ADVERTISEMENT

രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്ട്രീയത്തിന് അതീതമായി സ്വീകരിക്കപ്പെടുന്നു. കോൺഗ്രസിനും യുഡിഎഫിനും ഉണർവും കേരളം തങ്ങളെ കൈവിട്ടിട്ടില്ലെന്ന തിരിച്ചറിവും നൽകുന്നു. പക്ഷേ, ഈ ആവേശം നിലനിർത്തുക എന്നതാണ് സംസ്ഥാന നേതൃത്വത്തിനുള്ള വെല്ലുവിളി.

ഭാരത് ജോഡോ യാത്രയുടെ തലസ്ഥാനത്തെ പര്യടനത്തിനിടെ കണ്ടുമുട്ടിയ എ.കെ.ആന്റണിയോടാണു രാഹുൽ ഗാന്ധി ആ ചോദ്യം ചോദിച്ചത്– യാത്രയോട് ഇടതുപക്ഷത്തിന്റെ മനോഭാവം എന്തായിരിക്കും?

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള നേതാക്കളിൽ ഒരാളായ ആന്റണിക്ക് ഒരു സംശയവും ഉണ്ടായില്ല. ‘‘ പാർട്ടിയെന്ന നിലയിൽ സിപിഎം പിന്തുണയ്ക്കാൻ ഇടയില്ല. പക്ഷേ, ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരുടെയും മനസ്സ് ഈ യാത്രയ്ക്കൊപ്പമാണ്’’. സിപിഎം കേന്ദ്രനേതൃത്വം യാത്രയ്ക്കെതിരെ തിരിഞ്ഞിട്ടും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതിനു തുനിയാ‍ത്തത് ഈ ‘പൾസ്’ മനസ്സിലാക്കിത്തന്നെ. ഒരു രാഷ്ട്രീയ നേതാവ് നയിക്കുന്ന യാത്ര രാഷ്ട്രീയത്തിന് അതീതമായി സ്വീകരിക്കപ്പെടുന്നു. രാഹുൽ കടന്നുപോകുന്ന വഴിയോരങ്ങളിൽ തിങ്ങിനിൽക്കുന്ന ജനക്കൂട്ടവും അവർ നൽകുന്ന സ്നേഹോഷ്മളതയും ആ സ്വീകാര്യതയുടെ ലക്ഷണങ്ങളാണ്. കോൺഗ്രസിനും യുഡിഎഫിനും ഇത് ഉണർവു മാത്രമല്ല നൽകുന്നത്; രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തോറ്റു തുന്നംപാടിയെങ്കിലും കേരള ജനത കോൺഗ്രസിനെ കയ്യൊഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവുകൂടിയാണ്. 

അതിവേഗം, ബഹുദൂരം 

യാത്രയ്ക്കിടെ ചായകുടി കഴിഞ്ഞ് പതുക്കെ നടന്ന രാഹുൽ ഗാന്ധിയോട് എം.എം.ഹസൻ പാതി കളിയായി ഒരു കാര്യം പറഞ്ഞു: ‘ ഈ വേഗത്തിലാണു നടക്കുന്നതെങ്കിൽ കശ്മീർ വരെ ഞാനും കൂടെ നടക്കാൻ തയാറാണ്’. അതിവേഗത്തിലുള്ള രാഹുലിന്റെ നടത്തമാണ് യാത്രയുടെ ഒരു പ്രത്യേകത. വേഗം അൽപം കുറയ്ക്കണമെന്ന് ഒപ്പം നടക്കുന്ന ഉന്നതനേതാക്കൾ തന്നെ അഭ്യർഥിച്ചതോടെ രാഹുൽ മറു ഉപാധി വച്ചു. എങ്കിൽ രാവിലെ ഏഴുമണിക്കു പകരം ആറരയ്ക്കു തുടങ്ങാം.

കന്യാകുമാരി മുതൽ കശ്മീർ വരെ 3571 കിലോമീറ്റർ ഇന്നേവരെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു നേതാവും നടന്നിട്ടില്ല. 56 ഇഞ്ച് നെഞ്ചുവിരിവിന്റെ ഗരിമ രാഹുലിന് അവകാശപ്പെടാനില്ല. ആർഎസ്എസുകാരെപ്പോലെ കായിക പരിശീലനം ആർജിച്ച വ്യക്തിയുമല്ല. ലാളിത്യവും ആർജവവും കൈമുതലാക്കിയ നിഷ്കളങ്കനായ നേതാവിന്റെ പരിവേഷമാണ് രാഹുലിനുള്ളത്. തന്റെ ശരീരം പാർട്ടിക്ക് അർപ്പിക്കുന്നു എന്ന തോന്നൽ ഒപ്പം നടക്കുന്നവർക്ക് അദ്ദേഹം നൽകുന്നു. കായിക, ആയോധന കലകളിൽ പരിശീലനം ലഭിച്ചിട്ടുള്ള സംഘപരിവാറിന് ‘ഇതാ പിടിച്ചോ’ എന്ന വെല്ലുവിളി അതുവഴി നിശ്ശബ്ദം നൽകുന്നു. ഭാരതത്തെ ഒന്നിപ്പിക്കുക എന്നതാണ് യാത്രയുടെ മുഖ്യ മുദ്രാവാക്യം. വിഭജിക്കപ്പെട്ടു എന്ന തോന്നൽ വിവിധ വിഭാഗങ്ങളിൽ സൃഷ്ടിക്കുന്ന ആധിയും ആശങ്കയും യാത്രയ്ക്കു കിട്ടുന്ന പിന്തുണയിൽ പ്രതിഫലിക്കുന്നുണ്ട്. ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നു വലിയ പിന്തുണയാണു ജാഥയ്ക്കു ലഭിക്കുന്നത്. 

അനുഭവങ്ങളുടെ യാത്ര

തലസ്ഥാനത്തു മതമേലധ്യക്ഷരും പൗരപ്രമുഖരുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയിൽ അവർ‍ ചിലതു തുറന്നുപറഞ്ഞു. കോൺഗ്രസ് ‘നാഥനില്ലാക്കളരി’ ആണെന്നായിരുന്നു മലയാളത്തിൽ ഒരാളുടെ കമന്റ്. അപ്പോൾ,  അതെന്താണെന്നായി രാഹുൽ. ‘എ പാർട്ടി വിത്തൗട്ട് കമാൻഡർ’ എന്ന പരിഭാഷ കേട്ട് അദ്ദേഹം ചിരിച്ചു.  സീനിയറായ കോൺഗ്രസ് നേതാക്കൾക്കുതന്നെ രാഹുലിനെ കാണാനും നിലപാടുകൾ പങ്കുവയ്ക്കാനും വിലക്കുകളുണ്ടെന്ന വിമർശനം മറ്റൊരാൾ ശ്രദ്ധയിൽപെടുത്തി. കോൺഗ്രസിനോട് ഇഷ്ടമുണ്ട്; പക്ഷേ, സംഘടനയില്ലാതെ എന്തു കാര്യമെന്ന കാതലായ ചോദ്യവും ഉണ്ടായി. വ്യത്യസ്താഭിപ്രായങ്ങൾ അദ്ദേഹം സഹിഷ്ണുതയോടെ കേട്ടിരുന്നു.  

ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികൾ പ്രയാസങ്ങളുടെ കെട്ടഴിച്ചപ്പോൾ രാഹുലിന്റെ മറുപടി ശ്രദ്ധേയമായിരുന്നു: നിങ്ങൾ വസ്ത്രം മാത്രമല്ല, ഒരു പാരമ്പര്യം കൂടിയാണ് നെയ്യുന്നത്. അതു കൈവിടരുത്. ചായക്കടകളിലും വീടുകളിലും കയറുന്നതിനു രാഹുൽ പരിഹാസം ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ, ചെല്ലുന്ന ഇടത്തെല്ലാം അവിടെയുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കാൻ കൂടിയാണ് അദ്ദേഹം ആ സമയം ഉപയോഗിക്കുന്നത്. ‘ ഈ യാത്ര ഏറ്റവും പ്രയോജനം ചെയ്യുന്നതു രാഹുലിനു തന്നെയായിരിക്കും. അത്രമാത്രം അറിവുകളും അനുഭവങ്ങളുമാണ് അദ്ദേഹത്തിനു നേരിട്ടു ലഭിച്ചു തുടങ്ങിയിരിക്കുന്നത്’ – ഒരു ഉന്നത നേതാവ് ചൂണ്ടിക്കാട്ടി.

19 ദിവസം നീളുന്ന കേരള പര്യടനഘട്ടം വിജയിപ്പിക്കാൻ കടുത്ത സാമ്പത്തിക, സംഘടനാ വെല്ലുവിളികൾ സംസ്ഥാന നേതൃത്വത്തിനു മുന്നിലുണ്ടായി. അവയെ തരണംചെയ്തു പോകാൻ സാധിക്കുന്നുവെന്നാണ് ഇതുവരെ പരാതികൾ ഒഴിഞ്ഞ യാത്ര വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് ഉണരാത്ത ബൂത്ത് സംഘാടകസമിതികൾവരെ ഇതിനായി  തയാറെടുപ്പുകൾ നടത്തിയെന്നാണു കെപിസിസിയുടെ വിലയിരുത്തൽ. താഴെത്തട്ടിൽ സംഘടന കാര്യമായി ചലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് രാഹുലും പ്രിയങ്കയും ഇതുപോലെ കേരളം ഇളക്കിമറിച്ചിട്ട് അതു വോട്ടായോ എന്ന ചോദ്യം പക്ഷേ, ബാക്കി നിൽക്കും. യുഡിഎഫിനു പിന്നിൽ അണിനിരന്നിരുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും വിശ്വാസം മുന്നണിയിൽ ഉറപ്പിച്ചുനിർത്തുക എന്നതു പക്ഷേ, രാഹുൽ ഗാന്ധിയുടെ ജോലിയല്ല. ഈ യാത്ര വിതറുന്ന ആവേശവും ആത്മവിശ്വാസവും നട്ടു നനച്ചു പരിപാലിക്കുക എന്ന ആ ദൗത്യം സംസ്ഥാന നേതൃത്വത്തിനാണ്. ‘ഭാരത് ജോഡോ’യുടെ ഒരുക്കങ്ങളിൽ അവർ കാട്ടുന്ന ഒരുമ ആ നിലയിൽ ശുഭസൂചനയുമാണ്.

English Summary: Bharat Jodo Yatra of Rahul Gandhi in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com