ADVERTISEMENT

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്ക അവഗണിക്കാവുന്നതല്ല. വർഷങ്ങളായി അവർ കടലാക്രമണദുരിതത്തിലാണ്. ഭാവിയിൽ കേരളത്തിന്റെ വൻ വരുമാനസ്രോതസ്സാകാവുന്ന തുറമുഖ പദ്ധതി ഉപേക്ഷിക്കാനുമാകില്ല. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിച്ചേ സർക്കാർ മുന്നോട്ടുപോകാവൂ.

വിഴിഞ്ഞത്ത് തിരുവനന്തപുരം ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളി സമൂഹവും നയിക്കുന്ന പ്രതിഷേധസമരം, വികസനവും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളും തമ്മിൽ പൊരുത്തപ്പെട്ടുപോയില്ലെങ്കിലുള്ള വെല്ലുവിളി നമ്മെ വീണ്ടും ഓർമിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്കു പിന്നിൽ കൃത്യമായ വസ്തുതകളുണ്ടെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. തീരശോഷണം മൂലം നിരന്തരമായ കടലാക്രമണത്തിൽ അവരുടെ വീടുകളും വസ്തുക്കളും ഓരോ വർഷവും ഒലിച്ചു പോകുന്നു, കടലേറ്റത്തിൽ തീരഭൂമി ചതുപ്പായി മാറുന്നു, തിരകൾ കെട്ടിടങ്ങൾ തല്ലിത്തകർക്കുന്നു. അടുത്തകാലത്ത് സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു. തീരമേഖലയിൽനിന്ന് അകലെ, തൊഴിലിനു സഹായകരമല്ലാത്ത പ്രദേശങ്ങളിലേക്കു മാറിത്താമസിക്കേണ്ടിവരും എന്നു ഭൂരിപക്ഷം പേരും ഭയക്കുന്നു. അവരുടെ ആശങ്ക നിലനിൽപിനെച്ചൊല്ലിയുള്ളതാണ്. 

സ്വന്തം അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാനായി അവർ പ്രക്ഷോഭം തുടങ്ങിയിരിക്കുന്നു. തീരശോഷണം യാഥാർഥ്യമാണെന്നും അധികൃതർക്ക് അതു പരിഹരിക്കാനാവുന്നില്ലെന്നും വ്യക്തം. കടൽഭിത്തികെട്ടാനും തിരയേറ്റം തടയാനുള്ള സംവിധാനങ്ങളൊരുക്കാനും കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ഒരു ദശകമായി പാർലമെന്റിലും കേന്ദ്രമന്ത്രിമാരോടു നേരിട്ടും ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതു സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നു കേന്ദ്രം പറയുമ്പോൾ, ആവശ്യത്തിനു ഫണ്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. 118 കോടി രൂപ ചെലവിട്ടാണ് തമിഴ്നാട് സർക്കാർ അവരുടെ മേഖലയിലുള്ള കടൽത്തീരം സംരക്ഷിക്കുന്നത്. കേരളം കുറെക്കാലമായി ഒന്നും തന്നെ ചെയ്യുന്നില്ല. അതിന്റെ ഫലമായി, കടലാക്രമണം കേരളത്തിനു സ്ഥിരമായി വൻ‌നാശം വരുത്തുന്നു. 

പലവിധ പ്രശ്നങ്ങളാൽ മത്സ്യത്തൊഴിലാളി സമൂഹം വഴിമുട്ടി നിൽക്കുകയാണ്. സമീപ സമുദ്രമേഖലകളിൽ മത്സ്യസമ്പത്ത് കുറയുന്നത്, കാലാവസ്ഥാ പ്രശ്നങ്ങൾമൂലം തു‍‍‍ടർച്ചയായുണ്ടാകുന്ന മത്സ്യബന്ധന നിരോധനം, വിദേശ ട്രോളറുകളുമായി മത്സരിക്കേണ്ടിവരുന്നത്, യാനങ്ങളുടെ ഇന്ധനമായ മണ്ണെണ്ണയുടെ സബ്സിഡി കേന്ദ്രം എടുത്തുകളഞ്ഞത്, മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്കു സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക ലഭ്യമാക്കാത്തത് എന്നിങ്ങനെ അവ നീളുന്നു. വീടു നഷ്ടപ്പെട്ട പലരും അക്ഷരാർഥത്തിൽ കാറ്റുകയറാത്ത ഗോഡൗണുകളിലേക്കു മാറ്റപ്പെട്ടിട്ടു മാസങ്ങളായി. ഇവ കൂടാതെ, വിഴിഞ്ഞം തുറമുഖ നിർമാണം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നു മത്സ്യത്തൊഴിലാളികളും ലത്തീൻ അതിരൂപതയിലെ അവരുടെ ആത്മീയ നേതാക്കളും കുറ്റപ്പെടുത്തുന്നു. തുറമുഖ നിർമാണം തിരയടിയുടെ ക്രമം തെറ്റിക്കുന്നുവെന്നും തീരം അതിവേഗം നാശത്തിലേക്കു പോകുകയാണെന്നും അവർ പരാതിപ്പെടുന്നു. നിർമാണ പ്രവർത്തനം നിർ‌ത്തണമെന്നാവശ്യപ്പെട്ട് അവർ പ്രക്ഷോഭത്തിലാണ്. 

പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാമെന്നും നഷ്ടപരിഹാരം ഉറപ്പുവരുത്താമെന്നും കടൽക്ഷോഭത്തിൽ വീടു നഷ്ടപ്പെട്ടവരെ ഏറ്റവും അടുത്ത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാമെന്നും വാഗ്ദാനം നൽകുന്ന സംസ്ഥാന സർക്കാർ, തുറമുഖ നിർമാണം തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ്. അതിനിടെ, നിർമാണം ഇഴയുന്നെന്നു കാണിച്ച് അദാനി കമ്പനിക്കു പിഴ ചുമത്തിയിരിക്കുകയാണു സർക്കാർ. പണി നിർത്തിവയ്ക്കാൻ കൂടി ആവശ്യപ്പെടുക എന്നത്, മൂന്നു പതിറ്റാണ്ടു മുൻപു സ്വപ്ന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട തുറമുഖപദ്ധതിയെ അട്ടിമറിക്കുന്നതിനു തുല്യമാകും. 

vizhinjam
വിഴിഞ്ഞം തുറമുഖത്തേക്ക് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികൾ നടത്തിയ മാർച്ച്

വിഴിഞ്ഞത്തിന്റെ വികസനത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരുപോലെ താൽപര്യമുണ്ട്. ലോകത്തെ 90 ശതമാനം ചരക്കുനീക്കവും കപ്പൽ മാർഗമാണ്. ആഴമുള്ള തുറമുഖങ്ങളിൽ മെയിൻ ലൈൻ കണ്ടെയ്നർ യാനങ്ങൾ അടുപ്പിച്ച്, അവിടെനിന്ന് ചെറിയ ഫീഡർ യാനങ്ങളിൽ ആഴംകുറഞ്ഞ തുറമുഖങ്ങളിലേക്കു ചരക്കുകൾ എത്തിക്കുന്ന ട്രാൻസ്ഷിപ്മെന്റ് പ്രക്രിയയാണ് എവിടെയും നടക്കുന്നത്. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ, ആഴമുള്ള പ്രധാന തുറമുഖങ്ങൾ രാജ്യാന്തര കപ്പൽപാതയ്ക്കു സമീപത്തായി ഇന്ത്യയിലില്ല. അതിനാൽ, രാജ്യത്തിനു പുറത്തുള്ള ആഴമുള്ള തുറമുഖങ്ങളായ കൊളംബോ, സിംഗപ്പൂർ, പോർട്ട് ക്ലാങ്, ടാൻജുങ് പെലെപാസ് (മലേഷ്യ), സലാല(ഒമാൻ), ജബൽ അലി (ദുബായ്) എന്നിവയെ ആശ്രയിച്ചാണ് ഇന്ത്യയിൽ ഭൂരിഭാഗം ചരക്കുനീക്കവും നടക്കുന്നത്. അല്ലെങ്കിൽ, താരതമ്യേന ആഴം കുറഞ്ഞ ഇന്ത്യൻ തുറമുഖങ്ങളിലേക്കു ചെറിയ കപ്പലുകളിൽ നേരിട്ടു ചരക്കെത്തിക്കണം. മിക്ക മെയിൻ ലൈൻ കപ്പലുകളും ഇന്ത്യയിലേക്കും മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ചരക്കുകൾ കൊളംബോയിലോ സിംഗപ്പൂരിലോ ദുബായിലോ എത്തിച്ചശേഷം ചെറുയാനങ്ങളിൽ കയറ്റിവിടുകയാണ്. 

ഇന്ത്യൻ തുറമുഖങ്ങളിലേക്കുള്ള ട്രാൻസ്ഷിപ്മെന്റ് ഏറ്റവും കൂടുതൽ നടക്കുന്നതു കൊളംബോയിലാണ്. ഇങ്ങനെ ആശ്രയിക്കുന്നതിൽ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും പ്രശ്നങ്ങളുണ്ട്. ശ്രീലങ്കയിലെ ഏറ്റവും പുതിയതും വലുതുമായ തുറമുഖം നിയന്ത്രിക്കുന്നതു ചൈനയാണ്. ഇന്ത്യയിൽ തുറമുഖ നിർമാണനിക്ഷേപം നടത്തുന്നതിൽനിന്നു ചൈനീസ് കമ്പനികളെ വിലക്കിയിട്ടുണ്ടെങ്കിലും, നമ്മുടെ ചരക്കുനീക്കത്തിന്റെ സിംഹഭാഗവും ചൈനീസ് നിയന്ത്രിത ലങ്കൻ തുറമുഖം വഴിയാണെന്നതാണു വസ്തുത. ചൈനയുടെ നാവിക സബ്മറീനുകൾ സ്ഥിരമായി വന്നുപോകുന്ന തുറമുഖവുമാണത്. 

വിഴിഞ്ഞമാണ് ഈ പ്രശ്നങ്ങൾക്ക് ഉത്തരമായി ഇന്ത്യ കാണുന്നത്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയ്ക്കുള്ള കപ്പൽപാതകളോട് ഏറ്റവും ചേർന്നു നിൽക്കുന്ന തീരമാണു വിഴിഞ്ഞം. സൂയസ്– മലാക്ക കടൽപാത വിഴിഞ്ഞത്തിനു പത്തു നോട്ടിക്കൽ മൈൽ മാത്രം അകലെയാണ്. മറ്റേത് ഇന്ത്യൻ തുറമുഖത്തേക്കുമുള്ളതിനെക്കാൾ കുറഞ്ഞദൂരം. ഏറ്റവും വലിയ കപ്പലുകൾക്കുപോലും നങ്കൂരമിടാൻ കഴിയുന്ന പ്രകൃതിദത്തമായ 24 മീറ്റർ ആഴം വിഴിഞ്ഞത്തിനുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മുനമ്പിലുള്ള വിഴിഞ്ഞത്തിനു മറ്റൊരു പ്രത്യേകതയുമുണ്ട്. പടിഞ്ഞാറും കിഴക്കുമുള്ള ഇന്ത്യൻ തുറമുഖങ്ങളിൽനിന്നു തുല്യദൂരത്തിലാണ് ഇവിടം. 

അതിനാൽ, വിഴിഞ്ഞം ഇന്ത്യയെ സംബന്ധിച്ചു തന്ത്രപ്രധാനമായ ഒരു ആസ്തിയാണ്. വരും ദശകങ്ങളിൽ കേരളത്തിനു വലിയൊരു വരുമാന സ്രോതസ്സും. നിർമാണം നിർത്തിവയ്ക്കുകയെന്നതു സംസ്ഥാനത്തിന്റെ വികസന താൽപര്യങ്ങൾക്കു ദോഷം ചെയ്യും. എന്നാൽ, വികസനത്തിന്റെ പേരിൽ തീരവാസികളുടെ ആവശ്യങ്ങൾ നിഷേധിക്കുക എന്നതു യുക്തിസഹമല്ല. പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ഇന്ത്യയുട‍െ ശാസ്ത്രീയ പുരോഗതിക്കുവേണ്ടി പള്ളിയുടെ സ്ഥലംതന്നെ വിഎസ്എസ്‌സിക്കായി വിട്ടുകൊടുത്തതിന്റെ മഹത്തായ പാരമ്പര്യമുണ്ട് ലത്തീൻ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയ്ക്ക്. അവർക്കെന്തെങ്കിലും അസംതൃപ്തിയോ ആശങ്കയോ ഉണ്ടെങ്കിൽ സർക്കാർ അതു കേട്ടേ തീരൂ, പരിഹരിച്ചേ പറ്റൂ. 

കടലാക്രമണത്തിനിരയായ മത്സ്യബന്ധന സമൂഹത്തിനു കൃത്യമായ പുനരധിവാസം സംസ്ഥാന സർക്കാർ ഉറപ്പാക്കണം. കടൽ ഭിത്തികളും പുലിമുട്ടുകളും നിർമിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തണം. കുതിച്ചുയരുന്ന മണ്ണെണ്ണ വിലയിൽനിന്നു തൊഴിലാളിക‌ളെ മോചിപ്പിക്കാൻ വഴി കണ്ടെത്തണം. കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ, പ്രദേശത്തെ എംപി എന്ന നിലയിൽ സംസ്ഥാനത്തിനു പ്രത്യേക പാക്കേജിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ ഞാൻ തയാറാണ്. വികസനം സംസ്ഥാനത്തിനു പണം കൊണ്ടുവരും. എന്നാൽ, അതു സാധ്യമാക്കാനായി ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പണം ചെലവഴിക്കേണ്ടതുണ്ട്. 

കടൽത്തീരത്തും കണ്ണുവേണ്ടേ? 

ചൈന ഇന്ത്യൻ മേഖലയിൽ കുറച്ചു ചതുരശ്ര മീറ്റർ പ്രദേശം പിടിച്ചെടുത്താൽ പാർലമെന്റ് ബഹളമയമാകും, സർക്കാർ കുലുങ്ങും, രാജ്യത്തിന് ആയുധം എടുക്കേണ്ടിവരികയും ചെയ്യും. എന്നാൽ, എന്റെ മണ്ഡലത്തിലെ 64 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ തീരം കടൽ വിഴുങ്ങിയിട്ടും അതു തടയുന്ന കാര്യത്തിൽ‌ ആരും ശ്രദ്ധിക്കുന്നില്ലെന്നു കാണിച്ച് ഞാൻ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. നമ്മുടെ മാതൃരാജ്യത്തിന്റെ പ്രിയപ്പെട്ട മണ്ണാണ് ഇവിടെയും നഷ്ടപ്പെടുന്നത്. അതിർത്തി സംരക്ഷണത്തിനു വിനിയോഗിക്കുന്ന തുകയുടെ വളരെക്കുറച്ചു ഭാഗമെങ്കിലും നമ്മുടെ കടൽത്തീരങ്ങൾ സംരക്ഷിക്കുന്നതിനായി വിനിയോഗിച്ചുകൂടേ?

English Summary: Shashi Tharoor on Vizhinjam port project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com