ഇതും ജീവിതം

valiyathura-rinkuraj
തിരുവനന്തപുരം വലിയതുറയിൽ തുറമുഖ വകുപ്പിന്റെ സിമന്റ് ഗോഡൗണിൽ അഞ്ചുവർഷമായി താമസിക്കുന്ന കുടുംബം. കിടപ്പുമുറിയും അടുക്കളയുമെല്ലാം ഇതാണ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
SHARE

ഗോഡൗണിൽ ഷീറ്റ് മറച്ചു വേർതിരിച്ച മുറികളിൽ 64 കുടുംബങ്ങളിലെ 384 പേർ... പാമ്പിനും തേളിനും ഒച്ചിനും ഒപ്പം അഞ്ചുവർഷമായി അവർ ഇവിടെയുണ്ട്. കുടുംബങ്ങൾക്കിടയിൽ ഷീറ്റ്മറ വന്നതുപോലും അടുത്തിടെ...

കടലിൽ പണിക്കുപോയ അച്ഛൻ പുലർച്ചെ വന്ന് ഒന്നു കണ്ണടയ്ക്കുമ്പോഴായിരിക്കും മകൾക്കു സ്കൂളിൽ പോകാൻ ഒരുങ്ങേണ്ട സമയമാകുന്നത്. ഉറക്കമുണർന്ന് അച്ഛൻ പുറത്തിറങ്ങി നിന്നാലെ അവൾക്കു വസ്ത്രം മാറാൻ പറ്റൂ– വലിയതുറയിൽ തുറമുഖ വകുപ്പിന്റെ ഗോഡൗണിലെ ഷീറ്റ് മറച്ച ഒറ്റമുറിയിൽ കഴിയുന്ന അമ്മ നൊമ്പരത്തോടെ പറഞ്ഞു. ഷീറ്റ് വച്ചു മറച്ചതുപോലും അടുത്തിടെയാണ്. അതുവരെ ഗോഡൗണിലെ ഹാളിൽ പല കുടുംബങ്ങൾ ഒരുമിച്ചാണു കഴിഞ്ഞിരുന്നത്. പറഞ്ഞറിയിക്കാനാകില്ല ഇവരുടെ ദുരിതം. പാമ്പ്, തേള്, ഒച്ച്... എല്ലാമുണ്ടു ഗോഡൗണിൽ. കടൽക്ഷോഭവും തീരശോഷണവും മൂലം വീട് നഷ്ടപ്പെടുകയോ താമസം ഭീഷണിയിലാവുകയോ ചെയ്ത 64 കുടുംബങ്ങളിലെ 384 പേരാണു ഗോഡൗണിലുള്ളത്. തീരശോഷണം വിഷയമാക്കി വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപത സമരം തുടങ്ങിയപ്പോഴാണ്, അഞ്ചുവർഷമായി ഈ കിടപ്പ് കിടക്കുന്ന ഇവരെ സർക്കാർ ഓർമിച്ചത്. 

വാടകവീട് കണ്ടെത്തിയാൽ 5500 രൂപ വീതം മാസവാടക നൽകാമെന്നാണു വാഗ്ദാനം. എന്നാൽ, തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഈ വാടകയ്ക്ക് എവിടെ വീടുകിട്ടുമെന്ന് ഇവർ ചോദിക്കുന്നു? കരുതൽപണമായി നൽകേണ്ട തുക ആരു നൽകും? കടലിൽപോയി ജീവിക്കുന്നവർ കടൽത്തീരംവിട്ട് അകലേക്കു പോയിട്ട് എന്തുചെയ്യാൻ? 

മുട്ടത്തറയിൽ ഏറ്റെടുത്ത സ്ഥലത്ത് ഫ്ലാറ്റ് നിർമാണം പൂർത്തിയാകുന്നതുവരെ വാടക കൊടുക്കുമെന്നാണു സർക്കാർ വാഗ്ദാനം. എന്നാൽ, ഇവിടെ നിലവിലുള്ള ഫ്ലാറ്റുകളുടെ ശോച്യാവസ്ഥ അറിയാവുന്നതിനാൽ ഫ്ലാറ്റിനോട് അധികംപേർക്കും താൽപര്യമില്ല. 

അഞ്ചുവർഷത്തിനിടെ ഈ ഗോഡൗണിൽ പലരും ജനിച്ചു, മരിച്ചു. ചില കുട്ടികൾക്ക് ഇവിടുത്തെ താമസംകൊണ്ട് ത്വക്‌രോഗങ്ങൾ പിടിപെട്ടു. കുട്ടികളുടെ പഠനവും കളിയും മുടങ്ങി. ഇതെല്ലാം ഇത്രനാളും അവഗണിച്ച സർക്കാർ, വിഴിഞ്ഞം സമരം ഒത്തുതീർപ്പിലെത്തിക്കാൻ കണ്ടെത്തിയ വഴിയായേ പുതിയ വാഗ്ദാനത്തെ ഇവർ കാണുന്നുള്ളൂ. ഇത്രനാളും തിരിഞ്ഞുനോക്കാത്തവർ നാളെ വാടക മുടക്കിയാൽ തങ്ങൾ എന്തു ചെയ്യുമെന്ന ഇവരുടെ ചോദ്യം അനുഭവത്തിൽനിന്നാണ്. അഞ്ചുപേർക്കു മാത്രമാണ് ഇതുവരെ അക്കൗണ്ടിൽ വാടകത്തുക വന്നത്. അവർക്കു വീട് കണ്ടെത്താനായിട്ടുമില്ല. 

എട്ടുവർഷം കാത്തിരുന്നു; കിട്ടി, വെള്ളമില്ലാത്ത ഫ്ലാറ്റ്

മത്സ്യത്തൊഴിലാളികൾക്കുള്ള പദ്ധതിയാണെങ്കിൽ അത് ഇഴഞ്ഞേനീങ്ങൂ എന്നതാണു കേരളത്തിലെ അനുഭവം. കടപ്പുറത്തു കിടക്കുന്നവർക്ക് ഇതൊക്കെ മതി എന്ന മട്ടിലാണു നിർമാണവും. വിഴിഞ്ഞത്ത് 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമിച്ചിരുന്നു. എട്ടു വർഷമാണ് ഈ ഫ്ലാറ്റ് നിർമാണം ഇഴഞ്ഞത്. എട്ടു വർഷവും സ്വന്തം കയ്യിൽനിന്നു പണമെടുത്ത് ഇവർ വാടക കൊടുത്തു. 

valiyathura-2-rinkuraj
വലിയതുറയിലെ ഗോഡൗണിൽ കഴിയുന്നവർ.

എന്തുകൊണ്ട് പണി ഇഴഞ്ഞുവെന്ന് ഒരു സർക്കാരും ചോദിച്ചില്ല. വാടക കൊടുക്കേണ്ടതു കൃത്യസമയത്തു പണി പൂർത്തിയാക്കാത്തവരുടെ ഉത്തരവാദിത്തമാണെന്നു പറയാനും ആരുമുണ്ടായില്ല. 

ഒടുവിൽ ആറു മാസം മുൻപു ഫ്ലാറ്റ് കൈമാറിയപ്പോഴാകട്ടെ അവിടെ ശുദ്ധജലവുമില്ല. കടൽക്ഷോഭത്തിന്റെയും തീരശോഷണത്തിന്റെയും പേരിൽ സ്വന്തം ഭൂമി ഉപേക്ഷിച്ചുവന്നവർക്ക് ഇപ്പോൾ സ്വന്തം പേരിൽ ഒന്നുമില്ല. ഫ്ലാറ്റുകൾ ഇതുവരെ പ്രമാണം ചെയ്തു കൊടുക്കാത്തതാണു കാരണം. 

കൊടുത്തത് വീടടക്കം ഭൂമി; തിരിച്ചുകിട്ടിയത് മരുഭൂമി

പദ്ധതിക്കുവേണ്ടി തീരദേശത്തുനിന്ന് ഒഴിപ്പിക്കപ്പെടുന്നവർക്കു പിന്നീട് എന്തു സംഭവിക്കുന്നുവെന്നതിന്റെ നേർച്ചിത്രമാണു കൊല്ലം ആലപ്പാട് വെള്ളനാതുരുത്തിലെ കിഴക്കേ അറ്റത്ത് ലിനീഷിന്റെ അവസ്ഥ. കുടുംബ ഓഹരിയായി കിട്ടിയ 15 സെന്റിലെ നാലുമുറി വീടും കടയും 2017ൽ ആണ് ഇന്ത്യൻ റെയർ എർത്തി(ഐആർഇ)നു ധാതുഖനനത്തിന്റെ ഭാഗമായി 3 വർഷത്തെ പാട്ടത്തിനു കൊടുത്തത്. 3 വർഷത്തിനുശേഷം പൂർവസ്ഥിതിയിലാക്കി തിരിച്ചുകൊടുക്കുമെന്നായിരുന്നു കരാർ. ഏഴു മാസം മുൻപു തിരിച്ചുകിട്ടിയത് വെറും പൂഴിമണ്ണ്. വൈദ്യുതിയോ റോഡോ വെള്ളമോ ഒന്നുമില്ല. വാടക കൊടുത്തു മടുത്തതിനാൽ ഇവിടേക്കു താമസം മാറുകയല്ലാതെ ലിനീഷിനു വേറെ വഴിയില്ലായിരുന്നു. പഴയ വീടിരുന്ന സ്ഥലത്ത് ഒറ്റമുറി കെട്ടിടം വച്ചു. ഉറപ്പില്ലാത്ത മണലിൽ അതേ പറ്റൂ. വീടും കടയുമായി ഈ ഒറ്റമുറി മാറി. ഭാര്യയും ആറു വയസ്സുള്ള കുട്ടിയുമായി ലിനീഷ് ഇവിടെ കഴിയുന്നു. മൂന്നുവയസ്സുള്ള ഇളയകുട്ടിയെ ഭാര്യയുടെ വീട്ടിലാക്കി. 

lineesh
ധാതുമണൽ ഖനനത്തിനുശേഷം തിരിച്ചു കിട്ടിയ ഭൂമിയിൽ കെട്ടിയ ഒറ്റമുറിക്കെട്ടിടത്തിനു മുൻപിൽ ആലപ്പാട് വെള്ളനാതുരുത്തിലെ ലിനീഷും കുടുംബവും

മൂന്നു വർഷം മുൻപു പോയപ്പോഴുള്ള സ്ഥിതിയല്ല. കടൽ പറമ്പിലേക്കു കയറി. അതോടെ ഭൂമി തീരദേശ നിയന്ത്രണ മേഖലയിൽപെട്ടു. അതുകൊണ്ട് കെട്ടിടനമ്പർ കിട്ടിയിട്ടില്ല. മരുഭൂമിപോലെ കിടക്കുന്ന പ്രദേശത്ത് ഇപ്പോൾ ഈ വീടേയുള്ളൂ. മുൻപു നൂറോളം വീടുകളുണ്ടായിരുന്നു. അവരെല്ലാം വാടകവീടുകളിലാണ്. ഖനനത്തിനു ശേഷം തിരിച്ചുകൊടുക്കാമെന്നാണു ചിലരുമായുള്ള കരാർ. ഖനനം എന്നു തീരുമെന്ന് ആർക്കുമറിയില്ല. കടൽകയറി വരുംതോറും ഖനനപ്രദേശം മാറുന്നുവെന്നു മാത്രം. 

10 വർഷം കഴിഞ്ഞിട്ടും ഹാർബറിൽ ബോട്ട് അടുത്തില്ല

‘കരയിൽനിന്നു മൂന്നുനാലു കിലോമീറ്റർവരെ മണ്ണും മണലും ചെളിയും കോരിയെടുത്താൽ പ്രകൃതിയുടെ സന്തുലനാവസ്ഥ നശിക്കും. അതുണ്ടാക്കുന്ന പ്രത്യാഘാതം നിസ്സാരമല്ല. വരുംതലമുറയോടു ചെയ്യുന്ന കൊടുംപാതകമാണ്. നിരന്തരമായ മണൽഖനനം നമ്മുടെ നദികളെ എത്രമാത്രം അപകടപ്പെടുത്തിയിട്ടുണ്ടെന്നു ചിന്തിക്കുക, അതിനെക്കാൾ ദൂഷ്യഫലങ്ങളാണു കടൽമണൽ ഖനനം വർധിച്ചാലുണ്ടാവുക: ‘കടൽമണൽ ഖനനം പുതിയ കടൽക്കൊള്ള’ എന്ന പേരിൽ പിണറായി വിജയൻ 2005ൽ എഴുതിയ ലേഖനത്തിലെ വാചകങ്ങൾ. 

thottapalli
തോട്ടപ്പള്ളി ബീച്ച്

അതേ പിണറായി വിജയൻ കേരളം ഭരിക്കുമ്പോഴാണു തോട്ടപ്പള്ളിയിലും ആലപ്പാട്ടുമെല്ലാം കടൽമണൽ ഖനനം നടക്കുന്നത്. സമരം ചെയ്യുന്നവരെ പിണറായിയുടെ പൊലീസ് നേരിട്ടതു കടുത്ത രീതിയിലുമാണ്. ഒരു ചതുരശ്രമീറ്ററിന് 452 രൂപയാണു സർക്കാരിനു കിട്ടുന്ന വരുമാനം. 

തോട്ടപ്പള്ളി ഹാർബറിൽ അടിയുന്ന മണ്ണുനീക്കി മീൻപിടിത്തബോട്ടുകളുടെ ഗതാഗതം സുഗമമാക്കാൻ ഐആർഇയെ 6 മാസത്തേക്ക് ഏൽപിച്ചതാണ്. ഇപ്പോൾ 10 വർഷം കഴിഞ്ഞു. മീൻപിടിത്ത ബോട്ട് കയറുന്നില്ല. ഖനനത്തിന്റെ പേരിൽ തീരം കാർന്നുതീരുകയുമാണെന്ന് അഞ്ഞൂറോളം ദിവസമായി ഇവിടെ സമരം നടത്തുന്ന നാട്ടുകാർ ആരോപിക്കുന്നു. 

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലായി 456 വീടുകൾ 10 വർഷത്തിനിടെ കടൽക്ഷോഭത്തിൽ നഷ്ടമായി. 

പാറക്ഷാമം, പണി നിന്നു

തോട്ടപ്പള്ളിയിൽ സ്പിൽവേയുടെ രണ്ടുവശത്തും കടലിലേക്ക് ഇറക്കി പുലിമുട്ട് വേണമെന്നും അടിത്തറ വലുതാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ഹാർബർ എൻജിനീയറിങ് വകുപ്പിനും ബോധ്യപ്പെട്ടു. എന്നാൽ, 2017ൽ തയാറാക്കിയ പദ്ധതി റിപ്പോർട്ട്  അംഗീകരിച്ചിട്ടില്ല. തോട്ടപ്പള്ളി ഹാർബറിന്റെ അശാസ്ത്രീയത പരിഹരിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. 

തീരസംരക്ഷണത്തിന്റെ കാര്യത്തിൽ വകുപ്പുകൾ തമ്മിൽ തർക്കവുമുണ്ട്. ഹാർബറുള്ള പ്രദേശത്ത് 2 കിലോമീറ്റർ പരിധിയിൽ തീരസംരക്ഷണം ഹാർബർ എൻജിനീയറിങ് വകുപ്പിനെ ഏൽപിക്കണമെന്നു നിർദേശമുണ്ടായിരുന്നു. എന്നാൽ, 500 മീറ്ററിന് അപ്പുറം തങ്ങളുടെ അധികാര പരിധിയാണെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ നിലപാട്. എന്നാൽ, ആ അധികാരം കൃത്യമായി അവർ വിനിയോഗിക്കുന്നുമില്ല. 

ആലപ്പാട് മേജർ ഇറിഗേഷൻ വകുപ്പു നിർമിക്കുന്ന കടൽഭിത്തി പാതിവഴിയിലാണ്. പാറ ഇല്ലെന്നതാണു കാരണമായി പറയുന്നത്. ക്വാറികളിലെ 50 ശതമാനം പാറ സർക്കാർ നിരക്കിൽ സർക്കാരിനു കൊടുക്കണമെന്ന് ഉത്തരവുണ്ട്. എന്നാൽ ഇതു സംഘടിപ്പിക്കാൻ വകുപ്പ് മെനക്കെടുന്നില്ല. 

English Summary: Thirayeduthu thirigeyethiyilla column, Seashore erosion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA