സർക്കാർസേവനം ജനാവകാശം

HIGHLIGHTS
  • സേവനം വൈകാതിരിക്കാൻ ഉദ്യോഗസ്ഥർ മനസ്സുവയ്ക്കണം
kerala-government
ഫയൽചിത്രം
SHARE

സർക്കാർജോലി ജനസേവനമാണെന്നും ജീവിതത്തിൽ ഒരിക്കലെങ്കിലും താനും മുന്നിലുള്ള അപേക്ഷകരുടെ സ്ഥാനത്തു നിൽക്കേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ ചിന്തിക്കുമ്പോഴാണു ഭരണയന്ത്രത്തിന്റെ പ്രവർത്തനം സുഗമവും സഫലവുമാകുക. മന്ത്രിയായാലും ഉദ്യോഗസ്‌ഥനായാലും ഭരണനിർവഹണത്തിൽ വരുത്തിവയ്‌ക്കുന്ന കാലതാമസം ഈ കാലത്തിന്റെതന്നെ ദുരന്തമാണെന്നതിൽ സംശയമില്ല. സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുന്നതിലെ കാലവിളംബം ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാകുന്നു.

ന്യായമായ ആവശ്യമുന്നയിക്കുന്ന ഒരു ഫയൽ തീർ‌പ്പാക്കുന്നതുമുതൽ ജനങ്ങൾക്കു പ്രയോജനകരമായ പദ്ധതികൾ സമയബന്ധിതമായി തീർക്കുന്നതിൽവരെ കാലതാമസമുണ്ടാകുമ്പോൾ അതു ജനങ്ങളോടുള്ള വെല്ലുവിളിതന്നെയായി മാറുകയാണ്. മുഖ്യമന്ത്രിയിൽനിന്നുണ്ടായ ജനകീയമായ ഈ ആവശ്യം യാഥാർഥ്യമാക്കാൻ സർക്കാർ ഉദ്യോഗസ്ഥരെല്ലാം ഏക മനസ്സോടെ, സമർപ്പിതരായി മുന്നിട്ടിറങ്ങേണ്ടതുണ്ട്. പൊതുജന പരാതി പരിഹാരത്തിനു ജില്ലാതലങ്ങളിൽ സംവിധാനമുണ്ടാകണമെന്നും ജില്ലാ കലക്ടർമാരുടെയും വകുപ്പു മേധാവികളുടെയും വാർഷിക യോഗത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. 

സർക്കാരുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ നിരുത്തരവാദിത്തത്തിനും പിടിവാശിക്കും കാലവിളംബത്തിനും പുതിയെ‍ാരു നിർഭാഗ്യ ഉദാഹരണം നാം കേട്ടുകഴിഞ്ഞതേയുള്ളൂ. ബിരുദ വിദ്യാർഥിയായ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ അച്ഛൻ പ്രേമനൻ മകൾക്കൊപ്പം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയതും ജീവനക്കാരുടെ മർദനമേറ്റതും കേരളം മുഴുവൻ ചർച്ചയായിരുന്നു. കൺസഷൻ പുതുക്കിനൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് കൂടിയേതീരൂ എന്ന ജീവനക്കാരുടെ നിർബന്ധവും അതു പ്രേമനൻ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കേറ്റവുമാണു ക്രൂരമർദനത്തിലേക്കു നയിച്ചത്. 

ഒരാഴ്ച മുൻപു പുതുക്കി നൽകില്ലെന്ന് അധികൃതർ പറഞ്ഞ കൺസഷൻ ടിക്കറ്റ്, കഴിഞ്ഞ ദിവസം രേഷ്മയുടെ വീട്ടിലെത്തിച്ചു നൽകിയിരിക്കുകയാണ് കെഎസ്ആർടിസി. അതിനു കോഴ്സ് സർട്ടിഫിക്കറ്റ് നൽകേണ്ടിവന്നില്ല; വിദ്യാർഥിയാണെന്നു തെളിയിക്കേണ്ടിവന്നതുമില്ല. പിന്നെ എന്തിനായിരുന്നു ഈ ക്രൂരപ്രഹസനമെന്ന് അധികൃതരോടു ചോദിക്കുകയാണു കേരളം. അവകാശപ്പെട്ട സേവനം നിഷേധിക്കപ്പെട്ടതിനെയായിരുന്നു ആ അച്ഛനും മകളും കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ചോദ്യം ചെയ്തത്.

സേവനം ജനങ്ങളുടെ അവകാശമാക്കിയ സംസ്ഥാനമാണു കേരളം. 2012ലെ കേരളപ്പിറവിദിനത്തിൽ പ്രാബല്യത്തിൽവന്ന നിയമത്തിന്റെ ലക്ഷ്യം സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ്. ആത്മാർഥ ജനസേവനമായി സർക്കാർജോലിയെ കാണുന്ന ഉദ്യോഗസ്ഥർക്കു സേവനാവകാശ നിയമം കൂടുതൽ കർമോർജം പകരുകയും ചെയ്യുന്നു. എന്നാൽ, ഈ നിയമം നടപ്പാക്കിയശേഷവും സർക്കാർ സേവനങ്ങൾ പലപ്പോഴും കൃത്യമായി ജനങ്ങൾക്കു ലഭിക്കുന്നില്ല. അർഹതപ്പെട്ട സേവനം ലഭിക്കാൻ പലപ്പോഴും കൈക്കൂലി കെ‍ാടുക്കേണ്ടിവരുന്നു. പ്രതിബദ്ധതയോടെ ജനങ്ങളോടൊപ്പം നിൽക്കുന്നവരാണു കേരളത്തിലെ നല്ലപങ്കു സർക്കാർ ഉദ്യോഗസ്‌ഥരെങ്കിലും, കൈക്കൂലി ജീവിതശൈലിതന്നെയാക്കിയ കുറച്ചുപേരും അവർക്കൊപ്പം ഉണ്ടെന്നതു ഭരണസംവിധാനത്തിനു മൊത്തത്തിൽ കളങ്കമാണ്.

സർക്കാർ ഓഫിസുകളിലെ ഫയൽക്കൂമ്പാരങ്ങളും ചുവപ്പുനാടക്കുരുക്കുകളും കേരളം കണ്ടുതുടങ്ങിയിട്ടു കാലമേറെയായി. ഇതിനകം സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകളിലായി പല മന്ത്രിമാരും ഫയൽനീക്കത്തിനു വേഗം കൂട്ടാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും അതിൽ വലിയ കാര്യമുണ്ടായില്ലെന്നതാണു വാസ്തവം. ജനജീവിതവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു പരാതികൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുമ്പോൾ നാടുനേടുന്ന വികസനത്തിനും സൽപേരിനും പിന്നെയെന്തർഥം? സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാട അഴിക്കേണ്ടത് അത്യധികം മാനുഷികത ആവശ്യമായ ജനകീയയജ്ഞം എന്ന നിലയിൽവേണം സർക്കാർ ഉദ്യോഗസ്ഥർ കാണേണ്ടത്.

സർക്കാർകാര്യം മുറപോലെ എന്ന പതിവുശൈലിക്കെതിരെ ഭരണകർത്താക്കൾ കടുത്തഭാഷയിൽ കാലങ്ങളായി സംസാരിച്ചിട്ടും ബ്യൂറോക്രസിയുടെ വാതിലുകൾ വേണ്ടതുപോലെ തുറന്നുവയ്ക്കാൻ ഇനിയും നമുക്കു കഴിയാത്തത് എന്തുകെ‍ാണ്ടാണ്? സർക്കാർ ഉദ്യോഗസ്ഥർ സേവനസന്നദ്ധരായി സദാ തങ്ങൾക്കരികിലുണ്ടെന്ന ബോധ്യം ജനങ്ങൾക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് അവർ മറന്നുപോകുന്നതും എന്തുകെ‍ാണ്ടാണ്?

English Summary: Govt services are people's rights,

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}