ADVERTISEMENT

പഠനം ആഘോഷമാക്കുക എന്നതാണു ഫിൻലൻഡിലെ സ്കൂൾ സംവിധാനത്തിന്റെ പ്രത്യേകത. കണ്ടും കേട്ടും തൊട്ടും കുട്ടികൾ അറിവ് നേടുന്നു. അവിടെ അടിച്ചേൽപിക്കലുകളില്ല. അധ്യാപകർക്കും വിദ്യാർഥികൾക്കും പൂർണസ്വാതന്ത്യ്രം

ഫിൻലൻഡിലെ സ്കൂൾ വിദ്യാഭ്യാസ മാതൃക പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും  മന്ത്രി വി.ശിവൻകുട്ടിയും അങ്ങോട്ടേക്കു പോകുകയാണ്. ഗുണമേന്മയുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു ലോകത്തെ ഏറ്റവും സ്വീകാര്യമായ മാതൃകകളിലൊന്നാണ് ഫിൻലൻഡിലേത്. പൂർണമായി സർക്കാർ ഉടമസ്ഥതയിലാണു സ്കൂളുകൾ. 6 വയസ്സ് പൂർത്തിയായിട്ടേ പ്രീസ്കൂൾ പഠനം തുടങ്ങൂ. 1-9 ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസം നിർബന്ധമാണ്. അതിനുശേഷം 3 വർഷം അപ്പർ സെക്കൻഡറി വിദ്യാഭ്യാസം.

അധ്യാപകർക്ക് സ്വാതന്ത്ര്യം

ഫിന്നിഷ് വിദ്യാഭ്യാസ രീതിയിൽ അടിച്ചേൽപിക്കൽ നന്നേ കുറവാണ്. പാഠ്യപദ്ധതി രൂപീകരണം മുതൽ ക്ലാസ് മുറി അച്ചടക്കം വരെയുള്ള കാര്യങ്ങളിൽ ഈ ‘തുറന്ന’ സമീപനം കാണാം. തലസ്ഥാനമായ ഹെൽസിങ്കിയിലെ ‘കുളൊസാരി യുഹ്തേയിസ്’ സ്കൂളിൽ കണക്ക്, ഫിസിക്സ് അധ്യാപകനായ കോട്ടയം അമലഗിരി സ്വദേശി ടോമി ചെറിയാന്റെ വാക്കുകൾ ശ്രദ്ധിക്കൂ...‘‘ ക്ലാസിൽ കണക്കിന്റെ 30 മിനിറ്റ് പരീക്ഷ നടത്തിയെന്നു വയ്ക്കുക. അതുകഴിഞ്ഞാലുടൻ 30 മിനിറ്റ് വിദ്യാർഥിക്കു സ്വയം വിലയിരുത്താനുള്ള സമയമാണ്.  പഠിച്ച കാര്യങ്ങളും പരീക്ഷയും അടിസ്ഥാനമാക്കി തന്റെ ‘പ്ലസും മൈനസും’ വിദ്യാർഥി അധ്യാപകരോടു പറയണം. 

tomy
ടോമി ചെറിയാൻ

അധ്യയനരീതിക്ക് ഉദാഹരണമായി ഒരു ഫിസിക്സ് ക്ലാസ് എടുക്കാം. ‘കളർ ആൻഡ് ലൈറ്റ്’ ആണു പാഠം. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ലൈറ്റ് സെൻസർ കൊടുത്തു സ്കൂളിനു ചുറ്റും നടക്കാൻ വിട്ടു. ക്ലാസിൽ തിരിച്ചെത്തിയ ശേഷം കുട്ടികൾ തങ്ങൾ ശ്രദ്ധിച്ച കാര്യങ്ങൾ പറഞ്ഞു. അപ്പോൾ അതിനു പിന്നിലെ സയൻസ് അവർക്കു പറഞ്ഞുകൊടുത്തു. പൊതുവേ ഇതാണു രീതി. പൊതുവായ പഠനക്രമമുണ്ടാകും. അത് അടിസ്ഥാനപ്പെടുത്തി പാഠ്യപദ്ധതി രൂപപ്പെടുത്തേണ്ടതും കാര്യക്ഷമമായി പഠിപ്പിക്കേണ്ടതും കുട്ടികളെ വിലയിരുത്തേണ്ടതും അധ്യാപകരുടെ കടമയാണ്.’’

പാഠ്യപദ്ധതി എങ്ങനെ രൂപപ്പെടുത്താം, എങ്ങനെ പ്രയോഗവൽക്കരിക്കാം, കുട്ടികളിൽ അതിന്റെ ഫലം എങ്ങനെ വിലയിരുത്താം - ഈ മൂന്ന് അടിസ്ഥാന കാര്യങ്ങളിൽ അധ്യാപകർക്കു വലിയ സ്വാതന്ത്ര്യമുണ്ട്. പാഠ്യപദ്ധതിക്കു പുറമേയുള്ള ജോലികൾക്കൊന്നും അധ്യാപകരെ നിയോഗിക്കാറില്ല. അധ്യാപകർ സ്വതന്ത്രമായി രൂപപ്പെടുത്തുന്ന ക്ലാസ്മുറി അധ്യാപക കേന്ദ്രീകൃതമാകാൻ സാധ്യതയില്ലേയെന്നു ചോദ്യമുയരാം. പഠനപ്രവർത്തനങ്ങളിൽ കുട്ടികൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം ഈ ചോദ്യത്തിനുള്ള മറുപടിയാണ്. 

കുട്ടികളുടെ ‘സ്വന്തം’ പഠനം

കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പരാശ്രയം കൂടാതെ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതു ഫിന്നിഷ് ജനതയുടെ രീതിയാണ്. ക്ലാസ് നടത്തിപ്പിൽ കുട്ടികൾക്കു കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകും; അവരുമായി ചർച്ച ചെയ്തു തീരുമാനങ്ങളെടുക്കും.

finlandkrasok
കെ.ആർ.അശോകൻ, ഡോ. പി.വി. പുരുഷോത്തമൻ

ക്ലാസിലെ ഓരോ കുട്ടിയും സവിശേഷ പ്രത്യേകതകളുള്ള ഓരോ വ്യക്തിയാണെന്ന തിരിച്ചറിവാണ് ക്ലാസ്മുറി രൂപകൽപനയുടെ ആദ്യപടി. സാധാരണ ഒരു പ്രൈമറി ക്ലാസിലുള്ളത് 25 കുട്ടികൾ മാത്രം. 1 മുതൽ 6 വരെ ക്ലാസുകളിൽ ഒരേ ടീച്ചർ തന്നെയായിരിക്കും പഠിപ്പിക്കുന്നത്. കുട്ടികളെ കൂടുതൽ മനസ്സിലാക്കാനും അവരുടെ വ്യക്തിപരമായ വളർച്ച മുന്നിൽകണ്ടു പാഠ്യപദ്ധതി ആസൂത്രണം ചെയ്യാനും ഇത് ഉപകരിക്കുന്നു.

ഫിൻലൻഡ് മാതൃകയിൽ ‘ജോയ് ഓഫ് ലേണിങ്’ ആവിഷ്കരിച്ചു നടപ്പാക്കാനായാൽ പഠനം കൂടുതൽ ആസ്വാദ്യകരവും കാര്യക്ഷമമവുമാകും. കുട്ടികളുടെ ശാരീരിക–  മാനസി ക ആരോഗ്യം ഉറപ്പാക്കാൻ പ്രത്യേക ഇടപെടൽ ഫിന്നിഷ് സ്കൂളുകളിലുണ്ട്. സ്പെഷൽ എജ്യുക്കേഷൻ പ്രോഗ്രാമിന്റെ ഗുണം ഭിന്നശേഷി കുട്ടികൾക്കു മാത്രമല്ല ലഭിക്കുന്നത്. ഏതെങ്കിലും തരത്തിൽ പ്രത്യേകശ്രദ്ധ ആവശ്യമുണ്ടെന്ന് അധ്യാപകർക്കു തോന്നുന്ന ഏതു കുട്ടിക്കും അതിനു സൗകര്യം ലഭിക്കും.

പ്രായത്തിനനുസരിച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് അടുത്ത ഘട്ടം. പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കുട്ടികൾക്കുതന്നെ അവസരം നൽകും. തങ്ങളുടെതന്നെ ‘ഉത്തരവാദിത്തത്തിലുള്ള’ പഠനപ്രവർത്തനങ്ങളായതിനാൽ കുട്ടികൾക്കു പഠനത്തോടു ‘മല്ലിടേണ്ട’ സാഹചര്യമില്ല. പഠനത്തിൽ ‘ഉടമസ്ഥതാബോധം’ ഉണ്ടാവുകയും ചെയ്യും.

അച്ചടക്കനയങ്ങൾ രൂപപ്പെടുത്തുമ്പോഴും നടപ്പാക്കുമ്പോഴും വിദ്യാർഥികളുടെ ഭാഗം അധ്യാപകർ കേൾക്കുന്നു.

പഠിപ്പിക്കാൻ പഠിപ്പിക്കും

ഇത്ര അയഞ്ഞ സമീപനത്തിൽ അച്ചടക്കം ഉറപ്പാക്കാനാകുമോയെന്നു മലയാളികൾ സംശയിച്ചേക്കും. ഫിൻലൻഡ് സ്കൂൾ സംവിധാനത്തിന്റെ കാര്യക്ഷമത പഠിച്ചിട്ടുള്ളവരെല്ലാം ഊന്നുന്നത് അവിടത്തെ അധ്യാപകസമൂഹത്തിന്റെ ഗുണമേന്മയിലേക്കാണ്. 5 - 7.5 വർഷം നീളുന്ന ഗവേഷണാധിഷ്ഠിത അധ്യാപകപഠനമാണ് അവിടെയുള്ളത്. പ്രവേശനപരീക്ഷയിൽ യോഗ്യത തെളിയിക്കുന്നവർക്കു മാത്രമാണു പ്രവേശനം. പാഠ്യേതര മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരാണെങ്കിൽ മുൻഗണന ലഭിക്കുകയും ചെയ്യും.  

കേരളം ഒരു സംസ്ഥാനവും ഫിൻലൻഡ് ഒരു രാജ്യവുമാണ്. ഈ അടിസ്ഥാനവ്യത്യാസം അംഗീകരിക്കുമ്പോൾത്തന്നെ ഫിൻലൻഡിന്റെ നേട്ടങ്ങൾ കേരളത്തിനു പ്രചോദനമാണ്. പരീക്ഷയ്ക്കുള്ള അമിതപ്രാധാന്യം, മത്സരാധിഷ്ഠിത പഠനത്തിനുള്ള രക്ഷിതാക്കളുടെ സമ്മർദം തുടങ്ങിയവ നമുക്കു വെല്ലുവിളിയാണ്. ഉയർന്ന സ്കൂൾ പ്രവേശനപ്രായം, പ്രീപ്രൈമറി വിഭാഗത്തിന്റെ ശാസ്ത്രീയമായ പുനഃസംഘടന, മെച്ചപ്പെട്ട അധ്യാപക പരിശീലനം, വിദ്യാഭ്യാസ പ്രവർത്തനത്തിൽ രക്ഷിതാക്കൾക്കു കുടുതൽ പങ്കാളിത്തം എന്നിവ വഴി ഈ പ്രതിസന്ധി ഏറക്കുറെ മറികടക്കാം.

പരീക്ഷണമല്ല പരീക്ഷ 

പരീക്ഷകൾ കൂടുന്നതിനനുസരിച്ചു പഠനനിലവാരം കൂടുമെന്ന കേരളീയ ധാരണ തിരുത്തുന്നതാണു ഫിൻലൻഡിലെ വിലയിരുത്തൽ രീതി. പന്ത്രണ്ടാം ക്ലാസിലാണ് ഏകപൊതുപരീക്ഷ. അതുവരെ അധ്യാപകർ സ്വയം രൂപപ്പെടുത്തുന്ന രീതികൾ ഉപയോഗിച്ചാണു വിദ്യാർഥികളെ വിലയിരുത്തുന്നത്. യൂണിറ്റ് ടെസ്റ്റ്, ക്വിസ്, പ്രോജക്ട്, പഠനപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണു മൂല്യനിർണയം. മുതിർന്ന ക്ലാസുകളിൽ വിദ്യാർഥികളോടുതന്നെ പ്രതീക്ഷിക്കുന്ന ഗ്രേഡ് എത്രയെന്നു ചോദിക്കുന്ന അധ്യാപകരുണ്ട്. പ്രതീക്ഷിക്കുന്ന ഗ്രേഡ് പറയുമ്പോൾ വിദ്യാർഥികൾ അതിനു കാരണവും പറയണം. അന്തിമ ഗ്രേഡ് നിശ്ചയിക്കുംമുൻപ് അതിന്റെ കാരണം വിദ്യാർഥിയെ ബോധ്യപ്പെടുത്തും. എല്ലാവരുടെയും ഗ്രേഡുകൾ പരസ്യപ്പെടുത്തുന്ന രീതിയോ അതിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന രീതിയോ ഇല്ല.

സാമൂഹിക, സാംസ്കാരിക വ്യത്യാസങ്ങളുള്ളതിനാൽ ഫിന്നിഷ് മാതൃക കേരളത്തിൽ അതേപടി പകർത്തൽ അസാധ്യമാണ്. എന്നാൽ, മികച്ച ആസൂത്രണമുണ്ടെങ്കിൽ പ്രാദേശിക ഭേദഗതികളോടെ ഈ പഠനമാതൃക നമുക്കു വഴികാട്ടും. 

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കില്ല

എല്ലാം പഠിക്കുന്നതിലല്ല, പഠിക്കുന്നതു മനസ്സിലാക്കി പഠിക്കുന്നതിലാണ് ഫിൻലൻഡിലെ ഊന്നൽ. അതിനാൽ പഠനഭാരം മറ്റു രാജ്യങ്ങളിലേതിനെ അപേക്ഷിച്ചു നന്നേ കുറവ്. കുട്ടി ഓരോ പ്രായത്തിലും ആർജിച്ചിരിക്കേണ്ട അറിവ് എന്തൊക്കെയെന്നു നിശ്ചയിച്ച് അതു നേടാൻ ആവശ്യമായതു പഠിപ്പിക്കുന്നു. ‌സിലബസിന്റെ ഈ ‘ഭാരമില്ലായ്മ’ കുട്ടികൾക്കു നൽകുന്ന ആശ്വാസം ചില്ലറയല്ല. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പഠനസമയവും കുറവ്. ഓരോ പീരിയഡിനു ശേഷം 15 മിനിറ്റ് ഇടവേളയുണ്ട്. ഇത് അടുത്ത പീരിയഡിനുള്ള മുന്നൊരുക്കമാണ്.

കുട്ടികളുടെ സമയത്തിന്റെ മൂല്യം നന്നായി മനസ്സിലാക്കുന്നവരാണു ഫിന്നിഷ് അധ്യാപകർ. പഠന പ്രവർത്തനങ്ങൾ പരമാവധി സ്കൂൾ സമയത്തുതന്നെ തീർക്കും. ഒരു സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കു ദിവസവും ശരാശരി 30 –45 മിനിറ്റ് ഹോംവർക്കേ ഉണ്ടാകൂ. അതുതന്നെ എഴുതിക്കൊണ്ടുവരാനുള്ളതോ കാണാതെ പഠിക്കാനുള്ളതോ ആകണമെന്നുമില്ല.

ലൈറ്റ് എന്ന പാഠം പഠിപ്പിക്കുമ്പോൾ ടോമി ചെറിയാൻ തന്റെ കുട്ടികൾക്കു നൽകിയ ഹോംവർക് ഒരു സ്പൂൺ എടുത്ത് അതിന്റെ രണ്ടുവശത്തും നോക്കുക എന്നതായിരുന്നു. അങ്ങനെ നോക്കുമ്പോൾ എന്തൊക്കെ വ്യത്യാസമാണു കണ്ടതെന്നു മനസ്സിലാക്കി വരാനും പറഞ്ഞു. പിറ്റേദിവസത്തെ ക്ലാസിന്റെ മുന്നൊരുക്കമെന്ന നിലയ്ക്കാണീ ഹോംവർക്.

എസ്പു സിറ്റിയിലെ ‘നോയ്ക്കിയോൻലാക്സോൺ’ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകൻ ആരോണിനു ലഭിച്ച ഹോംവർക്കിനെപ്പറ്റി ഫിൻലൻഡിൽ ഐടി എൻജിനീയറായ കൊല്ലം അഞ്ചാലുംമൂട് സ്വദേശി ഷാജഹാൻ ചിറയിൽ പറയുന്നതു കേൾക്കുക:  ‘‘വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ എന്തുചെയ്യും? വീട്ടിൽ തീപിടിച്ചാൽ എന്തുചെയ്യും? മാതാപിതാക്കളുമായി ചർച്ച ചെയ്തു വരാനായിരുന്നു നിർദേശം. മറ്റൊന്ന് എമർജൻസി ഫോൺ നമ്പർ എങ്ങനെ ഉപയോഗിക്കുമെന്ന് അറി‍‍ഞ്ഞുവരാനായിരുന്നു. അവധിക്കാലത്ത് ഒരു ‘ലോഡ് ഹോംവർക്’ നൽകുന്ന രീതിയൊന്നും ഇവിടെയില്ല’’.

സംഗീതം, ആർട്സ്, ക്രാഫ്റ്റ്സ്, കായികപഠനം തുടങ്ങി പാചകവും നീന്തലുംവരെ പാഠ്യപദ്ധതിയിലുണ്ട്. നമ്മുടെ പാഠ്യപദ്ധതിയിലും ഇവയൊക്കെയുണ്ടെങ്കിലും പലതും ‘ഏട്ടിലെ പശു’ മാത്രമായി ഒതുങ്ങുന്നു. 

സ്കൂൾ വിദ്യാഭ്യാസ  പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്, 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ സ്കൂളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ വിഷയങ്ങൾ പഠിക്കണമെന്നും 2 മുതൽ വൈകിട്ട് 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പ്രവർത്തനങ്ങൾക്കുമായി സമയം ചെലവിടണമെന്നുമാണ്. കുട്ടി ദിവസവും 8 മണിക്കൂറോളം സ്കൂളിൽ ഉണ്ടായിരിക്കണമെന്ന്! 

കലയും കായികവും പഠന അനുബന്ധ പ്രവർത്തനങ്ങളുമൊക്കെ പഠനത്തിന്റെ തന്നെ ഭാഗമാണു ഫിൻലൻഡിൽ. അല്ലാതെ, അത്തരം കാര്യങ്ങൾ മറ്റൊരു മേഖലയായി വേർതിരിച്ചു കുട്ടിയെ വീണ്ടും ‘പണി’യെടുപ്പിക്കുകയല്ല ചെയ്യുന്നത്.

English Summary: Finland school education system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com