ADVERTISEMENT

പ്രളയവും വെള്ളപ്പൊക്കവും തടയാൻ ഡച്ച് മാതൃകയിൽ കേരളത്തിൽ ‘റൂം ഫോർ റിവർ’ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് കേരളത്തെ അപ്പാടെ തകർത്ത 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘത്തോടൊപ്പം 2019 മേയിൽ നെതർലൻഡ്സ് സന്ദർശിച്ചതിൽനിന്നുയർന്നുവന്ന ആശയമായിരുന്നു അത്. 

വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നൽകുക എന്നതാണ് ‘റൂം ഫോർ റിവർ’ എന്നതിന്റെ അടിസ്ഥാന ആശയം. 2006ൽ ആണ് നെതർലൻഡ്സിൽ റൂം ഫോർ റിവർ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. 2015ൽ പൂർണ തോതിലായി. രാജ്യത്തെ മൂന്നു പ്രധാന നദികളിൽ മുപ്പതോളം സ്ഥലങ്ങളിൽ അവയ്ക്കൊഴുകാൻ കൂടുതൽ ഇടം നൽകി പ്രളയം നിയന്ത്രിക്കുകയാണു ചെയ്തത്. 

കുട്ടനാട് പോലെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഈ ഡച്ച് പദ്ധതി ഏറെ ഉപകരിക്കുമെന്നു കേരള സർക്കാർ വിലയിരുത്തി. നെതർലൻഡ്സിൽനിന്നുള്ള വിദഗ്ധർ കേരളത്തിലെത്തി ചർച്ചകൾ നടത്തി. പദ്ധതിക്കായി കൺസൽറ്റൻസിയെ തിരഞ്ഞെടുക്കുന്ന ടെൻഡറിൽ ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥൻ നേരിട്ട് ഇടപെട്ടെന്ന ആരോപണത്തെത്തുടർന്ന് പഠന റിപ്പോർട്ട് തയാറാക്കുന്ന നടപടികൾ തന്നെ വൈകി. പദ്ധതിയുടെ ഹൈഡ്രോ ഡൈനമിക് പഠനത്തിനായി ചെന്നൈ ഐഐ‍ടിയെ കഴിഞ്ഞ വർഷം മാർച്ചിൽ ചുമതലപ്പെടുത്തിയെങ്കിലും ഈയിടെ മാത്രമാണ് അന്തിമറിപ്പോർട്ട് ലഭിച്ചത്. റിപ്പോർട്ടിലെ ശുപാർശകൾ ജലസേചന വകുപ്പ് പരിശോധിച്ചു വരുന്നതേയുള്ളൂ. പഠന റിപ്പോർട്ട് ത‍യാറാക്കിയതിന് ഒന്നേകാൽ കോടിയോളം രൂപയാണു ചെന്നൈ ഐഐടിക്കു സംസ്ഥാന സർക്കാർ നൽകുകയെന്നു സൂചനയുണ്ട്. 

ലക്ഷങ്ങൾ ചെലവഴിച്ചു നടത്തിയ നെതർലൻഡ്സ് സന്ദർശനം പാഴായെന്ന് ആരോപണം ഉയർന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിതന്നെ രംഗത്തെത്തി. കേരളത്തിലെ റൂം ഫോർ റിവർ പദ്ധതി തുടങ്ങിയിട്ട് രണ്ടു വർഷമേ ആയുള്ളൂവെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു‍വെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. 

എന്നാൽ, പദ്ധതിക്ക് ഏറ്റവും കൂടുതൽ പ്രസക്തിയുള്ള കുട്ടനാട്ടിൽപോലും റൂം ഫോർ റിവർ ഇപ്പോഴും ഇഴയുകയാണ്.  പമ്പയാറും അച്ചൻകോവിലാറും സംഗമിച്ചു കടലിലേക്ക് ഒഴുകുന്ന ഭാഗത്ത് വീതി വളരെക്കുറവാണെന്നതു പരിഗണിച്ച് ഈ ഭാഗത്തി‍ന്റെ വീതി കൂട്ടി‍യെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. വീതി 80 മീറ്ററിൽനിന്ന് 400 മീറ്ററായി ഉയർത്തി, പമ്പയിൽ നിന്ന് 75000 ക്യൂ‍ബിക് മീറ്റർ എക്കലും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടി, ഇതോടെ നദീജലത്തി‍ന്റെ ഒഴുക്ക് സുഗമ‍മായി എന്നൊക്കെയായിരുന്നു വിശദീകരണം. പമ്പയാറും അച്ചൻകോവിലാറും സംഗമിക്കുന്ന കടൽ‍ഭാഗത്ത്  ഇതുവരെ വീതി കൂട്ടിയിട്ടില്ല എന്നതാണു വസ്തുത. ജനങ്ങളെ മാറ്റി‍പ്പാർപ്പിച്ചാൽ മാത്രമേ ഇവിടെ വീതികൂട്ടൽ സാധ്യമാവൂ.  ഇതിനു കാലതാമസം നേരിടും.  

പമ്പയിൽനിന്ന് എക്കലും ചെളിയും നീക്കി ആഴം കൂട്ടുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് പ്രളയത്തി‍ന്റെ പ്രധാന കാരണമെന്നും കടലിലേക്കു ജലമൊഴുക്കാൻ തോട്ടപ്പള്ളി സ്പിൽവേയിൽ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർധിപ്പിച്ചതു പ്രളയതീവ്രത കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, തോട്ടപ്പള്ളി സ്പിൽവേയിൽ രണ്ടു വർഷമായി പൊഴി മുറിഞ്ഞു കിടക്കുകയാണ്. കരിമണൽ ഖനനം വിവാദ‍മായതും പദ്ധതി മന്ദഗതി‍യിലാക്കി. 

മൂന്നു കോടി ഘനമീറ്റർ മണ്ണും എക്കലും ചെളിയുമാണ് സംസ്ഥാനത്തെ 44 നദികളിലും കനാലുകളിലുമായി അടിഞ്ഞുകൂടി കിടക്കുന്നതെന്നാ‍ണു ജലസേചന വകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ, ഒരു കോടി ഘനമീറ്റർ മണ്ണും എക്കലും മറ്റും മാത്രമാണ് ഇതു വരെ നീക്കം ചെയ്തത്. നീക്കിയ മണ്ണും എക്കലും ലേലം പിടിക്കാൻ പലയിടത്തും ആളില്ല. ചെളിനീക്കലിന്റെ മറവിൽ പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളി‍ൽ മണൽക്കൊള്ള‍യാണെന്നാണ് ആരോപണം. പദ്ധതിയുടെ പേരിൽ കണ്ണൂരിൽ പുഴകളുടെ ശുദ്ധീകരണമോ ആഴംകൂട്ടലോ നടന്നിട്ടില്ല. അതേസമയം, പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ചാലക്കുടിപ്പുഴയിൽ ആഴംകൂട്ടലും എക്കൽ നീക്കലും ഏറക്കുറെ പൂർത്തിയായി. 

കാസർകോട് ജില്ലയിലെ 8 പുഴകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കുന്നതു പൂർത്തിയായിട്ടില്ല. കൊല്ലം, ഇടുക്കി ജില്ലകളിൽ പദ്ധതി പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പമ്പാനദിയിൽ ജലസേചന വകുപ്പ് 4 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും സർക്കാർ ഇതുവരെ 53 ലക്ഷം രൂപ മാത്രമാണു നൽകിയത്. നെതർലൻഡ്സും കുട്ടനാടും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ശാസ്ത്രീയ മാർഗങ്ങളിലൂടെ ഇതു പരിഹരിച്ച് എത്രയും വേഗം പദ്ധതി യാഥാർഥ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കാ‍നാണു സംസ്ഥാന സർക്കാരും ചുമതലയുള്ള ജലസേചന വകുപ്പും ശ്രമിക്കേണ്ടത്. ഇനിയൊരു പ്രളയംകൂടി കേരളത്തിനു താങ്ങാൻ കഴിഞ്ഞെന്നു വരില്ല.

English Summary: Kerala to emulate the Dutch model to fight floods: Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com