പാഠവും ശീലവും മാറ്റാം കാലത്തിനൊപ്പം

education
SHARE

തൊഴിൽ വിദ്യാഭ്യാസം: ഒരുങ്ങാം, നാലാം വ്യവസായ വിപ്ലവത്തിന്

ഡോ. അമൃത് ജി.കുമാർ

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് എസ്‌സിഇആ‍ർടി സമൂഹചർച്ചയ്ക്കായി തയാറാക്കിയിരിക്കുന്ന രേഖയുടെ അഞ്ചാം അധ്യായം തൊഴിൽ വിദ്യാഭ്യാസത്തെ (Work education)ക്കുറിച്ചാണ്. വൈ ജ്ഞാനിക സമൂഹമെന്ന സുപ്രധാന ആശയത്തെ സ്പർശിച്ചാണ് ആ അധ്യായം തുടങ്ങുന്നത്. ആ ആശയത്തോടു ചേർത്തുനിർത്തി വായിക്കേണ്ടതാണ് നാം ഇപ്പോൾ എത്തിനിൽക്കുന്ന നാലാം വ്യവസായ വിപ്ലവം എന്ന ആശയം.

എങ്ങനെ മാറും ജോലി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവ ഉൾപ്പെടുന്ന നാലാം വ്യവസായ വിപ്ലവത്തിലേക്കു ലോകം പ്രവേശിക്കുമ്പോൾ നമ്മുടെ ജീവിതവും ജോലിയുടെ സ്വഭാവവും ആശയവിനിമയ രീതികളുമെല്ലാം അടിമുടി മാറുന്നു. ഇപ്പോഴത്തെ പല ജോലികളും അപ്രത്യക്ഷമാകും. ഏതൊക്കെ തൊഴിലുകൾ നിലനിൽക്കും, ഏതൊക്കെ പുതുതായി ഉണ്ടായിവരുമെന്ന വ്യക്തത ഇപ്പോഴുമില്ല. ഈ തിരിച്ചറിവോടെയാകണം തൊഴിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണം.അധ്യാപനമടക്കം പല ജോലികളും ഭാവിയിൽ റോബട്ടൈസ് ചെയ്യപ്പെട്ടേക്കാം. ഒരാളുടെ ജീവിതകാലത്ത് തീർത്തും വ്യത്യസ്തമായ മൂന്നോ നാലോ നൈപുണികൾ ആവശ്യമുള്ള തൊഴിലുകൾ ചെയ്യേണ്ടിവന്നേക്കാം. 

നാളെ ജോലി മാറിയാലും...

നിലവിലുള്ള തൊഴിൽ അപ്രത്യക്ഷമായാൽ അതിൽ തകരുന്ന ‘തൊഴിലാളി’യെയല്ല, പകരം പുതിയ തൊഴിലിടങ്ങൾ സ്വയം വികസിപ്പിച്ചെടുക്കുന്ന ‘വ്യക്തി’യെ സൃഷ്ടിക്കുകയാണ് ആധുനിക തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. മാറിവരുന്ന സാഹചര്യങ്ങളിൽ പുതിയ തൊഴിൽ മേഖലകളിലേക്കു സ്വയം പറിച്ചുനടാൻ ഉതകുന്ന തരത്തിലുള്ള ബൗദ്ധിക, വൈകാരിക ക്ഷമത പ്രൈമറി തലം മുതൽ വിദ്യാർഥികളിൽ വളർത്തേണ്ടതുണ്ട്.

amirt-g-kumar
ഡോ. അമൃത് ജി.കുമാർ

ഇതിനുവേണ്ടതു തൊഴിൽ വിദ്യാഭ്യാസത്തെ ദൈനംദിന പാഠ്യപദ്ധതിയുമായി സംയോജിപ്പിക്കുകയാണ്. പ്രൈമറി തലം മുതൽ തന്നെ തിരഞ്ഞെടുത്ത പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട തൊഴിൽമേഖലകളും അവിടെയുണ്ടായിട്ടുള്ള മാറ്റങ്ങളും അവയ്ക്കു കാരണമായ സാമൂഹിക, സാമ്പത്തിക, സാങ്കേതിക ഘടകങ്ങളും കുട്ടികൾക്കു പരിചയപ്പെടാനാകണം. ലേണിങ് ഔട്ട്കമ്മുകളായി ഇവയും ഉൾപ്പെടുത്തണം. ഈ മാറ്റങ്ങളെ ക്രിയാത്മകമായി ബോധനപ്രക്രിയയുടെ ഭാഗമാക്കി മാറ്റാനുള്ള സന്നദ്ധതയും ശേഷിയും അധ്യാപകർക്കുണ്ടാകണം. അത്തരത്തിലുള്ള അധ്യാപക പരിശീലനത്തിന് അടിയന്തര പ്രാധാന്യം നൽകണം.

ഇന്റേൺഷിപ്, അപ്രന്റിസ്ഷിപ്

സെക്കൻഡറി തലം മുതൽ അപ്രന്റിസ്‌ഷിപ്പും ഇന്റേൺഷിപ്പും പ്രോത്സാഹിപ്പിക്കണം. ഒരാളുടെതന്നെ പല തൊഴിൽശേഷികളെ പരിപോഷിപ്പിക്കുന്ന തരത്തിലാകണം ഇത്. സ്വയംസംരംഭകത്വം, തൊഴിൽസുരക്ഷ, തൊഴിൽ അവകാശങ്ങൾ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകണം. വിദ്യാർഥികൾക്കു തൊഴിൽശേഷിയും മനോഭാവവും രൂപീകരിക്കാൻ സഹായകമാകുന്ന സൗജന്യ ഓൺലൈൻ കോഴ്സുകൾ (MOOC – മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ) എസ്‌സിഇആ‍ർടി ലഭ്യമാക്കുകയും വേണം. ചുരുക്കിപ്പറഞ്ഞാൽ, തൊഴിലും വൈജ്ഞാനികതയും തമ്മിലുള്ള അഭേദ്യബന്ധം മനസ്സിലാക്കി അതുവഴി നിലനിൽപിനുള്ള ശേഷി വികസിപ്പിക്കുന്നതും അത്തരത്തിൽ സാമൂഹികപുരോഗതി ഉറപ്പാക്കുന്നതുമാകണം വിദ്യാഭ്യാസം. 

(കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് എജ്യുക്കേഷനിൽ പ്രഫസറും ഡീനുമാണു ലേഖകൻ)

ഡിജിറ്റൽ പഠനസാധ്യതകൾ; ഒരു സ്കൂൾ സ്മാർട് ആകുന്നതിങ്ങനെ

ഡിജിറ്റൽ കാലം നമ്മുടെ തൊഴിലിടങ്ങളെ മാറ്റിമറിക്കുന്നു. പഠനവും അതിനൊത്തു മാറാൻ സ്മാർട് ക്ലാസ്റൂമുകൾ മാത്രം പോരാ, കാഴ്ചപ്പാടുകളും ‘സ്മാർട്’ ആകണം.

കേരളത്തിലെ സ്കൂളുകളിൽ സ്മാർട് ക്ലാസ്റൂമും ബ്രോഡ്ബാൻഡ് ഇന്റർനെറ്റും ഇന്നു പുതുമയല്ല. എന്നാൽ, മുതൽമുടക്കിനെ നീതികരിക്കാനാകുംവിധം എത്ര സ്കൂളുകളിൽ ഇതു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്? അതേസമയം, മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന സ്കൂളുകളുമുണ്ട്. അത്തരമൊരു ഉദാഹരണത്തിലൂടെയാകട്ടെ, ഭാവിയിലെ ഡിജിറ്റൽ പഠനസാധ്യതകൾ സംബന്ധിച്ച അന്വേഷണം.

എറണാകുളം മൂവാറ്റുപുഴയ്ക്കടുത്തു കാപ്പ് എന്ന സ്ഥലത്തെ എൻഎസ്എസ് എൽപിഎസ് 2013ൽ തന്നെ സമ്പൂർണ സ്മാർട് സ്കൂളായതാണ്. തുടർന്നുള്ള ഒരു പതിറ്റാണ്ടിനിടെ ഫലപ്രദമായ തുടർച്ചയുണ്ടായി എന്നിടത്താണ് ഈ സ്കൂളിന്റെ യഥാർഥ ‘സ്മാർട്നെസ്’. 

vidhu-p-nair
ഡോ. വിധു പി.നായർ

അധ്യാപകർ സ്വന്തമായി ഡിജിറ്റൽ പഠന മൊഡ്യൂളുകൾ തയാറാക്കുന്നു. പാഠഭാഗങ്ങളെ ആസ്പദമാക്കി തയാറാക്കുന്ന ഹ്രസ്വചിത്രങ്ങളിൽ സ്കൂളിലെ കുട്ടികൾതന്നെ അഭിനയിക്കുന്നു. മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ ഹാജരും ‘സ്മാർട്’ ആയി. ക്ലാസ് മുതൽ പരീക്ഷവരെയുള്ള തലങ്ങളിൽ സ്വന്തമായി തത്സമയ വിലയിരുത്തൽ സംവിധാനങ്ങളും വികസിപ്പിച്ചെടുത്തു. അത്തരം മൂന്നു കാര്യങ്ങൾ ഇതാ:

നോ മൈ ചൈൽഡ് (Know my child): ക്ലാസിൽ ഓരോ ദിവസവും കുട്ടി പഠിക്കണമെന്ന് ഉദ്ദേശിച്ചതെന്ത്, അതിൽ എത്രത്തോളം പഠിച്ചു എന്ന റിപ്പോർട്ട് അന്നന്നു തന്നെ ഹെഡ്മാസ്റ്റർക്കും രക്ഷിതാക്കൾക്കും ഓൺലൈനായെത്തും. ഉദാഹരണത്തിനു കണക്കുകൂട്ടാൻ പഠിപ്പിക്കുകയാണെന്നിരിക്കട്ടെ. 11+11= 22 എന്ന ഉത്തരം എല്ലാ കുട്ടികളും എളുപ്പം കണ്ടെത്തുന്നുണ്ടാകും. എന്നാൽ 19+11= 30 എന്നതുപോലെ കൂട്ടുമ്പോൾ ശിഷ്ടം വരുന്ന കണക്കുകൾ അത്ര എളുപ്പമല്ല. 99+11= 110 പോലെ ഒറ്റ, പത്ത് സ്ഥാനങ്ങളിൽ ശിഷ്ടം വരുന്ന കണക്കു ശരിയാക്കുന്ന കുട്ടികൾ പിന്നെയും കുറയും. ഒരു കുട്ടി ഈ മൂന്നു തലങ്ങളിൽ എവിടെനിൽക്കുന്നുവെന്നു മനസ്സിലായാൽ ആ ദിവസം കുട്ടി എന്തു പഠിച്ചു, എന്തു പഠിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം എളുപ്പമായി. അതതു ദിവസം തന്നെ ഇതു വിലയിരുത്തി അറിയിക്കാൻ ഓൺലൈൻ സംവിധാനം ഉപയോഗിക്കുന്നു. 

ക്വിസീനോ (Quizzino): ‍ഇതൊരു ഓൺലൈൻ പരീക്ഷാരീതിയാണ്. മേൽപറഞ്ഞ മൂന്നു കണക്കുകൾ തന്നെ ഉദാഹരണമായെടുക്കാം. ആദ്യ കണക്കിന് ഉത്തരം നൽകിയാൽ മാത്രം കുട്ടിയുടെ സ്ക്രീനിൽ രണ്ടാമത്തെ കണക്ക് തെളിയും. അതിനും ഉത്തരം നൽകിയാൽ മൂന്നാമത്തേത്. ഇവിടെ മൂല്യനിർണയം കൂടുതൽ സൂക്ഷ്മവും വ്യക്തവുമാകുന്നു. ഫലം അപ്പോൾതന്നെ അറിയുകയും ചെയ്യാം. പരമ്പരാഗത പരീക്ഷാരീതിയിൽ സാധ്യമാകാതെ പോകുന്നതും ഇതുതന്നെ. 

ബഡ്സ് ആൻഡ് ബ്ലൂംസ് (Buds N' Blooms): സ്കൂളിലെ എല്ലാ വിദ്യാർഥികളുടെയും പ്രൊഫൈൽ ആദ്യമേ തന്നെ ഡിജിറ്റലായി തയാറാക്കും. ഓരോ കുട്ടിയുടെയും മികവുകൾ അതിൽ രേഖപ്പെടുത്തിയിരിക്കും. സമയാസമയങ്ങളിൽ ഇതു പുതുക്കുകയും ചെയ്യും. മറ്റേതെങ്കിലും മേഖലയിൽ കുട്ടി പിന്നോട്ടാണെന്നു പറയുകയുമില്ല. ഓരോരുത്തരും വ്യത്യസ്തരാണെന്നും പരിമിതികളല്ല, മികവുകളാണു നോക്കേണ്ടതെന്നുമുള്ള കാഴ്ചപ്പാടിലാണിതെന്നു ദേശീയ അധ്യാപക അവാർഡ് ജേതാവായ ഹെഡ്മാസ്റ്റർ ഡോ. വിധു പി.നായർ പറയുന്നു. 

ഒരു സ്കൂൾ സ്വന്തമായി വികസിപ്പിച്ച മൂന്നു ഡിജിറ്റൽ സംവിധാനങ്ങളാണിത്. ചെറിയ ബജറ്റിലുള്ള വലിയ ചുവടുവയ്പുകൾ. പഠനം സ്മാർട് ആക്കുകയെന്നു പറയുമ്പോൾ കോടികൾ മുതൽമുടക്കു വരുന്ന പദ്ധതികളല്ല, ആവശ്യം മുന്നിൽ കണ്ടു യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണു വേണ്ടതെന്നതിനും തെളിവാണിത്. നാമെല്ലാം ഡിജിറ്റൽ സാധ്യതകൾ ഇത്രയേറെ ഉപയോഗിച്ചുതുടങ്ങിയ ശേഷമുള്ള ആദ്യ പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇത്തരമൊരു തിരിച്ചറിവാണു വേണ്ടത്. അങ്ങനെയെങ്കിൽ ഡിജിറ്റൽകാലത്തും അധ്യാപകരും ബോധനരീതിയും അപ്രസക്തമാകില്ല. കൂടുതൽ ഫലപ്രദമാകുകയും ചെയ്യും.

ശാസ്ത്രീയമായ അധ്യയന പ്രക്രിയയിൽ നാലു ഘട്ടങ്ങളാണു പ്രധാനമായും കാണേണ്ടത് – പ്ലാനിങ്, പ്രസന്റേഷൻ, ഇവാല്യുവേഷൻ, ഫീഡ്ബാക്ക്. ലെസൺപ്ലാനും മറ്റുമായി പ്ലാനിങ് നടക്കും. ക്ലാസിൽ അതിന്റെ പ്രസന്റേഷനാണ്. പരമ്പരാഗത രീതിയിൽ ഇവാല്യുവേഷൻ പിന്നീടെപ്പോഴെങ്കിലുമാണ്. ഫീഡ്ബാക്ക് ഒട്ടു നടക്കുകയുമില്ല. ഈ രീതി മാറാൻ ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്താനാകും. 

ഡോ. വിധു പി.നായർ,ഹെഡ്മാസ്റ്റർ, എൻഎസ്എസ് എൽപിഎസ്,കാപ്പ്, മൂവാറ്റുപുഴ

നമ്മുടെ പാഠ്യപദ്ധതി രൂപപ്പെടേണ്ടതെങ്ങനെ എന്നതുസംബന്ധിച്ച പത്തു കാഴ്ചപ്പാടുകളാണ് ഈ പരമ്പരയിൽ അവതരിപ്പിച്ചത്. സർക്കാർ നടത്തുന്ന ജനകീയചർച്ചകളിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവുമെല്ലാം ചേർന്ന് ഇതിന്റെ നൂറും ആയിരവും മടങ്ങ് നിർദേശങ്ങൾ സമർപ്പിക്കട്ടെ. അങ്ങനെ നമുക്കു രചിക്കാം, ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും മാതൃകാപാഠം.

English Summary: Series on educational reforms in Kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}