ADVERTISEMENT

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന പ്രസ്താവന കേട്ടുകേട്ടു മടുത്തതാണ്. പ്രതിസന്ധിയിലാണെങ്കിലും കാര്യങ്ങളൊക്കെ നടന്നു പോകുന്നല്ലോ എന്നു നമ്മൾ ആശ്വസിക്കുകയും ചെയ്തു. എന്നാൽ, പ്രതിസന്ധി മൂർച്ഛിക്കുമ്പോൾ സംഭവിക്കുന്നതെന്തോ അതിലേക്ക് ഇപ്പോൾ കേരളം എത്തിനിൽക്കുകയാണ്. ഇൗ മാസം ഇനിയങ്ങോട്ടു സർക്കാരിന്റെ നിത്യച്ചെലവുകൾക്കായി പണം ഖജനാവിൽ ബാക്കിയുണ്ടോ എന്ന് ഇന്നു രാവിലെ ട്രഷറി തുറക്കുമ്പോഴേ അറിയാനാകൂ. ഖജനാവു കാലിയാണെങ്കിൽ കേരളം ഇന്ന് ഓവർ ഡ്രാഫ്റ്റിലേക്കു പോകും. അങ്ങനെയെങ്കിൽ, രണ്ടാം പിണറായി സർക്കാരിന് ഓവർ ഡ്രാഫ്റ്റിന്റെ ബലത്തിൽ സാമ്പത്തികമായി പിടിച്ചു നിൽക്കേണ്ടിവരുന്നത് ആദ്യമാവും. ‌

മുൻ വർഷങ്ങളിലേതുപോലെ ഇൗ ഓണത്തിനും ആർക്കും ഒരു കുറവും വരുത്താതെ എല്ലാ വിഭാഗങ്ങൾക്കും ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹം തന്നെ. രണ്ടു മാസമായി തഴയപ്പെട്ടിരുന്ന കെഎസ്ആർടിസി ജീവനക്കാർക്കും ഓണത്തിനു മുൻപു ശമ്പളം ഉറപ്പാക്കാൻ സർക്കാരിനു കഴിഞ്ഞു. ഖജനാവിൽനിന്ന് 15,000 കോടി രൂപയാണു ശമ്പളം, പെൻഷൻ, ബോണസ്, അഡ്വാൻസ്, ഉത്സവബത്ത, ക്ഷേമ പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യാൻ ഇക്കുറി ചെലവായത്. ഖജനാവു കാലിയാകാൻ മുഖ്യകാരണവും ഉത്സവകാലത്തെ വാരിക്കോരിയുള്ള ഇൗ ചെലവിടൽ തന്നെ. 

കയ്യിലുണ്ടായിരുന്ന പണവും കടം വാങ്ങിയ 4,000 കോടി രൂപയും റിസർവ് ബാങ്കിൽനിന്നു വാങ്ങിയ 1,683 കോടിയുടെ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസുമൊക്കെ ചേർത്താണ് സർക്കാർ‌ ഓണച്ചെലവുകൾ നിറവേറ്റിയത്. കേന്ദ്രത്തിൽ നിന്നുള്ള ജിഎസ്ടി വിഹിതവും ധനക്കമ്മി നികത്തൽ ഗ്രാന്റും ഇന്നു കിട്ടിയില്ലെങ്കിൽ റിസർ‌വ് ബാങ്കിൽനിന്നു വീണ്ടും 1683 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് എടുത്തുവേണം മുന്നോട്ടുപോകാൻ. എന്നിട്ടും ചെലവുകൾക്കു പണം തികഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടി വരും. എന്നാൽ, ട്രഷറി പൂർണമായി കംപ്യൂട്ടർവൽക്കരിച്ചതിനാൽ ബില്ലുകൾ പാസാക്കാതെ തടഞ്ഞുവച്ച് ട്രഷറി പൂട്ടൽ സർക്കാരിന് ഒഴിവാക്കാം. 

ഇത്തരം ഗുരുതരമായ പ്രതിസന്ധികളിൽ വരുമാനം കൂട്ടിയും ചെലവുചുരുക്കിയുമാണ് ഏതു സർക്കാരും പ്രശ്നപരിഹാരത്തിനു ശ്രമിക്കുക. നിർഭാഗ്യവശാൽ പണം ചെലവിടലിൽ എങ്ങനെ മുന്നിലെത്താമെന്ന മത്സരത്തിലാണു സർക്കാർ വകുപ്പുകൾ. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്കും വികസന പദ്ധതികൾക്കും വേണ്ടി പണം ചെലവിടുന്നതു പ്രോത്സാഹിപ്പിക്കേണ്ടതു തന്നെ. എന്നാൽ, എങ്ങനെയും ബജറ്റ് വിഹിതം ചെലവിട്ടുതീർത്ത് പ്രകടനത്തിൽ ഒന്നാമതെത്താം എന്ന തെറ്റായ ബോധത്തോടെയാണ് പല വകുപ്പുകളുടെയും പോക്ക്. രാഷ്ട്രീയ താൽപര്യത്തോടെയുള്ള തസ്തിക സൃഷ്ടിക്കലാണ് ഖജനാവ് ചോർത്തുന്ന മറ്റൊരു ഏർപ്പാട്. 

നികുതിവരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും ഉത്തരവിറങ്ങുകയും ചെയ്തു. എന്നാൽ ഒരു മാസമായിട്ടും ആ ഉത്തരവ് നടപ്പാക്കിയിട്ടില്ല. അടിയന്തര വരുമാന വർധന ആവശ്യമുള്ളപ്പോൾ ഇൗ മെല്ലെപ്പോക്ക് സർക്കാരിനു ഗുണം ചെയ്യില്ല. കഷ്ടകാലത്ത് സർക്കാർ പതിവായി സ്വീകരിക്കുന്ന നടപടിയാണ് മദ്യത്തിനു വിലകൂട്ടൽ. ഇക്കുറിയും അതു പ്രതീക്ഷിക്കണം. അല്ലെങ്കിൽത്തന്നെ, മദ്യത്തെയും ലോട്ടറിയെയും ആശ്രയിച്ചാണ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്. എന്നാൽ, ലഹരിമരുന്നു വ്യാപനത്തിനെതിരെ സർക്കാർ വലിയ പോരാട്ടത്തിനു തീരുമാനിച്ചിരിക്കെ മദ്യത്തിനു വില ഉയർത്തുന്നത് മദ്യപരിൽ ചിലരെയെങ്കിലും മറ്റു ലഹരിയിലേക്കു തിരിച്ചുവിടാൻ കാരണമാകുമോ എന്ന ആശങ്കയുണ്ട്.  

അടിയന്തരമായി ആവശ്യമല്ലാത്തതും സാമ്പത്തികമായി ഏറെ ഭാരമുണ്ടാക്കുന്നതുമായ പരിഷ്കാരങ്ങൾ പഞ്ഞകാലത്ത് പരിഗണിക്കാതിരിക്കുന്നതാണു മികച്ച ധനകാര്യ മാനേജ്മെന്റ്. എന്നാൽ, ധനവകുപ്പ് എതിർത്താലും അതു മറികടന്ന് ഫയൽ മന്ത്രിസഭയിലെത്തിച്ചു പാസാക്കിയെടുക്കുന്നതാണിപ്പോൾ മിടുക്ക്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനും ധനക്കമ്മി നികത്തൽ ഗ്രാന്റ് വെട്ടിക്കുറച്ചതിനും കേന്ദ്രത്തെ കിട്ടുന്ന അവസരങ്ങളിലെല്ലാം കുറ്റപ്പെടുത്തുന്ന സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്കു ചെലവു ചുരുക്കാൻ പഠിക്കേണ്ടതുണ്ട്. മെരുങ്ങാത്ത വകുപ്പുകൾക്കു കർശനമായ മുന്നറിയിപ്പു നൽകണം. ധനവകുപ്പിനു മുകളിലൂടെ പറന്ന് മന്ത്രിസഭയിലെത്തുന്ന ഫയലുകൾക്കു തടയിടണം. ആവശ്യമുള്ളപ്പോൾ ‘നോ’ എന്നു പറയാൻ കഴിയുന്നത് ധനകാര്യമാനേജ്മെന്റിന്റെ നിർണായക പാഠമാണ്; റവന്യു വരുമാന വർധനയ്ക്കുള്ള പ്രായോഗിക നയങ്ങൾ ആവിഷ്കരിക്കുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com