സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിന്റെ ആവേശത്തിലാണല്ലോ നാം. രാജ്യമാകെയും ലോകത്ത് ഇന്ത്യക്കാരുള്ള എല്ലാ ഭാഗത്തും ആഘോഷങ്ങളുണ്ടായി. ഈ കുറിപ്പിനൊപ്പം ചേർത്തിട്ടുള്ള ചിത്രങ്ങൾ നോക്കൂ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില ചരിത്രനിർമിതികൾ ഓഗസ്റ്റ് 15ന് ഇന്ത്യൻ പതാകയുടെ നിറമണിഞ്ഞുനിൽക്കുന്നു. ഇന്ത്യക്കാർക്കെല്ലാം അഭിമാനിക്കാവുന്ന കാര്യംതന്നെ! ആ അഭിമാനം നിറഞ്ഞുകവിയുകയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ. എന്നാൽ, നമ്മുടെ മുഖ്യധാരാ പത്രങ്ങളിലോ ചാനലുകളിലോ ഈ ദൃശ്യങ്ങൾ കണ്ടിരുന്നോ? ഇത്രയും പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങൾ ത്രിവർണമണിഞ്ഞിരുന്നെങ്കിൽ തീർച്ചയായും അതു വാർത്തകളിൽ വരേണ്ടതായിരുന്നില്ലേ?
ഈ സംശയം തോന്നിയെങ്കിൽ, ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യാൻ നമ്മൾ ഒന്നു മടിക്കും. മുഖ്യധാരാ മാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വരാതിരിക്കാൻ ഒറ്റക്കാരണമേയുള്ളൂ – ഇവ ഒറിജിനൽ അല്ല; ഡിജിറ്റൽ സങ്കേതങ്ങളിലൂടെ സൃഷ്ടിച്ചതാണ്! തമാശ വെബ്സീരീസുകളും മറ്റും നിർമിക്കുന്ന ഫിൽറ്റർ കോഫി എന്ന പ്രശസ്ത വിനോദ വെബ്സൈറ്റ് അവരുടെ ഫെയ്സ്ബുക് പേജിൽ 2017ലെ റിപ്പബ്ലിക് ദിനത്തിൽ ്രപസിദ്ധീകരിച്ചവയാണ് ഡിജിറ്റലായി മാറ്റം വരുത്തിയ ഈ ചിത്രങ്ങൾ. സ്മാരകങ്ങളുടെ യഥാർഥ ചിത്രത്തിൽ ഇന്ത്യൻ പതാകയുടെ നിറങ്ങൾ കംപ്യൂട്ടർ സഹായത്തോടെ ചേർക്കുകയായിരുന്നു. ഫിൽറ്റർ കോഫിക്കാരെ കുറ്റം പറയാൻ കഴിയില്ല. കാരണം, ചിത്രങ്ങൾ എഡിറ്റ് ചെയ്തവയാണെന്നും ലോകസ്മാരകങ്ങൾ ഇന്ത്യൻ പതാകയുടെ നിറമണിഞ്ഞാൽ എങ്ങനെയാകും എന്നു കാണിക്കാനാണിത് എന്നും അവർ ഓരോ ചിത്രത്തിന്റെ അടിയിലും പറഞ്ഞിട്ടുണ്ട്. പക്ഷേ, അവിടെനിന്ന് ഈ ചിത്രങ്ങളെടുത്തു പ്രചരിപ്പിച്ചവർ അക്കാര്യം ബോധപൂർവമോ അല്ലാതെയോ മറച്ചുവച്ചു. അങ്ങനെ കറങ്ങിക്കറങ്ങി സംഗതി നമ്മുടെ വാട്സാപ്പിലെത്തിയപ്പോൾ സ്വാഭാവികമായും നമ്മളും വിശ്വസിച്ചു പോകും. വ്യാജപ്രചാരണങ്ങളുടെ ജീവിതവൃത്തം അങ്ങനെയാണ്!
ഈ ചിത്രങ്ങൾ യഥാർഥമല്ലെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയുടെ സ്വാതന്ത്ര്യദിനം സമാനരീതിയിൽ ആഘോഷിച്ചിരുന്നു. ഓസ്ട്രേലിയയിലെ പല പ്രധാന മന്ദിരങ്ങളും ഇന്ത്യൻ പതാകയുടെ നിറമണിഞ്ഞു. കാനഡയിലെ ഒട്ടാവ സിറ്റി ഹാൾ, ദുബായിലെ ബുർജ് ഖലീഫ, അബുദാബിയിലെ അഡ്നോക് ഗ്രൂപ്പ് ടവർ തുടങ്ങിയ പലതും.
ആര് ആഘോഷിച്ചുവെന്നതും ആഘോഷിച്ചില്ലെന്നതും നമ്മുടെ രാജ്യത്തിന്റെ മഹത്വത്തെ ബാധിക്കുന്നതല്ലല്ലോ. അതുകൊണ്ടുതന്നെ അയഥാർഥമായവ ഷെയർ ചെയ്യാതിരിക്കാനുള്ള ജാഗ്രത നമുക്കു കാണിക്കാം. സ്വാതന്ത്ര്യം എന്നത് സത്യവും വസ്തുതയും അറിയാനും പങ്കുവയ്ക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ!

ആ വിഡിയോകൾ വേറെ!
ഈ ദിവസങ്ങളിൽ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്ന പേടിപ്പെടുത്തുന്ന രണ്ടു വിഡിയോകളുണ്ട്. ഒന്ന്, ബ്രസീലിൽ ബൈക്കിലെത്തി മോഷണം നടത്തുന്നവരെ വാഹനമിടിപ്പിച്ചു കൊല്ലുന്നതിന്റെ എന്ന പേരിലുള്ള വിഡിയോ. ഇത്തരം കുറെ സംഭവങ്ങൾ ഒറ്റ വിഡിയോയിൽ കാണിക്കുകയാണ്. ബൈക്ക് മോഷ്ടാക്കളെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അവരെ വാഹനമിടിപ്പിച്ചു കൊല്ലാൻ ജനങ്ങൾക്ക് സർക്കാർ അനുമതി നൽകിയതിനു ശേഷമുള്ള കാഴ്ച എന്നാണു വിഡിയോയിൽ പറയുന്നത്. എന്നാൽ, ബ്രസീലിൽ അങ്ങനെയൊരു അനുമതി സർക്കാർ നൽകിയിട്ടില്ല. വിഡിയോയിലെ സംഭവങ്ങളിൽ ചിലത് മോഷ്ടാക്കളെ വണ്ടിയിടിപ്പിക്കുന്നതാണെന്നതു ശരിയാണ്. ചിലത് മറ്റ് അപകടങ്ങളാണ് എന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ വിഡിയോ കശ്മീരിൽ സൈന്യത്തിനു നേരെ കല്ലെറിഞ്ഞയാളെ സൈന്യം കയ്യോടെ വെടിവച്ചു വീഴ്ത്തുന്നതിന്റെ ദൃശ്യം എന്ന പേരിലാണു പ്രചരിക്കുന്നത്. ഇത് യഥാർഥത്തിൽ ബൊളീവിയയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തിനിടെ പ്രക്ഷോഭകാരിയുടെ കയ്യിലിരുന്ന് ഡൈനമൈറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യമാണ്. ഇതു ബൊളീവിയൻ മാധ്യമങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തതാണ്.
Content Highlight: Vireal, Fake News, Fact Check