ADVERTISEMENT

ഗാങ്ങുകളും ബ്രിഗേഡുകളും കോൺഗ്രസിൽ പുതുമയല്ല. എന്നാൽ, നേതാക്കൾ തമ്മിലുള്ള ചെളിവാരിയെറിയൽ രൂക്ഷമാകുന്നതിൽ പഴയ തലമുറ നേതാക്കൾ അസ്വസ്ഥരാണ്.   

ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പ് അടുക്കവേ കോൺഗ്രസിനുള്ളിൽ ഹൈക്കമാൻഡ് വിശ്വസ്തരും വിമതസംഘവും തമ്മിലുള്ള ചെളിവാരിയെറിയൽ രൂക്ഷമായി. പാർട്ടി വിട്ട ഗുലാം നബി ആസാദിനോട് അടുപ്പമുള്ള നേതാക്കളെ തമിഴ്‌നാട്ടിൽനിന്നുള്ള എംപി മാണിക്കം ടഗോർ ആക്ഷേപിച്ചതു ‘രാജ്യസഭാ ഗാങ്’ എന്നാണ്. മാണിക്കം അടക്കമുള്ള പുതുതലമുറ എംപിമാരെ  ആസാദ് ഗ്രൂപ്പ്  ‘മുറിപ്പാന്റ് ഗാങ് ’എന്നും പരിഹസിച്ചു. 1990കളിൽ ആസാദ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഇവരൊക്കെ സ്കൂളിലായിരുന്നുവെന്നാണു മുറിപ്പാന്റ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. പരാതികൾ ചെറുപ്പക്കാരായ ജനറൽ സെക്രട്ടറിമാരോടു ചർച്ച ചെയ്താൽ മതിയെന്നു സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിർദേശിച്ചതു തനിക്ക് അപമാനകരമായി തോന്നിയെന്നു ഗുലാം നബി ആസാദും പറ‍ഞ്ഞിരുന്നു. ഗാന്ധികുടുംബത്തോട് ഏറ്റവും അടുപ്പമുള്ള ജനറൽ  സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരെയാണ് ആസാദ് പരാമർശിച്ചത്. ആസാദ് കേന്ദ്രമന്ത്രിയായിരിക്കെ, സുർജേവാലയുടെ പിതാവ് ശംഷേർ സിങ് സുർജേവാല ഹരിയാനയിൽനിന്നുള്ള ലോക്സഭാംഗം ആയിരുന്നു.

മാണിക്കം ടഗോറിനു തെലങ്കാനയുടെ പാർട്ടിച്ചുമതലയാണുള്ളത്. ആസാദിനു പിന്തുണ പ്രഖ്യാപിച്ചു രാജ്യസഭാംഗത്വം രാജിവച്ച ഹൈദരാബാദിലെ എം.എ.ഖാനെയും മാണിക്കം വിമർശിച്ചു. ഖാനെ ഇതേവരെ പാർട്ടി ഓഫിസിൽപോലും കണ്ടിട്ടില്ലെന്നാണു മാണിക്കം പറഞ്ഞത്. മാണിക്കം അടക്കമുള്ള പുതുതലമുറ എംപിമാരെ ആസാദ് ഗ്രൂപ്പ് വിശേഷിപ്പിക്കുന്നത് ലോക്സഭയിലെ ‘പക്വതയില്ലാത്ത കൂട്ടം’ എന്നാണ്. 

തമിഴ്നാട്ടിലെ ജ്യോതിമണി, കേരളത്തിൽനിന്നുള്ള ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം ലോക്സഭയിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ രാഹുൽ ഗാന്ധിയുടെ മതിപ്പു പിടിച്ചുപറ്റിയിട്ടുണ്ട്. പ്ലക്കാർഡുകൾ സഭയിൽ കൊണ്ടുവരിക, മേശമേൽ കയറി മുദ്രാവാക്യം വിളിക്കുക, ബിജെപി പ്രസംഗകരെ തടസ്സപ്പെടുത്തുക തുടങ്ങിയ നടപടികളുടെ പേരിൽ ഇവരെ സ്പീക്കർ പലവട്ടം താക്കീതു ചെയ്തിട്ടുണ്ട്. സസ്പെൻഷനും നേരിട്ടു. നിശ്ശബ്ദരോ സൗമ്യരോ ആയ അംഗങ്ങളെക്കാൾ ബിജെപിക്കെതിരെ ശബ്ദമുയർത്തി ഇടിച്ചുനിൽക്കാൻ ശേഷിയുള്ള കൂടുതൽ എംപിമാരെ രാജ്യസഭയിലേക്ക് അയയ്ക്കണമെന്ന് മാണിക്കം ആവശ്യപ്പെടുകയും ചെയ്തു. 

കഴിഞ്ഞ 8 വർഷം പ്രതിപക്ഷനിരയിലിരുന്ന മുതിർന്ന നേതാക്കളായ മൻമോഹൻസിങ്, എ.കെ.ആന്റണി, കരൺ സിങ്, മോത്തിലാൽ വോറ, ഓസ്കർ ഫെർണാണ്ടസ്, അംബിക സോണി എന്നിവർ ഏതെങ്കിലും ചർച്ചകളിൽ പങ്കെടുക്കുകയോ ശബ്ദമുയർത്തുകയോ ചെയ്യുന്നത് അപൂർവമായിരുന്നു. തലമുതിർന്നവർ എന്ന ബോധ്യത്തോടെ അവർ ഗൗരവം പാലിച്ച് അടങ്ങിയിരുന്നു. എന്നാൽ, അണ്ണാ ഡിഎംകെയുടെയും സിപിഎമ്മിന്റെയും തെരുവുരാഷ്ട്രീയം നേരിട്ടു തഴക്കമുള്ള തമിഴ്നാട്ടിലെയും കേരളത്തിലെയും എംപിമാർ, ലോക്സഭയിലും രക്തം തിളച്ചു പൊരുതിനിന്നു. ബാരിക്കേഡുകൾ ചാടിക്കടന്നും ജലപീരങ്കി നേരിട്ടുമുള്ള ആക്‌ഷനാണ് അവർ ആഗ്രഹിക്കുന്നത്. 

കഴിഞ്ഞ നാലു വർഷത്തിനിടെ ഒട്ടേറെ മുതിർന്ന നേതാക്കൾ രാജ്യസഭയിൽനിന്നു വിരമിച്ചെങ്കിലും, കൂറുകാട്ടുന്നവർക്കു സ്ഥാനങ്ങൾ നൽകേണ്ടതിന്റെ സമ്മർദത്താൽ രാഹുൽ ഗാന്ധിക്കു തന്റെ രാഷ്ട്രീയ പോരാളിസംഘത്തിനു വേണ്ടത്ര പ്രാതിനിധ്യം നൽകാനായില്ല. യൂത്ത് കോൺഗ്രസ് പശ്ചാത്തലമുള്ള ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കു പക്ഷേ, അവസരം ലഭിച്ചു. സ്വാഭാവികമായും മല്ലികാർജുൻ ഖർഗെ, പി.ചിദംബരം, ദിഗ്‌വിജയ് സിങ്, ജയറാം രമേശ് എന്നിവർക്കൊപ്പം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ കെ.ടി.എസ്. തുളസി, വിവേക് തങ്ക എന്നിവരും രാജ്യസഭയിലെത്തി. 

ശോഷിച്ചുവരുന്ന പാർട്ടിയുടെ നേതൃത്വം ഖർഗെയും ജയറാം രമേശും ഏറ്റെടുക്കുകയും ചെയ്തു. ലോക് സഭയിലെ ക്ഷുഭിത യൗവനത്തെവച്ചു നോക്കുമ്പോൾ രാജ്യസഭയിലെ തണുപ്പൻ നേതൃത്വത്തിൽ രാഹുൽ തീരെ സന്തുഷ്ടനല്ല. പക്ഷേ, ഗാന്ധികുടുംബത്തിന്റെ ദർബാർ ശൈലിയനുസരിച്ചു സ്ഥാനമാനങ്ങൾ നൽകാൻ പോരാട്ടഗുണങ്ങളെക്കാൾ കൂറാണു പരിഗണിക്കുക. 

ഗാങ്ങുകളും ബ്രിഗേഡുകളും കോൺഗ്രസിൽ പുതിയ കാര്യമല്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ രാജ്യസഭയിൽ കോൺഗ്രസിനു ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ശബ്ദമുയർത്താൻ ഒരു സംഘമുണ്ടായിരുന്നു. എസ്.എസ്.അലുവാലിയ, രത്നാകർ പാണ്ഡേ, വി. നാരായണ സാമി, സുരേഷ് പച്ചൗരി, ബാബാ പാണ്ഡേ എന്നിവരായിരുന്നു ഈ അഞ്ചംഗ സംഘം. ഉച്ചത്തിൽ സംസാരിച്ചും ബഹളം വച്ചും എതിരാളികളുടെ പ്രസംഗങ്ങളെ മുക്കിക്കളയാൻ ഇവർക്കു കഴിയുമായിരുന്നു. 

പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ ബൊഫോഴ്സ് വിവാദമുണ്ടായപ്പോൾ, പ്രതിപക്ഷനേതാക്കളെ സംസാരിക്കാൻ അനുവദിക്കാതെ തുടർച്ചയായി തടസ്സപ്പെടുത്തിയത് ഈ സംഘമായിരുന്നു. അതിനാൽ സഭ പലവട്ടം നിർത്തിവച്ചു പിരിയേണ്ടിയും വന്നിരുന്നു. നാരായണ സാമിയും പച്ചൗരിയും കേന്ദ്രമന്ത്രിമാരായപ്പോൾ, അലുവാലിയ ബിജെപി പക്ഷത്തേക്കു പോയി നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായി. പുതുച്ചേരിയിൽ പിന്നീട് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു നാരായണ സാമി.  കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള കോൺഗ്രസിലെ പുതുസംഘമാകട്ടെ ഒച്ച വയ്ക്കുക മാത്രമല്ല, ബാരിക്കേഡുകൾ ചാടിക്കടക്കുകയും ചെയ്യും. കോൺഗ്രസിലെ തലമുറപ്പോര് കൂടുതൽ രൂക്ഷമാകുകയും രാഹുൽ ബലം ഉറപ്പിക്കുകയും  ചെയ്യുമ്പോൾ പല പഴയതലമുറ നേതാക്കളും കൂടുതൽ അസ്വസ്ഥരാകും.

English Summary: Deseeyam - Congress party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com