പാഠം മാറും, പഠനവും

HIGHLIGHTS
  • പാഠ്യപദ്ധതി പരിഷ്കരണം എല്ലാ മേഖലകളും പരിഗണിച്ച്
  • മന്ത്രി വി. ശിവൻകുട്ടിയുമായി അഭിമുഖം
V Sivankutty
മന്ത്രി വി.ശിവൻകുട്ടി. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ
SHARE

രു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഖാദർ കമ്മിറ്റി ശുപാർശ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പരിഷ്കരണ നടപടികളാകട്ടെ പാതിവഴിയിലും അനിശ്ചിതത്വത്തിലുമാണ്. നാലര വർഷം കഴിഞ്ഞിട്ടും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പ്രീപ്രൈമറിയും ഭിന്നശേഷി വിദ്യാഭ്യാസവും അടക്കമുള്ള മേഖലകളിലും പ്രതിസന്ധി ഏറെ.
ഈ സാഹചര്യത്തിലാണ് പുതിയകാലത്തെ അടിസ്ഥാന വിദ്യാഭ്യാസ ദർശനം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വിദഗ്ധരുടെ നിർദേശങ്ങളും ആശയങ്ങളും ഉൾപ്പെട്ട പരമ്പരയും മുഖപ്രസംഗവും മലയാള മനോരമ പ്രസിദ്ധീകരിച്ചത്. ആ നിർദേശങ്ങളും അഭിപ്രായങ്ങളും സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രതികരിക്കുന്നു.

പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള ജനകീയ ചർച്ച എങ്ങനെയാണു മുന്നോട്ടുകൊണ്ടുപോകാൻ ആലോചിക്കുന്നത്? പരിഷ്കരണത്തിനുള്ള മാർഗരേഖയായി എസ്‌സിഇആ‍ർടി തയാറാക്കിയ കുറിപ്പ് ജനങ്ങളിലേക്ക് എങ്ങനെയെത്തിക്കും?

പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ജനകീയ ചർച്ചകൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തലങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്നുള്ള സംഘാടക സമിതികൾ വിളിച്ചു ചേർക്കും. ഈ സമിതികൾ സമൂഹചർച്ചകൾക്കു നേതൃത്വം നൽകും.

ജെൻഡർ നീതി, ജെൻഡർ തുല്യത തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി കരട് കുറിപ്പിൽ ഉൾപ്പെടുത്തിയ നിർദേശങ്ങൾ പോലും വിവാദത്തെ തുടർന്ന് അന്തിമ കുറിപ്പിൽനിന്ന് ഒഴിവാക്കേണ്ടി വന്നു. ഈ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിൽ സർക്കാരിന്റെ നിലപാട് എന്താണ്?

ഈ ആശയങ്ങൾ ഉൾപ്പെടെ വിവിധ വിഷയ മേഖലകളിലെ നിലപാടുരേഖ തയാറാക്കുന്നതിനായി 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഐഎസ്ടി, ഐസർ, കേന്ദ്രസർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, അസിം പ്രേംജി യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രഫസർമാരാണ് ഈ ഗ്രൂപ്പുകളെ നയിക്കുന്നത്. കരട് കുറിപ്പ് എന്ന പേരിൽ പ്രചരിച്ചത് പാഠ്യപദ്ധതി കോർ കമ്മിറ്റി അംഗങ്ങൾക്കുവേണ്ടി ചർച്ചയ്ക്കായി നൽകിയ ഒന്നാണ്. ഇത് വിപുലപ്പെടുത്തിയാണ് സമൂഹചർച്ചാ കുറിപ്പിന് അന്തിമരൂപം നൽകിയത്. വിവിധ വിഷയ മേഖലകളിലെ നിലപാട് അതത് വിഷയങ്ങളിലെ നിലപാടുരേഖകൾ പ്രസിദ്ധീകരിക്കുമ്പോൾ മാത്രമാണ് അറിയുക. അതുവരെയുള്ള ആശങ്കകൾ അസ്ഥാനത്താണ്.

2013നു ശേഷമാണ് ഇപ്പോൾ പാഠ്യപദ്ധതി പുതുക്കുന്നത്. അഞ്ചു വർഷത്തിലൊരിക്കലെങ്കിലും പാഠ്യപദ്ധതി പുതുക്കിയാലേ കാലികമായി നിലനിൽക്കാനാകൂ എന്നു വിദഗ്ധർ പറയുന്നു.

2013 ലാണ് അവസാനമായി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്. പാഠ്യപദ്ധതിയും തുടർന്നുള്ള പാഠപുസ്തക രൂപീകരണങ്ങളും കാലികമായി പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. വൈജ്ഞാനിക മേഖലയിൽ നിരന്തരമായി സംഭവിക്കുന്ന മാറ്റങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ 2 വർഷത്തിലൊരിക്കലെങ്കിലും പാഠപുസ്തകങ്ങൾ പുതുക്കുന്നതു നല്ലതു തന്നെ. ഈ വിഷയങ്ങൾ കരിക്കുലം കോർ കമ്മിറ്റി വിശദമായി പരിശോധിക്കും.

ഖാദർ കമ്മിറ്റി ശുപാർശ അനുസരിച്ച് സ്കൂൾ ഏകീകരണ നടപടികൾ ആരംഭിച്ചെങ്കിലും അനിശ്ചിതത്വവും അവ്യക്തതയും തുടരുകയാണ്. കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടും നീളുന്നു. പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം അധ്യാപക സംഘടനകളും ഇതിനെ എതിർക്കുന്നുമുണ്ട്. ഈ കാര്യത്തിൽ എങ്ങനെ മുന്നോട്ടു പോകാനാണു ലക്ഷ്യമിടുന്നത്?

സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഖാദർ കമ്മിറ്റി ശുപാർശകൾ ഉടൻതന്നെ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. വിദ്യാഭ്യാസ മേഖലയിലെ എല്ലാ വിഭാഗം ആൾക്കാരെയും വിശ്വാസത്തിലെടുത്താണ് പൊതുവിദ്യാഭ്യാസ പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഏറെ പ്രധാനപ്പെട്ട പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ?

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയിൽ പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ വിവിധ വകുപ്പുകൾ ഈ മേഖലയിൽ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ഇതിന്റെ ഏകോപനം നടത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. പ്രീസ്കൂൾ മേഖലയ്ക്കായുള്ള പ്രവർത്തന മാർഗരേഖ കരട് ഇതിനകം രൂപീകരിച്ചിട്ടുണ്ട്. ഈ മേഖലയിൽ പുതിയപാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാകുന്നതോടുകൂടി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്.

പ്രീ പ്രൈമറി കുട്ടികൾ ഇപ്പോൾ മൂന്നുഭാഷ വരെ പഠിക്കേണ്ടിവരുന്നുണ്ട്. പഠനം മാതൃഭാഷയിൽ മാത്രമാക്കണമെന്ന നിർദേശവുമുണ്ട്. സർക്കാർ നിലപാട് എന്താണ്?

പ്രീപ്രൈമറി കുട്ടികളുടെ ഭാഷാപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാഠ്യപദ്ധതി പരിഷ്കരണവേളയിൽ വിശദമായി ചർച്ച ചെയ്യും. മാതൃഭാഷാപഠനം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമാണ്.

പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്തള്ളപ്പെടുന്നത് ഇംഗ്ലിഷ് കൈകാര്യം ചെയ്യുന്നതിലാണ്. മാതൃഭാഷാ പഠനം ഉറപ്പാക്കുന്നതിനൊപ്പം സ്കൂൾ വിദ്യാഭ്യാസത്തിൽ ഇംഗ്ലീഷ് പരിജ്ഞാനവും ഉറപ്പാക്കണമെന്നും ഇതിന് അധ്യാപകർക്കുൾപ്പെടെ വേണ്ട പരിശീലനം നൽകി ശാക്തീകരിക്കണം എന്നും നിർദേശമുണ്ട്. പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഇക്കാര്യം പരിഗണിക്കപ്പെടുമോ?

നമ്മുടെ കുട്ടികൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ എത്തുമ്പോൾ ഭാഷാ പരിജ്ഞാനം വേണം എന്നുള്ളതിൽ തർക്കമില്ല. മാതൃഭാഷയോടൊപ്പം മറ്റു ഭാഷകളും പഠിക്കേണ്ടത് അത്യാവശ്യമാണ്. വികസിക്കുന്ന ലോകക്രമത്തിനനുസരിച്ച് കുട്ടികളുടെ ശേഷിയും വികസിക്കേണ്ടതുണ്ട്. ഇംഗ്ലിഷ് ഭാഷാ പഠനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുതന്നെ നിലവിൽ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ‘ഹലോ ഇംഗ്ലിഷ്’ പോലെയും കൈറ്റിന്റെ നേതൃത്വത്തിൽ ‘ഇ-ക്യൂബ് ലാംഗ്വേജ് ലാബ്’ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. ഈ മേഖലയിലെ ഇടപെടൽ തുടർന്നും ഉണ്ടാകും. മികച്ച ഇംഗ്ലിഷ് പഠനഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് അധ്യാപകർക്ക് പരിശീലനം നൽകാൻ കഴിയുമോ എന്നതും പരിശോധിക്കും.

ലൈംഗിക വിദ്യാഭ്യാസത്തിനു കൂടുതൽ ഊന്നൽ നൽകണമെന്ന ആവശ്യത്തെക്കുറിച്ച്?

യുവാക്കളിലെ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് സ്കൂൾതലത്തിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകണം. അതെക്കുറിച്ച് പല ചർച്ചകളും നടക്കുന്നുണ്ട്. വിദഗ്ധ സമിതിയുടെ ശുപാർശ കൂടി പരിഗണിച്ച് അതിനുതകുംവിധം പാഠ്യപദ്ധതി പരിഷ്കരിക്കും.

പൊതുജനാരോഗ്യ മേഖലയെക്കുറിച്ചു സ്കൂൾ തലത്തിൽ വിദ്യാഭ്യാസം നൽകാൻ പാഠ്യപദ്ധതിയിൽ മാറ്റങ്ങളുണ്ടാവുമോ?

അക്കാദമിക് തലത്തിൽ മികവു നേടുന്നതുപോലെത്തന്നെ പ്രധാനമാണ് കുട്ടികൾ ആരോഗ്യത്തോടെ വളരുക എന്നതും. സ്കൂൾതലത്തിൽ പൊതുജനാരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണക്രമത്തെക്കുറിച്ചും ഇപ്പോഴും വ്യകതമായ ധാരണയില്ല. കായിക ക്ഷമത വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് ബോധ്യമാകണം. ചെറുപ്പത്തിലേ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കപ്പെടുന്നതിനു തടയിടണം. 40 ശതമാനം കുട്ടികൾക്കും അമിതഭാര പ്രശ്നങ്ങളുണ്ട്. അത് ഒരുപരിധിവരെ ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. മാതാപിതാക്കളിലും ഇക്കാര്യത്തിൽ ബോധമുണ്ടാക്കണം. എന്തു കഴിക്കണം എങ്ങനെ കഴിക്കണം എന്നൊക്കെ കുട്ടികളെ പഠിപ്പിക്കണം. അതിനനുസൃതമായ പാഠ്യക്രമം ഉണ്ടാവണം.

നിലവിലെ അധ്യാപക പഠന കോഴ്സുകൾ അഴിച്ചുപണിയണമെന്നും ജോലിക്കു ചേർന്നശേഷമുള്ള അധ്യാപക പരിശീലന കോഴ്സുകളിൽ മാറ്റം വേണമെന്നും നിർദേശമുണ്ട്. പരിശീലനത്തിലെ നിലവാരം ഉറപ്പാക്കാൻ എസ്‌സിഇആ‍ർടിയുടെ നേതൃത്വത്തിൽ സ്ഥിരം ട്രെയിനർമാരെ നിയോഗിക്കാനാകുമോ?

നിലവിലെ അധ്യാപക പഠന കോഴ്സുകൾ നവീകരിക്കുന്നത് ദേശീയതലത്തിൽ രൂപീകൃതമായ എൻസിടിഇ ആണ്. ഇവർ പുറത്തിറക്കുന്ന റഗുലേഷൻസ് നമുക്കും ബാധകമാണ്. ഇപ്പോൾ വരുന്ന നിർദേശങ്ങൾ 4 വർഷത്തെ അധ്യാപക വിദ്യാഭ്യാസ കോഴ്സുകൾ വേണം എന്നതാണ്. ഈ നിർദേശം കേരള സാഹചര്യത്തിൽ എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നത് ഉന്നതവിദ്യാഭ്യാസ വകുപ്പുമായും ചർച്ച ചെയ്യേണ്ട ഒന്നാണ്. ഇൻസർവീസ് അധ്യാപക പരിശീലനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ റസിഡൻഷ്യൽ പരിശീലനങ്ങൾ ആരംഭിച്ചു. 6 മാസത്തിലൊരിക്കൽ അധ്യാപകർക്ക് റസിഡൻഷ്യൽ പരിശീലനം നൽകുന്ന കാര്യം പരിഗണനയിലാണ്. അധ്യാപകരുടെ അധ്യയന മികവ് വിലയിരുത്താൻ സംവിധാനം കൊണ്ടുവരുന്ന കാര്യവും ആലോചിക്കുന്നുണ്ട്. പരിശീലനം വഴിയും സ്വയം നവീകരിച്ചും അധ്യാപകർ മാറേണ്ടതായുണ്ട്.

സ്മാർട് ക്ലാസ്റൂമുകൾ വന്നെങ്കിലും പഠന, പരീക്ഷാ രീതികളിൽ അതിനനുസരിച്ചുള്ള മാറ്റമില്ല. പരീക്ഷകളിൽ എന്തുമാറ്റം കൊണ്ടുവരാനാകും ?

സാങ്കേതികവിദ്യാസൗഹൃദ ക്ലാസ് മുറികളാണ് കേരളത്തിലുള്ളത്. ഇത് കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയണം. വിദ്യാഭ്യാസരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് മൂല്യനിർണയ പ്രക്രിയ. നിലവിൽ ടേം ഇവാല്വേഷനും നിരന്തര മൂല്യനിർണയവുമാണു നടത്തിവരുന്നത്. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ പരിഗണിക്കാൻ കഴിയുന്ന മൂല്യനിർണയ പ്രക്രിയ അനിവാര്യമാണ്. സാങ്കേതികവിദ്യ കൂടി ഉപയോഗപ്പെടുത്തി മൂല്യനിർണയം എങ്ങനെ സമഗ്രമാക്കാം എന്നതുകൂടി പരിശോധിക്കുന്നുണ്ട്.

Content Highlight: Interview with education minister V Sivankutty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}