ചവിട്ട് ഭരണകൂടത്തിന്

b-kemal-pasha
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ നരിക്കുനി സ്വദേശി ദിനേശനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യം, ജസ്റ്റിസ് ബി.കെമാൽ പാഷ.
SHARE

ആതുരാലയങ്ങളുടെയും ആതുരസേവകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നിയമം നടപ്പാക്കിയത് ഇടതുമുന്നണിയാണ്. ആ  മുന്നണിയിലെ ഏറ്റവും കരുത്തൻ ഭരിക്കുമ്പോൾ അതേ നിയമം ഇവിടെ ചവിട്ടിമെതിക്കപ്പെടുന്നു. ഒരു സാധുമനുഷ്യന്റെ നെഞ്ചിൽ ചവിട്ടി യുവജനസംഘടന വിപ്ലവം നടപ്പാക്കുന്നു.

കയ്യടി വാങ്ങാൻ പുതിയ നിയമം കൊണ്ടുവരിക, സ്വന്തം ആളുകൾതന്നെ ആ നിയമം ലംഘിക്കുമ്പോൾ നിയമത്തിന്റെ കൈ കെട്ടിയിട്ടു നെഞ്ചിൽ ചവിട്ടുക, സത്യസന്ധരായ ഏതെങ്കിലും ഉദ്യോഗസ്ഥർ ജനങ്ങൾക്കുവേണ്ടി നിയമം നടപ്പാക്കാൻ  ശ്രമിച്ചാൽ രാഷ്ട്രീയമായി സംഘടിച്ചു തെരുവുഗുണ്ടകളുടെ സ്വഭാവം കാണിക്കുക. എല്ലാം ശരിയാക്കുന്നവരല്ല, എല്ലാവരെയും ശരിപ്പെടുത്തിക്കളയുമെന്ന മനോഭാവമുള്ള ചിലരാണ് ഈ നാട് ഭരിക്കുന്നതെന്നു ജനങ്ങൾ പറഞ്ഞുതുടങ്ങി.

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിനു കാവൽ നിന്നിരുന്ന ദിനേശനെന്ന ആ സാധുമനുഷ്യൻ യൂണിഫോമിട്ടു രാജ്യത്തെ സേവിച്ച വിമുക്തഭടനാണ്. സേവനകാലത്തിന്റെ ബാക്കിയായ രോഗങ്ങളും അസ്വസ്ഥതകളും അദ്ദേഹത്തിനുണ്ട്. ആ മനുഷ്യന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി എന്തു വിപ്ലവമാണ് ഭരണപക്ഷത്തെ യുവജന സംഘടന നടപ്പിലാക്കാൻ ഉദ്ദേശിച്ചത്?

ആതുരാലയങ്ങളുടെയും ആതുരസേവകരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നിയമം നടപ്പാക്കിയത് ഇടതുമുന്നണിയാണ്, വളരെ നല്ലത്. ആ നിയമത്തെ എല്ലാവരെയുംകാൾ കൂടുതൽ ബഹുമാനിക്കേണ്ടതും ഇടതുമുന്നണിയാണ്. എന്നിട്ടാണ് ഇടതുമുന്നണി കൊണ്ടുവന്ന നിയമം ഇടതുമുന്നണിയിലെ ഏറ്റവും കരുത്തനെന്നു കരുതപ്പെടുന്ന ഭരണാധികാരി ആഭ്യന്തര വകുപ്പും നാടും ഒരുമിച്ചു ഭരിക്കുമ്പോൾ ഇങ്ങനെ ചവിട്ടിമെതിക്കപ്പെടുന്നത്. ശരിക്കും ആ ചവിട്ടുകൊണ്ടുവീണത് ഭരണകൂടം തന്നെയല്ലേ?

മുൻകാലങ്ങളിലും യുവജനസംഘടനകളുടെ പ്രതിഷേധങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. അതിൽ ശരിയും തെറ്റും കാണും. തെറ്റാണെങ്കിലും ചെയ്തകാര്യം ശരിയെന്നു വിശ്വസിച്ച് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന നേതാക്കളെ അന്നു കാണാമായിരുന്നു.ഇപ്പോഴാകട്ടെ, തീർത്തും തെറ്റായ കാര്യം ചെയ്യുക; എന്നിട്ട് ആദ്യം നിഷേധിക്കുക. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ ഒളിവിൽപോവുക, സമ്മർദം കൂടുമ്പോൾ 7 പ്രതികളിൽ 5 പേർ കീഴടങ്ങുക, 2 പേർ ഒളിവിൽ കഴിഞ്ഞു കേസ് അട്ടിമറിക്കാൻ ചരടുവലിക്കുക, ഒളിവിൽ കഴിയുന്ന പ്രതിയെ കീഴടങ്ങാൻ പ്രേരിപ്പിക്കാൻ പ്രതിയുടെ ഭാര്യയെ ഉപദേശിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി പാർട്ടി നേതൃത്വം തന്നെ പൊലീസ് ആസ്ഥാനത്തേക്കു മാർച്ച് നടത്തുക.

kemal-pasha
ജസ്റ്റിസ് ബി.കെമാൽ പാഷ

ഇവിടെ, പ്രതികൾ ചെയ്ത കുറ്റത്തിനു നീതിബോധവും നിയമപരിജ്ഞാനവുമുള്ള പൊലീസ് ഉദ്യോഗസ്ഥർ രണ്ടു വകുപ്പുകൾ നിർബന്ധമായും ചുമത്തും– വധശ്രമവും ഗുരുതരമായി മുറിവേൽപിക്കലും. രണ്ടും ജാമ്യമില്ലാത്ത വകുപ്പുകളാണ്. പുറത്തു വന്ന ദൃശ്യങ്ങൾ കണ്ടതിനാൽ പൊതുജനങ്ങൾക്ക് ഉത്തമബോധ്യമുള്ള കേസാണിത്. ഇത്തരം വകുപ്പുകൾ ചുമത്തപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കാൻ നാടു ഭരിക്കുന്ന പാർട്ടിയും പാർട്ടിക്കാരും അവരുടെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിക്കുമ്പോൾ പൊതുജനമാണു ബന്ദികളാക്കപ്പെടുന്നത്.

തെറ്റിനു ചുക്കാൻ പിടിച്ചവർ തന്നെ നീതികേടിനു ചൂട്ടും പിടിക്കുന്ന അവസ്ഥ. ഈ മനോഭാവം താഴെനിന്നു തലപ്പത്തേക്കല്ല, തലപ്പത്തുനിന്നു താഴേക്കു വരുന്നതാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവു ശേഖരിക്കാനുമാണു കോടതി ഒന്നര ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. എന്നാൽ, ആറു മണിക്കൂർ പൂർത്തിയാക്കും മുൻപേ അന്വേഷണ സംഘം അവരെ തിരികെ കോടതിയിൽ ഏൽപിച്ചു. അതിനു പറഞ്ഞ കാരണം കേരള പൊലീസിന്റെ ഇന്നത്തെ അവസ്ഥയ്ക്കുള്ള പരസ്യവാചകമാക്കാൻ കഴിയും. ‘‘ പ്രതികൾ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല, അതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുന്നു.’’

ആശുപത്രിക്കു കാവൽ നിന്ന നിസ്സഹായനായ പാവം വിമുക്തഭടനോടു കാണിച്ച ക്രൗര്യത്തിന്റെ പകുതി കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാരും യുവജനസംഘടനക്കാരും ഈ നാട്ടിലെ ലഹരിമരുന്നു വിൽപനക്കാരോടു കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ? അതൊന്നും ചെയ്യാൻ അവരെക്കൊണ്ടാവില്ല, എങ്ങനെയാവാനാണ്? ഒരുകാര്യം പറയട്ടേ– ജനങ്ങൾക്കെല്ലാം മനസ്സിലാവുന്നുണ്ട്.

(ഹൈക്കോടതിയിലെ മുൻ ജഡ്ജിയാണു ലേഖകൻ)

English Summary: Criticism against Attack on Kozhikode medical college security guard

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}