ADVERTISEMENT

ഹയർ സെക്കൻഡറി പ്രവേശന നടപടികളിൽ ഉപയോഗിക്കുന്ന ബോണസ് പോയിന്റുകൾ മെറിറ്റിനെ അട്ടിമറിച്ച് യോഗ്യരായ വിദ്യാർഥികളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നു. ഇതിലെ അശാസ്ത്രീയത തിരിച്ചറിഞ്ഞ് ഇനിയെങ്കിലും മാറ്റം നടപ്പാക്കണം.

ഒരു വിദ്യാർഥിക്ക് ഹയർ സെക്കൻഡറിയിൽ മാത്‌സ് ഉള്ള കൊമേഴ്സ് കോംബിനേഷന് അപേക്ഷിക്കണമെന്നു കരുതുക. വിദ്യാർഥി കോട്ടയം ജില്ലക്കാരനാണെന്നും കരുതുക. ആ കുട്ടിക്ക് കണ്ടെത്താനാവുക ജില്ലയിലെ ഏകദേശം 135 സ്കൂളുകളിൽ നാലെണ്ണം മാത്രം. അത് ആ വിദ്യാർഥി പഠിച്ച സ്കൂൾ ആകണമെന്നില്ല. അതേ പഞ്ചായത്തോ, താലൂക്കോ ആയിരിക്കില്ല. അതിനാൽ ബോണസ് പോയിന്റും ലഭിക്കില്ല. ആ വിദ്യാർഥിക്ക് അവിടെ അഡ്മിഷൻ ലഭിക്കാൻ സാധ്യതയില്ല. എന്നാൽ ആ വിദ്യാർഥിയെ അപേക്ഷിച്ച് സ്കോർ കുറഞ്ഞയാൾ അതേ സ്കൂൾ / പഞ്ചായത്ത് / താലൂക്ക് ബോണസ് പോയിന്റോടെ അവിടെ അഡ്മിഷൻ നേടിയെടുക്കും. കേരളത്തിലെ ഹയർ സെക്കൻഡറി അഡ്മിഷനുമായി ബന്ധപ്പെട്ട ബോണസ് പോയിന്റുകളുടെ വിതരണത്തിലെ അശാസ്ത്രീയ സമീപനത്തിലൂടെ ഇഷ്ടപ്പെട്ട സ്കൂളിൽ, ഇഷ്ടമുള്ള കോംബിനേഷൻ തിരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാർഥിക്കു നഷ്ടപ്പെടുകയാണ്.

ഏതു സ്കൂളിലും, ഏതു കോംബിനേഷനിലും എവിടെയിരുന്നും ഓൺലൈനായി അപേക്ഷിക്കാൻ കഴിയുന്ന ഏകജാലക സംവിധാനം ഹയർ സെക്കൻഡറി അഡ്മിഷന്റെ വലിയൊരു പ്രത്യേകതയാണ്. എന്നാൽ അതേ സമയം മെറിറ്റിനെ അട്ടിമറിക്കുന്ന ബോണസ് പോയിന്റുകൾ ഇപ്പോഴും തുടരുകയും ചെയ്യുന്നു.

പഠിച്ച സ്കൂളിനും, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും, താലൂക്കിനുമെല്ലാം ബോണസ് പോയിന്റ് നൽകുകയും പ്രവേശന പ്രക്രിയയുടെ പ്രധാനഘടകമായി ബോണസ് പോയിന്റുകൾ മാറുകയും ചെയ്യുന്നത് അർഹതയുടെയും അവസര സമത്വത്തിന്റെയും നിഷേധമാകുന്നുണ്ട്. അക്കാദമിക മികവിനെ മറ്റു ഘടകങ്ങളിലൂടെ അട്ടിമറിക്കാൻ പാടില്ല. നീന്തൽ ബോണസ് പോയിന്റ് ഒഴിവാക്കാൻ ഇത്തവണ കൈക്കൊണ്ട തീരുമാനം ഇക്കാര്യത്തിലും ബാധകമാക്കാവുന്നതാണ്.

ആകർഷണീയമായ ഹയർ സെക്കൻഡറി

കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പത്താം ക്ലാസിനു ശേഷമുള്ള ഉപരിപഠന മേഖലയെന്ന നിലയിൽ വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിൽനിന്നായി ഇഷ്ടമുള്ള കോംബിനേഷനുകളും ഭാഷകളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ദേശീയ തലത്തിലെ സിലബസ്, മികച്ച അടിസ്ഥാന അക്കാദമിക സൗകര്യങ്ങൾ, ഉയർന്ന പഠനനിലവാരം എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്. തൊഴിലധിഷ്ഠിത - സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലും പത്തിനു ശേഷം ഉപരിപഠന സാധ്യതകൾ ലഭ്യമെങ്കിലും കേരളത്തിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അവയോട് അത്ര കമ്പമില്ല.

കഴിഞ്ഞ 30 വർഷക്കാലത്തിലേറെയായി പത്തിനു ശേഷം ഹയർ സെക്കൻഡറിയെന്നത് ഒരു തരംഗമാണ്.  അപ്പോഴും ഹയർ സെക്കൻഡറി അഡ്മിഷനുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട ചില പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

manoj1
കെ.വി. മനോജ്

തുടങ്ങിയിടത്ത് നിൽക്കുന്ന ഗ്രേഡിങ്

കേരളത്തിൽ ഗ്രേഡിങ് ആരംഭിച്ചത് 1997 ലാണ്. തുടർന്ന് 2005 മാർച്ച് മുതൽ പത്താം ക്ലാസിൽ ഗ്രേഡിങ് സമ്പ്രദായം നടപ്പിലാക്കി. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ അഞ്ചു പോയിന്റ് സ്കെയിലും ഒൻപതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ ഒൻപത് പോയിന്റ് സ്കെയിലുമാണ് ഗ്രേഡിങ്ങിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടത്.

പരീക്ഷാ റിസൽട്ടുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളും, അനാവശ്യ കിടമത്സരങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യം അതിനു പിന്നിലുണ്ടായിരുന്നു. 

ഒപ്പം സമാന നിലവാരമുള്ളവരെ ഒരു സംഘമാക്കി മാറ്റി മത്സരത്തോത് കുറയ്ക്കുകയെന്നതും. 

എന്നാൽ ഗ്രേഡിങ്ങും അതിന്റെ ഭാഗമായ സമഗ്രവും നിരന്തരവുമായ വിലയിരുത്തലും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. തുടക്കത്തിൽ നിരന്തര വിലയിരുത്തലുമായി ബന്ധപ്പെട്ട് ചില ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും പിന്നീടത് കേവല മാർക്ക്ദാനമായി മാറിയെന്ന ആരോപണം ശക്തമാണ്.

പത്താം ക്ലാസിലെങ്കിലും പൊതു പരീക്ഷയുടെ സ്കോറിൽനിന്ന് (ടിഇ) നിരന്തര വിലയിരുത്തലിന്റെ സ്കോർ (സിഇ) വേർപെടുത്തിയാൽ കുറെയൊക്കെ നിലവാരം പിടിച്ചുനിർത്താനാകും. 

ഗ്രേഡിനൊപ്പം സ്കോറും നോക്കണം

ഹയർ സെക്കൻഡറിയിൽ വർഷങ്ങളായി എഴുത്തുപരീക്ഷയിൽ ഒരു നിശ്ചിത ശതമാനം സ്കോർ നേടുന്നവർ മാത്രമേ വിജയിക്കുന്നുള്ളൂ. പത്തിൽ ഇത്തരത്തിൽ സബ്ജക്ട് മിനിമം ആവശ്യമില്ല എന്നിടത്താണ് പ്രശ്നം. സെക്കൻഡറിയിലും ഹയർ സെക്കൻഡറിയിലും ഇത്തരത്തിൽ വ്യത്യസ്ത സമീപനം പിന്തുടരുന്നത് യുക്തിപരവുമല്ല. 

കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അടിയന്തിരമായി പരിഗണിക്കേണ്ട വിഷയമാണിത്. പത്തിൽ സബ്ജക്ട് മിനിമം ഏർപ്പെടുത്തി, സി.ഇ സ്കോറിനെ വേർതിരിക്കുകയാണെങ്കിൽ മിനിമം ഗുണനിലവാരം ഉറപ്പാക്കാം. 

അതുപോലെ ഗ്രേഡിനൊപ്പം അഡ്മിഷനുമായി ബന്ധപ്പെട്ട് സ്കോർ കൂടി നൽകിയാൽ നിലവാരത്തിലെ ചെറിയ വ്യത്യാസം പോലും പരിഗണിക്കാൻ കഴിയും. അക്കാദമികതയുമായി ബന്ധമില്ലാത്ത ബോണസ് പോയിന്റുകൾ ഒഴിവാക്കാനും കഴിയും.

(ലേഖകൻ ഫുൾബ്രൈറ്റ് സ്കോളറും എസ്‌സിഇആർടി മുൻ റിസർച് ഓഫിസറുമാണ്)

Content Highlights: Plus one admission, Bonus point

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com