പൂത്തുലഞ്ഞ് ഓണം

onam-kerala
SHARE

ദുരിതങ്ങളുടെ നാലുകൊല്ലം കടന്ന മലയാളികൾക്ക് ഇത്തവണത്തെ ഓണം അതിരില്ലാത്ത ആഘോഷത്തിന്റേതായിരുന്നു. മത, ജാതി, ഭാഷാ, വർഗ വിഭജനങ്ങൾക്കപ്പുറമുള്ള മഹത്തായ മാനവികതാ വിളംബരമായി അത്. ഈ ചൈതന്യം ഉള്ളിടത്തോളം ആർക്ക് നമ്മളെ ഭിന്നിപ്പിക്കാനാകും?

തിരുവനന്തപുരത്തു കഴിഞ്ഞയാഴ്ച തുടങ്ങി തിങ്കളാഴ്ച കൊടിയിറങ്ങിയ ഓണാഘോഷത്തിന്റെ കാഴ്ചകൾ മനുഷ്യന്റെ ഇച്ഛാശക്തിയുടെ സുന്ദരമായ വിജയാഘോഷ പ്രഖ്യാപനങ്ങളായിരുന്നു! ദുരിതപൂർണമായ നാല് ഓണക്കാലങ്ങൾക്കുശേഷം (2018ലും 2019ലും പ്രളയവും 2020ലും 21ലും കോവിഡും കൊണ്ടുപോയ കാലം) ഇക്കൊല്ലം അതിരില്ലാത്ത സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പ്രകാശം നിറഞ്ഞു. 

തിരുവനന്തപുരം നഗരം വിളക്കുകളുടെ തോരണങ്ങളാൽ മിന്നിത്തിളങ്ങി. ഓണത്തിനു തിരുവനന്തപുരത്തു പോയാൽ ദീപാലങ്കാരം കാണണമെന്നു പലരും പറഞ്ഞിരുന്ന കാര്യം ഉദ്ഘാടനവേദിയിൽ ചലച്ചിത്രതാരം ദുൽഖർ സൽമാൻ പ്രത്യേകം പറഞ്ഞു. തന്റെയും സുഹൃത്തുക്കളുടെയും മനസ്സുകളിൽ ആ വിളക്കുകൾ പ്രകാശം പരത്തി നിൽക്കുന്നതും. 

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ അന്നെത്തിയ ജനക്കൂട്ടം സർവദിശയിലേക്കും ഉല്ലാസത്തോടെ ഒഴുകുകയായിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവങ്ങൾ മുതൽ ഗംഭീര സാഹിത്യ, സംഗീതസദസ്സുകൾ വരെ ഇവിടെ ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ നിറഞ്ഞു തുളുമ്പിയ ജനക്കൂട്ടം നിശാഗന്ധിയിൽ നിറയുന്നതിന് ആദ്യമായാണു സാക്ഷിയായത്. കോവിഡ് ഒഴിഞ്ഞതോടെ വിനോദസഞ്ചാരം പ്രതികാരബുദ്ധിയോടെ ഉണർന്നെണീൽക്കുന്നുവെന്നാണു ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രസംഗിച്ചത്. നിഷേധിക്കപ്പെട്ട വർഷങ്ങളോടു പകരംവീട്ടാനെന്നവണ്ണം ജനങ്ങൾ ‘റിവഞ്ച് ടൂറിസം’ കൊണ്ടാടുകയാണെന്നും ഇത്തവണ കേരളീയർക്ക് ‘റിവഞ്ച് ഓണം’ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഓണം ഘോഷയാത്രയുടെ ഫ്ലോട്ടുകൾ കാണാൻ വഴിയോരങ്ങളിൽ നിരന്ന പത്തു ലക്ഷത്തോളം ആളുകൾ ഈ ‘പ്രതികാര’ത്തിന്റെ തെളിവുതന്നെയായിരുന്നു!

ഈ ഉത്സാഹം തികച്ചും ഉചിതം തന്നെ. കാരണം, കേരളത്തിന്റെ ധാർമികതയുടെ പ്രഖ്യാപനമാണ് ഓണം. രാജ്യത്തെ സാമൂഹികരംഗത്തു പലരും ബോധപൂർവം ചികഞ്ഞെടുത്തു പ്രോത്സാഹിപ്പിക്കുന്ന മത, ജാതി, ഭാഷാ,വർഗ വിഭജനങ്ങൾക്കപ്പുറമുള്ള മഹത്തായ മാനവികതാ വിളംബരമാണു മലയാളികൾക്ക് ഓണം. ഓണക്കാലത്തു മാനവികതയെയും നമ്മുടെ മലയാളിത്തത്തെയും ഒരേസമയം ആഘോഷിക്കുകയാണു കേരളീയർ‌. സംസ്ഥാന തലസ്ഥാനത്ത് അന്നു നമ്മളെല്ലാവരും ഇതുതന്നെയാണു ചെയ്തത്– സമ്മാനങ്ങൾ കൈമാറി, നിറങ്ങളും നൃത്തങ്ങളും കണ്ടു, സംഗീതത്തിൽ അലിഞ്ഞു, ചിരിച്ചു.‌

shashi-tharoor-7
ശശി തരൂർ (ഫയൽ ചിത്രം)

ഓണം ഏകതയുടെ ഉത്സവമാണ്. കേരളത്തിന്റെ തനിമയെ അതു വേറിട്ട് ഉയർത്തിപ്പിടിക്കുന്നു. ഒരു ഉദാഹരണം പറയാം:  വിദേശകാര്യ സഹമന്ത്രി ആയിരിക്കെ ഞാൻ ഗാംബിയയിലെ ഇന്ത്യൻ കോൺസൽ ജനറലിനോടു സംസാരിക്കുകയായിരുന്നു. പശ്ചിമ ആഫ്രിക്കയിലെ ഗാംബിയ നദിക്കരയിൽ വെള്ളിവരപോലെ ഒരു കൊച്ചുരാജ്യമാണു ഗാംബിയ. 24 ലക്ഷം മാത്രമാണ് ജനസംഖ്യ– തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേതിനു തുല്യം. ഞാൻ തമാശയായി പറഞ്ഞു: അവിടെന്തായാലും അധികം മലയാളികൾ കാണില്ല. ഇരുപതോളം ഇന്ത്യൻ കുടുംബങ്ങളിൽ മൂന്നെണ്ണം മലയാളികളുടേതാണെന്ന് അദ്ദേഹം മറുപടി തന്നു. അങ്ങനെയെങ്കിൽ ഓണാഘോഷം ഒന്നും കാര്യമായി ഉണ്ടാകില്ലല്ലോ എന്നായി ഞാൻ. അദ്ദേഹം പറഞ്ഞു: അങ്ങനെയല്ല. ഈ മൂന്നിൽ രണ്ടെണ്ണം ക്രിസ്ത്യൻ‌ കുട‌ുംബങ്ങളും ഒരെണ്ണം മുസ്‌ലിം കുടുംബവുമാണ്. അവർ ഓണം വലിയ ആഘോഷമാക്കും. കോൺസുലേറ്റിൽ എല്ലാ ഇന്ത്യൻ കുടുംബങ്ങളെയും ക്ഷണിച്ചുവരുത്തി അവരത് ഉത്സവമാക്കും’’. എനിക്കു വലിയ ആഹ്ലാദമുണ്ടായി. 

ഗാംബിയ എന്ന ആ കൊച്ചു തുണ്ടുഭൂമിയിൽ, എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് മതങ്ങൾക്കതീത‌മായ സൗഹൃദവും പങ്കിടലും പൂത്തുലയുന്നു. കേരളത്തിന്റെ യഥാർഥ മനസ്സു തന്നെയാണത്. ആ ചൈതന്യം നമ്മളിൽ ഉള്ളിടത്തോളം ആർക്കും നമ്മുടെ സാമൂഹിക സ്വഭാവത്തെ തിരുത്താനാവില്ല, ഇന്ത്യയിൽ മറ്റിടങ്ങളിൽ എന്തൊക്കെ സംഭവിച്ചാലും. 

rahul

ഇന്ത്യയെ ഉണർത്താൻ ഈ കഠിനയാത്ര

ഭാരത് ജോഡോ യാത്ര ഒരു പാർട്ടിയുടെ പുനരാരംഭമാണ്. ഒപ്പം, ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാനുള്ള സമരവും.

തിങ്കളാഴ്‌ചയിലെ ഓണാഘോഷത്തിൽ നിർഭാഗ്യവശാൽ മുഴുവൻ സമയവും എനിക്കു പങ്കെടുക്കാനായില്ല. കുറച്ചുനേരം ആഘോഷത്തിൽ കൂടിയശേഷം മറ്റൊരു പ്രധാന പരിപാടിക്ക് എനിക്കു പോകേണ്ടതുണ്ടായിരുന്നു–എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയ്ക്ക്. ഇന്ത്യയെ യോജിപ്പിക്കുക എന്ന കാഹളം മുഴക്കി കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന 150 ദിവസത്തെ ദീർഘയാത്ര. 

നാനാത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ രാഷ്ട്ര നിർമിതിക്ക് 75 വർഷത്തിനു ശേഷം വീണ്ടും ഒരു ഏകീകരണം വേണ്ടിയിരിക്കുന്നു. ഭരണഘടനയിൽ ഉദ്ഘോഷിക്കുന്ന ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനായി പല വിധത്തിലുള്ള നിലനിൽപു സമരങ്ങളിലാണു നമ്മൾ. ഈ മുന്നേറ്റത്തിലെ സുപ്രധാനമായ നീക്കമാണ് ഭാരത് ജോഡോ യാത്ര. മറ്റു കക്ഷികളുമായും രാഷ്ട്രീയക്കാരല്ലാത്ത വ്യക്തികളുമായും സാമൂഹിക സംഘടനകളുമായുമൊക്കെ സംവദിച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ ഇത്തരം യാത്ര തീർച്ചയായും ഒരു രാഷ്ട്രീയ സന്ദേശം നൽകുന്നുണ്ട്. ഭരണകക്ഷിയുടെ ഒത്താശയോടെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കുന്നതു തടഞ്ഞ് രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനം ഈ പാർട്ടിയാണ് എന്ന സന്ദേശമാണത്. 

ഈ പോരാട്ടം തുടരുകയാണ്. ഞങ്ങൾക്കു കുറച്ചു പരാജയങ്ങൾ സംഭവിച്ചു, പ്രത്യേകിച്ച് 2014ലും 2019ലും. എന്നാൽ ഭാരത് ജോഡോ യാത്ര ഊർജസ്വലമായ ഒരു പാർട്ടിയുടെ പുനരാരംഭമാണ്. യാത്ര മുന്നേറുംതോറും ജനകീയ ബോധം ഉണർത്താനും അവരുടെ മനസ്സാക്ഷിയെ ചലിപ്പിക്കാനും പൊതുസമ്മതി രൂപീകരിക്കാനും കഴിയും എന്നു ഞങ്ങൾ വിശ്വസിക്കുന്നു. പാറശാലയിൽ ഞായറാഴ്ച രാവിലെ 6.30ന് തെരുവോരങ്ങളിൽ കാത്തുനിന്ന ആയിരക്കണക്കിനു ജനങ്ങൾ തെക്കൻ കേരളത്തിൽ ഈ യാത്ര ഉണർത്തുന്ന താൽപര്യത്തിന്റെ കൃത്യമായ തെളിവാണ്. ഓരോ ദിവസത്തെയും യാത്രയ്ക്കുശേഷം രാഹുൽ ഗാന്ധിയുടെ സംസാരം കേൾക്കാൻ നേമത്തും കഴക്കൂട്ടത്തും രാത്രി തടിച്ചുകൂടിയ ആൾക്കൂട്ടത്തിനും ഇതേ വികാരമായിരുന്നു. രാജ്യത്ത് ഈ സന്ദേശവാഹകരുടെ കഠിനയാത്ര മുന്നേറുംതോറും ജനങ്ങളുടെ ആവേശം ഉയരുമെന്നുറപ്പാണ്. 

ഓരോ ചുവടുകൊണ്ടും ഈ യാത്ര പ്രഖ്യാപിക്കുന്നത് ഇന്ത്യ ഒരിക്കലും ഭൂരിപക്ഷ തീവ്രവാദത്തിനും മറ്റു വിഭജനശക്തികൾക്കും കീഴടങ്ങിക്കൂടാ എന്ന സന്ദേശമാണ്. പ്രസംഗങ്ങളിൽ രാഹുൽ ഗാന്ധി പറഞ്ഞത്, കേരളം കാഴ്ചവയ്ക്കുന്ന സഹവർത്തിത്വത്തിന്റെയും ഐക്യത്തിന്റെയും സഹകരണത്തിന്റെയും ധാർമികശക്തിയാണ് മറ്റ് ഇന്ത്യൻ ദേശങ്ങളിലേക്കും പടർത്താൻ ശ്രമിക്കുന്നതെന്നാണ്. ഇത് ഒരു ചെറിയ ആഗ്രഹമല്ല, ഏറ്റവും മൂല്യവത്തായ പ്രതീക്ഷ തന്നെയാണ്. ഇന്ത്യയുടെ ആത്മാവ് ഉണർത്താനുള്ള ഈ സമരം ഈ യാത്രയോടെ അവസാനിക്കുകയുമില്ല.

English Summary: Onam – A Grand Festival of Prosperity, Peace and Unity: Tharoor line

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}