അതിരുവിട്ടാൽ സർവകലഹം

education-pic
Creative: Manorama
SHARE

ഉന്നത വിദ്യാഭ്യാസത്തിന് ഒരു ദേശീയ ചട്ടക്കൂടുണ്ട്. സർവകലാശാലയുടെ ചാൻസലറായ ഗവർണർക്കും സംസ്ഥാന സർക്കാരിനും അതിൽ അവരുടേതായ പങ്ക് വഹിക്കാനുമുണ്ട്. ഈ കേന്ദ്രങ്ങൾ തമ്മിൽ ഏറ്റുമുട്ടിയാൽ അതു ബാധിക്കുക വിദ്യാഭ്യാസ നിലവാരത്തെ ആയിരിക്കും. അതിന് അനുവദിച്ചുകൂടാ... 

എട്ടു വർഷം മുൻപ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലാ വൈസ് ചാൻസലറായിരിക്കെ, ചാൻസലർ കൂടിയായ അന്നത്തെ ഗവർണർ രഹസ്യമായി ചില രേഖകൾ കാട്ടി അഭിപ്രായം തേടി. സർവകലാശാലാഭരണം സംബന്ധിച്ച്,  ചാൻസലർമാരായ ഗവർണർമാരുടെ ദേശീയ സമ്മേളനം പരിഗണിച്ച അജൻഡയിലെ രേഖകളായിരുന്നു അത്. അന്നത്തെ മഹാരാഷ്ട്ര ഗവർണർ തയാറാക്കിയ കുറിപ്പിലെ ചില പരാമർശങ്ങൾ എന്നെ അതിശയിപ്പിച്ചു. സർവകലാശാലകളിൽ തങ്ങൾക്കു വേണ്ടത്ര അധികാരങ്ങളില്ല, സർവകലാശാലയുടെ ഭരണത്തിലുണ്ടാകുന്ന അപാകതകളിൽ ഇടപെടാൻ വേണ്ടത്ര സ്വാതന്ത്ര്യമില്ല എന്നൊക്കെയായിരുന്നു സർവകലാശാലാ അധ്യക്ഷരിൽ ചിലരുടെ സങ്കടങ്ങൾ!

അങ്ങനെയല്ലെന്നും വൈസ് ചാൻസലർ(വിസി) ഉൾപ്പെടെയുള്ള എല്ലാ സർവകലാശാലാ അധികൃതരുടെയും (പൊതുസഭ - senate/court), ഭരണസമിതി (Executive Council/ Syndicate), അക്കാദമിക സഭ (Academic Council) അംഗങ്ങളുടെയും നിയമനത്തിലും നടത്തിപ്പിലും പരമാധികാരി സർവകലാശാലാ അധ്യക്ഷനാണെന്നും സർവകലാശാലയുടെ നിയമപരമായ ചട്ടക്കൂട് (Act, Statute, Ordinance, Regulation, Orders) വിശുദ്ധമായി പരിപാലിക്കാനും കാലികമായി മാറ്റാനും അവയ്ക്കെതിരായി എന്തു നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതു തിരുത്താനുമുള്ള അധികാരം ചാൻസലർക്കുണ്ടെന്നും ഞാൻ മറുപടി അയച്ചു. ആദരസൂചക ബിരുദങ്ങൾ അംഗീകൃത യോഗങ്ങളിൽ നൽകേണ്ടതും ചാൻസലറാണ്. ഇതിൽപരം എന്തധികാരമാണ് ഒരു ചാൻസലർക്കു വേണ്ടത്? ഈ ചോദ്യവും ഞാൻ കുറിപ്പിൽ ഉയർത്തിയിരുന്നു.

ഗവർണർ എന്ന നിലയിലുള്ള ഭരണനടപടികൾ മന്ത്രിസഭയുടെ ഉപദേശാനുസരണമാകണം എന്ന ഭരണഘടനയുടെ 166-ാം അനുച്ഛേദം ചാൻസലർ എന്ന പദവിക്കു ബാധകമല്ലെന്ന വസ്തുത അന്നത്തെ പല ചാൻസലർമാരും  മനസ്സിലാക്കിയിരുന്നില്ലെന്നാണ് ആ രേഖകൾ വായിച്ചപ്പോൾ എനിക്കു വ്യക്തമായത്. സർവകലാശാലകളിൽ പൊതുവിൽ സർക്കാരിന് (മന്ത്രിസഭ എന്ന അർഥത്തിൽ) അതതു സർവകലാശാലാ നിയമം അനുവദിക്കുന്ന അധികാരം മാത്രമേയുള്ളൂ. സർക്കാരിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളുടെ പരിധി സർവകലാശാലകളുടെ നിയമം അനുവദിക്കുന്നിടത്ത് ഒതുങ്ങുന്നു. വിസിയെ നിയമിക്കുന്ന സമിതിയിൽ ഒരു പ്രതിനിധിയെ നിയോഗിക്കുക, സിൻഡിക്കറ്റ്, അക്കാദമിക സമിതി എന്നിവയിൽ സർക്കാർ പ്രതിനിധികളെ നാമനിർദേശം ചെയ്യുക, സർവകലാശാലാ നിയമപ്രകാരം ഗ്രാന്റ് നൽകുക, ഓഡിറ്റ് റിപ്പോർട്ടുകളിൽ മേൽനടപടി സ്വീകരിക്കുക, ഉപദേശം, പരിശോധന, വിലയിരുത്തൽ, നയപരമായ കാര്യങ്ങളിൽ മാത്രം സർക്കാരിന്റെ നിർദേശം എന്നിവയ്ക്കാണ് വ്യത്യസ്ത നിയമങ്ങൾ പ്രകാരം സർക്കാരിന് അധികാരമുള്ളത്. 

സർവകലാശാലയുടെ അധികാരപരിധിയിൽ സർക്കാരിന് ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ല. മന്ത്രിസഭയെന്ന നിലയിൽ സർവകലാശാലയെ ഉപദേശിക്കേണ്ട ഇനങ്ങൾതന്നെ വളരെക്കുറവുമാണ്. 

ആലങ്കാരിക പദവിയല്ല ചാൻസലർ സ്ഥാനം

സർവകലാശാലാ ആക്ടിലെ ചാൻസലർ സ്ഥാനം മന്ത്രിസഭയുടെ ഉപദേശത്താൽ മാത്രം ചലിക്കേണ്ട ഒന്നല്ല. സർക്കാർ തീരുമാനങ്ങളിൽ ഗവർണർക്കുള്ള പരിരക്ഷ ചാൻസലറെന്ന പദവിയിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് ഇല്ല; മാത്രമല്ല, വ്യക്തിപരമായി തീരുമാനങ്ങൾക്ക് ഉത്തരവാദിയുമാണ്. റിട്ട് പരിധിയിൽ ‘ഗവർണർ’ വരുന്നില്ല. എന്നാൽ, ചാൻസലർക്ക്  അഴിമതിനിരോധന നിയമം ബാധകമാണ്. ഇതു വിവിധ ഹൈക്കോടതികൾ വ്യക്തമാക്കിയിട്ടുമുണ്ട്.  

ചാൻസലർ ഉത്തരവാദിത്തം പൂർണമായി മനസ്സിലാക്കി ഫലപ്രദമായി നിറവേറ്റുന്നിടത്താണ് സർവകലാശാലകളുടെ മികവും വിജയവും. ചാൻസലർ ആലങ്കാരിക പദവിയാണെന്നും മന്ത്രിസഭയോ സർക്കാരോ പറയുന്നതു സദാ അംഗീകരിക്കുകയാണു ധർമമെന്നും ചില തെറ്റായ പ്രചാരണങ്ങൾ വരുന്നുണ്ട്. ഇതൊട്ടും ശരിയല്ല. ചാൻസലർക്കു പിഴവുപറ്റിയാൽ സർവകലാശാലയെ പതനത്തിൽ നിന്ന് ആർക്കും തടയാനാവില്ല. 

dr-b-ashok
ഡോ.ബി. അശോക്

സംസ്ഥാന സർവകലാശാലകൾ സംസ്ഥാന പട്ടികയിൽപെട്ട വിഷയമാണെന്നതു ശരി തന്നെ. എന്നാൽ, കേന്ദ്രവിഷയങ്ങളിലെ (Union list) 66-ാം വകുപ്പുകൂടി മനസ്സിലാക്കണം. സ്വകാര്യ ഉടമസ്ഥതയിലടക്കം, സംസ്ഥാന നിയമപ്രകാരം സർവകലാശാലകളെ നിർമിക്കാം. എന്നാൽ, ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനവും നിലവാരങ്ങളുടെ നിശ്ചയവും പൂർണമായും കേന്ദ്രവിഷയമാണ്. ഈ വകുപ്പ് അനുസരിച്ചാണ് യുജിസി, എഐസിടിഇ, മെഡിക്കൽ കൗൺസിൽ മുതലായവ നിലവിൽ വന്നതും പ്രവർത്തിക്കുന്നതും. ഇതിനു വിരുദ്ധമായി സംസ്ഥാനനയങ്ങളോ ചട്ടങ്ങളോ ഉപചട്ടങ്ങളോ നിർമിക്കുന്നത് ഭരണഘടനയുടെ 254-ാം അനുച്ഛേദത്തിനു വിരുദ്ധമാകയാൽ അവ നിലനിൽക്കില്ല. ഉദാഹരണത്തിന്, സംസ്ഥാന സർക്കാരിന്റെ ധനസഹായത്താൽ പ്രവർത്തിക്കുന്ന സർവകലാശാലയാണെങ്കിലും സ്വകാര്യ ഉടസ്ഥതയിലാണെങ്കിലും യുജിസി നിയമപ്രകാരം സർവകലാശാലയായി അംഗീകരിക്കപ്പെട്ടില്ലെങ്കിൽ അതിന്റെ ബിരുദത്തിന് കടലാസിന്റെ വില പോലുമുണ്ടാകില്ല. സർവകലാശാലയ്ക്ക് അതിന്റെ പദവി ലഭിക്കുന്നതു കേന്ദ്രനിയമത്തിൻ കീഴിൽ  അംഗീകരിക്കപ്പെടുമ്പോൾ മാത്രമാണ്. സർക്കാർ ഏജൻസികൾക്കു പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റ് നൽകുക എന്നതിനപ്പുറം നിയമപരമായ അധികാരം ഇന്നില്ല.

യുജിസി വിരുദ്ധ ശുപാർശ നിരസിക്കപ്പെടാം

സർവകലാശാലാ നിയമത്തിൽ കാതലായ ഭേദഗതി വരുത്തുന്നതിന് യുജിസി അനുമതി വേണമെന്നു കേന്ദ്രസർക്കാർ തന്നെ നിഷ്കർഷിക്കേണ്ടതാണ്. യുജിസി അംഗീകാരശേഷം സർവകലാശാലയുടെ സ്വഭാവം നിയമസഭ പോലും നിയമപ്രകാരം ഏറെ വ്യത്യാസപ്പെടുത്താൻ പാടുള്ളതല്ല. ഇക്കാരണത്താൽ തന്നെ യുജിസി നിയമാവലിയിൽനിന്നു വ്യത്യസ്തമായ ശുപാർശ രാഷ്ട്രപതിക്കു മുൻപാകെ സമർപ്പിച്ചാൽ, ഭേദഗതി നിരാകരിക്കപ്പെടാനാണു സാധ്യത. യുജിസി നിയമാവലി നടപ്പാക്കുന്ന തരത്തിലുള്ള ശുപാർശകൾ സ്വീകരിക്കപ്പെട്ടേക്കാം (ഉദാ: വിസിമാരുടെ ഉയർന്ന പ്രായപരിധി).

സർവകലാശാലകളുടെ നിലവാരത്തെ ബാധിക്കുന്ന ഏതു നിയമവും ഭേദഗതിയും കേന്ദ്ര അനുമതിക്കു വിധേയമായിരിക്കും എന്നത് 66-ാം വകുപ്പും യുജിസി നിയമവും പരിശോധിച്ചാൽ വ്യക്തമാകും. 66–ാം വകുപ്പ് നിലനിൽക്കുന്നതിനാൽ, സംസ്ഥാന നിയമസഭകൾക്കു സർവകലാശാലാ നിയമം യഥേഷ്ടം ഭേദഗതി ചെയ്ത് യുജിസി/കേന്ദ്ര മാനദണ്ഡങ്ങൾ മാറ്റാൻ പ്രായോഗിക പരിമിതികളുണ്ട്.

സർവകലാശാലകളെ - അതു സംസ്ഥാന നിയമത്തിൻകീഴിലായാലും കേന്ദ്രനിയമത്തിൻ കീഴിലായാലും– ദേശീയ സ്ഥാപനങ്ങളായാണു നമ്മുടെ പൊതു ഭരണമേഖല കാണുന്നത്. അധ്യാപകനിലവാരവും യോഗ്യതകളുടെയും ബിരുദങ്ങളുടെയും നിലവാരവും യുജിസി നിയന്ത്രിച്ചില്ലെങ്കിൽ എന്താകും ഫലം? തികഞ്ഞ അരാജത്വം ഉന്നത വിദ്യാഭ്യാസ– ഗവേഷണ– തൊഴിൽ മേഖലകളിലാകെപ്പടരും. ബിരുദം രണ്ടോ മൂന്നോ നാലോ വർഷം കൊണ്ടു പൂർത്തീകരിക്കാം എന്ന് ഓരോ സംസ്ഥാനവും വ്യത്യസ്തമായി നിശ്ചയിച്ചാൽ എന്താകും ഫലം? രാജ്യവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് അതിടയാക്കും. കേന്ദ്ര-സംസ്ഥാന ഏകോപനത്തിലൂടെയും സമന്വയത്തിലൂടെയും മാത്രമേ കാര്യങ്ങൾ നടക്കൂ. സംസ്ഥാന നിയമസഭയ്ക്കോ സർക്കാരിനോ കേന്ദ്രത്തിനോ ചാൻസലർക്കോ ഏകപക്ഷീയമായി സർവകലാശാലാ കാര്യത്തിൽ ഏറെ നീങ്ങാനാവില്ല.

എല്ലാവരും ഒത്തുപിടിച്ചാലേ സർവകലാശാലാസമുച്ചയം ഫലപ്രദമായി പ്രവർത്തിക്കൂ. ഉന്നതവിദ്യാഭ്യാസം പരിഷ്കരിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രഫ. ശ്യാം ബി. മേനോൻ കമ്മിറ്റിയുടെ ശുപാർശകളിൽ ഏറെയും സ്വാഗതാർഹവും കേന്ദ്ര വിദ്യാഭ്യാസ നയത്തിനൊപ്പം പോകുന്നതുമാണ്. പലതും നടപ്പാക്കാൻ വളരെ വൈകി എന്നതാണു സത്യം. നമ്മുടെ സർവകലാശാലകളുടെ മികവു വർധിപ്പിക്കാൻ വേണ്ട ചേരുവകളെല്ലാം അതിലുണ്ട്.

എന്നാൽ, സംസ്ഥാനത്ത് ഏറ്റവും വലിയ പദവിയുള്ള വ്യക്തിയിൽനിന്ന് സർവകലാശാല ചാൻസലർ പദവി എടുത്തുമാറ്റണമെന്നും നിലവിലെ സെനറ്റിനെ ‘Board of Regents’ ആക്കി പരിമിതപ്പെടുത്തി അതിലെ 13 അംഗങ്ങൾ തിരഞ്ഞെടുക്കുന്ന ചാൻസലർ ആ സർവകലാശാലയുടെ ഭരണം നടത്തണമെന്നുമുള്ള കമ്മിഷന്റെ നിർദേശങ്ങൾ വളരെ ആലോചിച്ചു പരിഗണിക്കേണ്ടതാണ്. ചാൻസലറുടെ കാര്യമായ പദവി ശോഷണത്തിനും സർവകലാശാലകളുടെ സുതാര്യത, പ്രാതിനിധ്യം, സർക്കാരുമായുള്ള ഫലപ്രദമായ ഏകോപനം എന്നിവയെ ബാധിക്കുന്നതിനും വിസിയടക്കമുള്ളവരുടെ നിയമനത്തിൽ ചാൻസലറുടെ പങ്ക് കുറയ്ക്കുന്നതിനും ഈ നിർദേശം കാരണമാകും. 

സർവകക്ഷി സഹകരണത്തോടെയും സർവകലാശാലാ താൽപര്യം മാത്രം മുൻനിർത്തിയും സമീപിക്കാതെ സർവകലാശാലകളെ നമുക്കു സുസ്ഥിരമായി മെച്ചപ്പെടുത്താനാകില്ല. താൽക്കാലിക പരിഗണനകൾക്കപ്പുറം, വലിയ ദൂരക്കാഴ്ചയോടെ മാത്രമേ സർവകലാശാലാ നിയമങ്ങളിലെ കാതലായ മാറ്റങ്ങളെ സമീപിക്കാവൂ. ആ ദൂരക്കാഴ്ചയാണ് ഒരു സമൂഹമെന്ന നിലയിൽ നമുക്കിന്നു വേണ്ടത്. മാറ്റങ്ങൾ നമ്മുടെ ദൂരക്കാഴ്ചയുടെ പ്രതിഫലനമാണെന്നു ബോധ്യപ്പെടുത്തി യുജിസിയെയും കേന്ദ്ര മാനവവിഭവശേഷി വകുപ്പിനെയും ഒപ്പം കൂട്ടാനുമാകണം. ഏകപക്ഷീയമായി ആർക്കും ഉന്നതവിദ്യാഭ്യാസമേഖലയെ മെച്ചപ്പെടുത്താനാവില്ല.

(സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

English Summary: University Vice chancellor appointment issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}