ആധുനികതയുടെ പ്രവാചകൻ

HIGHLIGHTS
  • ശ്രീനാരായണ ഗുരു സമാധിദിനം ഇന്ന്
guru-rafeeq-ahammed
ശ്രീനാരായണഗുരു, റഫീക്ക് അഹമ്മദ്
SHARE

മതബോധ്യങ്ങളിലെ ഹിംസാത്മകതയെ പരിശുദ്ധമായ തിരിമറി പ്രക്രിയയിലൂടെ ശ്രീനാരായണഗുരു സംസ്കരിച്ചെടുത്തു. സാഹോദര്യമാണ്, മൈത്രിയാണ് യഥാർഥമതമെന്നും അത് മനുഷ്യരിൽ മാത്രമായി ഒതുങ്ങുന്നതല്ലെന്നുമുള്ള ദർശനമാണ് അദ്ദേഹം പങ്കുവച്ചത്. 

1916ൽ ആലുവ അദ്വൈതാശ്രമത്തിൽ ‘നമുക്കു മതമില്ല’ എന്ന വിളംബരം നടത്തുന്നതിനും എത്രയോ മുൻപുതന്നെ ശ്രീനാരായണഗുരു മതം വിട്ടിരുന്നു. സനാതന ധർമം എന്നറിയപ്പെട്ട സാംസ്‌കാരികവിശാലതയെ ചുരുക്കിച്ചെറുതാക്കുന്നതിനെ  ഗുരു അനുകൂലിച്ചില്ല. മതപരിവർത്തന വാദത്തെ എതിർത്തതിന്റെ കാരണമതാകാം. എണ്ണിയാൽ തീരാത്ത ദർശനങ്ങളും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളുമായി പടർന്നുപന്തലിച്ച നമ്മുടെ സംസ്‌കാരത്തെ ഏകശിലാരൂപമാക്കുകയോ ആയിരക്കണക്കിനു മതങ്ങളിൽ ഒന്നു മാത്രമാക്കി മാറ്റുകയോ ചെയ്യുന്നതു പാതകമാണ്. അങ്ങനെ ചെയ്യുന്നവർ, ആ സംസ്‌കാരത്തിന്റെ ശത്രുക്കൾ എന്ന് ആക്ഷേപിക്കപ്പെടുന്നവരെക്കാൾ അപകടകാരികളുമാണ്.

ഈശ്വരനും ചില വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ മാത്രമേ സാധാരണ ജനങ്ങൾക്കു വേണ്ടൂ. പ്രപഞ്ചസത്യത്തെക്കുറിച്ചും പരംപൊരുളിനെക്കുറിച്ചുമൊക്കെ അന്വേഷിക്കുന്നവർക്കാകട്ടെ, മതം വലിയ പ്രസക്തിയുള്ളതല്ലതാനും. എന്നാൽ, പൗരോഹിത്യത്തിനും അധികാര രാഷ്ട്രീയത്തിനും മതം ആവശ്യമുണ്ട്. അവർക്കത്  ആത്മാന്വേഷണത്തിനോ മോക്ഷത്തിനോ സത്യാന്വേഷണത്തിനോ വേണ്ടിയുള്ളതല്ലതാനും. ഈ പരിസരത്തിലാണ് മതം വേണ്ട എന്ന ഗുരുവചനത്തെ കാണേണ്ടത്. 

ഇന്ത്യൻ സംസ്‌കാരത്തിൽ മതം എന്നാൽ അഭിപ്രായമാണ്. അതു സംവാദത്തിനു സാധ്യതയുള്ളതുമാണ്. ഉപനിഷത്തുക്കളുടെ തുടക്കംതന്നെ സംവാദത്തിൽ ഊന്നിക്കൊണ്ടുള്ള ശാന്തിപാഠത്തിലൂടെയാണ്. എന്നാൽ, സെമിറ്റിക് സ്വാധീനത്തിലൂടെ രൂപപ്പെട്ട പാശ്ചാത്യചിന്തയിൽ മതം കേവലം അഭിപ്രായമല്ല. അതു കൃത്യമായ ലക്ഷണങ്ങളോടുകൂടിയ വിശ്വാസപ്രമാണങ്ങളും ആചാരങ്ങളും അനുഷ്ഠാനസമ്പ്രദായങ്ങളുമുള്ള സംഘടിതമായ മനുഷ്യക്കൂട്ടമാണ്. ഇതു വളരെ നേരത്തേ ബോധ്യമായി എന്നതാണു ഗുരുവിന്റെ മഹത്വങ്ങളിലൊന്ന്.

ഗുരു ജാതിയെ വിടുന്നത് ഒരുഘട്ടം കഴിഞ്ഞാണ്. ജാതി വിട്ടതായി ഒരാൾക്കു സ്വയം വിചാരിക്കാമെങ്കിലും സമൂഹം അത് അനുവദിച്ചു തരില്ല. പശുവിനു പശുത്വം എന്നതുപോലെ മനുഷ്യനു മനുഷ്യത്വമാണ് ജാതി എന്ന  ലളിതമായ അറിവ് ഇല്ലാത്ത പണ്ഡിതൻമാർ ഏറെയുണ്ട് നമ്മുടെ സമൂഹത്തിൽ. ശാസ്ത്രീയ അറിവുകൊണ്ടു മാത്രമേ അതു പരിഹരിക്കാനാകൂ.  അതുകൊണ്ടാണ് ഇനിമേൽ ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണു വേണ്ടതെന്നു ഗുരു പറയുന്നത്. വിദ്യാലയങ്ങൾ പെരുകിയിട്ടും അഭ്യസ്തവിദ്യർ ഏറെയുണ്ടായിട്ടും ജാതി പോയില്ല എന്നതു മറ്റൊരു കാര്യം. അതിന്റെ കാരണം തിരയേണ്ടത് ആധുനിക വിദ്യാഭ്യാസ രീതിയുടെ അപര്യാപ്തതകളിലാണ്.

പരിശുദ്ധമായൊരു തിരിമറി പ്രക്രിയയിലൂടെ മതബോധ്യങ്ങളിലെ ഹിംസാത്മകതയെ ഗുരു സംസ്കരിച്ചെടുത്തു. ഗാന്ധിജിയും അതാണു ചെയ്തത്. മതത്തിനുള്ളിൽ നിന്നുള്ള കളിയായിരുന്നു അത്. നിങ്ങളുടെ മതമോ രാഷ്ട്രീയമോ അടിസ്ഥാനപരമായി അഹിംസാത്മകവും മാനവികവും പുരോഗമനപരവുമാണെന്ന് അത്തരത്തിലുള്ള മനുഷ്യക്കൂട്ടങ്ങളോടു പറയുകയാണ് ചെയ്തത്. അതങ്ങനെ അല്ലെങ്കിൽപോലും മതാനുയായിക്കും പാർട്ടിക്കാരനും അതു സമ്മതിക്കേണ്ടി വരും. ആധുനിക ലോകബോധം അക്രമത്തിന്റെയോ ഹിംസയുടെയോ കൂടെ നിൽക്കില്ലെന്നതുകൊണ്ടാണത്.

മതത്തെ നിരസിക്കുന്ന പലർക്കും ആ തിരിച്ചറിവ് ഇല്ലാതെ പോകുന്നു. അവർ ജാതിമതാദികൾ സമൂലം തുടച്ചുമാറ്റാം എന്ന കിനാവിലാണുള്ളത്. മതത്തിനു വെളിയിൽ നിന്നുകൊണ്ട് നിങ്ങളുടെ മതം അങ്ങേയറ്റം പ്രാകൃതവും കിരാതവുമാണെന്നു പറഞ്ഞുറപ്പിക്കാൻ ശ്രമിക്കുകയാണ് അവർ. അതുമൂലം മതം കൂടുതൽ പ്രതിരോധസജ്ജവും തീവ്രവാദപരവുമായി മാറുന്നു.

ഒരു പീഡ എറുമ്പിനും വരുത്തരുതെന്നും, അവനവനാത്മ സുഖത്തിനായിച്ചെയ്യുന്നതു പോലും അപരനു സുഖമായി വരേണമെന്നുമാണു ഗുരു പറഞ്ഞത്. സാഹോദര്യമാണ്, മൈത്രിയാണ് യഥാർഥമതം എന്നും അതു മനുഷ്യരിൽ മാത്രമായി ഒതുങ്ങുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. അന്തമറ്റ ദുരാചാരങ്ങളുടെ അസംബന്ധത ചൂണ്ടിക്കാണിച്ചു. അറിവാണു പ്രധാനം എന്നും വിദ്യ നേടുവിൻ എന്നും ഉപദേശിച്ചു. അനുകമ്പയായിരിക്കണം സഹജഭാവം എന്നു നിർദേശിച്ചു. സർവമതവും ഏകം എന്ന പൊരുളിലൂടെ അനുഷ്ഠാന മതങ്ങളുടെ അസ്തിവാരങ്ങളെ ദുർബലമാക്കി. 

ഇരുട്ടിൽനിന്ന് ഒരുവനെ കടുത്ത വെളിച്ചത്തിലേക്ക് ഉന്തിത്തള്ളിവിട്ടാൽ ആ പ്രകാശപ്രഹരത്തിൽ അയാൾക്കു കാഴ്ചതന്നെ പോയേക്കാം. അതു മനസ്സിലാക്കിവേണം ആളുകളുടെ മതബോധ്യങ്ങളിൽ ഗാന്ധിജിയും ഗുരുവും വരുത്തിയ പരിവർത്തനങ്ങളെ വിലയിരുത്താൻ. ശ്രീനാരായണീയ ദർശനങ്ങളെയോ ഗാന്ധിയൻചിന്തകളെയോ വിമർശനാത്മകമായി സമീപിക്കുമ്പോൾ അക്കാര്യം മനസ്സിലുണ്ടാകണം. അവരുടെ പ്രവാചകത്വം അപാരമായ ഉൾവെളിച്ചത്തിൽ നിന്നുള്ളതാണ്. അങ്ങനെയാണ് ശ്രീനാരായണഗുരു ആധുനിക ലോകത്തിന്റെ പ്രവാചകനാകുന്നത്.

(കവിയും ഗാനരചയിതാവുമാണ് ലേഖകൻ)

English Summary: Narayana Guru’s ideas are more relevant than before: Rafeeq Ahammed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}