ADVERTISEMENT

നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം യാഥാർഥ്യമായെ‌ാരു ഹരിതസ്വപ്നത്തെ വരവേൽക്കാൻ 2014 ഏപ്രിൽ രണ്ടിന് മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ഇങ്ങനെയാണു തുടങ്ങിയത്: ‘കേരകർഷകർക്കു പുതിയ പ്രതീക്ഷ നൽകി നീര വിപണിയിലെത്തുകയാണ്. ആദായം വർധിപ്പിക്കുകയും അവഗണന അവസാനിപ്പിക്കുകയും ചെയ്ത്, നാളികേരക്കൃഷിക്കു നല്ലൊരു നാളെ ഉറപ്പാക്കാനുള്ള ശ്രമമാണു നീര ഉൽപാദിപ്പിക്കാനും വിപണനം നടത്താനും അനുവദിച്ചതിലൂടെ സംസ്ഥാന സർക്കാർ നടത്തിയത്.’ ആഗോളവിപണിയുടെയും ആരോഗ്യവിപണിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഭാവനാപൂർണമായ നടപടികളിലൂടെ നീരമധുരം എല്ലായിടത്തും എത്തിക്കാനാകും എന്ന അന്നത്തെ പ്രത്യാശ ഇപ്പോഴെവിടെയാണ് എത്തിനിൽക്കുന്നത്? ആവേശത്തോടെ നീര ഉൽപാദിപ്പിക്കാൻ പുറപ്പെട്ട ലക്ഷക്കണക്കിനു നാളികേര കർഷകർക്കു പകരം കിട്ടിയതു നിരാശയും നഷ്ടബോധവും മാത്രം.

നാളികേര വികസന ബോർഡ് നടത്തിയ അക്ഷീണയത്നത്തിന്റെ ഫലമായാണ് നീര ചെത്താൻ കേരളത്തിലെ കർഷകർക്കുണ്ടായിരുന്ന വിലക്കു നീങ്ങിയത്. തെങ്ങിൽനിന്നു മികച്ച വരുമാനം നേടാൻ ഈ പാനീയവും അനുബന്ധവ്യവസായങ്ങളും സഹായിക്കുമെന്നു തെളിയിക്കാനൊരുങ്ങുകയായിരുന്നു കേരകർഷകർ. വലിയ പ്രതീക്ഷകൾ നുരഞ്ഞു. ആഘോഷത്തോടെ ആരംഭിച്ച പദ്ധതി പക്ഷേ, അധികം വൈകാതെതന്നെ വഴിമുടക്കങ്ങളിൽ ചെന്നുപെട്ടു. നീര ഉൽപാദിപ്പിക്കുന്ന കേരകർഷകരും അവരുടെ കൂട്ടായ്മയും ഉൽപാദക കമ്പനികളുമൊക്കെ ചേർന്ന സംവിധാനം ഇതിനകം അനുഭവിച്ച തിരിച്ചടികൾ ചെറുതല്ല.

വിപണിയിലെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിലെ നാളികേര കർഷകർക്കു ഗുണകരമാകുന്ന രീതിയിലേക്കു നീരവ്യവസായം വളർന്നില്ല എന്നതു ബന്ധപ്പെട്ടവരെ ആത്മപരിശോധനയിലെത്തിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. ഈ വലിയ ജനകീയ പ്രസ്ഥാനം പ്രതിസന്ധികൾ തരണം ചെയ്തു വളരാൻ തീർച്ചയായും ശക്തമായ പിന്തുണ ആവശ്യമായിരുന്നു. നയപരമായും സാമ്പത്തികമായുമൊക്കെ കൃഷിക്കാരുടെ നീര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരിനു കഴിയണമായിരുന്നു. നമ്മുടെ നീര വ്യവസായം അടിയന്തരമായി ശ്രദ്ധവയ്ക്കേണ്ട ഒട്ടേറെ വിഷയങ്ങളിൽ തുടർനടപടികൾ ഉണ്ടാകേണ്ടതുമായിരുന്നു. ഒന്നും വേണ്ട രീതിയിൽ ഉണ്ടായില്ല.

നീര ചെത്ത്, തൊഴിൽ പരിശീലനം, സംഭരണം, സാങ്കേതികവിദ്യ, പാക്കിങ്, വിപണനം, വിലനിർണയം, സർക്കാർ ഇടപെടൽ എന്നിവയിലെ പരാജയമാണു നീരയെ തളർത്തിയത്. വായ്പയെടുത്തു പ്ലാന്റ് തുടങ്ങിയ 11 കമ്പനികൾക്ക് 20 കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ട്. സർക്കാരും കർഷകരും നാളികേര വികസന ബോർഡും ചേർന്ന് ഇതിനകം 100 കോടിയോളം രൂപ മുടക്കിക്കഴിഞ്ഞ പദ്ധതിയിൽനിന്നു സർക്കാർ പിന്നോട്ടുപോകുന്നുവെന്ന സൂചനകൾ വരുന്നതിനിടെയാണ് നീരയെ വീണ്ടെടുക്കാൻ കഴിഞ്ഞ വർഷം കൃഷിവകുപ്പിന്റെ പുനരാലോചനയുണ്ടായത്.

എന്നാൽ‌, നീര പദ്ധതിയുടെ പ്രായോഗികത പഠിച്ച ശേഷം മാസ്റ്റർപ്ലാൻ തയാറാക്കുമെന്നും കടത്തിലായ നാളികേരോൽപാദക കമ്പനികൾക്കായി സാമ്പത്തിക പുനരുജ്ജീവന പാക്കേജ് നടപ്പാക്കുമെന്നുമുള്ള അന്നത്തെ വാഗ്ദാനം സർക്കാർ മറക്കുന്നുവെന്നാണു പരാതി. കൃഷി ഡയറക്ടറേറ്റ് നടത്തുന്ന പഠനം ഒരു വർഷമായിട്ടും എങ്ങുമെത്തിയില്ല. പ്രായോഗികതയെക്കുറിച്ചു സംശയമുണ്ടെന്ന പേരിൽ 2018നുശേഷം ഒരു രൂപ പോലും സർക്കാർ നീക്കിവച്ചിട്ടില്ലെന്നിരിക്കെ പഠനം നീളുന്നത് പദ്ധതിയുടെ വേരറുക്കുമെന്നാണ് ആശങ്ക. നീരയ്ക്കു ബദലായി കർഷകരെ സഹായിക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച ഹോർട്ടി വൈൻ പദ്ധതിയും ഇഴയുകയാണ്.

നീരയിലുള്ള നമ്മുടെ സാധ്യതകൾക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. സർക്കാരിന്റെ കൈത്താങ്ങുണ്ടെങ്കിൽ മാത്രമേ കേരളത്തിന്റെ സ്വന്തം നീരയ്ക്കു ഭാവി ഉറപ്പാക്കാനാകൂ. ഒരു വലിയ സ്വപ്നത്തിന്റെ കൂമ്പെ‍ാടിഞ്ഞുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com