മരുന്നുവിലയ്ക്ക് വേണം കടുത്ത ചികിത്സ; വിലയേറിയ കാൻസർ മരുന്നുകളടക്കം പട്ടികയ്ക്കു പുറത്ത്

medicine
SHARE

ആരോഗ്യം ആശങ്കയും മരുന്ന് അത്യാവശ്യവുമായി മാറിയ കാലത്ത്, കാൻസറും ഹൃദ്രോഗവും പ്രമേഹവും ഉൾപ്പെടെ പല വിഭാഗങ്ങളിലായി 34 മരുന്നുകൾക്കുകൂടി വില കുറയുന്നുവെന്നതാണ് അവശ്യമരുന്നുകളുടെ പുതിയ ദേശീയപട്ടിക നൽകുന്ന ശുഭവാർത്ത. നിലവിലുണ്ടായിരുന്ന പട്ടികയിൽനിന്ന് 26 മരുന്നുകളെ ഒഴിവാക്കിയാണു പുതിയ കൂട്ടിച്ചേർക്കലെന്നതിനാൽ ഫലത്തിൽ ജനപക്ഷത്തു ചേർന്നുനിൽക്കുന്ന വലിയ മാറ്റങ്ങൾ അവശ്യമരുന്നു പട്ടികയിലുണ്ടായില്ലെന്നു വിമർശനമുണ്ട്.

ഷെഡ്യൂൾഡ് പട്ടികയിൽപെടുത്താത്ത (വില നിയന്ത്രണമില്ലാത്ത) മരുന്നുകളുടെ വില വർഷംതോറും 10% വർധിപ്പിക്കാൻ കമ്പനികൾക്ക് അനുവാദമുണ്ട്. അതുകൊണ്ടുതന്നെ, അവശ്യമരുന്നു പട്ടികയും സർക്കാരിന്റെ ഇടപെടലും മരുന്നുവിലയുടെ കാര്യത്തിൽ പരമപ്രധാനമാണ്. 2015നു ശേഷം ഇതാദ്യമായി പുതുക്കിയ പട്ടികയിൽ 384 മരുന്നുകളുണ്ട്. ഇവയുടെ വിലനിർണയം പൂർണമായും ദേശീയ വിലനിയന്ത്രണ അതോറിറ്റിക്ക് (എൻപിപിഎ) ആയിരിക്കുമെന്നതാണു പ്രത്യേകത. 

എന്നാൽ, കാൻസർ ചികിത്സയിലെ ചെലവേറിയതും ഫലപ്രാപ്തി കൂടിയതുമായ പല മരുന്നുകളും ഇപ്പോഴും പട്ടികയ്ക്കു പുറത്താണ്. കാൻസർ ചികിത്സാ ഗവേഷണരംഗം ദ്രുതഗതിയിൽ പുതിയ മരുന്നുകളും ചികിത്സാപരിഹാരങ്ങളും അവതരിപ്പിക്കുമ്പോഴും ഇതു കണ്ടറിഞ്ഞുള്ള പരിഷ്കരണം അവശ്യമരുന്നു പട്ടികയിലുണ്ടായില്ല.  ലോകാരോഗ്യ സംഘടന തയാറാക്കിയ അവശ്യമരുന്നുകളുടെ പട്ടികയിൽ കൂടുതൽ കാൻസർ മരുന്നുകളെ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് ഇവിടെ ഈ അവസ്ഥ. വിലക്കൂടുതൽ കാരണം സാധാരണക്കാർക്ക് ഇപ്പോഴും അപ്രാപ്യമായ കാൻസർ മരുന്നുകളെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർണായക അവസരമാണു നഷ്ടമായത്.

പ്രമേഹ ചികിത്സയിൽ ശ്രദ്ധേയമായ ഇൻസുലിൻ ഗ്ലാർജിൻ ഇൻജക്‌ഷൻ, ടെനെലിഗ്ലിപ്റ്റിൻ ഗുളിക എന്നിവ ഉൾപ്പെടുത്തിയതു ഗുണപരമായ മാറ്റം തന്നെ. അപ്പോഴും പ്രമേഹ ചികിത്സാരംഗത്തെ പുതിയ ആവശ്യങ്ങളും രാജ്യത്തു വേണ്ടത്ര ഇൻസുലിൻ ലഭ്യതയില്ലെന്നതും കണക്കിലെടുത്തുള്ള കൂട്ടിച്ചേർക്കലുകൾ വേണമായിരുന്നുവെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഭിന്നശേഷിക്കാരുടെയും അപൂർവരോഗങ്ങൾ ബാധിച്ചവരുടെയും ദീർഘകാല ആവശ്യങ്ങളും അവശ്യമരുന്നു പട്ടികയിൽ ഇടംപിടിക്കാതെ പോയതു നിർഭാഗ്യകരമാണ്.

പട്ടികയിലെ മാറ്റത്തിന് ഏഴു വർഷമെടുത്തുവെന്നതാണ് മറ്റൊരു കടുത്ത ആശങ്ക. ഓരോ 2-3 വർഷം കൂടുമ്പോൾ പട്ടിക പുതുക്കണമെന്ന വിദഗ്ധ ശുപാർശയും ജനകീയ ആവശ്യവും സർക്കാർ കാര്യമായി എടുത്തിട്ടില്ല. അനുദിനം മാറുന്ന ആരോഗ്യചികിത്സാ ആവശ്യങ്ങളും പുതുവൈറസുകൾ ഉൾപ്പെടെയുള്ള ഭീഷണിയും ശാസ്ത്രഗവേഷണ രംഗത്തെ മാറ്റങ്ങൾവഴി മരുന്നുകൾക്കു ലഭിക്കുന്ന ഫലപ്രാപ്തിയുമെല്ലാം പരിഗണിച്ചാണ് അവശ്യമരുന്നുകളുടെ പട്ടിക അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നു വിദഗ്ധർ പറയുന്നത്. 

ഈ വൈകിക്കലിനു പിന്നിൽ വലിയ മരുന്നു കമ്പനികളുടെ സ്വാധീനവും സമ്മർദവും ഉണ്ടെന്ന ആരോപണവും നിലനിൽക്കുന്നു. 2015ലെ പട്ടിക പുതുക്കാനുള്ള ശ്രമവും ചർച്ചകളും നീണ്ടുപോകുന്നതിനിടെയാണു കോവിഡ് മഹാമാരി വന്നത്. അത് അവസരമാക്കി പട്ടിക ഇറക്കുന്നതു പരമാവധി വൈകിപ്പിക്കാൻ മരുന്നു കമ്പനികളിൽ ഒരു വിഭാഗം ശ്രമിച്ചുവെന്നതു കാണാതിരുന്നുകൂടാ. സമയമെടുത്ത് ദീർഘ ആലോചനകൾ നടത്തിയതുകൊണ്ടാണ് പട്ടിക വൈകിയതെന്ന വാദമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേത്. വൈകിയെന്നതു മാത്രമല്ല, തങ്ങളുടെ പ്രധാന മരുന്നുകൾ അവശ്യമരുന്ന് പട്ടികയിൽപെടാതിരിക്കാനുള്ള ചരടുവലികളും കാര്യമായി നടന്നുവെന്നതു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. നിക്ഷിപ്ത താൽപര്യങ്ങൾ പാടേ അവഗണിച്ച്, താങ്ങാവുന്ന വിലയ്ക്ക് അവശ്യമരുന്നുകൾ എന്ന പരിഗണന മാത്രം മുൻനിർത്തിയാണു പട്ടിക തയാറാക്കേണ്ടത്.

പ്രതിവർഷം ഒരുലക്ഷം കോടിയിലേറെ രൂപയുടെ ഔഷധവ്യാപാരം ഇന്ത്യയിൽ നടക്കുന്നു. ബ്രാൻഡഡ് മരുന്നുകളുടെ കച്ചവടം രാജ്യത്ത് ഏറ്റവുമധികം നടക്കുന്നതാവട്ടെ കേരളത്തിലും. സംസ്ഥാനത്തെ മിക്ക കുടുംബങ്ങളും വലിയെ‍ാരു തുകയാണ് ഓരോ മാസവും മരുന്നിനായി മാറ്റിവയ്ക്കുന്നത്. വിലനിയന്ത്രണത്തിലെ ചെറിയ വിള്ളലുകൾപോലും മുതലാക്കി കൊള്ളലാഭം നേടാൻ കച്ചകെട്ടിയിരിക്കുന്ന ചില മരുന്നുകമ്പനികളുമുണ്ടെന്നതു സാധാരണക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. അതുകെ‍ാണ്ടുതന്നെ, ഈ രംഗത്തെ ചൂഷണത്തിനെതിരെ സർക്കാർതലത്തിൽ സൂക്ഷ്മജാഗ്രത പുലർത്തേണ്ടതുണ്ട്. 

English Summary: Hike in medicine prices becomes a concern for all

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}