ADVERTISEMENT

ബിജെപിക്കെതിരെ പൊരുതുമ്പോഴും വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ തമ്മിൽ കടുത്ത ശത്രുതയിലാണ്. മൂന്നാംവട്ടവും അധികാരത്തിലെത്താൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഏറ്റവും വലിയ ബലവും ഈ തമ്മിൽത്തല്ലാണ്.

ത്രികോണപ്രേമം എപ്പോഴും ഒട്ടേറെ സങ്കീർണതകൾ സൃഷ്ടിക്കാറുണ്ട്. സിനിമ, ടിവി സീരിയൽ സംവിധായകർക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയവുമാണത്. അതു കുടുംബസദസ്സുകളെ ആകർഷിക്കുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ മൂന്നു പാർട്ടികൾ ത്രികോണവിരോധത്തിൽ ചെന്നുപെടുന്നതാണു നാം സംസ്ഥാനങ്ങൾ തോറും കാണുന്നത്. ഈ വിരോധത്തിന്റെ രണ്ടു കോണുകൾ ബിജെപിയും കോൺഗ്രസുമാണെങ്കിൽ മൂന്നാമത്തേത് ഏതെങ്കിലും പ്രാദേശികകക്ഷിയായിരിക്കും. കേന്ദ്രത്തിൽ ശക്തമായ അധികാരം ഉറപ്പിച്ച ബിജെപി ഡൽഹി, ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള പ്രാദേശികകക്ഷികളെ തുരത്താനായി നിരന്തരശ്രമങ്ങളിലാണ്. രാഷ്ട്രീയാക്രമണങ്ങൾക്കു പുറമേ അവർക്കെതിരെ അഴിമതിയാരോപണങ്ങളും പണത്തട്ടിപ്പുകേസുകളും ഉപയോഗിക്കുന്നു. 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതികളിൽ റെയ്ഡ് നടത്തിയതും പ്രതിപക്ഷകക്ഷികളെല്ലാം ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഭിന്നതകൾ മാറ്റിവച്ച് നരേന്ദ്ര മോദി സർക്കാരിന്റെ രാഷ്ട്രീയ വേട്ട‌കൾക്കെതിരെ ഒരുമിച്ചുനിൽക്കണമെന്നുമാണ് പ്രതിപക്ഷ ഐക്യം എന്ന മന്ത്രം ഉരുവിടുന്നവർ ആവശ്യപ്പെടുന്നത്. 

പക്ഷേ, പ്രതിപക്ഷ കക്ഷികൾക്കിടയിൽ അടുപ്പത്തെക്കാൾ, പലതരം അകൽച്ചകളാണുള്ളത്. കോൺഗ്രസുമായി ധാരണകളുള്ള പല പ്രതിപക്ഷ കക്ഷികളും രാഹുലിനെയും സോണിയയെയും ഇഡി ചോദ്യം ചെയ്തതിനെ അപലപിച്ചെങ്കിലും ആം ആദ്മി പാർട്ടി വിട്ടുനിന്നു. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളുടെ പേരിൽ സിസോദിയയ്ക്കെതിരെ ഇഡിയുടെ റെയ്ഡ് നടന്നപ്പോൾ കോൺഗ്രസ് ഡൽഹി ഘടകം അത് ആഘോഷിക്കുകയാണു ചെയ്തത്. അരവിന്ദ് കേജ്‌രിവാൾ സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ആദ്യം രംഗത്തുവന്നതു തങ്ങളായിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. തെലങ്കാനയിൽ കെ.ചന്ദ്രശേഖരറാവു സർക്കാരിന്റെ അന്ത്യദിനങ്ങൾ അടുത്തുവെന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം റാലിയിൽ പ്രസംഗിച്ചത്. തെലങ്കാന ഘടകം കോൺഗ്രസാകട്ടെ ബിജെപിയെയും തെലങ്കാന രാഷ്ട്രസമിതിയെയും ഉന്മൂലനം ചെയ്യാതെ സംസ്ഥാനം രക്ഷപ്പെടില്ല എന്ന നിലപാടിലും. 

ദേശീയതലത്തിൽ   കോൺഗ്രസിനു ബദലാകാൻ മോഹിക്കുന്ന തൃണമൂൽ കോൺഗ്രസ്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പു തന്നെയും ബഹിഷ്കരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവയായിരുന്നു പ്രതിപക്ഷ സ്ഥാനാർഥി എന്നതാണ് കാരണം. ബിജെപിക്കെതിരെ പൊരുതുമ്പോഴും, സംസ്ഥാനങ്ങളിൽ പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള കടുത്ത പരസ്പരവിരോധം തന്നെയാണു മുന്നിട്ടുനിൽക്കുന്നത്. ത്രിപുര ഉദാഹരണം. അവിടെ സിപിഎം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവ ബിജെപിക്കെതിരെ മാത്രമല്ല, പരസ്പരവും പോരടിച്ചുകൊണ്ടിരിക്കുന്നു. 

ബംഗാളിൽ മമത ബാനർജി സർക്കാർ പൊലീസിനെ ഉപയോഗിച്ചു തങ്ങളുടെ പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുന്നുവെന്ന പരാതി ബിജെപി മാത്രമല്ല, സിപിഎമ്മും കോൺഗ്രസും ഉയർത്തുന്നു. ബംഗാളിൽ കോൺഗ്രസ്– സിപിഎം തിരഞ്ഞെടുപ്പു ധാരണയുണ്ടെങ്കിലും പ്രവർത്തനരംഗത്തു സൗഹൃദമില്ല. കോൺഗ്രസും സിപിഎമ്മും തമ്മിൽ ദേശീയതലത്തിൽ നല്ല സൗഹൃദമാണെങ്കിലും കേരളത്തിലേക്കു വരുമ്പോൾ കടുത്ത ശത്രുതയാണുള്ളത്. കോൺഗ്രസിന്റെ ബി ടീം ആണ് ബിജെപിയെന്ന ആരോപണം കേരളത്തിൽ സ്ഥിരമായി കേൾക്കാറുള്ളതാണ്. എന്നാൽ, സിപിഎമ്മും ബിജെപിയും തമ്മിലാണു രഹസ്യധാരണയെന്നു കോൺഗ്രസും തിരിച്ചടിക്കുന്നു. 20 മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പു വരെ പ്രതിപക്ഷകക്ഷികൾ തമ്മിലുള്ള ഈ തമ്മിൽത്തല്ലു തുടർന്നുകൊണ്ടിരിക്കും. 

2024ൽ ബിജെപി ഇതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മൂന്നാം വട്ടവും അധികാരം പിടിക്കാൻ കച്ചകെട്ടുന്ന നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ബലം പ്രതിപക്ഷത്തെ അനൈക്യമാണ്. രാഷ്ട്രീയ ജനതാദൾ, ജനതാദൾ യുണൈറ്റഡ് (ബിഹാർ), ഡിഎംകെ (തമിഴ്നാട്), ജാർഖണ്ഡ് മുക്തിമോർച്ച (ജാർഖണ്ഡ്), എൻസിപി, ശിവസേന (മഹാരാഷ്ട്ര) എന്നിങ്ങനെ പ്രാദേശികകക്ഷികളുമായി സഖ്യമുള്ള കോൺഗ്രസ്, ബിജെപിയെ തോൽപിക്കുക എന്ന ലക്ഷ്യം മുന്നിൽനിർത്തി പ്രതിപക്ഷ ഐക്യത്തിനു മുൻകൈ എടുക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. 

എന്നാൽ, ഇതൊക്കെ പറയാൻ വളരെ എളുപ്പമാണ്. പ്രാദേശിക കക്ഷികളുമായി ഒരു ധാരണയും പാടില്ലെന്നാണു കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ ഹൈക്കമാൻഡിനുമേൽ നിരന്തരം സമ്മർദം ചെലുത്തുന്നത്. ബംഗാളിലും ത്രിപുരയിലും തൃണമൂലുമായും കർണാടകയിൽ ജനതാദൾ സെക്കുലറുമായും ഡൽഹി, പ‍ഞ്ചാബ് സംസ്ഥാനങ്ങളിൽ ആം ആദ്മിയുമായും തെലങ്കാനയിൽ ടിആർഎസുമായും ആന്ധ്രയിൽ വൈഎസ്ആർസി, തെലുങ്കുദേശം പാർട്ടികളുമായും എന്തെങ്കിലും സൗഹൃദമോ ധാരണയോ ഉണ്ടാക്കുന്നതിന് അതതു സംസ്ഥാന ഘടകങ്ങൾ എതിരാണ്. 

പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള പോരു മാത്രമല്ല, കോൺഗ്രസിനകത്തും ത്രികോണവിരോധം നിലനിൽക്കുന്നുണ്ട്. ജമ്മു കശ്മീരിലെയും ഹിമാചൽപ്രദേശിലെയും തിരഞ്ഞെടുപ്പു പ്രചാരണസമിതി അധ്യക്ഷസ്ഥാനങ്ങളിൽനിന്ന് ജി23 നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശർമയും രാജിവച്ചത് ഉദാഹരണം. പാർട്ടിയിൽ നേരിടുന്ന അവഗണനയും അപമാനവും വിളിച്ചുപറഞ്ഞ ആനന്ദ് ശർമ, പ്രിയങ്കയോടും രാഹുലിനോടുമുള്ള അനിഷ്ടം മറച്ചുവച്ചില്ല. 51 വർഷത്തെ തന്റെ പ്രവർത്തന പാരമ്പര്യം ഉയർത്തിപ്പിടിച്ചു മുൻ വാണിജ്യമന്ത്രി പറഞ്ഞത്, താൻ പാർട്ടിയുടെ അടിമയല്ല; ഉടമകളിൽ ഒരാളാണെന്നാണ്. 

ജി 23 നേതാവായിരുന്ന, പാർട്ടി വിട്ട കപിൽ സിബലും രാഹുൽ– പ്രിയങ്ക വിശ്വസ്ത സംഘത്തോടുള്ള അപ്രിയം തുറന്നുപറയുകയുണ്ടായി. പാർട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പു വരുമ്പോൾ ഈ വിമതസ്വരങ്ങൾ കൂടുതൽ ശക്തമാകാനാണു സാധ്യത. 

എന്നാൽ, പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഐക്യമുണ്ടാകുമോ, പ്രതിപക്ഷത്തുനിന്നു പൊതു പ്രധാനമന്ത്രി സ്ഥാനാർഥി ഉണ്ടാകുമോ എന്നിവയെക്കാൾ വലിയ ചോദ്യം 2024ലും നരേന്ദ്ര മോദി ജനപ്രിയനായി തുടരുമോ എന്നതാണ്. ബദൽ പ്രധാനമന്ത്രി സ്ഥാനാർഥി ഇല്ലാതിരുന്നിട്ടും, ജനങ്ങളുടെ അനിഷ്ടം പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു, അടൽ ബിഹാരി വാജ്പേയി എന്നിവരെ തിരഞ്ഞെടുപ്പുകളിൽ തോൽപിച്ചിട്ടുണ്ടെന്നതു ചരിത്രമാണ്.

Content Highlights: Prime minister election, BJP, Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT