നാണംകെടുന്നത് നമ്മുടെ കേരളം

HIGHLIGHTS
  • പെൺമയെ അപമാനിക്കുന്നവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം
crime-woman
SHARE

സ്ത്രീക്ക് ഏത് അർധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് എന്റെ സ്വപ്നം’ എന്നു പറഞ്ഞതു നമ്മുടെ രാഷ്ട്രപിതാവാണ്. മഹാത്മാ ഗാന്ധി ഇങ്ങനെ പറഞ്ഞതു സ്വാതന്ത്ര്യപ്പുലരിക്കും മുൻപായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ആ സ്വപ്നത്തിന് ഇപ്പോഴും രാത്രി മാത്രമല്ല, പകൽപോലും വഴി കണ്ടെത്താനാവാതെ പോകുന്നുവെന്നത് അത്യധികം നിരാശാജനകംതന്നെ.  

കേരളീയ സമൂഹം ഇതിനകം നേടിയ നവീകരണത്തെയും സംസ്‌കാരത്തെയും സാക്ഷരതയെയുമെ‍ാക്കെ ചോദ്യം ചെയ്ത് ആൺപ്രാകൃതത്വം ഇപ്പോഴും വനിതകളെ അപമാനിച്ചുകെ‍ാണ്ടേയിരിക്കുന്നു. മലയാളിയുടെ മനസ്സാക്ഷിയെ അമ്ലമെന്നപോലെ പൊള്ളിക്കുന്ന എത്രയോ സംഭവങ്ങൾ ഇതിനകം ഇവിടെ ഉണ്ടായിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി കേരളത്തെ നാണം കെടുത്തുന്നത്, കോഴിക്കോട്ടെ ഒരു മാളിൽ ചെ‍ാവ്വാഴ്ച രാത്രി സിനിമാ പ്രചാരണം കഴിഞ്ഞു മടങ്ങുന്നതിനിടെ രണ്ടു നടിമാർക്കു നേരെയുണ്ടായ ലൈംഗികാതിക്രമമാണ്. 

ഇതിനിടെ, ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിക്കുകയുണ്ടായി. അപരിചിതന്റെ കടന്നാക്രമണത്തിൽ അപമാനിക്കപ്പെട്ട്, മനസ്സിൽ മാത്രം ശാപവാക്കുകൾ ഉച്ചരിച്ച്, പേടിച്ചു തിരിഞ്ഞുനോക്കാതെ നടന്നകലുന്ന മലയാളി പെൺകുട്ടിയുടെ കാലം കഴിഞ്ഞുവെന്നതിന്റെ മറ്റെ‍ാരു വിളംബരംകൂടിയാണിത്. പെൺശരീരത്തെ തൊട്ടുപോവുന്നതിൽ ആത്മസംതൃപ്‌തി കണ്ടെത്തുന്ന മുഴുവൻ മനോരോഗികൾക്കുമുള്ള പാഠവും അതിലുണ്ട്. 

എല്ലാ മേഖലകളിലും സ്‌ത്രീമുദ്രകൾ ആഴത്തിൽ പതിയുകയാണ്; ശക്‌തരുടെ പട്ടികയിൽ, രാജ്യഭരണത്തിൽ, ഔദ്യോഗിക മേഖലകളിൽ, യുദ്ധമുഖങ്ങളിൽ, എവറസ്‌റ്റിനു മുകളിൽപോലും... പക്ഷേ, അംഗീകാരങ്ങളുടെയും നേട്ടങ്ങളുടെയും ഈ കാഴ്‌ചകൾക്കടുത്തു തന്നെയുണ്ടല്ലോ അപമാനങ്ങളുടെയും സങ്കടങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഒരു ഇരുൾപ്പട്ടിക: ഓരോ മിനിറ്റിലും നടക്കുന്ന അപമാനങ്ങൾ, പീഡനങ്ങൾ, അരക്ഷിതമായ ചുറ്റുപാടുകൾ, വീടുകളിലെ അടിച്ചമർത്തലുകൾ, ഗാർഹിക പീഡനങ്ങൾ, ജനിക്കുംമുൻപേ മരിച്ചുവീഴുന്ന പെൺഭ്രൂണങ്ങളുടെ ദുർവിധി, സ്‌ത്രീധനദുരന്തങ്ങൾ, ഒളിക്യാമറകൾ, സമൂഹമാധ്യമങ്ങളിലടക്കമുള്ള അപമാന ഭീഷണികൾ, സദാചാരഗുണ്ടകളുടെ കയ്യൂക്ക്... 

ആത്മവിശ്വാസത്തിന്റെയും  അതിജീവനത്തിന്റെയുമൊക്കെ മുദ്രാമുഖമായ പുതിയ വനിത അപമാനിക്കപ്പെടുന്നതു കേരളത്തിനു കണ്ടിരിക്കാനുള്ളതല്ല. നീതിരാഹിത്യത്തിന്റെയും ക്രൂരതയുടെയും തുടരനുഭവങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പെൺമ ആവശ്യപ്പെടുന്നത് ഈ നാട്ടിൽ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ്. ഓരോ നാളും പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള അപമാനം അനുഭവിക്കേണ്ടിവരുന്ന ഈ നാട്ടിൽ സ്‌ത്രീസുരക്ഷയ്‌ക്കു വേണ്ടിയുള്ള നടപടികളിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകരുത്. പെൺമയുടെ നേർക്കു ക്രൂരതയോടെ കയ്യുയർത്താൻ ഇനിയെങ്കിലും ആർക്കും ഇവിടെ ധൈര്യമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ വേണം സ്‌ത്രീസുരക്ഷാ പദ്ധതികളെല്ലാം ആസൂത്രണം ചെയ്യാൻ. 

പകലും രാത്രിയും വീടിനകത്തും പുറത്തും തെരുവിലും മാളിലും തൊഴിലിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലുമൊക്കെ സ്‌ത്രീ സുരക്ഷിതയാണെന്ന് ഉറപ്പുവരുമ്പോഴേ പൗരാവകാശത്തിന്റെ പേരിൽ രാജ്യത്തിനു തലയുയർത്തി നിൽക്കാനുള്ള അർഹതയുണ്ടാകൂ. സ്‌ത്രീകളെ അപമാനിക്കുന്നവർക്കു മാതൃകാപരമായ കടുത്ത ശിക്ഷതന്നെയാണു നൽകേണ്ടത്. അതേസമയം, പുരുഷന്റെ മനസ്സിലെ മാറ്റത്തിനാണു രാജ്യത്ത് ഏറ്റവുമാദ്യം കളമൊരുങ്ങേണ്ടത് എന്നതും മറന്നുകൂടാ. കുടുംബങ്ങളിൽനിന്നുതന്നെയാണ് ആ മാറ്റം തുടങ്ങേണ്ടത്. ആൺകുട്ടിയും പെൺകുട്ടിയും കുടുംബത്തിലും സമൂഹത്തിലും പരസ്‌പരം ബഹുമാനിച്ചും പരിഗണിച്ചും സ്‌നേഹിച്ചും വളരട്ടെ. സ്ത്രീയും പുരുഷനും തുല്യരാണെന്നും തുല്യനീതിയും തുല്യബഹുമാനവും അർഹിക്കുന്നവരാണെന്നുമുള്ള ബോധ്യം വ്യക്തിയിലും വീടുകളിലും സമൂഹത്തിലും ഉണ്ടാകണം. 

ഓരോ സംഭവവും ഉണ്ടാകുമ്പോഴുള്ള തീപാറുംചർച്ചകൾ മാത്രമല്ല വേണ്ടത്; സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൂടിയാണ്. സ്‌ത്രീകൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർഥതയും കാര്യനിർവഹണശേഷിയും ചോദ്യംചെയ്യപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൂടാ. ഈ സാമൂഹിക വിപത്തിനെതിരെ പൊതുസമൂഹത്തിന്റെ ജാഗ്രത്തായ ഇടപെടൽ കുറയുന്നുണ്ടോ എന്ന ആത്മപരിശോധനയ്‌ക്കുള്ള സമയംകൂടിയാണിത്.

English Summary: Crime against women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA