ADVERTISEMENT

കർണാടകയിലെ ശ്രീരംഗപട്ടണത്ത് ഒരു പുഴയിൽ മത്സ്യകന്യകയെ കണ്ട വിവരം അറിഞ്ഞിരുന്നോ? ഏതാനും ആഴ്ചകളായി സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വിഡിയോ സജീവമായി പ്രചരിക്കുന്നുണ്ട്. പുഴയോരത്ത് പാറപ്പുറത്തിരുന്നു കസർത്തുകൾ കാട്ടുകയാണു കക്ഷി. ശ്രീരംഗപട്ടണത്തുനിന്നു കന്യക എപ്പോൾ വേണമെങ്കിലും നമ്മുടെ പെരിയാറിലോ ഭാരതപ്പുഴയിലോ ഒക്കെ എത്താം. വാട്സാപ്പിലൂടെ ഒന്നൊഴുകിയാൽ മതിയല്ലോ!

ഈ മത്സ്യകന്യകയുടെ പിന്നാലെ ഒന്നു തുഴഞ്ഞുപോയി നോക്കിയാൽ സംഗതി രസകരമാണ്. നിക്കരാഗ്വേയിലുള്ള ജൊവാക്കിൻ പെരസ്, ജിമ്മി പെരസ് എന്നീ രണ്ടു സഹോദരങ്ങളാണ് ശ്രീരംഗപട്ടണത്തെ മത്സ്യകന്യകയുടെ സ്രഷ്ടാക്കൾ. (വിഡിയോ കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യൂ) കംപ്യൂട്ടറിൽ അനിമേഷൻ വിഡിയോകൾ തയാറാക്കുന്നവരാണ് ഇവർ. മത്സ്യകന്യകമാരടക്കം നമ്മൾ കഥകളിൽ മാത്രം കേട്ടിട്ടുള്ള പലതരം ജീവികളെ ജെജെപിഡി എന്ന തങ്ങളുടെ യുട്യൂബ് ചാനലിലൂടെ ഇവർ സൃഷ്ടിച്ചു വിട്ടിട്ടുണ്ട്. ശ്രീരംഗപട്ടണത്തു ‘കണ്ട’ മത്സ്യകന്യകയെ ജൂലൈ 17ന് ആണ് ഇവർ ചാനലിൽ അപ്‌ലോഡ് ചെയ്തത്. 1.9 ലക്ഷത്തിലധികം പേർ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു. അവരിലാരോ ആണ് അതിനെയെടുത്തു കർണാടകയിലെത്തിച്ചത്. അല്ലാതെ, ശ്രീരംഗപട്ടണം എന്ന സ്ഥലപ്പേരുപോലും നിക്കരാഗ്വേയിലെ ഈ സഹോദരങ്ങൾ കേട്ടിരിക്കാനിടയില്ല!

കംപ്യൂട്ടറിൽ സൃഷ്ടിച്ച ചിത്രങ്ങളും വിഡിയോകളും (കംപ്യൂട്ടർ ജനറേറ്റഡ് ഇമേജസ് – സിജിഐ) ഇത്തരത്തിൽ യഥാ‍ർഥമെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതു സമൂഹമാധ്യമങ്ങളിൽ പതിവാണ്. കസർത്തുകൾ കാണിക്കുന്ന മൃഗങ്ങൾ, അന്യഗ്രഹ ജീവികൾ, വിമാനങ്ങളുടെ വിചിത്രമായ ലാൻഡിങ്, അപകടങ്ങൾ, യുദ്ധം തുടങ്ങി പലവിധത്തിൽ സിജിഐ ദൃശ്യങ്ങൾ സത്യമെന്നു തെറ്റിദ്ധരിപ്പിക്കുന്നത്ര സ്വാഭാവികതയോടെ ഷെയർ ചെയ്യപ്പെടുന്ന കാര്യം ഈ പംക്തിയിൽതന്നെ പലവട്ടം പറഞ്ഞിട്ടുണ്ടല്ലോ.

പടക്കം പേടിച്ച് ഓടിയ മന്ത്രി

കൗതുകകരമായ മറ്റൊരു വിഡിയോയും ഈയാഴ്ച കണ്ടു. ‘‘ചൈനീസ് പുതുവർഷം ആഘോഷിക്കാൻ സൗദി അറേബ്യയുടെ പ്രതിരോധമന്ത്രി റിയാദിലെ ചൈനയുടെ എംബസിയിലെത്തുന്നു. എന്നാൽ, അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ വെടിക്കെട്ടുണ്ടാകുമെന്ന കാര്യം മുൻകൂട്ടി അറിയിക്കാൻ എംബസിക്കാർ മറന്നുപോയി. തമാശ കാണൂ’’ എന്ന കുറിപ്പോടെയാണ് വിഡിയോ വാട്സാപ്പിൽ വരുന്നത്.

കാറിൽനിന്നിറങ്ങി എംബസിയിലേക്കു വരുന്ന മന്ത്രി പെട്ടെന്നു പടക്കം പൊട്ടുന്ന ശബ്ദം കേട്ടു പേടിച്ചു വിരണ്ട് കാറിൽ കയറി രക്ഷപ്പെടുന്നതാണു വിഡിയോയിലെ ദൃശ്യം. കാണുമ്പോൾ നമുക്കും ചിരി വരും! (വിഡിയോ കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യൂ) 

 ചൈനീസ് എംബസിയോ സൗദി പ്രതിരോധമന്ത്രിയോ ഒന്നുമല്ല വിഡിയോയിലുള്ളത്. 2019ൽ കുവൈത്തിൽ നടന്ന പ്രതിരോധ പ്രദർശനത്തിൽ നടന്ന മോക്ഡ്രിൽ ആണു സംഭവം. വിഐപികളുടെ സുരക്ഷയ്ക്കായുള്ള പ്രത്യേക സൈനിക വിഭാഗത്തിന്റെ ശേഷി പ്രദർശനമായിരുന്നു അത്.

തോറ്റതിലുള്ള ദേഷ്യം ടിവിയോട് തീർത്ത്

ഇതിനിടെയാണ് ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടന്നത്. ഇന്ത്യ കളി ജയിച്ചു. പിറ്റേന്ന് ചില ദേശീയ ചാനലുകളിലും വെബ്സൈറ്റുകളിലും പിന്നാലെ വാട്സാപ്പിലും പാക്കിസ്ഥാനിൽനിന്നുള്ള ഒരു വിഡിയോ വന്നു. ഇന്ത്യയോടു പരാജയപ്പെട്ടതിൽ കലിപൂണ്ട പാക്കിസ്ഥാൻ ആരാധകർ ടിവി സെറ്റ് തല്ലിപ്പൊട്ടിക്കുന്നതാണു വിഡിയോ. പാക്ക് ആരാധകർ ടിവി പൊട്ടിച്ചുവെന്നതു സത്യമാണ്. പക്ഷേ, പ്രചരിക്കുന്നത് 2018 ലെ വിഡിയോ ആണെന്നു മാത്രം. തുടർച്ചയായി കളികൾ തോറ്റുവന്ന പാക്കിസ്ഥാൻ അന്നു ബംഗ്ലദേശിനോടും തോറ്റപ്പോഴായിരുന്നു ഈ ടിവി പൊട്ടിക്കൽ. പഴയ വിഡിയോ പുതിയതെന്നു തെറ്റിദ്ധരിച്ചു ചില ചാനലുകൾ പ്രക്ഷേപണം ചെയ്യുകയായിരുന്നു. കളി തോൽക്കുമ്പോൾ ടിവി പൊട്ടിക്കുക എന്നതു പാക്കിസ്ഥാനിൽ ഒരു പുതുമയല്ല. മുൻപു പലപ്പോഴും ഇതുണ്ടായിട്ടുണ്ട്. പക്ഷേ, ഇത്തവണ ഇന്ത്യയോടു തോറ്റപ്പോൾ പൊട്ടിച്ച കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. 

 

Video claims mermaids found at Musi River in Hyderabad; here’s fact check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com