്ളത്. പദ്ധതിയുടെ ആഘാതമേൽക്കുന്ന മറ്റു തീരപ്രദേശങ്ങളുണ്ട്. അവിടെയാണു തീരശോഷണം കാര്യമായി സംഭവിച്ചത്. ഇതും പദ്ധതിബാധിത പ്രദേശമായി കണ്ടുള്ള പഠനത്തിനോ നഷ്ടപരിഹാര– പുനരധിവാസ പദ്ധതികൾക്കോ സർക്കാർ ശ്രമിക്കുന്നില്ല. പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുകൊടുത്ത മുഴുവൻ പേരെയും പുനരധിവസിപ്പിച്ചെന്നും തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ 100 കോടി രൂപ മുടക്കിയെന്നും സർക്കാർ അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങൾപോലും പൊള്ളയാണെന്നു സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത പറയുന്നുണ്ട്. എല്ലാവർക്കും പുനരധിവാസം നൽകാനായിട്ടില്ല. തൊഴിൽ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികൾക്ക് ഉൾപ്പെടെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നല്ലൊരു വിഭാഗം മത്സ്യത്തൊഴിലാളികളുടെയും ഉപജീവന ഉപാധി എന്നേക്കുമായി അടയുകയാണുണ്ടായത്. 

തുടർച്ചയായ കടൽക്ഷോഭങ്ങൾ മൂലം തീരജനത സ്വന്തം ആവാസ വ്യവസ്ഥയിൽനിന്ന് അകറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനുപുറമേയാണ് വിവിധ പദ്ധതികളുടെ പേരിലുള്ള പറിച്ചുനടലുകൾ. അതിനെല്ലാം വിധേയമാകുന്ന ഇവരുടെ ന്യായമായ ആവശ്യങ്ങളെയും അവകാശങ്ങളെയും വിശ്വാസത്തിലെടുക്കാൻ ജനകീയ ഭരണകൂടത്തിനു കഴിയണം. ഇത്തവണ സമരത്തിന്റെ നേതൃത്വം ലത്തീൻ അതിരൂപത ഏറ്റെടുത്തതു പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു തന്നെയാണ്. ആ ഗൗരവം സർക്കാരിനും ഉണ്ടായേതീരൂ. ചർച്ചയിലും സമീപനത്തിലും പഠനത്തിലും നടപടിയിലുമെല്ലാം ആത്മാർഥത വേണമെന്നാണു തീരദേശ ജനത ആഗ്രഹിക്കുന്നത്.

English Summary: Editorial on  Coastal community stir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com