ADVERTISEMENT

നാളികേരത്തെ കേരളത്തിന്റെ അഭിമാനവിളയായി കരുതാറുണ്ടല്ലോ. കേരം തിങ്ങും കേരളനാട് എന്നൊക്കെ കാവ്യാത്മകമായി പറയുകയും ചെയ്യും. പക്ഷേ, കേരകർഷകന്റെ കണ്ണീരിനു മുന്നിൽ ഈ ചൊല്ലൊക്കെ പതിരായിപ്പോവുന്നു. അത്രത്തോളം കടുത്ത പ്രതിസന്ധിയിലാണ് അവരിപ്പോൾ. ഒരുവശത്ത്, പൊതുവിപണിയിൽ തേങ്ങയുടെ വില കുത്തനെ ഇടിയുന്നു. മറുവശത്ത്, അടിസ്ഥാനവിലയെങ്കിലും ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ അടിക്കടി പാളുന്നു. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി കൃഷിചെയ്തു വിളവെടുത്ത് വിൽപന കഴിയുമ്പോൾ കർഷകരുടെ കണക്കുപുസ്തകത്തിൽ അവശേഷിക്കുന്നതു നഷ്ടം മാത്രമാണ്.

ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്കു കഴിഞ്ഞ വർഷം 43 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 23–24 രൂപയായി. ഒരു കിലോഗ്രാം തേങ്ങ ഉൽപാദിപ്പിക്കാൻ ശരാശരി 51.20 രൂപ ചെലവാകുമെന്നാണു കണക്ക്. ഇതാണു വിപണിയിൽ പകുതിയിലേറെ നഷ്ടത്തിനു വിൽക്കേണ്ടി വരുന്നത്. കേരളത്തിൽ തേങ്ങ ഉൽപാദനം കൂടിയതും പാമോയിൽ വില കുറഞ്ഞതുമൂലം വെളിച്ചെണ്ണയുടെ ഡിമാൻഡ് കുറഞ്ഞതുമാണ് വൻ വിലത്തകർച്ചയ്ക്കു കാരണം.

വിലയിടിവ് തടയാൻ സർക്കാർ പ്രഖ്യാപിച്ച നാളികേര സംഭരണം ഒരു പരിധി വരെയെങ്കിലും കർഷകരെ സഹായിക്കുമായിരുന്നു. എന്നാൽ, അടിസ്ഥാനപരമായ പോരായ്മകളും സങ്കീർണവ്യവസ്ഥകളും നടത്തിപ്പിലെ അപര്യാപ്തതകളും കാരണം കർഷകർക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല. കിലോഗ്രാമിന് 32 രൂപയാണു സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഉൽപാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു തീരെ കുറവാണ്.

താങ്ങുവിലയ്ക്കു സംഭരണം തുടങ്ങിയിട്ടും പൊതുവിപണിയിലെ വിലയിടിവു പിടിച്ചുനിർത്താനാവുന്നില്ല എന്നതാണു രണ്ടാമത്തെ പ്രശ്നം. സംഭരണ കേന്ദ്രങ്ങളുടെ കുറവ്, സങ്കീർണ നിബന്ധനകൾ, പണം ലഭിക്കുന്നതിലെ അനിശ്ചിതാവസ്ഥ തുടങ്ങിയവ മൂലം സംഭരണം പാളിയതാണ് ഇതിന്റെ കാരണം.

ആയിരത്തിലേറെ തദ്ദേശസ്ഥാപനങ്ങളും 140 നിയമസഭാ മണ്ഡലങ്ങളുമുള്ള കേരളത്തിൽ കേര സംഭരണത്തിനുള്ളതു നൂറിൽതാഴെ കേന്ദ്രങ്ങൾ മാത്രം. ഇവിടെ തേങ്ങ എത്തിക്കണമെങ്കിൽ ആദ്യം കൃഷിഭവനിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങി ഊഴം കാത്തിരിക്കണം. പൊതിക്കാനും സംഭരണ കേന്ദ്രത്തിൽ എത്തിക്കാനുമുള്ള ചെലവുകൂടി കണക്കാക്കിയാൽ വിളവെടുക്കാത്തതാണ് ഭേദമെന്നു കർഷകർ പറയുന്നു.

സംഭരിക്കുന്ന തേങ്ങയുടെ എണ്ണത്തിലെ നിയന്ത്രണമാണു മറ്റൊരു പ്രശ്നം. ഒരു തെങ്ങിൽനിന്ന് ഒരു വർഷം പരമാവധി 50 തേങ്ങയാണു സംഭരിക്കുക. അതുതന്നെ 6 തവണയായി. ബാക്കി വരുന്ന തേങ്ങ പൊതുവിപണിയിൽതന്നെ വിൽക്കേണ്ടിവരും. ഇങ്ങനെ, വിളവെടുത്ത തേങ്ങ രണ്ടു തവണയായി രണ്ടു സ്ഥലങ്ങളിൽ കൊണ്ടുപോയി വിൽക്കുന്നതിനെക്കാൾ ഭേദം പൊതുവിപണിയിൽ കൊണ്ടുപോയി മൊത്തമായി വിൽക്കുന്നതാണെന്നു കർഷകർ പറയുന്നു. ലാഭമോ ചെലവോ കിട്ടില്ലെങ്കിലും നഷ്ടം കുറയ്ക്കുകയെങ്കിലും ചെയ്യാമല്ലോ. മുൻപ് എല്ലാ കൃഷിഭവനുകളിലൂടെയും സഹകരണ സംഘങ്ങളിലൂടെയും തേങ്ങ സംഭരണം നടന്നിരുന്നു. ഇതു പുനരാരംഭിച്ചാൽ കർഷകർക്കു വലിയ ആശ്വാസമായിരിക്കും. 

സംഭരണം കൂടുമ്പോൾ പൊതുവിപണിയിലെ വിലയും ഉയരും. സംഭരിച്ച തേങ്ങയുടെ വില എന്നു കിട്ടുമെന്നുപോലും അറിയാത്തതാണു മറ്റൊരു ദുരവസ്ഥ. രണ്ടാഴ്ചയ്ക്കുള്ളിലെങ്കിലും പണം കിട്ടിയാലേ കർഷകർക്കു പ്രയോജനമുള്ളൂ. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്ത സ്ഥിതിയാണിപ്പോൾ. 70 രൂപ നിരക്കിൽ ശേഖരിച്ച വിത്തുതേങ്ങയുടെ പണം 6 മാസം പിന്നിട്ടിട്ടും വിതരണംചെയ്തു കഴിഞ്ഞിട്ടില്ല. നാളികേര സംഭരണത്തിന് അനധികൃതവും അപ്രഖ്യാപിതവുമായ വ്യവസ്ഥകൾ വയ്ക്കുന്നതായും പരാതി ഉയരുന്നുണ്ട്. ‘കേര സമൃദ്ധി’ പദ്ധതിയുടെ ഭാഗമായി ഒന്നിന് 50 രൂപ നിരക്കിൽ വിതരണത്തിനെത്തിച്ച തെങ്ങിൻതൈകൾ കൃഷിഭവനുകളിൽ കെട്ടിക്കിടക്കുകയാണ്. നാളികേര സംഭരണത്തിനുള്ള സർട്ടിഫിക്കറ്റിനായി കർഷകർ കൃഷിഭവനിൽ എത്തുമ്പോൾ ഈ തെങ്ങിൻതൈകൾ വാങ്ങാൻ നിർബന്ധിക്കുന്നുവെന്നാണ് ആക്ഷേപം.

മണ്ണിനോടും കാലാവസ്ഥയോടും മല്ലടിച്ചു വിളവെടുക്കുന്ന കർഷകർക്ക് ഒപ്പം നിൽക്കാനുള്ള ബാധ്യത സർക്കാരിനും അധികൃതർക്കുമുണ്ട്. ചോദ്യങ്ങളുയരുമ്പോൾ പറഞ്ഞുനിൽക്കാൻ മാത്രമുള്ള പദ്ധതികൾകൊണ്ട് കാര്യമായില്ല. കേരകർഷകരുടെ കണ്ണീരൊപ്പാൻ ക്രിയാത്മകവും ഫലപ്രദവുമായ നടപടികൾക്കു സർക്കാർ സന്നദ്ധമായേ തീരൂ.

English Summary: Raw coconut price plummets to half; misery of Coconut cultivators

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com