കായികഭരണം ശുദ്ധീകരിക്കണം

HIGHLIGHTS
  • ഫിഫ ഏർപ്പെടുത്തിയ വിലക്കു നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം
fifa
ഫയൽചിത്രം.
SHARE

വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഇന്ത്യയിലെ കായികരംഗം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനു (എഐഎഫ്എഫ്) രാജ്യാന്തര ഫുട്ബോൾ ഭരണസമിതി (ഫിഫ) വിലക്കേർപ്പെടുത്തിയതിനു പിന്നാലെ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി പിരിച്ചുവിടാൻ ഡൽഹി ഹൈക്കോടതി ചെ‍ാവ്വാഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് താൽക്കാലികമായി തടഞ്ഞ്, തൽസ്ഥിതി നിലനിർത്താൻ സുപ്രീം കോടതി ഇന്നലെ നിർദേശിച്ചെങ്കിലും ഇതു സംബന്ധിച്ച അനിശ്ചിതത്വവും ആശങ്കയും ബാക്കിനിൽക്കുന്നു. 

ഫുട്ബോൾ ഫെഡറേഷനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതി നടപടികളെ ബാഹ്യ ഇടപെടലായി കണ്ടാണ് ഫിഫ നടപടിയെങ്കിൽ  ദേശീയ കായിക ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് ഐഒഎയ്ക്കെതിരായ ഡൽഹി ഹൈക്കോടതി ഉത്തരവുണ്ടായത്. ഐഒഎ ഭരണം സംബന്ധിച്ച വിഷയം 22നു വീണ്ടും സുപ്രീം കോടതി പരിഗണിച്ചതിനുശേഷമേ പിരിച്ചുവിടൽ അടക്കം നടപടികളിൽ തീർപ്പുണ്ടാകു.

കായിക സംഘടനകളുടെ ഭരണസമിതികൾ നീണ്ട കാലമായി ചിലർതന്നെ അടക്കിവാഴുന്നതും സ്വകാര്യ സ്വത്തു പോലെ കൈകാര്യം ചെയ്യുന്നതുമാണ് നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. കായിക ഭരണസമിതികളിലെ ഉയർന്ന പദവികളിലെ കാലാവധി, ഭാരവാഹിയാകാനുള്ള പരമാവധി പ്രായം എന്നിവയടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ദേശീയ കായിക ചട്ടത്തിനു കേന്ദ്ര കായിക മന്ത്രാലയം രൂപം നൽകിയത് ഈ ഏകാധിപത്യ വാഴ്ച അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ്. എന്നാൽ, ഫുട്ബോൾ ഫെഡറേഷൻ, ഒളിംപിക് അസോസിയേഷൻ എന്നിവയടക്കം 54 സംഘടനകൾ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു പരാതിയുയർന്നു. ചട്ടലംഘനങ്ങൾ സംബന്ധിച്ച ഹർജികൾ പിന്നാലെ കോടതിയിലെത്തി. 

ചട്ടങ്ങൾ പാലിക്കാത്ത കായിക സംഘടനകൾ കർശനമായ കോടതിനടപടി നേരിടുകയാണിപ്പോൾ. എന്നാൽ, കോടതി നിയോഗിച്ച മൂന്നംഗ ഭരണസമിതിയുടെ നടപടികളെ ബാഹ്യ ഇടപെടലായി ഫിഫ കണ്ടതാണ് ഫുട്ബോൾ ഫെഡറേഷന്റെ വിലക്കിൽ കലാശിച്ചത്. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ വിലക്കു നേരിടേണ്ട സാഹചര്യമുണ്ടാവുന്നത്.

ഭരണസമിതികളിലെ ചട്ടലംഘനങ്ങൾ കോടതി കയറിയിറങ്ങുമ്പോൾ നഷ്ടം അനുഭവിക്കേണ്ടി വരുന്നതു നമ്മുടെ കായിക താരങ്ങളാണ്. ലോക വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്താൻ വിയർപ്പൊഴുക്കുന്ന താരങ്ങൾക്കു പിന്തുണ നൽകേണ്ട സംഘടനകൾ ഫലത്തിൽ അവരെ ദുരിതത്തിലാക്കുകയാണ്. എഐഎഫ്എഫിന് ഫിഫയുടെ വിലക്കു നേരിട്ടതോടെ ഒക്ടോബറിൽ രാജ്യം ആതിഥ്യം വഹിക്കേണ്ടിയിരുന്ന വനിതകളുടെ അണ്ടർ 17 ലോകകപ്പ് നടത്താനാവാത്ത സ്ഥിതിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയിൽ നടക്കേണ്ടിയിരുന്ന പ്രീ സീസൺ മത്സരങ്ങളും റദ്ദാക്കി. എഎഫ്സി ക്ലബ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഉസ്ബെക്കിസ്ഥാനിലെത്തിയ ഗോകുലം കേരള വനിതാ ഫുട്ബോൾ ടീമിനു ടൂർണമെന്റിൽ പങ്കെടുക്കാനാവില്ല.

ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ഭരണസമിതി അനിശ്ചിതത്വത്തിലായതോടെ അടുത്ത മാസം ഗുജറാത്തിൽ നടക്കേണ്ട ദേശീയ ഗെയിംസും പ്രതിസന്ധിയിലായി. ഐഒഎയും  കേന്ദ്ര സർക്കാരും സംയുക്തമായാണു ഗെയിംസ് നടത്തുന്നത്. ഐഒഎയെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) വിലക്കിയേക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നു. അങ്ങനെ സംഭവിച്ചാൽ അടുത്ത ഒളിംപിക്സിൽ ഇന്ത്യയുടെ പങ്കാളിത്തം അവതാളത്തിലാവും.

കായിക മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി അടിയന്തര ഇടപെടലുകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.പ്രതിസന്ധി നീളുന്തോറും തളരുന്നത് രാജ്യത്തിന്റെ കായിക മേഖലയാണ്. ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയെ സമീപിച്ച ഐഒഎയുടെ വാദങ്ങളെ കേന്ദ്ര സർക്കാരും അനുകൂലിക്കുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വഴി ഫിഫയുടെ വിലക്കു നീക്കാനും സാധിക്കുമെന്നാണു വിലയിരുത്തൽ. ഒപ്പം, കായിക സംഘടനകളിൽ കൊടികുത്തി വാഴുന്ന കെടുകാര്യസ്ഥതയ്ക്കും അറുതിവരുത്തണം. കായികതാരങ്ങളെ മറന്നുള്ള ‘ഒരു കളി’യും കായികസംഘടനകളിൽ അനുവദിച്ചുകൂടാ. ദേശീയ കായിക ചട്ടം എല്ലാ സംഘടനകളും കർശനമായി പാലിക്കുന്നുവെന്നും കേന്ദ്രം ഉറപ്പുവരുത്തണം.

English Summary: FIFA bans AIFF

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA