ADVERTISEMENT

പ്രായമേറുംതോറും സ്വയം പുതുക്കുകയാണു സിഎസ്ഐ സഭ; ഈ 75–ാം വയസ്സിലും അതു തുടരുന്നു. തുറന്ന സമൂഹത്തിൽ തുറന്ന കൈകളുമായി എല്ലാവരെയും ചേർത്തു പിടിക്കുകയെന്നതാണു പ്ലാറ്റിനം ജൂബിലി വർഷത്തിൽ ലക്ഷ്യം. ജാതി, മതം, വർഗം, വർണം, ലിംഗം തുടങ്ങി മനുഷ്യർ സൃഷ്ടിക്കുന്ന വേലിക്കെട്ടുകളെല്ലാം മറികടന്ന് മുന്നോട്ടുപോകാനുള്ള ധൈര്യമാണു കരുത്ത്. 

ഒന്നായ സഭ

‘അവരെല്ലാവരും ഒന്നാകേണ്ടതിന്’ എന്ന ബൈബിൾ വാക്യമാണ് സിഎസ്ഐ സഭയുടെ ആപ്തവാക്യം. 1947 സെപ്റ്റംബർ 27ന് മദ്രാസിലെ സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന പ്രത്യേക പ്രാർഥനയിൽ സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിലെ വിവിധ മിഷനറി പ്രസ്ഥാനങ്ങൾ ചേർന്ന് ആരംഭിച്ച സഭാ ഐക്യ പ്രസ്ഥാനം വളർന്ന് ഐക്യസഭയായി രൂപം പ്രാപിക്കുകയായിരുന്നു. 1919ൽ തഞ്ചാവൂരിനു സമീപമുള്ള തരങ്കവാടിയിൽ (ട്രാങ്കുബാർ) ആരംഭിച്ച ഐക്യ ചർച്ചകളാണ് സഭാരൂപീകരണത്തിലെത്തിയത്. തുടക്കത്തിൽ 14 മഹായിടവകകളും 10.17 ലക്ഷം അംഗങ്ങളും. എസ്ഐയുസിയിലെ നോർത്ത് തമിഴ് ചർച്ച് 1950ലും യൂണൈറ്റഡ് ബാസൽ മിഷന്റെ ബോംബെ കർണാടക കൗൺസിൽ 1958ലും സഭയിൽ ചേർന്നു. സൗത്ത് കനറ ആൻഡ് കൂർഗ് ഡിസ്ട്രിക് കൗൺസിലുകൾ 1968ലും ആംഗ്ലിക്കൻ സഭയുടെ നന്ത്യാൽ മഹായിടവക 1975ലും സഭയുടെ ഭാഗമായി. ഇപ്പോൾ ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി 24 മഹായിടവകകളും 45 ലക്ഷം വിശ്വാസികളും ഉണ്ട്. കേന്ദ്ര ഓഫിസ് ചെന്നൈ സിഎസ്ഐ സെന്ററിലാണ്. 

ഭാരതീയ കാഴ്ചപ്പാട്

ദക്ഷിണേന്ത്യാ സഭയുടെ ഔദ്യോഗിക ചിഹ്നം താമരയും കുരിശുമാണ്. ചെളിയിൽ വളരുന്ന താമരയും മനുഷ്യകുലത്തിന്റെ മോചനത്തിനായി ദൈവപുത്രൻ ഏന്തിയ കുരിശും പരിശുദ്ധാത്മാവിന്റെ അഗ്നിനാമ്പുകളായി ഒത്തുചേർന്നിരിക്കുന്നു. ജനങ്ങളും ദൈവവുമായുള്ള ബന്ധത്തിന്റെ ഭാരതീയ കാഴ്‌ചപ്പാടാണിത്. 

രാജ്യത്തിന്റെ ദേശീയപുഷ്പം തന്നെയാണു സഭയുടെ ചിഹ്നമായതും. ഐക്യം ദൈവഹിതമാണ്, ഐക്യം സാക്ഷ്യവുമാണ് എന്ന വിശ്വാസമാണു ദക്ഷിണേന്ത്യാ സഭയുടെ ആധാരശില. ഒരു സുവിശേഷം, ഒരു സഭ, ഒരു ജനത - ഈ കാഴ്‌ചപ്പാടിലാണു സഭ വിശ്വസിക്കുന്നത്.

സമൂഹ നവീകരണം

അടിമവ്യവസ്ഥിതി ഉൾപ്പെടെയുള്ള സാമൂഹിക ദുരാചാരങ്ങൾക്കെതിരെ ഉറച്ച കാൽവയ്പുകളാണ് സഭയുടെ മുൻഗാമികളായ ചർച്ച് മിഷനറി സൊസൈറ്റി (സിഎംഎസ്) കേരളത്തിൽ നടത്തിയത്. 

അടിമകൾക്കുവേണ്ടി തിരുവിതാംകൂറിലെ ആദ്യത്തെ സ്കൂൾ ആലപ്പുഴയിൽ സ്ഥാപിച്ചതു സിഎംഎസ് മിഷനറിമാരുടെ ആഗമനത്തിനു തുടക്കമിട്ട റവ. തോമസ് നോർട്ടൻ ആയിരുന്നു. ആതുരശുശ്രൂഷ, അച്ചടി, തൊഴിൽ മേഖലകളിലെല്ലാം അവർ മാറ്റത്തിനു വഴിതുറന്നു. 

darmaraj
ബിഷപ് എ.ധർമരാജ് റസാലം

സമുദ്രത്തിലെ രാക്ഷസതിരകളോടു മല്ലിട്ട് കൊച്ചി തുറമുഖത്തു കപ്പലിറങ്ങിയ റവ.നോർട്ടൻ ഇംഗ്ലണ്ടിലേക്കുള്ള കത്തിൽ എഴുതി ‘ദൈവം ഞങ്ങളെ ഉള്ളംകയ്യിൽ വഹിച്ചു’. അതേ വിശ്വാസമാണ് 75 കടന്നും മുന്നോട്ടുപോകാൻ സഭയെ തുണയ്ക്കുന്നത്. 

സമൂഹത്തിന്റെ അടിത്തട്ടിലേക്കു കൂടുതൽ ഇറങ്ങി സഭയെ താഴെത്തട്ടിൽ നിന്നുതന്നെ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഇതിനായി സഭ അടിമുടി പരിവർത്തനപ്പെടണം. സഭ എന്റേതെന്ന ബോധ്യം ഓരോ വിശ്വാസിയിലും ശക്തിപ്പെടണം. പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തണം. ഏറ്റവും സുതാര്യമായി ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സഭയിൽ എതിർസ്വരങ്ങൾ സ്വാഭാവികമാണ്. ബിഷപ് എ.ധർമരാജ് റസാലം, മോഡറേറ്റർ

English Summary: CSI Celebrates platinum jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com