ഗുസ്തി മുറുകി നിൽക്കുമ്പോൾ വിസിലടിക്കാൻ ആരുമില്ലാതെ വന്നാലോ! അതാണിപ്പോൾ കേരളത്തിൽ കാണുന്നത്. ഗവർണറും മുഖ്യനും കൊമ്പു കോർക്കുമ്പോൾ ഊരാനുള്ള വഴി ആർക്കും അറിയില്ലെന്നു തോന്നുന്നു. അടി മൂക്കുന്ന ലക്ഷണം മുൻപും പലവട്ടം കണ്ടതാണ്. പക്ഷേ, ഒടുവിൽ എല്ലാം കോംപ്ലിമെന്റ്സാക്കി ‘ഒരമ്മ പെറ്റ അളിയന്മാരെപ്പോലെ’ രണ്ടാളും ഒരുമിക്കുന്നതാണ് നാട്ടുകാർ കണ്ടിട്ടുള്ളത്.
കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ മുഖ്യൻ പറഞ്ഞതു കേട്ടാൽ വായ്ക്കകത്തു പൊള്ളലുള്ളവൻ പോലും പൊട്ടിച്ചിരിക്കും. കണ്ണൂർ ഭാഗത്ത് ഏതോ ഒരു സർവകലാശാല ഉണ്ട്. അവിടെ പ്രഫസറാകാൻ ഏതോ ഒരു സ്ത്രീ മോഹിച്ചു. അവരുടെ ഭർത്താവ് തന്റെ ഏതോ ഒരു സ്റ്റാഫ് ആണെന്നു പറയുന്നു. അതിനു തന്നെയും തന്റെ സർക്കാരിനെയും ഗവർണർ ഇങ്ങനെയൊക്കെ പറയാമോ? തന്റെ സ്റ്റാഫിന്റെ ബന്ധു ആണെന്നുവച്ച് അവർക്കു ജോലിക്ക് അപേക്ഷിക്കാൻ പാടില്ലെന്നുണ്ടോ?
എത്ര നിരുപദ്രവകരമായ കാര്യം. ആരെയും മുഖ്യനു കൃത്യമായി അറിയില്ല. സ്വപ്ന ക്ലിഫ് ഹൗസിൽ കയറിയിറങ്ങിയപ്പോഴും ഇങ്ങനെയായിരുന്നല്ലോ വിശദീകരണങ്ങളെന്നു പ്രതിപക്ഷം പറയുന്നതൊക്കെ കുശുമ്പു കൊണ്ടാണ്. ദൂരെ കണ്ടിട്ടുണ്ട്, പറഞ്ഞ് അറിയാം, അതെക്കുറിച്ചു നിങ്ങൾ പറഞ്ഞപ്പോൾ ഓർമ വരുന്നു... ഇങ്ങനെയൊക്കെ ആയിരുന്നു അന്ന്.
ഇപ്പോഴും സംശയാലുക്കളാണ് ഏറെ. അവരുടെ ഓരോരോ ചോദ്യങ്ങളേ. അല്ല സീയെമ്മേ, അങ്ങയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യ പ്രിയയുടെ നിയമനമല്ലേ വിവാദത്തിൽ? അവർക്കു നിയമനം നൽകാൻ കൈമെയ് മറന്നു സഹായിച്ച കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനു പുനർ നിയമനം നൽകാൻ നിയമം മാറ്റിമറിച്ചില്ലേ? ഗവർണറുമായുള്ള ഉടക്കിന്റെ തുടക്കം അവിടെയല്ലേ? നോക്കണേ, ആവശ്യമില്ലാത്ത ഓരോരോ ചോദ്യങ്ങൾ!
പത്രക്കാരു പോലും ഇതൊന്നും ചോദിച്ചു മുഖ്യനെ വിഷമിപ്പിക്കുന്നില്ലല്ലോ. എന്തു ക്ലീനാണ് ആ ചോദ്യമൊക്കെ. മുക്കാൽ മണിക്കൂർ മുഖ്യന്റെ തിരക്കഥ വായന. പിന്നെ മുട്ടിയുരുമ്മി ചില സ്പോൺസേഡ് ചോദ്യങ്ങൾ. അതിനെല്ലാം മുൻകൂട്ടി എഴുതിക്കൊണ്ടുവന്ന ഉത്തരവും. ആരും അമ്പരന്നുപോകും. മുഖ്യൻ ഈ ചോദ്യമൊക്കെ മുൻകൂട്ടി എങ്ങനെ അറിഞ്ഞു? ഒന്നും നേരെ ചൊവ്വേ ചോദിക്കല്ലേ. അതൊന്നും പലർക്കും താങ്ങാനാവില്ല.
ചാനലുകളുടെ മൈക്ക് കാണുമ്പോൾ അറ്റാക്ക്; മുഖ്യനെ അടുത്തു കാണുമ്പോൾ അറ്റാച്ച്മെന്റ്. ഇതായിരുന്നു ഇന്നലെ വരെ ഗവർണറുടെ നയം. പക്ഷേ, ഇക്കുറി കളി സുല്ലിടില്ലെന്നു ചിലരൊക്കെ പറയുന്നു. പഴശ്ശിയുടെ കളി കമ്പനി കാണാനിരിക്കുന്നതേയുള്ളൂവത്രെ. മുഖ്യനു മുന്നിൽ എപ്പോൾ കീഴടങ്ങുമെന്നു പക്ഷേ, ദൈവം തമ്പുരാനുപോലും നിശ്ചയമില്ല.
കണ്ണൂർ സർവകലാശാല 2019ൽ നടത്തിയ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രതിഷേധിച്ചു. ഗവർണർക്ക് അതു താങ്ങാനായില്ല. എങ്കിലെന്താ, ചരിത്ര കോൺഗ്രസ് സംഘാടകൻ കൂടിയായ വിസിക്കു പുനർനിയമനം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒപ്പിടില്ലെന്നു ഗവർണർ കട്ടായം പറഞ്ഞു. മുഖ്യൻ രാജ്ഭവനിലേക്കു ചെന്നു. 2021 നവംബർ 23ന് ഗവർണർ ഒപ്പിട്ടു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഗവർണർ പറയുന്നു, ചരിത്ര കോൺഗ്രസിൽ ഇർഫാൻ തന്നെ വധിക്കാൻ ശ്രമിക്കുകയായിരുന്നു. ഗോപിനാഥ് ക്രിമിനൽ! അല്ല, ഇതേ ഗവർണറല്ലേ ഗോപിനാഥിനു പുനർനിയമനം നൽകിയത്? അന്ന് അത് അറിയില്ലായിരുന്നോ? മുഖ്യൻ നേരിട്ടു പറഞ്ഞാൽ എന്തുചെയ്യാൻ എന്നു ലളിതസുന്ദരമായ മറുപടി. അടി കാര്യമായി നടക്കുന്നുണ്ടെങ്കിലും ഒരുനാൾ നേരം വെളുക്കുമ്പോൾ നമ്മൾ കേട്ടേക്കാം, സർവകലാശാല, ലോകായുക്ത ഭേദഗതി ബില്ലുകൾ ഗവർണർ ഒപ്പിട്ടു! ഉറച്ച നിലപാടാണു ഗവർണർക്ക്. പക്ഷേ, എത്ര ദിവസം?
വേട്ടപ്പട്ടിയല്ലിത്, തെരുവുനായ
പാർട്ടി സെക്രട്ടറിയാകാൻ പോയ ഗോവിന്ദൻ മാഷിൽ നിന്നു തദ്ദേശം സ്വീകരിച്ച് മന്ത്രിയായ രാജേഷിന്റെ ഗതികേടു നോക്കണേ. മന്ത്രിമാർ പുലിവാലു പിടിച്ചെന്നു കേൾക്കാറുണ്ട്. ആദ്യമായാണ് ഒരു മന്ത്രി അധികാരമേറ്റ നാൾ മുതൽ നായവാൽ പിടിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്നു നോക്കിയ ഫയലുകളിലാകെ തെരുവുനായ്ക്കൾ. ഓരോ ഫയലിലും ഓരോ കുര! നായ്ക്കളെ കൊല്ലണമെന്നു നാട്ടുകാർ; കുത്തിവച്ചു കുലം മുടിക്കാമെന്നു സർക്കാർ. കൊല്ലില്ലെന്നു മുഖ്യനും സമയത്തിനു കുത്തിവച്ചു തീരില്ലെന്നു മൃഗസംരക്ഷണ വകുപ്പും പറയുമ്പോൾ എന്തുചെയ്യാൻ?
കമഴ്ന്നു വീണാൽ കാൽപണം. അതിൽ പ്രശസ്തരാണ് ഒരു തെക്കൻ ‘കോപ്രേഷനിലെ’ നായകർ. കോർപറേഷനെന്നു കൗൺസിലർമാർ പോലും പറയാറില്ല. പിന്നെ നമ്മളെന്തിനു വാശി പിടിക്കണം? അവിടെ വന്ധീകരിച്ച നായ മൂന്നാം മാസം ആറു പെറ്റു. നായയെ നിർത്തിയും കിടത്തിയും പരിശോധിച്ചു. കത്തി വച്ചതിന്റെ പോയിട്ടു കൊതുകു കടിച്ചതിന്റെ അടയാളം പോലുമില്ല. വെട്ടിപ്പിൽ ഒരു പട്ടിയെയും വെറുതേ വിടില്ലെന്ന് കോപ്രേഷൻ.
ഇടതു സർക്കാരും തെരുവു നായ്ക്കളും തമ്മിൽ പൊരുത്തക്കേട് പണ്ടേ ഉണ്ടെന്നു വേണം അനുമാനിക്കാൻ. 1987ൽ തുടങ്ങിയതാണത്രെ കടിപിടി. അന്നത്തെ പഞ്ചായത്തു മന്ത്രി വി.ജെ.തങ്കപ്പൻ യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിഹാരം പറഞ്ഞു: തൊഴിൽ ഇല്ലെന്നു പറഞ്ഞു സമരം ചെയ്യുന്ന യുവാക്കളേ, നിങ്ങൾക്കു നായ്ക്കളെ പിടിച്ചുകൂടേ? ഇന്നത്തെപ്പോലെയായിരുന്നു അന്നത്തെയും വാഗ്ദാനം, അഞ്ചു വർഷം കൊണ്ടു 10 ലക്ഷം പേർക്കു തൊഴിൽ. നായ നായയുടെ വഴിക്കും തൊഴിൽ തൊഴിലിന്റെ വഴിക്കും പോയി.
സ്വർണം കടത്തിയതു മുതൽ ക്ലിഫ് ഹൗസിലേക്കു ബിരായണിച്ചെമ്പ് ഉരുണ്ടതുവരെയുള്ള വിവാദങ്ങൾ സഖാക്കൾക്കു സഹിച്ചില്ല. മുഖ്യാ, അങ്ങെത്ര ജനാധിപത്യവാൻ, മടിയിൽ കനമില്ലാത്തവൻ, മഹോന്നതൻ, മന്നവേന്ദ്രൻ.... എന്നൊക്കെ വാഴ്ത്തി അവർ നാടാകെ ബോർഡ് വച്ചു. അതിലൊന്നിൽ ആകാശത്തു ചന്ദ്രനെപ്പോലെ തിളങ്ങുന്ന മുഖ്യനെ നോക്കി താഴെ വാലും ചുരുട്ടിനിന്നു കുരയ്ക്കുന്ന തെരുവുനായയുടെ ചിത്രം! വേട്ടപ്പട്ടി കുരയ്ക്കട്ടെ എന്ന മട്ടിൽ സാംസ്കാരിക കുലോത്തമന്മാരുടെ ഭാവന! പക്ഷേ, നായ്ക്കൾക്ക് അതത്ര പിടിച്ച മട്ടില്ല. അതുകൊണ്ടാണത്രെ, ഡൽഹിയിൽ പിബി യോഗത്തിന് എത്തിയ മുഖ്യനു മുന്നിൽ നിശ്ശബ്ദ പ്രതിഷേധവുമായി ഒരു തെരുവുനായ പ്രത്യക്ഷപ്പെട്ടത്. ഒന്നെങ്കിൽ ഒന്ന്. മജിസ്ട്രേറ്റ് മുതൽ സീരിയൽ നടിവരെയുള്ളവർ നായ്ക്കളെ പേടിച്ച് ഓടുമ്പോൾ അവയെ എങ്ങനെ നിയന്ത്രിക്കുമെന്ന് അറിയാതെ സർക്കാരും ഓടുകയാണിപ്പോൾ. ചിങ്ങാന്ത്യത്തിൽ തുടങ്ങിയ കടിയേറ്റം കന്നിയാദ്യത്തിൽ തീരുമോ? കണ്ടറിയേണ്ടതുതന്നെ! വൈകാതെ ഒരു നിർദേശം വന്നേക്കാം, നായ നിയന്ത്രണം ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപിക്കാം. സർവ കരാറുകളും അവരെ ഏൽപിക്കാമെങ്കിൽ നായവേട്ടയിൽ മാത്രം മാറ്റിനിർത്തുന്നത് എന്തിന്?
കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ഡിഫിക്കാർ അടിച്ച് അവിയലു പരുവമാക്കി. ആ കേസിന്റെ ജാമ്യാപേക്ഷയിൽ എക്സ്ട്രാ ഒരു അപേക്ഷയുണ്ട്: സമൂഹത്തിൽ ഏറെ നന്മ ചെയ്യുന്നവരാണു ഡിഫി പ്രവർത്തകർ. ദയവായി ജാമ്യം നൽകണം. നായ്ക്കൾക്കും അതേ പറയാനുള്ളൂ, തെരുവിലെ പെരുച്ചാഴികളെ വിരട്ടുന്നതു മുതൽ മാലിന്യം തിന്നു തീർക്കുന്നതുവരെ ചെയ്യുന്നതു നമ്മളാണ് സാർ, കൊന്നുതള്ളല്ലേ സാർ.
ഓരോരോ ജോഡോ സങ്കടങ്ങൾ
കന്യാകുമാരിയിൽ തുടങ്ങിയ രാഹുലിന്റെ ഭാരത് ജോഡോ കശ്മീരിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. രാഹുൽ എത്തും മുൻപേ ഗുലാം നബി ആസാദ് കശ്മീരിൽ ചെന്നു കഴിഞ്ഞു. ഗോവയിൽ നിന്നു യാത്രയിൽ ചേരേണ്ട കാമത്ത് മുൻനിശ്ചയപ്രകാരം ബിജെപി മാർഗേണയും സഞ്ചാരം ആരംഭിച്ചു. എന്തായാലും യാത്ര കളിയിക്കാവിളയിൽ എത്തിയതും എം. സ്വരാജ് സഖാവ് ഞെട്ടിയുണർന്നു.
കാക്കിത്തുണിയിൽ കത്രികയിട്ടു വെട്ടുമ്പോഴുള്ള താളത്തിൽ, വടിവൊത്ത രീതിയിൽ സംസാരിക്കുന്നതിലാണു നിപുണൻ. കാമ്പില്ല, വെറും ഗുണ്ടാണെന്നു ശത്രുക്കൾ പറയുന്നതിനെപ്പറ്റി പാർട്ടി അന്തിമ നിഗമനത്തിൽ എത്തിയിട്ടുമില്ല.
സത്യത്തിൽ ജോഡോ യാത്രയോടല്ല സ്വരാജിന്റെ എതിർപ്പ്. കിടപ്പാണു പിടിക്കാത്തത്. രാഹുലും സംഘവും അന്തിയുറങ്ങുന്നതു കണ്ടെയ്നറിൽ. സഖാവിന്റെ കണ്ണിൽ ജോഡോ യാത്രയല്ല, ഇതൊരു കണ്ടെയ്നർ യാത്രയാണ്. നിയമപ്രകാരം ചരക്കു കടത്തിനും നിയമം ലംഘിച്ചു മനുഷ്യക്കടത്തിനും ഉപയോഗിക്കുന്നതാണു കണ്ടെയ്നറുകൾ. അതാണു സഖാവിന്റെ നിരീക്ഷണം.
ഇപ്പോൾ ഫോൺ നിലത്തുവയ്ക്കാൻ നേരമില്ല. പ്രവാസികളുടെ നിലയ്ക്കാത്ത വിളികൾ. നിത്യവൃത്തിക്കുള്ള ജോലിയും ചെയ്തു രാത്രി കണ്ടെയ്നറിൽ അന്തിയുറങ്ങുകയാണു സഖാവേ ഞങ്ങൾ. ഞങ്ങളുടെ ഫണ്ട് വേണ്ടുവോളം വാങ്ങുന്ന പാർട്ടിയുടെ സഖാവേ... ബാക്കി പറഞ്ഞത് എന്താണെന്നു ചോദിക്കരുത്, പ്ലീസ്. ജോഡോ യാത്ര കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് യച്ചൂരി സഖാവ് പറഞ്ഞുകഴിഞ്ഞു. ജോഡോയെ വേറെ രീതിയിൽ വിമർശിക്കാനും സ്കോപ്പില്ല. അല്ലെങ്കിലും നിഷ്പക്ഷന്മാരുടെ നിരീക്ഷണങ്ങൾക്കു വിലയില്ലല്ലോ ഈ കേരളത്തിൽ.
സ്റ്റോപ് പ്രസ്:
മുഖ്യമന്ത്രി തന്നിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന് ഗവർണർ.
വൗച്ചർ ഒപ്പിട്ടു വാങ്ങേണ്ടതായിരുന്നു.
Content Highlight: Azhchakkurippukal column