ADVERTISEMENT

സ്വർണക്കടത്തിനെക്കാൾ ലാഭം കൊയ്യുന്നവരാണു  ചില ഹവാല സംഘങ്ങൾ. സൗദിയിൽ നിന്നുള്ള ഹവാലപ്പണം ലോകത്തിന്റെ പല ഭാഗത്തുമെത്തിക്കുകയാണ് ഇവരുടെ ബിസിനസ്. സൗദിയിൽ നിന്നടക്കം ഹവാലയും റിവേഴ്സ് ഹവാലയുമായി 500 കോടിയിലേറെ രൂപയുടെ പ്രതിദിന ഇടപാടുകൾ നടത്തുന്ന മലയാളിസംഘം പോലും ദുബായിലുണ്ട്. താൻ ദിവസം ഒരു കോടി രൂപയുടെ റിവേഴ്സ് ഹവാല ഇടപാടുകൾ നടത്തുന്നുണ്ടെന്നാണു കോഴിക്കോട്ടെ ഒരു ചെറുകിട ഹവാല ഇടപാടുകാരൻ പറഞ്ഞത്. 

സൗദി അറേബ്യയിൽനിന്നു വലിയ തുക ബാങ്ക് അടക്കമുള്ള ഔദ്യോഗിക ചാനലുകൾവഴി നേരിട്ട് പുറത്തേക്ക് അയയ്ക്കുക എളുപ്പമല്ല. ഒരു ലക്ഷം രൂപയ്ക്കു തുല്യമായ സൗദി റിയാൽ അയയ്ക്കണമെങ്കിൽപോലും ഒന്നിലേറെ രേഖകൾ വേണം. തീവ്രവാദ സംഘടനകൾക്കുള്ള ഫണ്ടിങ് തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കർശനമാണ്. അതോടെയാണു ഹവാലയ്ക്ക് ആവശ്യക്കാരേറിയത്. 

സ്വർണക്കടത്തും ഹവാല ഇടപാടും വേർതിരിക്കാൻ പറ്റാത്ത കണ്ണികളാണ്. രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നവരുണ്ട്. ഗോൾഡ് സൂക്കിൽ എനിക്കു കൂട്ടിനു വന്ന മിസ്റ്റർ എം അതിലൊരാളാണ്. ഹവാലയിൽനിന്നു ലഭിക്കുന്ന പണം ഉപയോഗിച്ചു സ്വർണം വാങ്ങി കേരളത്തിലേക്കു കടത്തുകയും അതു വിറ്റ്, നാട്ടിൽ ഹവാല വിതരണം ചെയ്യുകയും ചെയ്യുന്നു.  മുംബൈയിലോ ബെംഗളൂരുവിലോ ചെന്നൈയിലോ കോയമ്പത്തൂരിലോ സ്വർണം കൊടുത്ത്, അവിടെനിന്നു പണം കാറിൽ കേരളത്തിലെത്തിക്കുന്നവരുമുണ്ട്. 

ഹവാല ഇടപാടുകാരുടെ ഗോൾഡ് സൂക്കിലെയും ദേരയിലെയുമൊക്കെ ചെറിയ ഓഫിസ് മുറികളിൽ നിമിഷങ്ങൾകൊണ്ടു മറിയുന്നതു കോടികളാണ്. ഔദ്യോഗിക നിരക്കും സ്വർണ വിലയും മാറുന്നതിനനുസരിച്ചു ഹവാല നിരക്കും മാറിമറിയും.   സൗദിയിലെ ഹവാല ഏജന്റിനു സൗദി റിയാൽ നൽകുന്ന അതേ നിമിഷം, ലോകത്തെ ഏതു ഭാഗത്തും നിങ്ങൾക്കാവശ്യമുള്ള കറൻസിയിൽ പണം ലഭ്യമാക്കാൻ പ്രാപ്തരായ മലയാളി സംഘങ്ങളുണ്ട്.  സൗദിയിൽ ശേഖരിക്കുന്ന റിയാൽ പ്രധാനമായും 2 വിധത്തിലാണു ദുബായിലേക്കു കടത്തുന്നത്. സൗദിയിൽനിന്നു വാഹനങ്ങളിൽ എത്തിച്ച്, കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴി മാറ്റിയെടുക്കുകയാണ് ഒരു രീതി. ദുബായിൽ ഇതിനു പ്രത്യേകിച്ചു നിയമതടസ്സമൊന്നുമില്ല. സൗദിയിലെ ചില ബാങ്ക് മാനേജർമാരെ സ്വാധീനിച്ച്, ബാങ്ക് അക്കൗണ്ട് വഴിതന്നെ വൻതുക ദുബായിലേക്ക് അയപ്പിക്കുകയാണു മറ്റൊരു വഴി. അതാകുമ്പോൾ ദുബായിൽ ദിർഹമായിത്തന്നെ പിൻവലിക്കാൻ കഴിയും. 

ഹവാല എന്ന ലാഭവഴി

ഒരു ലക്ഷം സൗദി റിയാലിന്റെ ബിസിനസ് നടത്തിയാൽ, ദുബായിലെ ഹവാല ഏജന്റിനു ലഭിക്കുന്ന ലാഭം 2500 യുഎഇ ദിർഹമാണ്. ഔദ്യോഗിക നിരക്കു പ്രകാരമാണു  കറൻസി മാറ്റം നടക്കുന്നതെങ്കിൽ ഒരു ലക്ഷം സൗദി റിയാലിന് 97,800 യുഎഇ ദിർഹം ലഭിക്കും. ഹവാല ഏജന്റ് വഴിയായാൽ ദുബായിൽ ലഭിക്കുക 95,300 ദിർഹം. ഏതു രാജ്യത്ത് ഏതു കറൻസിയിലും ഈ തുക  ഏജന്റുമാർ ലഭ്യമാക്കും. ഔദ്യോഗിക നിരക്കുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് ഇടപാടുകാരനു വൻ നഷ്ടമാണ്. പക്ഷേ, ഒരു രേഖയുമില്ലാതെ ഇത്രയും വേഗത്തിൽ ലോകത്തെവിടെയും പണം കൈമാറാൻ പറ്റുന്ന വേറെ ഏതു സംവിധാനമുണ്ടെന്നാണ് അവരുടെ ചോദ്യം. ദുരൂഹമായ ഇടപാടുകൾ നടത്തി പണമുണ്ടാക്കുന്നവർ ആ നഷ്ടം പലപ്പോഴും അവഗണിക്കും. 

ഹവാല ഇടപാടിലൂടെ പണമയയ്ക്കുന്നവർക്കു താൽക്കാലിക ലാഭമുണ്ടാകുമെങ്കിലും, പിടിക്കപ്പെട്ടാൽ, അതിലുൾപ്പെട്ടവർക്കു പിന്നീടു കാര്യങ്ങൾ എളുപ്പമാകില്ല. അവരുടെ മാത്രമല്ല, അവരുമായി അടുപ്പമുള്ളവരുടെപോലും ഇടപാടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കുന്ന ഏജൻസികളുടെ കർശന നിരീക്ഷണത്തിലായിരിക്കും. ഹവാലയിലൂടെ സ്വരൂപിക്കുന്ന പണം പലപ്പോഴും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വൻതോതിൽ ഉപയോഗിക്കുന്നതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നതുകൊണ്ടാണിത്. 

റിവേഴ്സ് നിരക്ക്

നാട്ടിൽനിന്നു ദുബായിലേക്കു പണമയയ്ക്കുമ്പോൾ ഔദ്യോഗിക നിരക്കനുസരിച്ചാണെങ്കിൽ ഒരു ലക്ഷം രൂപയ്ക്ക് 4606 യുഎഇ ദിർഹം ലഭിക്കും.  ഇതിന് ഒരുപാടു നൂലാമാലകളുണ്ട്. രേഖാമൂലമായതിനാൽ നിയമവിധേയമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പ്രയാസമാണ്. മാത്രമല്ല, വ്യക്തികൾക്കു വൻതുക വിദേശത്തേക്ക് അയയ്ക്കുന്നതിനുള്ള കടമ്പകൾ പലതാണ്. റിവേഴ്സ് ഹവാല വഴിയാണെങ്കിൽ രേഖകളൊന്നും വേണ്ട. പക്ഷേ, നിരക്കു കുറയുമെന്നു മാത്രം. 

നാട്ടിലേക്കുള്ള ഹവാല നിരക്കുവച്ചു നോക്കുകയാണെങ്കിൽ, ഒരു ലക്ഷം രൂപ നാട്ടിൽ ഹവാല ഏജന്റിനു നൽകിയാൽ ദുബായിൽ 4420 ദിർഹം ലഭിക്കണം. പക്ഷേ, ഹവാലയുടെയോ സ്വർണക്കടത്തിന്റെയോ ചങ്ങലക്കണ്ണിയല്ലാത്തൊരാൾക്ക് 4370 ദിർഹമേ ലഭിക്കൂ.  നാട്ടിൽ നിയമവിധേയമല്ലാത്ത രീതിയിൽ സമ്പാദിച്ച കള്ളപ്പണം വിദേശത്തെത്തിക്കേണ്ടവരാണു പ്രധാനമായും റിവേഴ്സ് ഹവാലയെ ആശ്രയിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന്, പണമെത്തിക്കേണ്ട അത്യാവശ്യഘട്ടം വരുമ്പോൾ അധികനിരക്കു നൽകാൻ ഇടപാടുകാർ തയാറായേ പറ്റൂ. 

mirror-to-mirror

പൊളിറ്റിക്കൽ ഗോൾഡ് 

നിയമവിധേയമായി സ്വർണത്തിന്റെ മൊത്തവ്യാപാരം നടത്തുന്നവർപോലും ഉപയോഗിക്കുന്നൊരു പ്രയോഗമുണ്ട്, ദുബായിൽ – പൊളിറ്റിക്കൽ ഗോൾഡ്. സ്വർണഖനികളുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിലെ ഭരണാധികാരികളുടെ കയ്യിലുള്ള സ്വർണമാണിത്. പല മൊത്തവ്യാപാരികളും ഇതു കൈകാര്യം ചെയ്യുന്നുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ ചില ഭരണാധികാരികളെയോ അവരുടെ അടുത്ത ബന്ധുക്കളെയോ പാർട്ണർമാരാക്കിയാണ് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലെ ബിസിനസുകാർ സ്വർണഖനി തുടങ്ങുക. പലതും നിയമവിധേയമാണ്. പക്ഷേ, അങ്ങനെയല്ലാത്ത ഖനികളും ധാരാളമുണ്ട്. ഇത്, വ്യക്തികൾ അവരുടെ സ്വന്തം സ്ഥലത്തു കുഴിക്കുന്ന, തീർത്തും അശാസ്ത്രീയ രീതിയിലുള്ള ഖനികളാണ്. അവിടെനിന്നുള്ള സ്വർണവും ചില മൊത്തക്കച്ചവടക്കാർ വഴിയാണു വിദേശത്ത് എത്തിക്കുകയും നിക്ഷേപമാക്കുകയും ചെയ്യുന്നത്. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും 2500 കിലോഗ്രാം പൊളിറ്റിക്കൽ ഗോൾഡ് കൈകാര്യം ചെയ്തിട്ടുണ്ടെന്നു പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഖനിയുടമ പറഞ്ഞു.

രാഷ്ട്രീയക്കാരുടെ മിറർ ടു മിറർ ഇടപാട്

സ്വർണ മൊത്തവ്യാപാര മേഖലയിലെ ദുബായിലുള്ള ഒരു സുപ്രധാന കണ്ണി നൽകുന്ന വിവരങ്ങൾ വിശ്വസിക്കാമെങ്കിൽ, കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളും മറ്റും കള്ളപ്പണം ബെനാമികൾ വഴി സ്വർണക്കടത്തിൽ ഇറക്കുന്നുണ്ട്. അത്, ആഫ്രിക്ക വഴിയാണെന്നു മാത്രം. ഹവാല വഴി, ഡോളറായാണു കേരളത്തിൽനിന്നുള്ള കള്ളപ്പണം ആഫ്രിക്കയിലെ ഒരു രാജ്യത്തുവച്ച് ഇയാളുടെ കൈകളിലെത്തിയത്. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ബിസിനസുകാരൻ പറയുന്നത് ഇങ്ങനെ: 

ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള ഹവാല ഏജന്റുമാർ വഴിയാണു പണം എത്തുന്നത്. മിറർ ടു മിറർ ട്രാൻസാക്‌ഷൻ എന്നാണിതിനു വിളിപ്പേര്. മുംബൈയിൽ പണം കൊടുക്കുന്ന അതേ സമയത്ത് ആഫ്രിക്കൻ രാജ്യത്തു ഡോളറിൽ കൈമാറ്റം നടന്നിരിക്കും. ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം ചെറുകിട, അനധികൃത സ്വർണഖനികൾ ധാരാളമുണ്ട്. ലൈസൻസില്ലാത്തതിനാൽ ആ സ്വർണം നിയമപരമായി വിൽക്കാൻ കഴിയില്ല. ഇത്തരം സ്വർണം ഹവാല പണം ഉപയോഗിച്ചാണു വാങ്ങുക. ദുബായിൽ, ബെനാമികളുടെ പേരിലുള്ള കമ്പനികളിലേക്കാണു സ്വർണം അയയ്ക്കുക. ഈ കമ്പനികൾ സ്വർണം ശുദ്ധീകരിച്ച ശേഷം വിറ്റഴിക്കുകയോ ഇന്ത്യയിലേക്കു കടത്തുകയോ ചെയ്യും. ഇടപാടുകാരുടെ വിശദാംശങ്ങൾ  മൊത്തവിൽപനക്കാർ സൂക്ഷ്മമായി പരിശോധിക്കും. കുറ്റകൃത്യങ്ങളിലൂടെ നേടിയ പണമാണെങ്കിൽ പിന്നീടു നിയമപ്രശ്നങ്ങളിലേക്കു നയിക്കും. ഇതൊഴിവാക്കാനാണു  പരിശോധന. മാത്രമല്ല, ബെനാമികളുടെ ഒരു കമ്പനിയുമായി പരമാവധി നാലോ അഞ്ചോ ഇടപാടുകളേയുണ്ടാകൂ. അപ്പോഴേക്കും അവർ പുതിയതായി റജിസ്റ്റർ ചെയ്ത കമ്പനിയുമായി എത്തും. അന്വേഷണം വന്നാൽ, പിടിക്കപ്പെടാതിരിക്കാനും തെളിവു നശിപ്പിക്കാനുമാണിത്. 

നാളെ: ഇവിടെ ചതിക്കു മാപ്പില്ല

English Summary: Political Backing for Hawala money powered smuggling of gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com