കേരളമാകെ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതു ചിലർക്കു സഹിക്കുന്നില്ല. സാമ്പത്തിക വിശാരദന്മാർ ധൂർത്തേ, ധൂർത്തേന്ന് അലറി വിളിക്കും. ഇപ്പോൾ എന്താ അവരുടെ പ്രശ്നം?
ക്ലിഫ് ഹൗസിൽ ചെറിയൊരു പഞ്ചനക്ഷത്ര തൊഴുത്തു നിർമിക്കുന്നു, ആറു പശുക്കളെ ആനന്ദത്തിൽ ആറാടിക്കാൻ. വരാനിരിക്കുന്ന ഐശ്വര്യവുമായി തട്ടിച്ചു നോക്കുമ്പോൾ ചെലവു തുച്ഛം. വെറും 43 ലക്ഷം രൂപ. 1957ൽ നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞ ചെയ്ത ദിവസത്തെ കടം 34.07 കോടി രൂപയായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ എത്തിയപ്പോൾ അതു 3.89 ലക്ഷം കോടി രൂപയേ ആയിട്ടുള്ളൂ. അതുകൊണ്ട് ഇവിടെ എന്തെങ്കിലും തകരാർ സംഭവിച്ചോ? കേരളത്തെ ജപ്തി ചെയ്തു വസൂലാക്കാൻ ആരെങ്കിലും വന്നോ?
റിയാസിന്റെ മരാമത്താണു തൊഴുത്തു നിർമാതാക്കൾ. വിത്ത് മ്യൂസിക് സിസ്റ്റം. പാട്ടിൽ മയങ്ങുന്ന പശുക്കൾ അറിയാതെ പാലൊഴുക്കുമത്രേ. അഥവാ അവ അറിഞ്ഞെന്നിരിക്കട്ടെ, അവയ്ക്ക് ഒഴുക്കു നിയന്ത്രിക്കാനുമാകില്ലത്രേ. ചുരത്തിച്ചുരത്തി പശുക്കൾ വല്ലാതങ്ങു ക്ഷീണിച്ചുപോകുമോ? ഏയ് ഇല്ല.
പാട്ടുണ്ടെങ്കിൽ അതുവരെയുണ്ടായ പാലും പിന്നീട് ഉണ്ടാകാനിരിക്കുന്ന പാലും കുടുകുടാ ഒഴുകുമെന്നാണു സർക്കാരിനു ലഭിച്ചിരിക്കുന്ന വിദഗ്ധോപദേശം. പരദേശി മ്യൂസിക് കേട്ടാൽ പശുക്കൾ ചാടും, വാല് ആടും, അകത്തു പാൽ കുലുങ്ങും. ഒടുവിൽ മിൽക്കിനു പകരം മിൽക്‌ഷേക്ക് തന്നെ ചുരത്തിയേക്കാം. ഗാനയജ്ഞം വിജയിച്ചാൽ ലൈവ് കച്ചേരി ഏർപ്പാടാക്കാനാണ് ആലോചന. ഗാനഭൂഷണന്മാരെയും പ്രവീണന്മാരെയും തൊഴുത്തിലെത്തിക്കും. അവർക്കും കൊടുക്കും അഞ്ചാറ് അകമ്പടി വാഹനങ്ങൾ. കറവക്കാർ മുതൽ ശ്രുതിപ്പെട്ടി അസിസ്റ്റന്റ് വരെ 40 സഖാക്കൾക്കെങ്കിലും നിയമനം ഉറപ്പ്. രണ്ടു വർഷം ജോലി ചെയ്താൽ ആജീവനാന്ത പെൻഷൻ. അടുത്ത ബാച്ചിനും ഉടൻ ജോലി.
ക്ലിഫ് ഹൗസിലെ തൊഴുത്തിന് അരക്കോടിയോളം ചെലവെങ്കിൽ നാട്ടുകാർക്കു കാലിത്തൊഴുത്തു നിർമിക്കാൻ സർക്കാർ സഹായം എത്ര? ഇത് തൊഴുത്തിൽകുത്തുന്ന ചോദ്യമാണെന്നു കരുതരുത്. വിനയാന്വിതയായി ക്ഷീരമന്ത്രി ചിഞ്ചുറാണി പറയും, ഒരു ലക്ഷം ചെലവായാൽ ഏറിയാൽ പാതി കൊടുക്കും. അതു കിട്ടണമെങ്കിൽ നാലു ജോഡി ചെരിപ്പെങ്കിലും തേയണമെന്നു മാത്രം.
കിട്ടുമ്പോൾ പാതി പാർട്ടിക്കാർക്കു പടിയായും കൊടുക്കണം. ഉള്ള പശുക്കളെ വിറ്റാലേ തൊഴുത്തു പൂർത്തിയാക്കാൻ പണം തികയുകയുള്ളൂ. കാലിത്തൊഴുത്ത് ഒടുവിൽ കാലിയായ തൊഴുത്തായിക്കിടക്കും.
ആ 43 ലക്ഷത്തിന്റെ ചെലവിനെക്കുറിച്ചു സാമാന്യമായൊരു കണക്കു നോക്കണ്ടേ? ഗോപാലകരുടെ വിശ്രമകേന്ദ്രം ഉൾപ്പെടെ ഇരുനില കെട്ടിടത്തിന് 800 ചതുരശ്രയടി വലുപ്പം. അതിനൊത്ത മതിലും. മ്യൂസിക് സിസ്റ്റത്തിന്റെ വില പതിനായിരത്തിനപ്പുറം പോകുമോ? തൊഴുത്തിനു ചതുരശ്രയടിക്ക് 5000 രൂപയോളം ചെലവോ?
തൊഴുത്തു നിർമാണത്തിൽ വേറെ ചേതോവികാരം ഉണ്ടെന്നാണ് അടക്കംപറച്ചിൽ. ഉത്തരേന്ത്യൻ സുഹൃത്തുക്കളോടു ഗോശാലയെന്നേ നമ്മുടെ മുഖ്യൻ പറയൂ. അഖിലാണ്ഡമണ്ഡല ഗോരക്ഷാപ്രമുഖും യുപി മുഖ്യനുമായ യോഗീശ്വരൻ ഇക്കാര്യം അറിഞ്ഞാൽ പുളകിതഗാത്രനാകും.
സ്വർണക്കടത്തു മുതൽ ലൈഫ് ഭവനനിർമാണംവരെ പല കേസുകളും അമിഠ് ഷായുടെ കക്ഷത്തിരിപ്പുണ്ട്. തരക്കേടില്ലാത്ത നീക്കുപോക്കുകൾ ഉള്ളതിനാൽ ഇപ്പോൾ ഒന്നും എടുത്തിട്ടു പൊട്ടിക്കുന്നില്ല. ഏതെങ്കിലും ശപിക്കപ്പെട്ട നിമിഷത്തിൽ അമിഠിനു പൊട്ടിക്കാൻ തോന്നിയാൽ? അന്നേരം അദ്ദേഹം ഓർക്കണം: വേണ്ട, ഒന്നുമില്ലെങ്കിലും വിജയൻജി ഗോശാലയുള്ള മുഖ്യനല്ലേ?

നെഞ്ച് തുളച്ച കാനപ്പാര
സിപിഐയുടേതു വല്ലാത്തൊരു ദുരവസ്ഥ തന്നെ: തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ. ദിവാകരനെ കണ്ടാൽ കാനം അടുത്തേക്കു പോകില്ല. കാനത്തെ കണ്ടാൽ ദിവാകരൻ ആകാശത്തേക്കു നോക്കിനിൽക്കും ഇതിനിടയിലേക്ക് ഇസ്മായിൽ വന്നാൽ? മൂന്നു നേതാക്കളും മൂന്നു ദിക്കിലേക്കു തിരിയും. മുഖത്തു നോക്കാത്ത നേതാക്കൾക്കു ദൃഢപ്രതിജ്ഞ ഒന്നേയുള്ളൂ, പാർട്ടിയുടെ മുഖം നമ്മൾ മിനുക്കിയിരിക്കും. മര്യാദരാമന്മാർ, ഐക്യകുലോത്തുംഗന്മാർ, സംപൂജ്യമാനുഷർ...ഇജ്ജാതി പ്രയോഗങ്ങളൊക്കെ സിപിഐ നേതാക്കൾക്കു മാത്രം സ്വന്തമായിരുന്നു. ഇപ്പോൾ എല്ലാം കൈവിട്ടുപോയില്ലേ?
പ്രായം 75 കഴിഞ്ഞവർ ഭാരവാഹിത്വത്തിൽനിന്ന് ഔട്ട്. ദിവാകരന്റെയും ഇസ്മായിലിന്റെയും നെഞ്ചത്തല്ലേ കാനപ്പാര കയറിയത്. ഫോർവേഡ് കളിക്കാൻ കാനം മാത്രം. ദിവാകരനും ഇസ്മായിലുമുണ്ടോ അടങ്ങിയിരിക്കാൻ? സംസ്ഥാന സമ്മേളനത്തിന്റെ കൊടിമരജാഥയ്ക്കു കൊടിമരം കൈമാറേണ്ട ഇസ്മായിലിനെ കാണാനില്ല. മഷിയിട്ടു നോക്കിയപ്പോൾ കക്ഷി ഏതോ അജ്ഞാത കേന്ദ്രത്തിൽ. പിറ്റേന്നു സമ്മേളനസ്ഥലത്തു വന്ന ദിവാകരൻ വേദിയിൽ കയറുന്നില്ല. കോഴിത്തലയിൽ മന്ത്രവാദം ചെയ്ത് ഇരിപ്പിടത്തിനു മുന്നിൽ കുഴിച്ചിട്ടതിനാൽ ഒരടിപോലും മുന്നോട്ടു നീങ്ങാനാകാത്ത വിധമായിരുന്നു ഇരിപ്പ്. ഒടുവിൽ അരിമന്ത്രി അനിൽ വേദിയിലേക്കു ക്ഷണിച്ചു. ദിവാകരന്റെ പേര് ഉച്ചരിച്ചില്ല. അതു കാനത്തിനു കയ്ച്ചാലോ? ദിവാകരനെ അതിദയനീയമായി നോക്കിക്കൊണ്ടു നേതാക്കൾ വേദിയിലേക്കു കടന്നിരിക്കണമെന്ന് അനിൽ അഭ്യർഥിച്ചു. ആ വിളിയിൽ ദിവാകരൻ അലിഞ്ഞങ്ങ് ഇല്ലാതായത്രേ.
ജനറൽ സെക്രട്ടറി രാജയെ ഗെസ്റ്റ് ഹൗസിൽ അടച്ചിട്ട കാനത്തിനോടാണോ കളി? മുറിയിൽ കയറിയപാടെ കുളിച്ചു കുട്ടപ്പനാകാനുള്ള വെപ്രാളത്തിലായിരുന്നു രാജ. പുറത്തുനിന്ന സഖാവ് ഉച്ചത്തിൽ പറഞ്ഞു, തിടുക്കമൊന്നും കൂട്ടണ്ട. സമ്മേളനം കാനം സഖാവ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്നതാണല്ലോ പതിവ്. രാജയുടെ ചോദ്യത്തിനു മറുപടി കൊടുക്കാൻപോലും പുറത്ത് ആരും ഉണ്ടായിരുന്നില്ല. ആകെ തകർന്നു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നിടത്തു നിൽക്കണോ? വീണ്ടും ജനറൽ സെക്രട്ടറി ആകണ്ടേതല്ലേയെന്ന് ഓർത്തപ്പോൾ മുറി വലിച്ചടച്ചു. എന്നിട്ടൊരു കൊച്ചു നെടുവീർപ്പും ഇട്ടിട്ടു മൂലധനം ഒരിക്കൽക്കൂടി വായിച്ചു തുടങ്ങി.
കാര്യങ്ങൾ കൈവിട്ടുപോകുമ്പോൾ കൺട്രോൾ ചെയ്യാൻ ആരുമില്ല. ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ സഖാവാണെങ്കിൽ സിനിമയ്ക്കു തിരക്കഥ എഴുതുന്നതിന്റെ തിരക്കിൽ. അല്ലെങ്കിലും താൻ കൺട്രോൾ ചെയ്തിട്ടു പാർട്ടിയെങ്ങാനും നന്നായാൽ അതിന്റെ പാപം കൂടി ഏറ്റെടുക്കാൻ വയ്യത്രേ. രണ്ട് ആശാന്മാർ, വെളിയവും സുരേന്ദ്രനാഥും ഉണ്ടായിരുന്ന സിപിഐയിൽ ഇപ്പോൾ ശിഷ്യന്മാർ തമ്മിലാണു പോരാട്ടം. നിഷിദ്ധ അടവായ പൂഴിക്കടകന്റെ അനിവാര്യമായ പ്രയോഗം നടക്കുകയാണു പാർട്ടിയിൽ. സമ്മേളനം കഴിഞ്ഞാലും തലകൾ തെക്കുവടക്ക് ഉരുണ്ടുകൊണ്ടിരിക്കും.

കോൺഗ്രസ് നന്നാകുമോ?
കോൺഗ്രസുകാർ നന്നാകാൻ തീരുമാനിച്ചത്രേ! രാഹുൽജിയുടെ ജോഡോ യാത്ര കേരളത്തിലെ പാർട്ടിയെ അടിമുടി നവീകരിച്ചുകളഞ്ഞു. മൂന്നെണ്ണം വീശിയിട്ടു മുണ്ടും വലിച്ചുകെട്ടി ‘ആരെടാ ഇവിടെ?’ എന്നു ചോദിക്കുന്ന ചങ്കൂറ്റന്റെ വീറിലാണ് കോൺഗ്രസ് ഇപ്പോൾ.
ഒറ്റയ്ക്കു നന്നാകുന്നതിനോടു കോൺഗ്രസിനു പണ്ടേ താൽപര്യമില്ല. യുഡിഎഫ് ഒന്നാകെ നന്നാകണം. യാത്രയിൽ കേരളമാകെ നടന്ന കൺവീനർ ഹസൻജി നേരെ ലീഗ് ഹൗസിൽ ചെന്നുകയറി. വിശന്നു കണ്ണുകാണാതെ വഴി മാറി കയറിയതാണോയെന്നു ലീഗുകാർ ആദ്യം സംശയിച്ചു. അല്ലെന്നു മനസ്സിലാകാൻ അൽപം സമയമെടുത്തു. കുഞ്ഞാപ്പ ഉൾപ്പെടെ സകലരോടും നന്നാകാൻ തയാറായിക്കോളൂ എന്നു ഹസൻജി നിർദേശിച്ചു. നന്നാകുന്നെങ്കിൽ നമ്മൾ ഒരുമിച്ചേ നന്നാകൂ എന്ന് ഇറങ്ങാൻ നേരവും ഓർമിപ്പിച്ചു. തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളെ കാലുവാരിയേക്കും. പക്ഷേ, അതിനു മുൻപും ശേഷവും ഇത്രയേറെ സ്നേഹം വാരിവിതറുന്നതിൽ കോൺഗ്രസ് നേതാക്കളെ കഴിഞ്ഞേയുള്ളൂ മറ്റാരും.
നന്നാകുന്നതിനു മുന്നോടിയായി തൽസ്ഥിതി പരിശോധിച്ചു. പലരും ഞെട്ടി വീണു. കരുണാകരന്റെ കാലത്ത് ഐഎൻടിയുസി ആയിരുന്നു കോൺഗ്രസിന്റെ പ്രധാന ടയർ. അതു പഞ്ചറായിട്ടു വർഷങ്ങൾ പലതു കഴിഞ്ഞു. വാൽവ് ട്യൂബ് എകെജി സെന്ററിൽ പണയം വച്ചിരിക്കുകയാണത്രേ. അത്യപൂർവമായ സസ്യമാണല്ലോ നീലക്കൊടുവേലി. എന്തായാലും കെഎസ്‌യുവിന്റെ നീലക്കൊടിയെക്കാൾ കൂടുതൽ നീലക്കൊടുവേലി ഇപ്പോൾ കേരളത്തിലുണ്ടെന്നാണു കണക്ക്. പതിറ്റാണ്ടായി മഹിളാ കോൺഗ്രസിന്റെ ബഹളമെന്നല്ല, ശബ്ദംപോലും കേൾക്കാനില്ല. ജില്ലയ്ക്കു താഴെ കമ്മിറ്റിയുള്ള പ്രദേശങ്ങൾ എണ്ണാൻ വിരലുപോലും വേണ്ട. യൂത്ത് കോൺഗ്രസ് ആണെങ്കിൽ ഫെയ്സ്ബുക് ഉള്ളതുകൊണ്ടു കഴിഞ്ഞുകൂടുന്നു.
സർവീസ് സംഘടനകളുടെ കാര്യമാണു ഗംഭീരം. സെക്രട്ടേറിയറ്റ് മുതൽ സർവ ഓഫിസുകളിലും തമ്മിലടിച്ചു തലപിളർന്നു കിടക്കുകയാണു ഭാരവാഹികൾ. പിണറായി സർക്കാർ മെഡിസെപ് നടപ്പാക്കിയതിനാൽ അല്ലറചില്ലറ ചികിത്സയൊക്കെ കിട്ടുന്നുണ്ട്, ഭാഗ്യം! പരാതിക്കെട്ടുമായി ഇന്ദിരാഭവനിലേക്കു ചെല്ലാമെന്നു വച്ചാൽ അവിടെ നേതാക്കൾ വേണ്ടേ? കാറിൽ ഗൂഗിൾ മാപ്പ് ഉള്ളത് അനുഗ്രഹമെന്നേ പറയേണ്ടൂ. അല്ലെങ്കിൽ പല മുതിർന്ന ഭാരവാഹികളും ഇന്ദിരാഭവനെന്നു വിചാരിച്ചു ശാസ്തമംഗലത്തെ ഷോപ്പിങ് കോംപ്ലക്സിലോ ജിമ്മിലോ മറ്റോ ചെന്നു കയറിയേനേ!
സ്റ്റോപ് പ്രസ്
സിപിഐയിൽ ഗ്രൂപ്പോ വിഭാഗീയതയോ ഇല്ലെന്ന് കാനം രാജേന്ദ്രൻ
ചിലർക്കു പ്രായമാകുന്നത് ഒരു രോഗമല്ല.
English Summary: Cattle shed at the Cliff House