ആത്മവിശ്വാസത്തോടെ ഇവർ മുന്നേറട്ടെ; വനിതാ സംരംഭകരെ സർക്കാരും സമൂഹവും പിന്തുണയ്ക്കണം

women-entrepreneurs
പ്രതീകാത്മക ചിത്രം. Photo Credit: Anel Alijagic/Shutterstock
SHARE

സ്ത്രീശാക്തീകരണത്തിലൂടെ സമൂഹത്തിന്റെ മുഴുവൻ മുന്നേറ്റവും സാധ്യമാകുമെന്നിരിക്കെ, അതുതന്നെയാണു ലോകത്തെ ഏറ്റവും മികച്ച നിക്ഷേപം. സാമ്പത്തിക ശാക്തീകരണത്തിലൂടെ ജെൻഡർ തുല്യത കൈവരിക്കേണ്ടതും അതുവഴി സംരംഭകരംഗത്തു വനിതകളുടെ കരുത്തുറ്റ സാന്നിധ്യമുണ്ടാകേണ്ടതും രാജ്യപുരോഗതിക്കു പരമപ്രധാനമായ കാര്യമാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരുന്ന വനിതാ സംരംഭകർക്കു പിന്തുണ നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിനും പൊതുസമൂഹത്തിനുമുണ്ടെന്നു ദി ഇൻഡസ് ഒൻട്രപ്രനേഴ്സ് കേരള ഘടകവും (ടൈ കേരള) വിമൻ ഒൻട്രപ്രനർ നെറ്റ്‌വർക്കും (വെൻ) ചേർന്നു കൊച്ചിയിൽ‍ നടത്തിയ വിമൻ ഇൻ ബിസിനസ് കോൺക്ലേവ് ഓർമപ്പെടുത്തുന്നു.

കുടുംബശ്രീ പദ്ധതി സംസ്ഥാനത്തെ വനിതകളുടെ ശാക്തീകരണത്തിൽ വലിയ പങ്കുവഹിച്ചു. പക്ഷേ, ഇപ്പോഴും സ്ത്രീ സംരംഭമെന്നാൽ ഭക്ഷ്യ, വസ്ത്ര, സൗന്ദര്യവർധക ഉൽപന്നങ്ങൾ മാത്രമാണെന്ന പലരുടെയും തെറ്റിദ്ധാരണ മാറേണ്ടതുണ്ട്. സമൂഹത്തെ സമൂലം നവീകരിക്കുന്ന മാറ്റങ്ങളും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പുതിയ അവസരങ്ങളും തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ വനിതാ സംരംഭകർക്കു കഴിയണം. ഇന്റർനെറ്റ് വന്നപ്പോൾ ലോകം മാറി. കോവിഡ്കാലം നമ്മളെ വീണ്ടും മാറ്റിമറിച്ചു. ഇത്തരം മാറ്റങ്ങളുടെ തുടർച്ചയായുണ്ടാകുന്ന ആവശ്യങ്ങൾ നിറവേറ്റാനായി പുതിയ സേവനങ്ങളും ബിസിനസ് മാതൃകകളും ഉയർന്നുവരുമെന്നും ആ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കോൺക്ലേവ് അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞു പുതിയ ആശയങ്ങളും സംരംഭക മാതൃകകളും ആവിഷ്കരിക്കുകയാണു വനിതാ സംരംഭകർക്കു മുന്നിലുള്ള വിജയവഴി.

ജനസംഖ്യയുടെ 51% വരുന്ന സ്ത്രീകൾ സംരംഭകത്വത്തിന്റെ ഭാഗമായാൽ ഉണ്ടാകുന്ന സാമ്പത്തികവളർച്ച നമ്മുടെ നാടിനെ വലിയ പുരോഗതിയിലേക്കു നയിക്കും. ഈ ലക്ഷ്യത്തിലൂന്നിയാണ് ‘എല്ലാ വീട്ടിലും ഒരു വനിതാ സംരംഭക’ എന്ന ആശയം ടൈ കേരള മുന്നോട്ടുവയ്ക്കുന്നത്. പക്ഷേ, സംരംഭകരംഗത്തെ വനിതാ പ്രാതിനിധ്യം ഇപ്പോഴും വളരെ കുറവാണ്. രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ വനിതാ പ്രാതിനിധ്യം 19% മാത്രം. കേരളത്തിലെ സ്റ്റാർട്ടപ്പ് രംഗത്തു പ്രവർത്തിക്കുന്ന 3900 കമ്പനികളിൽ വനിതകളുടേത് 178 എണ്ണമേയുള്ളൂ. സ്റ്റാർട്ടപ് സംരംഭങ്ങളിൽ വനിതാ പ്രാതിനിധ്യം ഉയർത്താനായി സംസ്ഥാന സർക്കാരിന്റെ ഫലപ്രദ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

വനിതാ സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ നിക്ഷേപകരും വായ്പ നൽകാൻ ബാങ്കുകളും പുലർത്തുന്ന വിമുഖത മാറണം. ഈടു നൽകാൻ ഭൂമിയോ മറ്റു വസ്തുക്കളോ ഇല്ലാത്ത വനിതാ സംരംഭകർക്കു മൂലധന സമാഹരണം വെല്ലുവിളിയാണ്. ഇതിനു ബദൽമാർഗങ്ങൾ കണ്ടെത്താൻ സർക്കാരും ബാങ്കുകളും മുൻകയ്യെടുക്കണം. 

സാങ്കേതികവിദ്യയിലെ മുന്നേറ്റവും ഓൺലൈൻ പ്ലാറ്റ്ഫോമുകളും സ്ത്രീകളുടെ സ്വാശ്രയത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു കോൺക്ലേവ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു ശശി തരൂർ എംപി പറയുകയുണ്ടായി. എന്നാൽ, വലിയൊരു വിഭാഗം സ്ത്രീകൾക്കും കരിയർ താൽപര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. ഇവർക്കു മുന്നിൽ അവസരങ്ങളുടെ വാതിൽ തുറക്കാനുള്ള ഉത്തരവാദിത്തം തീർച്ചയായും സർക്കാരിനുണ്ട്.

കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച വനിതാ സ്റ്റാർട്ടപ് ഉച്ചകോടിയുടെ നാലാം പതിപ്പും (വിമൻ സ്റ്റാർട്ടപ് സമ്മിറ്റ് 4.0) ഈയിടെ കെ‍ാച്ചിയിൽ നടക്കുകയുണ്ടായി. വനിതാ സംരംഭകർക്കു കരുത്തുറ്റ പ്രവർത്തന ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഈ ഉച്ചകോടി സഹായിക്കുമെന്നാണു സർക്കാർ പറയുന്നത്. 

ജീവിതത്തിന്റെ മറ്റു മേഖലകളിലുള്ള വെല്ലുവിളികൾ മാത്രമേ വനിതകൾക്കു സംരംഭകരംഗത്തും നേരിടാനുള്ളൂ. എന്നാൽ, വനിതകൾ സംരംഭകരാകുമ്പോൾ സാമൂഹിക മുൻവിധികളുടെയും ജെൻഡർ വിവേചനത്തിന്റെയും വ്യാപ്തി കൂടുതലാണ്. അവ മറികടക്കാനായി ഇവർക്ക് ഒപ്പം നിൽക്കേണ്ട ചുമതലയിൽ മുഖ്യപങ്കു കുടുംബത്തിനുതന്നെയാണ്. പുതിയ സാധ്യതകൾ നൽകുന്ന ആത്മവിശ്വാസത്തോടെ നവലോകത്തെ അഭിമുഖീകരിക്കാൻ വനിതാ സംരംഭകർക്കു പിന്തുണ നൽകേണ്ടതു സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണെന്നിരിക്കെ, അതിനുവേണ്ടിയുള്ള മണ്ണൊരുക്കങ്ങളൊക്കെയും പ്രത്യാശ നൽകുന്നു.

English Summary: Gender biases can’t stop women from becoming entrepreneurs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA