നമ്മുടെ തോട്ടങ്ങൾ പുതുഫലമണിയട്ടെ

HIGHLIGHTS
  • തോട്ടംമേഖലയെ രക്ഷിക്കാൻ വൈവിധ്യവൽക്കരണം
മാട്ടുപ്പെട്ടി തേയിലത്തോട്ടം
മാട്ടുപ്പെട്ടി തേയിലത്തോട്ടം
SHARE

മറ്റു മേഖലകളിൽ ഒട്ടേറെ പുത്തൻ തൊഴിലവസരങ്ങളും സംരംഭങ്ങളുമൊക്കെയുണ്ടായ ശേഷവും കേരളത്തിൽ ഏറെപ്പേർ ഉപജീവനം കണ്ടെത്തുന്ന മേഖലയാണു തോട്ടങ്ങൾ. റബർ, കാപ്പി, തേയില, ഏലം, കുരുമുളക് തുടങ്ങിയവ ഉൽപാദിപ്പിക്കുന്ന തോട്ടങ്ങൾ അടുത്തകാലംവരെ സംസ്ഥാനത്തിന്റെ അഭിമാനമായിരുന്നു. മൂന്നര ലക്ഷത്തോളം പേർക്കു തൊഴിൽ നൽകുന്നതിനൊപ്പം കേരളത്തെ ഹരിതാഭമായി നിലനിർത്തുന്നതിലും വലിയ പങ്കു വഹിക്കുന്ന തോട്ടങ്ങൾ നിർഭാഗ്യവശാൽ ഏതാനും വർഷങ്ങളായി കടുത്ത പ്രതിസന്ധി നേരിടുകയാണ്. 

പ്രകൃതിക്ഷോഭം, കാലാവസ്ഥാമാറ്റം, കുറയുന്ന ഉൽപാദനക്ഷമത എന്നിങ്ങനെ പ്രതികൂല ഘടകങ്ങളുടെ ഘോഷയാത്ര തന്നെ നമ്മുടെ തോട്ടം മേഖലയെ ഞെരുക്കുന്നു. അടിസ്ഥാനപ്രശ്നം സാമ്പത്തികത്തളർച്ച തന്നെയാണ്. പൊതുവിപണിയിലെ വിലവർധനയ്ക്ക് ആനുപാതികമായി തോട്ടങ്ങളിലെ ഉൽപന്നങ്ങളുടെ വില വർധിക്കുന്നില്ലെന്നു മാത്രമല്ല, വേതനച്ചെലവ് ഉയർന്നുവരികയുമാണ്. തോട്ടമുടമകൾക്ക് ആഭ്യന്തര വിപണിയിൽപോലും വേണ്ടവിധം മത്സരിക്കാൻ സാധിക്കാത്ത കഷ്ടസാഹചര്യമാണ് ഇപ്പോഴുള്ളത്. ദക്ഷിണേന്ത്യയിലെ തോട്ടമുടമകളുടെ സംഘടനയായ ‘ഉപാസി’  തമിഴ്നാട്ടിലെ കൂനൂരിൽ നടത്തിയ വാർഷിക സമ്മേളനം ആഴത്തിൽ ചർച്ച ചെയ്തതും ഈ വിഷയങ്ങളാണ്. തോട്ടം മേഖലയിൽ ബഹുവിളക്കൃഷിയും വൈവിധ്യവൽക്കരണവും ഊർജിതമാക്കണമെന്ന നിർദേശമാണ് അവർ മുന്നോട്ടു വച്ചിട്ടുള്ളത്.

പുതിയ വിളകൾ പ്ലാന്റേഷൻ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങൾ ഭൂപരിഷ്കരണ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നു ചൂണ്ടിക്കാട്ടിയ സമ്മേളനം, സർക്കാരുകളുടെ വികസന പദ്ധതികളിൽ വൻകിട തോട്ടം മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ കൂടുതൽ സഹായ പദ്ധതികൾ വേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. വാഹനവിപണിയുടെ വളർച്ച ഉൾപ്പെടെയുള്ള കാരണങ്ങളാൽ റബറിന് ആവശ്യമുയരുമ്പോഴും രോഗവും കാലാവസ്ഥാവ്യതിയാനവും വിലയിടിവിനെത്തുടർന്നുള്ള കർഷകരുടെ പിന്മാറ്റവും മൂലം ആവശ്യത്തിന് ഉൽപന്നം അടുത്ത ദശാബ്ദത്തിൽ ഉറപ്പുവരുത്താൻ കഴിയുമോയെന്ന ആശങ്ക ഉപാസി പങ്കുവയ്ക്കുന്നു. റബർ മേഖലയിൽ വൈവിധ്യവൽക്കരണത്തിനും പഠനത്തിനും കൂടുതൽ പണം ചെലവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ ഏകീകൃതമല്ലാത്ത ഔഷധക്കൃഷി മേഖലയ്ക്ക് ആഗോളവിപണിയിൽ വൻ സാധ്യതയുണ്ടെന്നു സമ്മേളനം വിലയിരുത്തി.

കേരളത്തിന്റെ മൊത്തം കൃഷിഭൂമിയുടെ 27.5% തോട്ടം മേഖലയാണ്. എല്ലാ തോട്ടങ്ങളും പ്രതിസന്ധിയിലായ സാഹചര്യത്തിൽ എത്രയുംവേഗം ഈ മേഖലയ്ക്കു ജീവവായു ലഭിച്ചേ തീരൂ എന്നതു കാർഷിക കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിൽ പഴങ്ങൾ കൂടുതലായി ഉൽപാദിപ്പിച്ചാൽ അതിലൂടെ പരാശ്രയത്വം കുറയ്ക്കാനും മൂല്യവർധന നടത്താനും സാധിക്കുമെന്നു മാത്രമല്ല, തോട്ടം മേഖലയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്യും. രണ്ടാം പിണറായി മന്ത്രിസഭ വന്നശേഷം ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ആദ്യ ബജറ്റിൽ ഇതിനുവേണ്ട ദിശാസൂചന ഉൾപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. തോട്ടം മേഖലയിൽ പഴവർഗങ്ങൾ കൃഷി  ചെയ്യാനും സംസ്കരണവും വിപണനവും സാധ്യമാക്കാനുമുള്ളതായിരുന്നു ആ ബജറ്റ് നിർദേശം. 

തോട്ടം മേഖലയുടെ നവീകരണത്തിനും വൈവിധ്യവൽ‍ക്കരണത്തിനുമായി പ്രത്യേക പഠനത്തിനു സംസ്ഥാന സർക്കാർ അനുമതി നൽകിയത് ഈ സാഹചര്യത്തിൽ പുതിയ പ്രതീക്ഷകളിലേക്കു വാതിൽ തുറക്കുന്നു. അടുത്ത മാസം പഠനം തുടങ്ങും. തോട്ടം തൊഴിലാളികൾക്കും ജീവ‍നക്കാർക്കും നൈ‍പുണ്യ പരിശീലനത്തിനു തൊഴിലുടമകൾക്കു സാമ്പത്തിക സഹായം നൽകാനും തീരുമാനമുണ്ടായിക്കഴിഞ്ഞു. വ്യവസായ വകുപ്പിനു കീഴിലുള്ള പ്ലാന്റേഷൻ ഡയറക്ടറേറ്റ് കേരളത്തിലെ തോട്ടം ഉടമകളുമായി നടത്തിയ പ്രാഥമിക ചർച്ചയിലാണ് ഈ തീരുമാനങ്ങൾ. തോട്ടവിളകൾക്കു ന്യായവില, ഇൻഷുറൻസ് പരിരക്ഷ, തൊഴിലാളികൾക്കു വേതന പരിഷ്കരണം എന്നിവ വിശദചർച്ചയ്ക്കുശേഷം അടുത്ത വർഷം നടപ്പാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. 

ആദായക്ഷമമാകുന്നതുവരെ പിടിച്ചുനിൽക്കാനുള്ള സഹായഹസ്തം നീട്ടുന്നതിനൊപ്പം ആദായത്തിലേക്കു തിരിച്ചെത്താനുള്ള സാഹചര്യം സൃഷ്ടിക്കുകകൂടി ചെയ്താൽ മാത്രമേ നമ്മുടെ തോട്ടങ്ങൾ ആത്മവിശ്വാസത്തോടെ ഇനിയുമേറെക്കാലം നിലനിൽക്കൂ. ഫലവർഗക്കൃഷിയും അനുബന്ധ സാധ്യതകളും  കോവിഡ് അനന്തര കാലത്ത് ഈ മേഖലയിൽ പുതിയ വഴിതുറക്കുമെന്നാണു പ്രതീക്ഷ.

English Summary: Upgrading plantation sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}