ADVERTISEMENT

തീരത്തുനിന്ന് മാറിത്താമസിക്കുന്നതിനു പുനർഗേഹം പദ്ധതിപ്രകാരം സർക്കാർ അനുവദിക്കുന്നത് 10 ലക്ഷം രൂപ. 6 ലക്ഷം സ്ഥലം വാങ്ങാനും 4 ലക്ഷം വീടുപണിയാനും. ഈ തുകയ്ക്കു സ്ഥലം എവിടെക്കിട്ടാൻ? ഇനി കിട്ടി വീടുപണിതാൽതന്നെ ഉപജീവനത്തിന് എന്തുമാർഗം? 

തിരുവനന്തപുരം ജില്ലയിൽ പൊഴിയൂരിനും അഞ്ചുതെങ്ങിനും ഇടയ്ക്കുള്ള പ്രദേശത്ത് 14 വർഷത്തിനിടെ 647 ഏക്കർ ഭൂമി കടലെടുത്തതായാണു പഠനം. വേളി, ശംഖുമുഖം മേഖലയിലും കഠിനംകുളം പ്രദേശത്തുമാണു കൂടുതൽ കടലാക്രമണം നടക്കുന്നതെന്നു കേരള സർവകലാശാലാ ജിയോളജി വിഭാഗം തലവൻ ഡോ.ഇ. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. മുൻപു വർഷം ശരാശരി ഒരു മീറ്റർ തീരം കടലെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 5 മീറ്റർ വരെയാണു നഷ്ടം. 

അറബിക്കടൽ കൂടുതലായി ചൂടാകുന്നതാണു പ്രശ്നങ്ങൾക്ക് ഒരു കാരണമെന്നു പഠനം പറയുന്നു. സമുദ്രനിരപ്പ് പ്രതിവർഷം 8 മില്ലിമീറ്റർ വരെ ഉയരുന്നു. കേരളത്തിന്റെ തെക്കുഭാഗത്തേക്കു വരുമ്പോൾ തിരമാലയുടെ ഉയരവും ഊർജവും ക്രമാതീതമായി വർധിക്കുന്നു. കടലെടുക്കുന്ന എക്കൽ തിരിച്ചെത്തുന്നില്ല. ഈ രീതിയിൽ തീരശോഷണം സംഭവിച്ചാൽ ഏതാനും വർഷത്തിനകം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തെയും ബാധിക്കുമെന്നു പഠനത്തിൽ പറയുന്നു. ശംഖുമുഖം തീരത്ത് ഇപ്പോൾ റോഡിന്റെ സംരക്ഷണഭിത്തിയിൽ വന്നിടിക്കുകയാണു തിര.  500 മീറ്ററോളം നീളത്തിലുണ്ടായിരുന്ന ബീച്ച് ഇപ്പോൾ ഇല്ല.

അവർ ഉറങ്ങുമ്പോൾ കടൽ കയറിയാൽ

കൊല്ലം മുണ്ടയ്ക്കൽ കച്ചിക്കടവ് കടപ്പുറത്തെ സാളറ്റിനു കേൾവിശക്തി കുറവാണ്. മകനാകട്ടെ കേൾവിശക്തി തീരെയില്ല. ഇവർ രണ്ടുപേരുമേയുള്ളൂ വീട്ടിൽ. രാത്രി ഉറങ്ങുമ്പോൾ കടൽ കയറിവന്നാൽ ശബ്ദം കേട്ടറിയാൻ കഴിയില്ല. വെള്ളം വന്നു തൊടുമ്പോഴാകും തിരിച്ചറിയുക. വീടിനു മുൻപിലെ റോഡിന് അടുത്തുവരെ എത്തിയിട്ടുണ്ടു തിരകൾ. എപ്പോൾ വേണമെങ്കിലും വീട്ടിലേക്കു കയറാം. ആ ഭീതിയിലാണ് ഉറങ്ങാൻ കിടക്കുന്നത്.

42 വർഷമായി സാളറ്റ് ഇവിടെ താമസിക്കുന്നു. പണ്ട്, നോക്കെത്താ ദൂരത്തായിരുന്നു കടലെന്നു സാളറ്റ് പറയുന്നു. ഇപ്പോൾ കടൽ കയറിയിറങ്ങുന്നിടത്ത് മുൻപു മൂന്നു നിരകളിൽ വീടുണ്ടായിരുന്നു. ഓരോരുത്തരായി ഒഴിഞ്ഞുപോയി. സുരക്ഷിതമായ സ്ഥലത്തേക്കു മാറാൻ ഇവർ തയാറാണ്. പുനർഗേഹം പദ്ധതിയിൽ അപേക്ഷിച്ചിട്ട് 6 മാസമായി. അപേക്ഷ അംഗീകരിച്ചാൽ തന്നെ ആറു ലക്ഷം രൂപയ്ക്ക് എവിടെയാണു മൂന്നു സെന്റ് കിട്ടുകയെന്നറിയില്ലെന്നു സാളറ്റ് പറയുന്നു. 

salat
കൊല്ലം മുണ്ടയ്ക്കൽ കച്ചിക്കടവ് കടപ്പുറത്തെ സാളറ്റ് വീടിനു മുന്നിൽ.

പുനർഗേഹം പദ്ധതിയിൽ സ്ഥലം വാങ്ങാൻ 6 ലക്ഷവും വീടു വയ്ക്കാൻ 4 ലക്ഷവുമാണു നൽകുന്നത്. സ്വന്തം പേരിലുള്ള അഞ്ചു മുതൽ 50 സെന്റ് വരെ ഭൂമിയാണ് ഇതിനായി പലർക്കും ഉപേക്ഷിക്കേണ്ടിവരുന്നത്. കടലുമായി ബന്ധമില്ലാത്ത എവിടെയെങ്കിലും പോയാലേ സർക്കാർ തരുന്ന പൈസയ്ക്ക് 3 സെന്റെങ്കിലും കിട്ടൂ. എങ്ങനെയെങ്കിലും സ്വന്തം മണ്ണിൽ പിടിച്ചുനിൽക്കാനാണു പലരുടെയും ശ്രമം. 

ഹൈവേയിൽ എന്താ കടൽ കയറില്ലേ?

കൊല്ലം ക്ലാവർമുക്കിലെ 11 സെന്റിൽനിന്നൊഴിയാൻ ആവശ്യപ്പെട്ട ഫിഷറീസ് അധികൃതരെ 86 വയസ്സുള്ള മേരി പ്രതിരോധിച്ചത്, പിന്നെ താനും കുടുംബവും എങ്ങനെ ജീവിക്കുമെന്ന ചോദ്യംകൊണ്ടാണ്. വീടിനു മുന്നിലെ ചെറിയ കടയാണ് ഉപജീവനമാർഗം. പുനർഗേഹം പദ്ധതിയിലെ 10 ലക്ഷത്തിനു വീടും സ്ഥലവുമല്ലാതെ ഉപജീവനമാർഗം ഒരുക്കിത്തരാൻ പറ്റില്ലല്ലോ. തീരദേശ ഹൈവേയ്ക്കുള്ള അലൈൻമെന്റ് മേരിയുടെ കടയ്ക്കു മുന്നിലൂടെയാണ്. കടലെടുത്തു പോകുമെന്നു പറയുന്ന സ്ഥലത്ത് എങ്ങനെ ഹൈവേ പണിയുമെന്ന മേരിയുടെ ചോദ്യത്തിന് ഉത്തരമില്ല. 

ആലപ്പുഴ തോട്ടപ്പള്ളിയിൽ മണലിനടിയിലെ കെട്ടിടാവശിഷ്ടങ്ങൾ ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളി ഷാനവാസ് പറഞ്ഞു– ഇവിടെയെല്ലാം വീടുകളായിരുന്നു. വീട് മാത്രമല്ല, തോപ്പുമുക്ക് മുതൽ തൃക്കുന്നപ്പുഴ വരെ ടാർ റോഡുമുണ്ടായിരുന്നു. കടൽ കയറി റോഡ് മുറിഞ്ഞു. അഞ്ചുവർഷമായി വാഹനമോടുന്നില്ല. 15 വർഷം പഴക്കമുള്ള കടൽഭിത്തിയുടെ അവശിഷ്ടങ്ങൾ കാണാം. തോട്ടപ്പള്ളിയിലെ മണൽ ഖനനത്തിന്റെ ഭാഗമായി മണലൂർന്നുപോയപ്പോൾ കടൽഭിത്തിയുടെ കല്ലുകളും പോയി. റോഡരികിൽ സെന്റിന് ഒരുലക്ഷം രൂപവരെ കൊടുത്ത് പത്തും പതിനഞ്ചും സെന്റ് വാങ്ങിയവരുണ്ട്. അവരൊക്കെ ഇപ്പോൾ വാടകവീട്ടിലാണ്. വീടുകൾ തകർന്നു കിടക്കുന്നു. പുനർഗേഹത്തിലെ 10 ലക്ഷം രൂപ കിട്ടിയാൽ മാറാൻ തയാറാണെന്ന് ഒരു കൂട്ടർ പറയുന്നു. ചിലരാകട്ടെ കടൽഭിത്തി കെട്ടിത്തന്നാൽ മതി, ഇവിടെനിന്നു മാറില്ലെന്ന നിലപാടിലാണ്.

തിരകൾ കയറിയിറങ്ങുന്ന മുറികൾ

1991 മുതൽ 2020 വരെയുള്ള കാലമെടുത്താൽ പൊന്നാനിയിൽ പല പ്രദേശങ്ങളിലും പ്രതിവർഷം 1.27 മീറ്റർ മുതൽ 4.98 മീറ്റർ വരെ തീരശോഷണം സംഭവിച്ചിട്ടുണ്ട്. പൊന്നാനി എംഇഎസ് കോളജിലെ ജിയോളജി വിഭാഗം അസി. പ്രഫസർ പി.കെ. അബ്ദുൽ നാഫിഹിന്റെ നേതൃത്വത്തിലുള്ള പഠനത്തിന് ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ 300 മീറ്റർ വരെ കടൽ കയറിയ സ്ഥലങ്ങളുണ്ടെന്നു കണ്ടെത്തി. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് കടലിന്റെ കയ്യേറ്റം കൂടുതൽ. പൊന്നാനി താലൂക്കിൽ 12 കിലോമീറ്റർ തീരദേശമുണ്ടെങ്കിലും ഒന്നരക്കിലോമീറ്ററിലേ കടൽഭിത്തിയുള്ളൂ.  

alappuzha-thottapalli
ആലപ്പുഴ തോട്ടപ്പള്ളിയിൽ കടൽ കയറി തകർന്ന വീടുകളിലൊന്ന്.

കണ്ണൂർ ജില്ലയിലെ ന്യൂമാഹി മുതൽ രാമന്തളി വരെ 82 കിലോമീറ്റർ തീരത്ത് ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണി നേരിടുന്നവയാണ്. തലശ്ശേരി നഗരസഭയിൽ കാര്യമായി തീരം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, പരിശോധന നടന്നിട്ടില്ല.  അനധികൃത മണൽ വാരൽ ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഇവിടെ മത്സ്യത്തൊഴിലാളികൾ നിരത്തുന്നത്. 

കണ്ണൂർ കോർപറേഷൻ പരിധിയിൽപെട്ട തയ്യിൽപ്രദേശത്ത് തിരമാല മിക്കപ്പോഴും വീടുകൾക്കുള്ളിൽ കയറിയിറങ്ങിപ്പോകുന്നു. 

കണ്ണൂരിലെ ഏഴര തീരത്ത് 10 വർഷത്തിനിടെ 5 മീറ്ററോളം കരയാണു കടലെടുത്തത്. മാടായിയിലെ ഫിഷ് ലാൻഡിങ് സെന്ററിനടുത്ത് 30 മീറ്റർ നഷ്ടപ്പെട്ടു. പയ്യന്നൂർ എട്ടിക്കുളം ബീച്ചിൽനിന്ന് 300 മീറ്റർ നീളത്തിലും 6 മീറ്റർ വീതിയിലും കര നഷ്ടപ്പെട്ടുകഴിഞ്ഞു. കടൽഭിത്തിവരെ തുരന്നുള്ള കടലേറ്റമാണു കാസർകോട് ബേക്കൽകോട്ട മുതൽ കോടി കടപ്പുറം വരെയുള്ള മൂന്നു കിലോമീറ്ററിൽ ഇത്തവണയുണ്ടായത്. 

കോഴിക്കോട് ജില്ലയിൽ കാപ്പാട് മുതൽ കൊയിലാണ്ടി കൊല്ലം വരെയുള്ള മേഖലയിലാണ് തീരശോഷണം ഏറ്റവും രൂക്ഷം. കൊയിലാണ്ടി തുറമുഖം വന്നതിനു ശേഷമാണ് ഈ മേഖലയിൽ തീരശോഷണം വർധിച്ചതെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതു ഹാർബർ എൻജിനീയറിങ് വകുപ്പും സമ്മതിക്കുന്നുണ്ട്. അതേസമയം, തുറമുഖത്തിനു വടക്കുഭാഗത്ത് കൊയിലാണ്ടി മുതൽ കൊല്ലം വരെയുള്ള പ്രദേശത്തെ തീരശോഷണത്തിനു തുറമുഖവുമായി ബന്ധമില്ലെന്നാണ് ഇവരുടെ വാദം. 

ഘട്ടംഘട്ടമായി തീരം നഷ്ടപ്പെട്ട് ഫോർട്ട്കൊച്ചി

ടൂറിസം കേന്ദ്രമായ ഫോർട്ട്കൊച്ചിയിലെ കടൽത്തീരം നാലു ഘട്ടമായാണു നഷ്ടമായത്. വല്ലാർപാടത്ത് 500 ഏക്കറോളം സ്ഥലം നികത്തുന്നതിനു ബണ്ട് കെട്ടിയതോടെ വേമ്പനാട്ടു കായലിൽനിന്നുള്ള വെള്ളത്തിന്റെ ദിശ മാറി. ഫോർട്ട്കൊച്ചി അഴിമുഖത്തോടു ചേ‍ർന്നുള്ള കടപ്പുറം ഇല്ലാതായി. ഇത് ആലപ്പുഴ വരെ ബാധിച്ചു.

എൽപിജി ടെർമിനലിനുവേണ്ടി വൈപ്പിനിൽ സ്ഥലം നികത്തിയപ്പോഴും എൽഎൻജി ടെർമിനലിനുവേണ്ടി വാർഫ് കെട്ടിയപ്പോഴും ഫോർട്ട് കൊച്ചിയുടെ തീരത്തെ ബാധിച്ചു. 

അഴിമുഖത്തോടു ചേർന്നുള്ള ബീച്ചിന് 25 വർഷം മുൻപ് 500 മീറ്ററിലേറെ വീതിയുണ്ടായിരുന്നു. എന്നാൽ, ഇന്നു കരിങ്കൽ നടപ്പാതവരെ കടൽ എത്തി നിൽക്കുന്നു. 250– 300 മീറ്റർ അകലെ കടപ്പുറത്ത് അന്നു സ്ഥാപിച്ച കൂറ്റൻ ടവറുകൾ കടലെടുത്തു. കാർണിവലിനോടനുബന്ധിച്ചു നടത്തിയിരുന്ന ബൈക്ക് റേസ്, കടപ്പുറം നശിച്ചതോടെ വെളി മൈതാനത്തേക്കു മാറ്റി.

വേലിയിറക്ക സമയത്ത് അഴിമുഖത്തുനിന്നു കടലിലേക്കുള്ള ഒഴുക്കും കടലിൽ സാധാരണമായി കാണുന്ന വടക്കു നിന്നു തെക്കോട്ടുള്ള ഒഴുക്കും കൂടി ചേർന്നതോടെ തീരക്കടലിലെ ഒഴുക്കിന്റെ ഗതി മാറിയതായി പറയപ്പെടുന്നു. 

ഇങ്ങനെ മണ്ണൊഴുകിപ്പോയാൽ തീരക്കടലിൽ ആഴം കൂടുകയും തിരകളുടെ ശക്തിയും ഉയരവും വർധിക്കുകയും ചെയ്യും. ഇതു തീരത്തു വന്നു പതിക്കുന്നതാണു കടൽക്ഷോഭത്തിനു കാരണമായി പറയുന്നത്. 

അളവെടുക്കും; പക്ഷേ..

തീരശോഷണത്തെക്കുറിച്ചു പഠിക്കാൻ മാത്രം മേജർ ഇറിഗേഷൻ വകുപ്പിനു കീഴിൽ കോസ്റ്റൽ ഇറോഷൻ സ്റ്റഡീസ് വിഭാഗമുണ്ട്. ഓരോ മാസവും തീരത്തിന്റെ അളവു രേഖപ്പെടുത്തണമെന്നാണ്. എന്നാൽ, എത്രമാത്രം തീരം ഇല്ലാതായി എന്ന കണക്ക് ജില്ലാ കേന്ദ്രങ്ങളിൽ രേഖപ്പെടുത്താറില്ല. തീരശോഷണത്തിന്റെ കാരണം സംബന്ധിച്ച പഠനവും ഇല്ല. കൊച്ചിയിലെ തീരശോഷണത്തെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ ചെന്നൈ ഐഐടിയെ സർക്കാർ 3 വർഷം മുൻപു ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ടിൽ തുടർ നടപടി ഉണ്ടായിട്ടില്ല.

English Summary: Seashore erosion in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com