ADVERTISEMENT

രാഷ്ട്രീയ കരുനീക്കങ്ങളിലെ കൃത്യതയും ഭരണമികവിന്റെ കയ്യടക്കവും ഒരുപോലെ വഴങ്ങിയ ജനകീയ നേതാവിനെയാണ് ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ കേരളത്തിനു നഷ്ടമാകുന്നത്. ഏഴു പതിറ്റാണ്ടുകാലം സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന അദ്ദേഹത്തോടെ‍ാപ്പം നിർഭയത്വവും നിശ്ചയദാർഢ്യവും എന്നും സഹയാത്ര ചെയ്തു.  

അരനൂറ്റാണ്ടിലേറെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ പ്രധാനിയായിരുന്നു ആര്യാടൻ. ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും മികവിന്റെയും ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട്. മതനിരപേക്ഷതയോടുള്ള കൂറും പ്രതിബദ്ധതയും ജീവിതത്തിലുടനീളം വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം കാത്തുസൂക്ഷിച്ചു.

മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരിൽ ജനിച്ച ആര്യാടൻ, കേരള രാഷ്ട്രീയത്തിലെ മുൻനിര പേരുകാരനായതിനു പിന്നിൽ കഠിനാധ്വാനവും ജനങ്ങൾക്കായുള്ള സമർപ്പണവുമാണുള്ളത്. 1952ൽ രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തിയാണു രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കം. കോൺഗ്രസ് നേതാവ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ പ്രസംഗം 1945ൽ കേട്ടത് മനസ്സിലും മുന്നിലുള്ള വഴിയിലും പ്രകാശമായി. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആര്യാടനും അതേ തീവ്രതയോടെ ഉയർത്തിപ്പിടിച്ചു.

നിലമ്പൂരിൽനിന്നു വനം മേഖലയിലൂടെ 38 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് മുണ്ടേരിയിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചാണു ട്രേഡ് യൂണിയൻ രംഗത്തേക്കു കടക്കുന്നത്. മലബാറിലെ തോട്ടം മേഖലയിൽ സിപിഎമ്മിനോടു പിടിച്ചുനിൽക്കാനുള്ള കരുത്ത് കോൺഗ്രസിനു നൽകിയത് ആര്യാടനാണ്. ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് 34 വർഷം നിലമ്പൂരിന്റെ ജനപ്രതിനിധിയായി നിയമസഭയിലെത്തിയത് അദ്ദേഹത്തിന്റെ ജനകീയതയുടെ അടയാളമായി. പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരം തേടിവരുന്ന സാധാരണക്കാർക്ക് അത്താണിയായിരുന്നു നിലമ്പൂരിലെ ‘ആര്യാടൻ ഹൗസ്’. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരേ മനസ്സോടെ അദ്ദേഹം ഇടപെട്ടു.

നാലു തവണ മന്ത്രിയായ അദ്ദേഹം വൈദ്യുതി, വനം, ഗതാഗതം, തൊഴിൽ, ടൂറിസം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളി പെ‍ൻഷൻ ഏർപ്പെടുത്തിയതും തോട്ടംതൊഴിലാളികളുടെ വേതനം വർധിപ്പിച്ചതും രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതീകരൺ യോജന (ആർജിജിവിവൈ) പദ്ധതിയിലൂടെ സമ്പൂർണ വൈദ്യുതീകരണത്തിനു വേഗം കൂട്ടിയതുമെല്ലാം ഭരണമികവിന്റെ കയ്യൊപ്പുകളായി. നിയമസഭാ സാമാജികനെന്ന നിലയിൽ പുതിയ അംഗങ്ങൾക്കു പാഠപുസ്തകം തന്നെയായിരുന്നു ആര്യാടൻ. സഭാചട്ടങ്ങളും നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും മനഃപാഠമായിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമായി കെ.കരുണാകരനുമായി കോർത്തുനിൽക്കുമ്പോഴും, മുഖ്യമന്ത്രിയായിരിക്കുമ്പോൾ ബജറ്റ് ചർച്ചയ്ക്കു തുടക്കമിടാൻ കരുണാകരൻ നിയോഗിക്കുന്നത് ആര്യാടനെയായിരുന്നുവെന്നതിൽ ആ മികവിനുള്ള സർട്ടിഫിക്കറ്റുണ്ട്. 

ഏഴു പതിറ്റാണ്ടിന്റെ തികവുള്ള രാഷ്ട്രീയ ജീവിതത്തിൽ വിവാദങ്ങളും ആര്യാടനെ തേടിയെത്തി. നിലമ്പൂരിലെ സിപിഎം എംഎൽഎ കെ.കുഞ്ഞാലി വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ പ്രതി ചേർത്ത് 9 മാസം ജയിലിലായിരുന്നു. പിന്നീട് കോടതി കുറ്റവിമുക്തനാക്കി. മുസ്‌ലിം ലീഗിനെതിരായ ആര്യാടന്റെ വിമർശനങ്ങൾ പലപ്പോഴും യുഡിഎഫിനു തലവേദനയായി. 

നിരന്തരമായ പഠനത്തിലൂടെ സ്വയം നവീകരിച്ചും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചും പ്രവർത്തകരുമായി ഹൃദയബന്ധം സ്ഥാപിച്ചും അടിസ്ഥാന ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത നിലപാടു സ്വീകരിച്ചുമാണ് ആര്യാടൻ മുഹമ്മദ് രാഷ്ട്രീയത്തിൽ സ്വന്തം വഴിവെട്ടിയത്. കേരള രാഷ്ട്രീയത്തിലും ഭരണരംഗത്തും മികവിന്റെ മുദ്രകൾ പതിച്ചു കടന്നുപോയ അദ്ദേഹത്തിന് മലയാള മനോരമയുടെ ആദരാഞ്ജലികൾ.

English Summary: Congress leader Aryadan Muhammed passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com