ADVERTISEMENT

സിപിഐ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ ബംഗാളിൽനിന്നു പാർട്ടിക്ക് സ്തോഭജനകമായ ഒരു വാർത്തയെത്തി. ഈ മാസം തന്നെ നടന്ന ബംഗാൾ സംസ്ഥാന സമ്മേളനത്തിൽനിന്നു മൂന്നിലൊന്നോളം പ്രതിനിധികൾ ഇറങ്ങിപ്പോയി! ഇന്ദ്രജിത് ഗുപ്തയുടെയും ഹിരൺ മുഖർജിയുടെയും നാട്ടിലെ സമ്മേളനമാണു പ്രതിനിധികൾതന്നെ ബഹിഷ്കരിച്ചത്.

ബംഗാളിലെ സംഘടനാതർക്കങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര നേതൃത്വത്തിനുള്ള വൈമുഖ്യമാണ് ഒരു വിഭാഗം പ്രതിനിധികളുടെ പ്രതിഷേധത്തിൽ കലാശിച്ചത്. വിമുഖതയല്ല, കഴിവുകേടാണു കാരണമെന്നു പരിഹസിക്കുന്നവരും പാർട്ടിയിൽത്തന്നെയുണ്ട്.
ഇടതുപക്ഷത്തിന്റെ ഭൂമിയായിരുന്ന ബംഗാളിൽ സിപിഎമ്മിനു മാത്രമല്ല അടിതെറ്റിയതെന്നു ചുരുക്കം. ബംഗാളിലെ പാർട്ടിയുടെ ആകെ അംഗസംഖ്യ വെറും 28,000. ആ സംസ്ഥാനത്തെ കവച്ചുവയ്ക്കാൻ കൊച്ചു കേരളത്തിലെ ഒറ്റ ജില്ല മതി: കൊല്ലം, അംഗസംഖ്യ 35,000.
ഇടതുപക്ഷം ഭരിച്ച ത്രിപുരയിലെ സിപിഐ അംഗസംഖ്യ പുറത്തുപറയാൻ കൊള്ളില്ല; ആയിരത്തിൽ താഴെ. കേരളത്തിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള വയനാട്ടിൽ(2000)പോലും അതിലും മെച്ചമാണു സ്ഥിതി.

ജില്ലകളിലെ പടയൊരുക്കം

പാർട്ടിയെ ദേശീയതലത്തിൽ വളർത്താൻ കഴിയുന്ന ശക്തമായ കേന്ദ്ര നേതൃത്വത്തിന്റെ അഭാവം സിപിഐക്കുള്ളിൽ സജീവ ചർച്ചയ്ക്കു വിധേയമാകുന്നതിനിടയിലാണ്, കേരള നേതൃത്വത്തിനെതിരെ ജില്ലകളിൽ കലാപക്കൊടി ഉയർന്നത്. ഈ 30ന് തലസ്ഥാനത്തു കൊടിയേറുന്ന സംസ്ഥാന സമ്മേളനത്തിലും ആ വിമതനീക്കം പടരുമോ? ഒക്ടോബർ മൂന്നിനാണ് സെക്രട്ടറി തിരഞ്ഞെടുപ്പ്. കോടിയേരി ബാലകൃഷ്ണനു പകരം സിപിഎമ്മിൽ എം.വി.ഗോവിന്ദൻ വന്നതുപോലെ സിപിഐയിലും പുതുനേതൃത്വം ഉദയം ചെയ്യുമോ?

Kanam-Rajendran
കാനം രാജേന്ദ്രൻ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാർട്ടിയിൽ പടനീക്കം ഉണ്ടെന്നതു വളരെ പ്രകടം. ഒടുവിൽ നടന്ന മലപ്പുറം ജില്ലാ സമ്മേളനത്തിലും സെക്രട്ടറി സ്ഥാനത്തേക്കു വോട്ടെടുപ്പു നടന്നു. കാനത്തിന്റെ നേതൃത്വം മുന്നോട്ടുവച്ച നോമിനി ജയിക്കുമെന്ന് ഉറപ്പായിട്ടും ഇസ്മായിൽ പക്ഷം എതിരാളിയെ നിർത്തിയതു വെല്ലുവിളി സൂചന നൽകാൻ തന്നെയാണ്. പാർട്ടിയിൽ ഏകസ്വരം മാത്രമേ ഉള്ളൂവെന്ന തെറ്റിദ്ധാരണ വേണ്ടെന്ന സന്ദേശമാണ് അവർ നൽകിയത്.

കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണു വോട്ടെടുപ്പു നടന്നത്. സംസ്ഥാന സമ്മേളനത്തിലേക്കു കടക്കുമ്പോൾ കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം, പാലക്കാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ കാനം പക്ഷം ആധിപത്യം നേടി. പാർട്ടി ശക്തമായ ജില്ലകളിൽ മേൽക്കൈ ഉണ്ട് എന്നതിന്റെ അർഥം സംസ്ഥാന സമ്മേളന പ്രതിനിധികളിലും കാനം വിഭാഗത്തിനാണു മേൽക്കൈ എന്നുതന്നെ. എന്നാൽ, 14 ജില്ലകളിലും കാനത്തിന്റെ നേതൃത്വത്തിനെതിരെ വിമർശനങ്ങളും ഉയർന്നു. അത് എതിർചേരിക്ക് ഉത്തേജനം പകരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് അവർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അപ്പോഴും, കാനം സ്വയം പിന്മാറാതെ, അദ്ദേഹത്തെ നിർബന്ധിച്ചു മാറ്റുകയോ മത്സരം സംഘടിപ്പിച്ച് അട്ടിമറിക്കുകയോ എളുപ്പമാകില്ല.

കേന്ദ്രം ആർക്കൊപ്പം?

ഡി.രാജയും അതുൽകുമാർ അഞ്ജാനുമാണ് കേരള സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽനിന്ന് എത്തുന്നത്. കാനം, ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മായിൽ എന്നിവരാണു ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മറ്റുള്ളവർ. ദേശീയ നിർവാഹകസമിതി അംഗവും മലയാളിയുമായ ആനി രാജയെ ക്ഷണിച്ചില്ലെന്നതു പ്രത്യേകം ശ്രദ്ധിക്കണം. സെക്രട്ടറിയെ നിർദേശിക്കാൻ ദേശീയ നിർവാഹകസമിതി അംഗങ്ങൾ ഇരുന്നാൽ അതിൽ കാനത്തിനുവേണ്ടി കടുകിട മാറാതെ വാദിക്കുന്നതു പന്ന്യൻ രവീന്ദ്രൻ മാത്രമായിരിക്കും. അതേസമയം, സമ്മേളന ‘ട്രെൻഡ്’ കാനത്തിന് അനുകൂലമായാൽ മറ്റുള്ളവർക്കും മറ്റൊരു നിലപാട് എടുക്കാൻ കഴിയില്ല.

D-Raja
ഡി. രാജ. ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ

സിപിഐയുടെ ചരിത്രത്തിൽ വൻ അഴിച്ചുപണി പ്രതിഫലിക്കുന്നതാകും തിരുവനന്തപുരം സമ്മേളനം തിരഞ്ഞെടുക്കുന്ന കൗൺസിൽ. സംസ്ഥാന കൗൺസിലിലെ 40 പേർ 50 വയസ്സിൽ താഴെ ഉള്ളവരായിരിക്കണം എന്നതാണ് പുതിയ വ്യവസ്ഥ. സിപിഎമ്മിലേതു പോലെ, സംസ്ഥാന സമിതിയുടെ പാനൽ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വം അവതരിപ്പിക്കുന്ന രീതിയല്ല സിപിഐയിൽ. ഓരോ ജില്ലയിൽ നിന്നുമുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളെ ആ ജില്ലയിലെ പ്രതിനിധികൾ ചേർന്നു തിരഞ്ഞെടുക്കുകയാണ്. അങ്ങനെ തിരഞ്ഞെടുക്കുന്ന സംസ്ഥാന കൗൺസിൽ പട്ടികയിൽ പിന്നെയൊരു മത്സരത്തിനു സാധ്യത തീരെയില്ല.

അപ്പോൾ സെക്രട്ടറി സ്ഥാനത്തേക്കു മാത്രമായി മത്സരം? കാനത്തിന്റെ പിൻഗാമിയാകാൻ ആഗ്രഹിക്കുന്നവർ ബിനോയ് വിശ്വവും കെ.പ്രകാശ്ബാബുവുമാണ്. 2015ലെ കോട്ടയം സംസ്ഥാന സമ്മേളനത്തിൽ കാനം സെക്രട്ടറിയാകുമ്പോൾ 1.20 ലക്ഷം ആയിരുന്നു പാർട്ടി അംഗസംഖ്യ. ഇപ്പോഴത് 1.77 ലക്ഷമാണ്. ബ്രാഞ്ചുകൾ 8,500ൽനിന്ന് 11,500 ആയി. സിപിഐയുടെ പരിതാപകരമായ സ്ഥിതിയിൽനിന്നു വ്യത്യസ്തമായി പാർട്ടിക്കു ശ്രദ്ധേയ വളർച്ചയുള്ള സംസ്ഥാനത്തെ സെക്രട്ടറിക്കു നേരെ കണ്ണുരുട്ടാൻ കേന്ദ്രവും പ്രതിനിധികളും മുതിരുമോ? കേന്ദ്ര നേതൃത്വത്തിനു കീഴ്പ്പെടാതെ അവരെ ചോദ്യംചെയ്ത ചരിത്രം കാനത്തിനുണ്ട്. സംസ്ഥാന സമ്മേളനത്തിൽ മറുപടി നൽകാൻ ഡി.രാജ തുനി‍ഞ്ഞാൽ തിരുവനന്തപുരം സമ്മേളനത്തിൽ നാടകീയമായ ചിലതു സംഭവിക്കാം.

Content Highlight: Keraleeyam- Political analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com