പറഞ്ഞുറപ്പിച്ചതിനും 24 മണിക്കൂർ മുൻപേ ദുബായിൽനിന്നു സ്വർണം നാട്ടിൽ പറന്നിറങ്ങി. രണ്ടു വനിതാ കാരിയർമാരെ എത്തിച്ച്. ക്യാപ്സൂളുകൾ അവരുടെ ശരീരത്തിലൊളിപ്പിച്ച് വിമാനത്തിൽ വിട്ടു. അവരത് നാട്ടിൽ എത്തിക്കേണ്ടിടത്ത് എത്തിച്ചു.
സ്വർണക്കടത്തിൽ പണമിറക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞ് കേരളത്തിൽവച്ചു തന്നെയാണു കള്ളക്കടത്തു സംഘവുമായി ബന്ധപ്പെട്ടത്. ഏറെ പണിപ്പെട്ട്, പല പല കണ്ണികൾ താണ്ടിയാണ് കാസർകോട്ടുകാരനായ ഷബീർ എന്ന ഏജന്റിലെത്തിയത്. കാര്യം പറഞ്ഞു: ജയരാജനെന്നാണു പേര്. സ്വദേശം തളിപ്പറമ്പ്. നാട്ടിൽ കൂട്ടുകാർക്കൊപ്പം നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസിൽനിന്നു കിട്ടിയ പണമാണ്. സ്വർണക്കടത്തിനു നാലോ അഞ്ചോ കോടി രൂപ മുടക്കാൻ പ്രയാസമില്ല. നന്നായി അറിയാവുന്ന ചിലർ വഴി എത്തിയ ആളായതിനാൽ ഏജന്റിനു സംശയമുണ്ടായതേയില്ല. പക്ഷേ, ഞാനൊരു നിബന്ധന വച്ചു: സ്വർണക്കടത്തിന്റെ ഘട്ടങ്ങളും രീതികളും നേരിട്ടു കാണണം. എന്നാലേ പണമിറക്കൂ. നിരന്തരം സമ്മർദം ചെലുത്തിയതോടെ ഏജന്റ് സമ്മതിച്ചു. ദുബായ് അൽ മുതീനയിലെ ഹോട്ടൽ മുറിയിൽ ജൂലൈ 26ന് ഉച്ചയ്ക്ക് 12ന് ആദ്യ കൂടിക്കാഴ്ചയ്ക്കു വഴിയൊരുങ്ങി.
സ്വർണച്ചന്തയിലെ കാഴ്ചകൾ
സ്വർണക്കടത്തു സംഘത്തലവനായ മിസ്റ്റർ എമ്മിനെയും കൂട്ടിയാണു ഷബീർ ഹോട്ടൽ മുറിയിലെത്തിയത്. മിസ്റ്റർ എമ്മുമായി പാർട്ണർഷിപ് വഴി കള്ളക്കടത്തു നടത്താമെന്നും ഷബീറിനെ പ്രധാന ഏജന്റായി വയ്ക്കാമെന്നും ധാരണയിലെത്തി. കാരിയർമാരുടെ കാര്യവും മറ്റുമൊക്കെ ഷബീർ നോക്കിക്കോളും. കാരിയർമാരുടെ ശരീരത്തിലോ വസ്ത്രത്തിലോ കാർഡ്ബോർഡ് പെട്ടിയിലോ ഒളിപ്പിച്ചാണു സ്വർണം കടത്തുക.

ഞാൻ ചോദിച്ചു: ഇതൊക്കെ വെറുതേ പറഞ്ഞാൽ പോരല്ലോ. സ്വർണം ഒളിപ്പിക്കുന്നതു കാണാൻ പറ്റുമോ?’
‘അതൊക്കെ ചെയ്യുന്നതു വേറെ ആൾക്കാരാണ്. നമ്മളെപ്പോലും കാണിക്കില്ല. പിന്നെയല്ലേ നിങ്ങളെ? ’ എന്ന് മറുപടി.
ഒളിപ്പിക്കുന്നതു കാണണമെന്നുതന്നെ ഞാൻ നിലപാടെടുത്തു. ഷബീർ ആരെയോ ഫോണിൽ വിളിച്ച് സംസാരിച്ചു. അങ്ങനെ ദുബായ് ഗോൾഡ് സൂക്ക് എന്ന സ്വർണച്ചന്തയിലേക്ക്. ഗോൾഡ് സൂക്കിൽ നിരനിരയായി സ്വർണക്കടകളാണ്. മലയാളികളുടേതടക്കം, ലോകപ്രശസ്ത ബ്രാൻഡുകളുടെ വലിയ ഷോറൂമുകൾ. ചെറിയ കടകളുമുണ്ട്. പ്രധാന വഴിയുടെ ചെറിയ ഇടവഴികളിലും നിറയെ ചെറിയ സ്വർണക്കടകൾ തന്നെ.
ഷബീർ മാത്രമാണ് ഒപ്പം വന്നത്. കോഴിക്കോട്ടുകാരനായ മറ്റൊരാളുടെ ജ്വല്ലറിയിലേക്കാണു യാത്ര. താഴത്തെ നിലയിൽ ജ്വല്ലറിയും മുകളിലത്തെ നിലയിൽ ആഭരണ നിർമാണശാലയും. പൊതുവേ ഇവിടത്തെ ജ്വല്ലറികളെല്ലാം ഈ തരത്തിലാണ്. രണ്ടാം നിലയിലെ ഇടനാഴിയിൽ ജ്വല്ലറിയുടമ ഉണ്ടായിരുന്നു. ഇടനാഴിയിൽനിന്ന്, ആഭരണ നിർമാണശാലയുടെ വാതിൽ തുറന്നു. ഏഴെട്ടുപേർ അവിടെ കാർഡ്ബോർഡ് പെട്ടിയിൽ എന്തോ ചെയ്യുകയാണ്. വിശദമായി കാണാമെന്നു വിചാരിച്ചെങ്കിലും നടന്നില്ല. നിമിഷങ്ങൾക്കകം എന്നെ പുറത്താക്കി, വാതിലടച്ചു.
വരാന്തയിൽ വച്ചാണു ജ്വല്ലറിയുടമ സംസാരിച്ചത്. ജ്വല്ലറിയിലെ 2 പേർ ഞങ്ങളെ നിരീക്ഷിച്ച് അടുത്തു തന്നെയുണ്ടായിരുന്നു. സിസിടിവി ക്യാമറകളും കണ്ടതോടെ, മൊബൈൽ പോക്കറ്റിൽതന്നെ വയ്‌ക്കേണ്ടി വന്നു. വസ്ത്രത്തിൽ ഒളിപ്പിക്കുന്നതും കാർഡ്‌ബോർഡിൽ ഒളിപ്പിക്കുന്നതുമൊക്കെ ഇടനാഴിയിൽ നിന്നുകൊണ്ടുതന്നെ ജ്വല്ലറിയുടമ വിശദീകരിച്ചു.

വീണ്ടും കാണാമെന്നും പറഞ്ഞ് ജ്വല്ലറിയിൽ നിന്നിറങ്ങി. പിറ്റേന്ന് ഉച്ചയ്ക്കു ശേഷം മിസ്റ്റർ എമ്മും ഷബീറും ഹോട്ടൽ മുറിയിലെത്തി. ‘ഞാൻ മാത്രം ഇതൊക്കെ കണ്ടതുകൊണ്ടായില്ല. പാർട്ണർമാരെ ബോധ്യപ്പെടുത്താൻ എന്തെങ്കിലും കൃത്യമായ തെളിവു വേണം’: ഞാൻ പറഞ്ഞു. വലിയ ‘പണിക്ക്’ പണമിറക്കാമെങ്കിൽ ഫോട്ടോയും വിഡിയോയുമൊക്കെ പകർത്താമെന്നു മിസ്റ്റർ എം സമ്മതിച്ചു. പിറ്റേന്നു രാത്രി ശബ്ദസന്ദേശം വാട്‌സാപ്പിൽ: ‘നാളെ വൈകിട്ട് 4ന് ഗോൾഡ് സൂക്കിലെത്തുക’.
മുൻപേ പറക്കുന്ന സ്വർണപ്പക്ഷികൾ
പിറ്റേന്നു വൈകിട്ടു നാലിനു മുൻപു തന്നെ ദുബായ് ഗോൾഡ് സൂക്കിലെത്തി. അഞ്ചരയോടെ മിസ്റ്റർ എം പ്രത്യക്ഷപ്പെട്ടു.
പ്രധാന റോഡിൽനിന്ന് ഗോൾഡ് സൂക്കിലേക്കുള്ള ചെറിയ ഇടനാഴിയിലൂടെ വളവുകളും തിരിവുകളും പിന്നിട്ട് ഞങ്ങൾ നടന്നു. ചെറിയൊരു കടയിൽ കയറി ചായ കുടിച്ചു. എനിക്കു പിറകിൽ ആരെങ്കിലുമുണ്ടോയെന്ന നിരീക്ഷണമായിരിക്കണം ചായകുടിയുടെയും ചുറ്റിക്കലിന്റെയും ലക്ഷ്യം.
വീണ്ടും വളവും തിരിവുമൊക്കെ പിന്നിട്ട്, മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്. അവിടെ നിന്നാണു മിസ്റ്റർ എം നോട്ടെണ്ണിക്കൊടുത്ത് ഒന്നരക്കിലോ സ്വർണപ്പൊടി വാങ്ങിയത്.
ഇതെങ്ങനെയാണ് അയയ്ക്കുന്നത്?–പുറത്തിറങ്ങിയപ്പോൾ ഞാൻ ചോദിച്ചു.
‘ക്യാപ്സൂളുകളാക്കും. ശരീരത്തിലൊളിപ്പിക്കും’.
‘എന്നാണ് അയയ്ക്കുന്നത്?’
‘നാളെ’.
കറുത്ത ടീഷർട്ടും പാന്റ്‌സുമിട്ടൊരു ചെറുപ്പക്കാരൻ ബാറ്ററി സ്‌കൂട്ടറിൽ പ്രത്യക്ഷപ്പെട്ടതു പെട്ടെന്ന്. ഒന്നും മിണ്ടാതെ മിസ്റ്റർ എം 2 പാക്കറ്റുകളും അയാളെ ഏൽപിച്ചു. വന്ന വേഗത്തിൽ യുവാവ് അപ്രത്യക്ഷനായി.
‘എത്ര സമയമെടുക്കും?’
‘അര മണിക്കൂർ’.
‘ക്യാപ്സൂളാക്കുന്നതു കാണാൻ പറ്റുമോ?’
‘അതൊന്നും നടക്കുന്ന കാര്യമല്ല. ഞങ്ങളെത്തന്നെ അതൊന്നും കാണിക്കാറില്ല’.
ഒന്നര കിലോഗ്രാം എത്ര ക്യാപ്സൂളുകളാണാക്കുക?’
‘ആറ്. 250 ഗ്രാം വീതം. ഇനി ഓഫിസിലേക്കു പോകാം. സാധനം പിള്ളേര് അവിടെ എത്തിച്ചോളും.’ ഏഴേമുക്കാലോടെ ക്യാപ്സൂളുകളുമായി ആളെത്തി.

കറുത്ത 6 ക്യാപ്സൂളുകൾ. ഹാൻഡ് ഹെൽഡ് സ്‌കാനർവച്ച് ക്യാപ്സൂളുകൾ മിസ്റ്റർ എം പരിശോധിച്ചു. കനത്ത ബീപ് ശബ്ദമുയർന്നു.
ഇടയ്ക്കു മിസ്റ്റർ എം ശുചിമുറിയിൽ പോയപ്പോൾ, മേശപ്പുറത്തെ ക്യാപ്സൂളുകളുടെ ദൃശ്യം ഞാൻ മൊബൈലിൽ പകർത്തി. 5 മിനിറ്റിനകം, ചെറിയൊരു ബാഗിൽ ക്യാപ്സൂളുകളുമായി മിസ്റ്റർ എം കാറിൽ താമസസ്ഥലത്തേക്ക്. എന്നെയും ഒപ്പംകൂട്ടി.
‘അപ്പോൾ നാളെ കാണാം’.
‘ഇതെപ്പോൾ അയയ്ക്കും?’
‘നാളെ രാത്രി’.
ഞാൻ വഴിയിലിറങ്ങി. പിറ്റേന്ന് ഉച്ചയ്ക്കു ശേഷമാണു മിസ്റ്റർ എമ്മിനെ വീണ്ടും ഫോണിൽ കിട്ടിയത്.
‘ഇന്നല്ലേ സാധനം അയയ്ക്കുന്നത്?’
‘അതൊക്കെ രാത്രിയിലെ ഫ്ലൈറ്റിൽ കോഴിക്കോട്ടിറങ്ങി. സാധനം എത്തേണ്ടിടത്തെത്തിക്കഴിഞ്ഞു. ഇത്രയും തെളിവു പോരേ’.
(പുതിയ ‘സംരംഭകനെ’ വേണ്ടത്ര
വിശ്വാസമാവാത്തതു കൊണ്ടായിരിക്കാം, എന്നോടു പറഞ്ഞതിലും 24 മണിക്കൂർ മുൻപേ സംഗതി കടൽ കടന്നിരിക്കുന്നു).
28നു രാത്രി തന്നെ മിസ്റ്റർ എമ്മിന്റെ ഓഫിസിൽ രണ്ടു വനിതാ കാരിയർമാരെ എത്തിച്ച്, ക്യാപ്സൂളുകൾ ശരീരത്തിലൊളിപ്പിച്ചു വിമാനത്താവളത്തിൽ വിടുകയായിരുന്നു. കാരിയർമാർ കോഴിക്കോട്ടെ വീട്ടിലെത്തി സ്വർണം പുറത്തെടുത്തു കള്ളക്കടത്തു സംഘത്തെ ഏൽപിച്ചു. 29ന് രാവിലെ രഹസ്യകേന്ദ്രത്തിൽ ഉരുക്കി മിശ്രിതമെല്ലാം മാറ്റി, തനിത്തങ്കമാക്കിയെടുത്ത ശേഷം മലപ്പുറത്തെ ജ്വല്ലറിയിൽ ഏൽപിച്ചു (സംഗതി മലപ്പുറത്ത് എത്തിയതായി അവിടെനിന്ന് എന്റെ സോഴ്‌സ് സ്ഥിരീകരിക്കുകയും ചെയ്തു).
ജൂലൈ 28ന് വൈകിട്ട് 6 മണിക്ക് തുടങ്ങി 29ന് പുലർച്ചെ അവസാനിച്ച സ്വർണക്കടത്തിന്റെ കണക്ക് ഇങ്ങനെ
ഒന്നര കിലോഗ്രാം സ്വർണത്തിന്റെ വില:
3,17,160 ദിർഹം.
പൊടിക്കാൻ: 300 ദിർഹം
ക്യാപ്സൂളാക്കാൻ: 600 ദിർഹം
കാരിയർമാർക്കു ടിക്കറ്റ്: 1080 ദിർഹം
ടാക്‌സി, മറ്റു ചെലവുകൾ: 500 ദിർഹം
ഏജന്റ് കമ്മിഷൻ: 2000 ദിർഹം
ദുബായിൽ ആകെ ചെലവ്: 3,21,640 ദിർഹം.
6 ക്യാപ്സൂളുകൾ മലപ്പുറത്തെത്തിച്ചു ശുദ്ധീകരിച്ചപ്പോൾ ലഭിച്ചത് 1497.40 ഗ്രാം സ്വർണം. മലപ്പുറം ജില്ലയിലെ ജ്വല്ലറിയിൽ വിറ്റു. ഗ്രാമിന് 5215 രൂപ നിരക്കിൽ ലഭിച്ചത് 78,08,940 രൂപ. കേരളത്തിലെത്തിയ ശേഷമുള്ള ചെലവ്
2 കാരിയർമാരുടെ പ്രതിഫലം: 1,00,000 രൂപ
സ്വർണം ഉരുക്കിയെടുക്കാൻ:6000 രൂപ
ടാക്‌സി, മറ്റു ചെലവുകൾ : 6000 രൂപ.
78,08,940 രൂപയിൽ നിന്ന് കേരളത്തിലെ ചെലവു കുറച്ചാൽ 76,96,940 രൂപ. ഇതിനെ റിവേഴ്‌സ് ഹവാല നിരക്കായ 22.6244 കൊണ്ട് ഹരിച്ചാൽ കിട്ടുക 3,40,205 ദിർഹം. (ഹവാല, റിവേഴ്‌സ് ഹവാല നിരക്കുകൾ കണക്കാക്കുന്നത് ലക്ഷം രൂപയിലാണ്. അതുകൊണ്ടാണ് 4 ദശാംശ സ്ഥാനം പരിഗണിക്കുന്നത്. അതായത്, ഒരു ലക്ഷം രൂപ മലപ്പുറത്തു നൽകിയാൽ, 4420 യുഎഇ ദിർഹം ദുബായിൽ ലഭിക്കും.)
3,40,205 ദിർഹത്തിൽ നിന്ന് ദുബായിൽ ചെലവായ 3,21,640 ദിർഹം കിഴിച്ചാൽ ലഭിക്കുന്നത് 18,565 ദിർഹം. മലപ്പുറത്തേക്കുള്ള ഹവാല നിരക്ക് പ്രകാരം ഇത് 4,20,022 രൂപ വരും. ഇതാണ്, 1.50 കിലോ സ്വർണം കടത്തിയതിനു കിട്ടിയ ലാഭം. ഒരു കിലോയുടെ ലാഭം 2,80,014 രൂപ. ഏജന്റിനെ ഒഴിവാക്കി സ്വന്തം കാരിയർമാരെ വച്ചു കടത്തിയാൽ ഏജന്റിന്റെ കമ്മിഷൻ ലാഭിക്കാം (സ്വർണവിലയിലെയും ഹവാലനിരക്കിലെയും മാറ്റങ്ങൾക്കനുസരിച്ചു ലാഭക്കണക്കിലും മാറ്റം വരും)
ക്യാപ്സൂളാക്കുന്നതും തിരിച്ചെടുക്കുന്നതും

പൊടി രൂപത്തിലുള്ള സ്വർണം ആവണക്കെണ്ണയും മൈദയും അൽപം വെള്ളവും ചേർത്തു കുഴയ്ക്കും. ഉരുട്ടിയെടുത്ത്, ഗർഭനിരോധന ഉറയുടെ അകത്തു നിറച്ച് 250 ഗ്രാമിനടുത്തു വരുന്ന ക്യാപ്സൂളാക്കും. ചിലപ്പോൾ അതിനു മീതെ ഇൻസുലേഷൻ ടേപ്പും ഒട്ടിക്കും. തുടർന്നു സ്വകാര്യഭാഗങ്ങളിൽ ഒളിപ്പിക്കും. ശരീരത്തിൽനിന്നു പുറത്തെടുക്കുന്ന സ്വർണം വേർതിരിച്ചെടുക്കാനായി ഗ്യാസ് അടുപ്പിൽ വച്ച് ചൂടാക്കും. കുറച്ചു കഴിയുമ്പോൾ ക്യാപ്സൂളുകൾ കത്തിത്തുടങ്ങും. മൈദയും ആവണക്കെണ്ണയുമൊക്കെ കത്തിത്തീരും. സ്വർണം ഉരുക്കി കട്ടിയാക്കിയെടുക്കുകയും ചെയ്യും.
ആഗോള വാണിജ്യ കേന്ദ്രമെന്ന നിലയിൽ ഉദാരമായ സാമ്പത്തിക നയങ്ങളുള്ള ദുബായിൽ സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനും നിലവിൽ നിയമപരമായി കടുത്ത നിയന്ത്രണങ്ങളില്ല. ദുബായിൽനിന്ന് എത്ര സ്വർണം വേണമെങ്കിലും പുറത്തേക്കു കൊണ്ടുപോവുകയും ചെയ്യാം. ദുബായിൽനിന്നു നിയമവിധേയമായി പരസ്യമായി വാങ്ങുന്ന സ്വർണം തന്നെയാണ് നിശ്ചിത അളവിലധികം കൊണ്ടുവരുമ്പോൾ ഇന്ത്യയടക്കം പല രാജ്യങ്ങളിലും കള്ളക്കടത്തായി മാറുന്നത്.
English Summary: Gold smuggling in Kerala, Investigation