എന്തൊരു ബഹുമാന്യൻ !

pinarayi-governor
Creative: Manorama
SHARE

മലയാളം സാറന്മാർക്ക് ഇപ്പോഴൊരു സംശയം; ബഹുമാന്യൻ പുച്ഛപദമാണോ? കഴിഞ്ഞ ദിവസം ഒരു സമ്മേളനം ഉദ്ഘാടനം ചെയ്യവേ ചെറുചിരിയോടെ മുഖ്യൻ പറഞ്ഞു: വികസനം തടസ്സപ്പെടുത്തുന്നവർക്കൊപ്പം ഒരു ബഹുമാന്യനും ചേരുകയാണിപ്പോൾ. ഉദ്ദേശിച്ചതു ഗവർണറെയാണെന്ന് ഉറപ്പിക്കാൻ പാഴൂർപടിവരെ പോകേണ്ടതില്ല.

ഇതുവരെ വിശേഷിപ്പിച്ചവരിൽ നികൃഷ്ടജീവി മുതൽ പരനാറി വരെയുണ്ട്. അവരുടെ ഗണത്തിലാവില്ല ബഹുമാന്യൻ. ‘ഓ അവളൊരു ശീലാവതി’ അല്ലെങ്കിൽ ‘പിന്നേ, അവനൊരു പുണ്യാളൻ’ എന്നൊക്കെ പറയാറില്ലേ. അതിലൊരു വിരുദ്ധാർഥം കിടന്നു തിളയ്ക്കും. അതേ രീതിയിലാണു ബഹുമാന്യന്റെയും വരവ്. എന്തായാലും അവഹേളന ശരങ്ങൾ ഏറ്റുവാങ്ങാൻ ഗവർണർ കച്ച കുറച്ചധികം മുറുക്കേണ്ടിവരും. 

എത്ര ഒരുമയുടേതായിരുന്നു കഴിഞ്ഞകാലം. ഓർത്തുനോക്കൂ. മുഖ്യൻ ആശിച്ചതനുസരിച്ചു ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ടില്ലേ ഗവർണർ? മുഖ്യനും ലവലേശം കുറച്ചില്ല. ഗവർണറുടെ താൽപര്യപ്രകാരം  അഡീഷനൽ പിഎ ആയി ജന്മഭൂമി മുൻ എഡിറ്റർ ഹരി എസ്.കർത്തായ്ക്കു നിയമനം നൽകിയില്ലേ? ഗവർണർക്കുവേണ്ടി 85 ലക്ഷത്തിന്റെ ബെൻസ് കാർ ശരവേഗത്തിൽ കുതിച്ചില്ലേ. ഫൊട്ടോഗ്രഫറെ വച്ചാലോയെന്നു ഗവർണർ മനസ്സിൽ കണ്ടതേയുള്ളൂ. അതാ ആയിരം ക്ലിക്കുകളുമായി ഫൊട്ടോഗ്രഫർ മുന്നിൽ! ഉടൽ രണ്ടാണെങ്കിലും ഒപ്പ് ഒന്നാണെന്നു തോന്നിയിരുന്ന ദിവസങ്ങൾ. ഗവർണറും മുഖ്യനും തമ്മിലുള്ള ഒരുമ കണ്ടിട്ട് ഒരു ഉലക്ക വാങ്ങിവച്ചാലോയെന്ന് അന്നു ഗോവിന്ദൻ മാഷിനു തോന്നിയത്രേ. എപ്പോഴെങ്കിലും ഒരുമിച്ചുകിടക്കാൻ തോന്നിയാൽ ഉലക്കക്ഷാമം ഉണ്ടാകരുതല്ലോ. ഇപ്പോഴോ? ഉലക്കയടിയല്ലേ ദിവസവും. കാലത്തിന്റെ ഓരോ കളികൾ. 

ഗവർണർ നിദ്രാമുറിയിൽ കയറുമ്പോൾ മച്ചിലാകെ താളമേളങ്ങൾ. ഓട്ടവും ചാട്ടവും മാന്തലും.... മൂത്രം മച്ചിലൂടെ ഇറ്റിറ്റു വരാറുണ്ട്...ഛെ! രാജ്ഭവനിൽ ജോലി ചെയ്യുന്നവരിൽ ഭരണാനുകൂലികളായ ആരെങ്കിലുമാണോ മച്ചിനുമുകളിൽ. കാലം അതല്ലേ, സംശയിക്കാതിരിക്കാൻ പറ്റുമോ? ഭടന്മാർ പരിശോധിച്ച് ഉറപ്പിച്ചു: അല്ല, മരപ്പട്ടികൾ. 

അറ്റകുറ്റപ്പണികൾ തീരുന്നതുവരെ കോവളം ഗവ.ഗെസ്റ്റ്ഹൗസിലേക്കു മാറാം. ഗവർണറുടെ ആഗ്രഹം അറിയിച്ച ഫയൽ സെക്രട്ടേറിയറ്റിന്റെ കവാടം കടന്നില്ല. അതിനു മുൻപേ പറഞ്ഞു, കോവളം സുരക്ഷിതമല്ല. അറബിക്കടൽ വഴി ഗവർണർക്കു വല്ല വെല്ലുവിളിയും വന്നാലോ? കുത്തു തന്നെ, മുനവച്ച കുത്ത്. ഇപ്പോൾ ഗവർണറെ മുറി മാറ്റിക്കിടത്തിയിട്ടു മരപ്പട്ടികളെ മച്ച് മാറ്റിക്കെട്ടാനുള്ള ശ്രമത്തിലാണ് അവിടത്തെ മരാമത്തുകാർ. 

മുഖകാന്തിക്കൊപ്പം ദന്തകാന്തിയിലും ബദ്ധശ്രദ്ധനാണു ഗവർണർ. നിത്യേന ആക്രമണമല്ലേ. പല്ലും നഖവുമൊക്കെ സ്വാഭാവികമായും ക്ഷീണിക്കും. രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്കിനു 10 ലക്ഷം രൂപ വേണം. ധനവകുപ്പിലുള്ളവർ ഫയലിനെ കാലുമടക്കി അടിച്ചെന്നു വേണം കരുതാൻ. അത്രയ്ക്കു വേഗത്തിലല്ലേ ഫയൽ തിരികെപ്പറന്നത്. പാറ്റാഗുളിക വാങ്ങാൻപോലും നിവൃത്തിയില്ലാതെ എവിടെനിന്നു കടം വാങ്ങുമെന്നു ഗണിച്ചുകൊണ്ടിരിക്കുകയാണു ധനവകുപ്പിലെ മേലാളന്മാർ. അപ്പോഴാ ഗവർണറുടെയൊരു ഡെന്റൽ ക്ലിനിക്. ഓരോന്നിനും ഉടക്കുവയ്ക്കുന്നതു കാണുമ്പോൾ, പെട്രോൾ അടിക്കാൻ നിർവാഹമില്ലാതെ ഗവർണർക്കു വഴിയിൽ നിൽക്കേണ്ടിവരുമോയെന്നാണു സംശയം.

എന്തൊക്കെ സംഭവിച്ചാലും ആരിഫ് മുന്നോട്ടുവച്ച കാല് പിന്നോട്ട് എടുക്കില്ല. പോരാട്ടം പിണറായിക്കെതിരെ മാത്രമല്ല, മാധ്യമപ്രവർത്തകർക്കെതിരെയും ആരംഭിച്ചുകഴിഞ്ഞു. മലയാള മാധ്യമപ്രവർത്തകർക്ക് ആത്മാഭിമാനമില്ലത്രേ. കടക്കു പുറത്ത് കേട്ടപ്പോൾപോലും മിണ്ടാട്ടമില്ലാതെ പോയ മാധ്യമക്കാർ ഇനി ആത്മാഭിമാനം സ്വയം വീണ്ടെടുക്കട്ടെ.

തരൂർജിക്കു പിന്നാലെ ചാടണോ?

ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം എങ്ങനെ കലാശിക്കുമെന്ന് ഓർക്കുമ്പോൾ ആകെ കൺഫ്യൂഷനിലാണു കേരളത്തിലെ കോൺഗ്രസുകാർ. കൈമുട്ടു വേദന, കാൽമുട്ടു വേദന, കൈകാൽ തരിപ്പ് എന്നിവയ്ക്കു കൊട്ടൻ ചുക്കാദി തൈലമാണല്ലോ ബെസ്റ്റ്. അതും തേച്ചു ഗ്രൂപ്പിൽനിന്നു ഗ്രൂപ്പിലേക്കു ചാടാൻ പലരും തയാറായിക്കഴിഞ്ഞു. ഫലം വരുന്ന ഉടൻ ചാടണോ അതോ ഇപ്പോഴത്തെ നേതാവിന്റെ വീട്ടിൽനിന്ന് ഊണും കഴിഞ്ഞ് ഉച്ചയ്ക്കുശേഷം ചാടണോയെന്നേ സംശയമുള്ളൂ.

tharoor
Creative: Manorama

കേരളത്തിൽ ഇപ്പോൾ ആശയക്കുഴപ്പവും ആമാശയപ്രശ്നവും ഒരുമിച്ചു വിതച്ച നേതാവാണു തരൂർ. അദ്ദേഹം അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചേ അടങ്ങൂ. ശശിയുടെ ഓരോരോ വാശികൾ. അതു കേട്ട നാൾമുതൽ മറ്റു കേരള നേതാക്കൾക്കൊരു അന്ധാളിപ്പ്. തരൂർജി അധ്യക്ഷനാകുമോ? അതോ രണ്ടാം സ്ഥാനം നേടിക്കൊണ്ടു ദേശീയ ഉപാധ്യക്ഷനാകുമോ? മത്സരിക്കാൻ മാഡംജിയെ സവിധത്തിൽ ദർശിച്ചു തരൂർജി അനുഗ്രഹം വാങ്ങിക്കഴിഞ്ഞു. ഗെലോട്ട് ഔദ്യോഗിക സ്ഥാനാർഥിയാണെങ്കിൽ തരൂർജി അർധഔദ്യോഗിക സ്ഥാനാർഥി എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. 

സംഘടനാ ജനറൽ സെക്രട്ടറി കെ.സി ജിയുടെ ചുറ്റും കറങ്ങുന്ന നേതാക്കളും ഒപ്പം കറങ്ങാൻ ശ്രമിക്കുന്നവരും തരൂർജിയെ ഒന്നു പാളിനോക്കുന്നുണ്ട്. ഒടുവിൽ തരൂർജിക്ക് ഉപാധ്യക്ഷ പദവിയെങ്കിലും കിട്ടിയാലോ? അദ്ദേഹത്തിന്റെ ഭ്രമണപഥത്തിൽ ചില്ലറ ഉപഗ്രഹങ്ങളേയുള്ളൂ. അവയെല്ലാം എല്ലാ ദിവസവും ചുറ്റാറില്ല. ചുറ്റിയാലും തരൂർജി അറിയാറുമില്ല. അതിനാൽ എങ്ങനെയെങ്കിലും ആ ഭ്രമണപഥത്തിൽ ചാടിക്കയറണം. 

തരൂർജി മത്സരിക്കാനും മല്ലടിക്കാനും താറുപാച്ചിയുടുത്തു നിൽക്കുമ്പോൾ ഇതര ജികളായ മുരളീധർജി, ചെന്നിത്തലജി, കൊടിക്കുന്നിൽജി എന്നിവർക്കു തീരെ ദഹിക്കുന്നില്ല. അവർ ഉച്ചത്തിൽ പ്രഖ്യാപിച്ചുകഴിഞ്ഞു, കേരള പിസിസി ഔദ്യോഗികനെ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ. 2026ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അപ്പോൾ മുഖ്യൻ അല്ലെങ്കിൽ മന്ത്രിസ്ഥാനം നിശ്ചയമെന്നും കരുതിയിരിക്കുകയല്ലേ എല്ലാവരും. എന്തിനേറെ പറയണം, പിഎമാരെവരെ ഏതാണ്ടു നിശ്ചയിച്ചുകഴിഞ്ഞു. അവിടേക്കു തരൂർജി പറന്നിറങ്ങിയാൽ കണക്കുകൂട്ടലുകളാകെ കശപിശയാകില്ലേ?

ചോക്ലേറ്റിൽ വീണ പ്രതി

എകെജി സെന്ററിൽ പടക്കം എറിഞ്ഞ പ്രതിയെ കിട്ടിയോ....കിട്ടിയോ....എന്നു ചോദിച്ചു കളിയാക്കിയവർക്ക് ഇപ്പോൾ തൃപ്തിയായില്ലേ? ഇതാ പ്രതി ഹാജർ. ഇ.പി.സഖാവ് ഇച്ഛിച്ചതും ക്രൈംബ്രാഞ്ച് പൊക്കിയതും ഒരേ പാർട്ടിക്കാരൻ; തികഞ്ഞ കോൺഗ്രസുകാരൻ. ഒട്ടും പ്ലാനിങ് ഇല്ലാതെ എല്ലാം സ്വാഭാവികമായി സംഭവിച്ചു!. പാർട്ടിക്കാരും പൊലീസുകാരും ഒരേപോലെ ആഹ്ലാദിച്ച സൗഭാഗ്യനിമിഷം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. എത്ര നാളായി ആ ചോദ്യം വേട്ടയാടുന്നു: കിട്ടിയോ? 

ep-1
Creative: Manorama

കേസിൽ ഇപ്പോൾ കിട്ടിയതാണോ പ്രതി, ഇനി കിട്ടാനുള്ളതാണോ പ്രതിയെന്ന ചോദ്യമൊക്കെ അവിടെ നിൽക്കട്ടെ. എന്തായാലും ആ പ്രതിക്ക് അഭിമാനിക്കാൻ വകയുണ്ട്. താൻ എറിഞ്ഞത് ഓലപ്പടക്കമാണെങ്കിലും ക്രൈംബ്രാഞ്ചിന്റെ ഫയലിൽ അതു ന്യൂക്ലിയർ ബോംബാണല്ലോ. അകത്തായ പ്രതി അയാൾ അറിയാതെതന്നെ അതിപ്രശസ്തനായ ഒരു ബോംബ് വിദഗ്ധനായി മാറിക്കഴിഞ്ഞു. ഇനിയും വലിയ ആളാക്കണോയെന്നു ക്രൈംബ്രാ‍ഞ്ച് ആലോചിക്കുന്നുണ്ട്. വകുപ്പുകൾ വേണ്ടുവോളം കിടക്കുകയല്ലേ, തോന്നിയതൊക്കെ എഴുതിച്ചേർത്താൽ മതിയല്ലോ.

കോൺഗ്രസുകാരനായ പ്രതിയെ ഇപ്പോൾ ഉള്ളതിനെക്കാൾ ഉയർത്തുന്നതിനോടു സഖാക്കൾക്കു വിയോജിപ്പാണത്രേ. കേസുകളെല്ലാം തലയിൽ കെട്ടിവച്ച് ഒടുവിൽ അയാൾ നാട്ടിലെ താരമായാലോ? രണ്ടാമതൊരു പ്രതിയായി സ്ത്രീയും വരുന്നുണ്ട്. പ്രതിപ്പട്ടിക എവിടെച്ചെന്നു നിൽക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.

സ്ഫോടനം നടന്ന ദിവസം രാത്രി നടന്ന അതിദാരുണ രംഗങ്ങൾ ആരെങ്കിലും മറക്കുമോ? ഠപ്പേന്നു ശബ്ദം കേട്ടതും ഇ.പി.സഖാവ് അതാ എകെജി സെന്ററിനു മുന്നിൽ. സെന്ററിന്റെ ഏതോ നിലയിൽ എന്തോ വായിച്ചുകൊണ്ടിരിക്കെ ഭൂമികുലുക്കം അനുഭവപ്പെട്ടതിന്റെ പരിഭ്രാന്തിയിൽ ശ്രീമതി ടീച്ചർ. ഇപ്പോഴും ടീച്ചർ നേരെചൊവ്വേ ഉറങ്ങാറില്ല. ആ സ്ഫോടനം തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രതിയെ കിട്ടിയതോടെ മുഴക്കം ഒരു കഴഞ്ചു കുറവു വന്നിട്ടുണ്ട്. മഹാഭാഗ്യം.

മ്യൂസിക് ഇട്ടശേഷം പാട്ടെഴുതുന്ന അവസ്ഥയാണു ക്രൈംബ്രാഞ്ചിന്റേത്. പ്രതിയുണ്ട്, തെളിവുകളില്ല. സിസിടിവി ദൃശ്യങ്ങളാണല്ലോ തെളിവുകളുടെ ഉറവിടം. പടക്കമെറിയാൻ പ്രതി എത്തിയ സ്കൂട്ടർ കണ്ടെത്താനായില്ല. അയാൾ ധരിച്ച ടി ഷർട്ട് ഏതു ബ്രാൻഡാണെന്നുവരെ കണ്ടെത്തിക്കഴിഞ്ഞു ക്രൈംബ്രാഞ്ചുകാരൻ. 

സെന്റർ ആക്രമണത്തെക്കുറിച്ചു നിയമസഭയിൽ അടിയന്തരപ്രമേയംവരെ കൊണ്ടുവന്നു തിളങ്ങിയ കോൺഗ്രസ് പ്രതിരോധത്തിലാണ്. പ്രതിയെ ചോക്ലേറ്റ് കൊടുത്തു ക്രൈംബ്രാഞ്ച് മയക്കിക്കളഞ്ഞത്രേ. കുമ്പക്കുടിയാശാന്റേതാണു കണ്ടെത്തൽ. നേരത്തേ ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർക്കും ചോക്ലേറ്റ് കൊടുത്തു. ക്രൈംബ്രാഞ്ചിലുള്ളവർ കൊള്ളാമല്ലോ. പ്രതി വരുന്നു, ചോക്ലേറ്റ് കൊടുക്കുന്നു, കുറ്റം സമ്മതിക്കുന്നു. സമ്മതിച്ചില്ലെങ്കിൽ രണ്ടു ചോക്ലേറ്റ് കൂടുതൽ കൊടുത്തു കുറ്റം സമ്മതിപ്പിക്കുന്നു. അല്ലെങ്കിലും മധുരമുള്ള വാക്കുകൾ കേട്ടാൽ മണിയാശാൻ അടങ്ങിയിരിക്കില്ല. കുമ്പക്കുടിയാശാന്റെ ആരോപണത്തിന് അദ്ദേഹം ഒരു വ്യാഖ്യാനവും ചമച്ചു: കെപിസിസി എന്നാൽ കേരള പ്രദേശ് ചോക്ലേറ്റ് കമ്മിറ്റി. അപ്പോഴും ആ ചോദ്യം സെന്ററിനു മുന്നിൽ കറങ്ങി നിൽക്കുന്നുണ്ട്: പ്രതി വന്ന സ്കൂട്ടർ എവിടെ?

സ്റ്റോപ് പ്രസ്

സിൽവർലൈൻ ഒരു പദ്ധതിയെന്നുപോലും പറയാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.

ചിലർക്കു ചില പദ്ധതികളുണ്ടാകും. 

English Summary: Vimathan on CM-Governor controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA