ഉള്ളിലും കടൽ

sebastian
ആലപ്പുഴ ഒറ്റമശ്ശേരിയിൽ കടൽകയറി അടിത്തറയിളകിയ വീടിനു മുന്നിൽ സെബാസ്റ്റ്യൻ. മണൽചാക്കുകൊണ്ടു താൽക്കാലിക സംരക്ഷണമൊരുക്കിയിരിക്കുന്നതും കാണാം.
SHARE

കരയിലേക്കു കയറുന്ന കടലിന് സമ്പാദ്യമെല്ലാം കൊടുത്തു പിൻവാങ്ങുകയാണു കടലിന്റെ മക്കൾ. കടലിൽനിന്ന് വരുമാനമാർഗം കണ്ടെത്തി ജീവിച്ചവർ പല കരകളിലേക്ക് പറിച്ചെറിയപ്പെടുന്നു. തീരശോഷണം ഈ ജനത്തെ തകർത്തിരിക്കുന്നു. തീരപ്രദേശത്തുനിന്ന് വളരെ അകലെയുള്ള ഫ്ലാറ്റുകളിലേക്ക് ഒതുങ്ങേണ്ടിവരുമ്പോൾ അവർ കരയ്ക്കു പിടിച്ചിട്ട മത്സ്യത്തെപ്പോലെ പിടയ്ക്കും. കടലിന് അന്യരായിത്തീർന്നതിന്റെ ആ പിടച്ചിൽ ഓരോ കടലോരത്തും ഞങ്ങൾ കണ്ടു

കടൽവിഴുങ്ങുന്ന വീട്ടിലേക്ക് കല്യാണപ്പെണ്ണ് വരുമോ ?

ആലപ്പുഴ ഒറ്റമശ്ശേരിയിലെ കടൽത്തീരം ദിനംപ്രതി ഇടിയുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോഴാണു സെബാസ്റ്റ്യനെ കണ്ടത്. വയസ്സ് 33 ആയി. എന്താണു ഇതുവരെ വിവാഹം കഴിക്കാത്തതെന്നു ചോദിച്ചപ്പോൾ റോഡിൽനിന്ന് ഏറെ അകലെയല്ലാത്ത വീട്ടിലേക്കു സെബാസ്റ്റ്യൻ കൂട്ടിക്കൊണ്ടുപോയി. മുൻപിൽനിന്നു നോക്കിയാൽ മനോഹരമായ വീട്. പക്ഷേ, പിന്നിലെ കാഴ്ച ഭീകരം. മൂന്നുമുറി വീടിനെ താങ്ങിനിർത്തിയിരിക്കുന്നതു മണൽചാക്കുകളാണ്. പിന്നിലെ കിടപ്പുമുറിക്ക് അടിത്തറയില്ല. കോൺക്രീറ്റ് അടക്കം എല്ലാം കടൽകൊണ്ടുപോയി. മണൽചാക്കുകളിൽ താങ്ങിനിൽക്കുന്ന വീട് ഏതു നിമിഷവും നിലംപൊത്താം. നിശ്ശബ്ദനായൊരു കൊലയാളിയെപ്പോലെ കയറിക്കയറി വരികയാണു കടൽ. 

 രാവിലെ മുതൽ വൈകിട്ടുവരെ ചാക്കുകളിൽ മണൽ നിറയ്ക്കുകയാണു സെബാസ്റ്റ്യന്റെ പണി. രാത്രി, ചാക്കുകൾ കടൽ കൊണ്ടുപോകാതിരിക്കാൻ കാവലിരിക്കും. ഈ കാവലിലാണ് അച്ഛനും അമ്മയും അകത്തു കിടന്നുറങ്ങുന്നത്. 

ഇങ്ങനെയൊരു വീട്ടിലേക്ക് എങ്ങനെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു കൊണ്ടുവരുമെന്നു സെബാസ്റ്റ്യൻ പറയാതെ തന്നെ മനസ്സിലായി. കുവൈത്തിൽ ജോലി ചെയ്തിരുന്ന സെബാസ്റ്റ്യൻ, 2016ൽ രൂക്ഷമായ കടൽക്ഷോഭമുണ്ടായപ്പോഴാണു നാട്ടിലെത്തിയത്. പിന്നെ തിരിച്ചുപോയില്ല. 30 സെന്റുണ്ടായിരുന്നു ഇവിടെ. ഇപ്പോൾ എത്രയുണ്ടെന്നറിയില്ല. 

വീടുകൾ സംരക്ഷിക്കാൻ കല്ലിടുന്നതിനു താൽക്കാലികാശ്വാസമെന്ന പേരിൽ എല്ലാ വർഷവും സർക്കാർ കുറച്ചു പണം അനുവദിക്കും. ആ കല്ലുകൾ ഇടുന്നുണ്ടോ എന്നോ നാട്ടുകാർക്കു പ്രയോജനം കിട്ടുന്നുണ്ടോ എന്നോ നോക്കാൻ ആളില്ല. സെബാസ്റ്റ്യന്റെ വീട്ടിൽനിന്നു റോഡിലേക്കിറങ്ങുമ്പോൾ സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ ഫ്ലെക്സ് ബോർഡ് കണ്ടു. ‘ഒറ്റമശ്ശേരിക്കു കൊടുത്ത വാക്കു പാലിച്ചു’ എന്നാണു തലക്കെട്ട്. ഭരണാധികാരികളുടെ ഈ വാക്കിനെക്കാൾ വിലയുണ്ട് പഴയ ചാക്കിനെന്നു സെബാസ്റ്റ്യനെപ്പോലെയുള്ളവർ പറഞ്ഞുതരുന്നു.

തിരയിൽനിന്നു സ്വന്തം വീടു സംരക്ഷിക്കാൻ ജീവിതംപോലും വേണ്ടെന്നുവച്ചു കാവലിരിക്കുന്ന ചെറുപ്പക്കാരൻ സെബാസ്റ്റ്യൻ മാത്രമല്ല. 

വേരറ്റ പ്രതീക്ഷ 

‘അവസാന ആശ്രയവും പോയി’– തിര പിഴുതെറിഞ്ഞ കൂറ്റൻ കാറ്റാടിമരം ചൂണ്ടി ആലപ്പുഴ ഒറ്റമശ്ശേരി സ്വദേശി പാണ്ട്യാലയ്ക്കൽ എൽസി പറഞ്ഞു. അർത്തുങ്കൽ മുതൽ ഒറ്റമശ്ശേരി വരെ സ്ഥാപിച്ച പുലിമുട്ടുകളിലായിരുന്നില്ല, വീടിനു പിന്നിലെ രണ്ടു കാറ്റാടി മരങ്ങളിലായിരുന്നു എൽസിയുടെ പ്രതീക്ഷ. അതാണു രണ്ടുമാസം മുൻപു നഷ്ടപ്പെട്ടത്. ഇനി കടലിനും വീടിനുമിടയിൽ മതിലിന്റെ അകലമേയുള്ളൂ. ഇവിടെ പുലിമുട്ടുണ്ടെങ്കിലും കടലിലേക്ക് ഇറക്കിയല്ല സ്ഥാപിച്ചത്. പുലിമുട്ടിനെത്തന്നെ കടൽ വിഴുങ്ങിയ സ്ഥിതിയാണ്.  കടൽഭിത്തിയും ഈ ഭാഗങ്ങളിലില്ല. 

elsi
ആലപ്പുഴ ഒറ്റമശ്ശേരിയിൽ പറമ്പിലേക്കു കടൽ കയറിയ നിലയിൽ. ഇതുവരെ സംരക്ഷണമായിനിന്ന കാറ്റാടിമരം തിര പിഴുതെറിഞ്ഞതു ചൂണ്ടിക്കാട്ടുന്ന വീട്ടുടമ എൽസി.

സർക്കാരിന്റെ വാഗ്ദാനങ്ങളെക്കാൾ കാറ്റാടിമരങ്ങൾപോലെയുള്ള പ്രകൃതിദത്ത സംരക്ഷണത്തിൽ വിശ്വസിക്കുന്നത് എൽസി മാത്രമല്ല. 

കടലിനു കരം അടയ്ക്കുന്നവർ

മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി കറുത്താലൻ മനോഹരൻ 6 വർഷംമുൻപ് സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തു. ഭാര്യയുടെ പേരിലുള്ള 28.5 സെന്റ് തെങ്ങിൻതോപ്പായിരുന്നു പണയവസ്തു. തിരിച്ചടവു മുടങ്ങിയപ്പോൾ, പണയപ്പെടുത്തിയ സ്ഥലം സന്ദർശിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തി. പക്ഷേ, കണ്ടതു മണലും കടലും. തെങ്ങ് ഒന്നു പോലുമില്ല. തെങ്ങിൻ തോപ്പ് നിന്നിരുന്ന കുറച്ചുഭാഗം നിലവിൽ കടൽതന്നെയായി. ഇപ്പോൾ ബാങ്കും മനോഹരനും ഒരുപോലെ പ്രയാസത്തിലാണ്. ഏതു സമയവും പൂർണമായും കടൽ വിഴുങ്ങാവുന്ന ഈ ഭൂമി ബാങ്കിനെന്തിന്. വരുമാനം ലഭിച്ചിരുന്ന ഭൂമി കടലായതിന്റെ സങ്കടം മനോഹരനും. സ്ഥലം കടൽ ജപ്തി ചെയ്തു. ബാങ്കിനു വായ്പ തിരിച്ചു കിട്ടിയേ മതിയാകൂ. കടലെടുത്ത ഭൂമിക്ക് ഇപ്പോഴും മനോഹരൻ കരമടയ്ക്കുന്നു. 

karuthalan
പൊന്നാനി പാലപ്പെട്ടി സ്വദേശി കറുത്താലൻ മനോഹരൻ കടൽത്തീരത്ത്.

പേരിൽ സ്ഥലമുണ്ടെങ്കിലും അതു കടലിനടിയിലായതിനാൽ ബാങ്ക് വായ്പപോലും ലഭിക്കാത്ത ദുരവസ്ഥ മനോഹരന്റേതു മാത്രമല്ല. 

കേരളത്തിൽ തീരശോഷണം ശരവേഗത്തിൽ

മിക്ക സംസ്ഥാനങ്ങളിലും കടൽത്തീരശോഷണത്തിന് ആനുപാതികമായി തീരപോഷണം (തീരത്തിന്റെ പുനഃസ്ഥാപനം) നടക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ നഷ്ടപ്പെടുന്ന തീരത്തിന്റെ പകുതിപോലും പുനഃസ്ഥാപിക്കപ്പെടുന്നില്ലെന്നു നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു വർഷം വിവിധകാരണങ്ങളാൽ രൂക്ഷമായ തീരശോഷണമാണു കേരളത്തിൽ നടന്നത്. തിരമാലകളുടെ ഗതി, ശക്തി, കാറ്റ്, ചുഴലിക്കാറ്റ്, ആഗോളതാപനം മൂലം ഉയരുന്ന സമുദ്രനിരപ്പ് എന്നിവയാണു പ്രകൃതിദത്ത കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഡ്രജിങ്, ഹാർബർ നിർമാണം, ഡാം നിർമാണം, തീരമണൽ ഖനനം തുടങ്ങിയ പ്രവർത്തനങ്ങളും തീരശോഷണത്തിനു കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. 

സംസ്ഥാനം, ആകെ തീരം (കിലോമീറ്ററിൽ), 
തീരശോഷണം , തീരപോഷണം (ശതമാനം) 

പശ്ചിമ ബംഗാൾ–    534.35   60.5 25.2

പുതുച്ചേരി–               41.66      56.2 10.6

കേരളം–                   592.96   46.4 22.8

തമിഴ്നാട്–                991.47     42.7 23.8

ദാമൻ ദിയു–                31.83       34.6 11.7

ആന്ധ്രപ്രദേശ്–          1027.5     28.7 49.6

ഗുജറാത്ത്–               1945.6     27.6 19.4

ഒഡീഷ–                    549.5      25.6 51

മഹാരാഷ്ട്ര–              739.57     25.5 10

കർണാടക–               313.02     23.7 26.2

ഗോവ–                     139.64    19.2 13.7

കയ്യുമ്മോളിന്റെ കണ്ണീർ 

‘‘ഈ വീടിനു ചുറ്റുമതിലുണ്ടായിരുന്നു. അതിനു കുറച്ച് അപ്പുറത്ത് റോഡ്, അതു കഴിഞ്ഞാൽ 22 തെങ്ങുകളുണ്ടായിരുന്ന ഞങ്ങളുടെ പറമ്പ്. അവിടെനിന്നും കുറച്ചധികം പടിഞ്ഞാറോട്ടു മാറിയായിരുന്നു കടൽ. ഇപ്പോൾ ആ പറമ്പില്ല, റോഡില്ല, വീടിന്റെ ചുറ്റുമതിലും മുറ്റവുമില്ല. എല്ലാം കടലെടുത്തു. കഴിഞ്ഞ വർഷം തിരകൾ വീടിന്റെ ഉമ്മറപ്പടിവരെ എത്തി’’. മലപ്പുറം പൊന്നാനി വെളിയങ്കോട് തണ്ണിത്തുറ സ്വദേശി അമ്പലത്തു വീട്ടിൽ കയ്യുമ്മോൾ (62) പറഞ്ഞു. 2017ലെ ഓഖിക്കുശേഷമാണ് ഇവിടെ കടലിന്റെ കയ്യേറ്റം വർധിച്ചത്. 22 വർഷം മുൻപാണു തണ്ണിത്തുറയിൽ കയ്യുമ്മോളും കുടുംബവും വീടുവച്ചത്. അന്നു വീടിനു മുകളിൽ കയറി നോക്കിയാൽ അങ്ങകലെ ഒരു വര പോലെയേ ഉണ്ടായിരുന്നുള്ളൂ കടൽ. ഓരോ വർഷവും കയറിക്കയറി വന്നു. കഴിഞ്ഞവർഷം വീടിന്റെ ഉമ്മറപ്പടിക്കു താഴെയുള്ള മണ്ണ് കടൽകൊണ്ടുപോയി. പുനർഗേഹം പദ്ധതി പ്രകാരം മറ്റൊരിടത്തു സ്ഥലം വാങ്ങി വീടു നിർമാണം ആരംഭിച്ചിട്ടുണ്ട്. അതു പൂർത്തിയാകുംവരെ ഈ വീട് കടലെടുത്തു പോകരുതേയെന്ന പ്രാർഥനയിലാണു കുടുംബം. 

kayuumal
പൊന്നാനി വെളിയങ്കോട് തണ്ണിത്തുറ കയ്യുമ്മോൾ കടൽ കയറിയ വീട്ടുമുറ്റത്ത്.

ഉറങ്ങിയെണീക്കുമ്പോൾ കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന സങ്കടം കയ്യുമ്മോളിന്റേതു മാത്രമല്ല.

ചോദ്യം: ആരെടുത്തു തീരം? 

ഉത്തരം: ഇനിയും പഠിച്ചിട്ടില്ല

2014ൽ അർത്തുങ്കൽ ഹാർബർ നിർമാണം തുടങ്ങിയതോടെയാണ് ആലപ്പുഴ ഒറ്റമശ്ശേരി ഭാഗത്തു കടൽകയറ്റവും തീരശോഷണവും രൂക്ഷമായതെന്നു നാട്ടുകാർ പറയുന്നു. നാലു വർഷത്തിനിടെ 20 വീടുകളാണ് ഇവിടെ തകർന്നത്. കരയും കടലും തമ്മിലുള്ള മണലിന്റെ കൊടുക്കൽവാങ്ങൽ തെക്കുവടക്കു ദിശയിലാണ്. മഴക്കാലത്തു കൊണ്ടുപോകുന്ന മണൽ ആ സീസൺ കഴിയുന്നതോടെ തിരികെ തീരത്തെത്തിക്കുന്നതാണു കടലിലെ സ്വാഭാവിക ചലനം. ഹാർബർ നിർമാണം തുടങ്ങിയതോടെ അതു തടസ്സപ്പെട്ടെന്നാണു നാട്ടുകാർ പറയുന്നത്. 

ഹാർബറിനു വടക്ക് തീരം കുറഞ്ഞെന്നു സമ്മതിക്കുന്ന ഹാർബർ എൻജിനീയറിങ് വകുപ്പ് തെക്കു തീരം കൂടിയെന്നാണു വാദിക്കുന്നത്. ഹാർബറിന്റെ ആഘാതം ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണു നിർമാണം തുടങ്ങുംമുൻപു നടത്തിയ പഠനത്തിൽ കണ്ടതെന്നും ഇവർ പറയുന്നു. പക്ഷേ, പരാതിയിൽ പഠനം നടത്താൻ തയാറായിട്ടില്ല. നിർമാണം കഴിയുമ്പോൾ പുലിമുട്ട് നിർമിക്കുമെന്നും അപ്പോൾ പഠനം നടത്തുമെന്നുമാണു വിശദീകരണം. നിർമാണം എന്നു തീരും? ഫണ്ടില്ലാത്തതിനാൽ മുടങ്ങിയിരിക്കുകയാണ്. 

തുറമുഖ നിർമാണമാണു കൊല്ലത്തെ തീരശോഷണത്തിനു കാരണമായി  മത്സ്യത്തൊഴിലാളികൾ പറയുന്നത്.  പക്ഷേ, സർക്കാർ സമ്മതിച്ചുതരില്ല. തുറമുഖം വന്നിട്ടു 14 വർഷമായി. അതിന്റെ ആഘാതമാണോ എന്നറിയണമെങ്കിൽ പഠനം നടത്തണ്ടേ എന്നാണു ചോദ്യം. അതു തന്നെയാണു മത്സ്യത്തൊഴിലാളികളും ചോദിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണു കാരണമെന്ന് ഉദ്യോഗസ്ഥർ തീർച്ചപ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ ഒരുവിധം തീരം സംരക്ഷിക്കാൻ പറ്റി. അടുത്ത സീസണെക്കുറിച്ച് ഉറപ്പില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. 

എല്ലാം വിഴുങ്ങി

‘ദാ അവിടെയായിരുന്നു ഞങ്ങളുടെ ക്രിക്കറ്റ് ഗ്രൗണ്ട്’– വലയിൽനിന്നു മീൻ വേർപെടുത്തുന്നതിനിടെ സനോജ് പറഞ്ഞു. സനോജ് ചൂണ്ടിയിടത്തേക്കു നോക്കി. പഴയ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇപ്പോൾ കുത്തിത്തിരിയുന്നതു പന്തല്ല, കൂറ്റൻ തിരമാലകളാണ്. കൊല്ലം മുണ്ടയ്ക്കൽ കാക്കത്തോപ്പ് കടപ്പുറത്തെ ഗ്രൗണ്ട് മാത്രമല്ല, പലതും തിര വിഴുങ്ങിക്കഴിഞ്ഞു.

കാക്കത്തോപ്പിലെ സീ വ്യൂ ക്ലബ്ബിന്റെ നേതൃത്വത്തിൽ പല കായികവിനോദങ്ങളും ഇവിടെ സംഘടിപ്പിച്ചിരുന്നു. കടൽ കയറിയപ്പോൾ കളിയെല്ലാം നിന്നു. കളി നിലച്ചാലും സാരമില്ല, ജീവിതം നഷ്ടപ്പെടരുതെന്നേയുള്ളൂ ഇവിടെയുള്ളവർക്ക്. 

കടൽക്ഷോഭം തുടങ്ങിയപ്പോൾ പുലിമുട്ട് പണിതു. ഇട്ടതെല്ലാം അടുത്തടുത്ത്, ഒന്നും കടലിലേക്ക് ഇറക്കിയിട്ടുമില്ല. ഇപ്പോൾ പുലിമുട്ടുകൾക്കിടയിലൂടെ പാഞ്ഞുകയറിവന്നാണു തീരം കടൽ കവരുന്നത്. കടൽ കയറി റോഡിന് അടുത്തെത്തി.  പുലിമുട്ടിന്റെ അങ്ങേയറ്റത്ത് നൂറിലേറെ ടെട്രാപോഡുകൾ നിരത്തിയിരുന്നു. ഇതിൽ ഒന്നോ, രണ്ടോ മാത്രമേ ബാക്കിയുള്ളൂ. 

Content Highlights: Seashore erosion, Silverline protest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA