ADVERTISEMENT

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തരൂരിന്റെ പോരാട്ടം സമൂഹമാധ്യമങ്ങളിൽ വലിയ ചലനമുണ്ടാക്കുന്നു. കേരളത്തിൽനിന്ന് മുതിർന്ന നേതാക്കൾ പിന്തുണയ്ക്കാൻ ഇടയില്ലെങ്കിലും, ചെറുപ്പക്കാർ മറിച്ചുചിന്തിച്ചേക്കാം 

ഫെയ്സ്ബുക്കിൽ സജീവമായ ഹൈബി ഈഡൻ എംപിയുടെ പോസ്റ്റുകൾ ശരാശരി 3000–4000 പേർ ലൈക്ക് ചെയ്യാറുണ്ട്. എന്നാൽ, ഹൈബിയെത്തന്നെ അതിശയിപ്പിച്ച പ്രതികരണം കഴിഞ്ഞ ദിവസം ലഭിച്ചു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂർ എംപിയുടെ ചിത്രം നാലു ദിവസം മുൻപു ഹൈബി പോസ്റ്റ് ചെയ്തു. ഇതുവരെ 89,000 പേരാണ് അതു ലൈക്ക് ചെയ്തത്! ഹൈബിതന്നെ പങ്കുവച്ച, രാഹുൽ ഗാന്ധിയുടെ മനോഹരമായ ജോഡോ യാത്രാ ചിത്രത്തിനുപോലും  8000 ആരാധകരേ ആയിട്ടുള്ളൂ.

തരൂർ ചിത്രം ലൈക്ക് ചെയ്ത 89,000 പേരിൽ തരൂരിന്റെ ഒരു വോട്ടർപോലും ഉണ്ടാകില്ല. പക്ഷേ, അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാൻ അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടതു കോൺഗ്രസിലുണ്ടാക്കിയ ചലനത്തിന്റെ വ്യക്തമായ സൂചന അതിൽ ഒളി‍ഞ്ഞു കിടപ്പുണ്ട്. വോട്ടർ തിരിച്ചറിയൽ കാർഡ് കൈപ്പറ്റാൻ എത്തിയ തരൂരിന് ‘ഇന്ദിരാ ഭവനി’ൽ ലഭിച്ചതും ആവേശകരമായ വരവേൽപാണ്. ആ ജനക്കൂട്ടത്തിലും ഒറ്റ വോട്ടർ ഉണ്ടാകണമെന്നില്ല.

മല്ലികാർജുൻ ഖർഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തിൽ തരംഗം സൃഷ്ടിക്കുന്നതു തരൂർ തന്നെ. ആർഎസ്എസ് ആസ്ഥാനം കുടികൊള്ളുന്ന നാഗ്പൂരിൽനിന്നാണ് അദ്ദേഹം കോൺഗ്രസിനു നവജീവൻ പകരാനുള്ള തേരോട്ടം ആരംഭിച്ചത്. മഹാരാഷ്ട്രയെ കൂടാതെ തെലങ്കാനയും കേരളവും തരൂർ സന്ദർശിച്ചുകഴിഞ്ഞു. അടിമുടി ഉടച്ചുവാർത്ത്, പുതിയ കാലത്തിനു ചേർന്ന പാർട്ടിയായി മാറ്റാൻ ശ്രമിക്കുമെന്ന സന്ദേശമാണ് അദ്ദേഹം കൈമാറുന്നത്. ഫെയ്സ്ബുക്കിൽ കൃത്യമായി ഒരു പേജ് പോലും ഇല്ലാത്ത ഖർഗെയ്ക്കു നേരിടേണ്ടി വരുന്നത് തരൂരിന്റെ ശക്തമായ സമൂഹമാധ്യമ സന്നാഹത്തെയാണ്. പക്ഷേ, കോൺഗ്രസിന്റെ 9250 വോട്ടർമാരിൽ പകുതിയിലേറെപ്പേരുടെ പിന്തുണ ഉറപ്പാക്കുക ഖർ‍ഗെയ്ക്കു തരൂരിനെക്കാളും എളുപ്പമാണ്. ഗാന്ധി കുടുംബത്തിന്റെ ഔദ്യോഗിക നോമിനിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അത് അദ്ദേഹം തന്നെയാണെന്ന് ആ വോട്ടർമാർ എല്ലാവർക്കും അറിയാം.

കേരളം ആർക്കൊപ്പം? 

തരൂരിന്റെ സ്വന്തം നാടായ കേരളത്തിൽനിന്നു ലഭിക്കാൻ ഇടയുള്ള പിന്തുണ ഇവിടെ മാത്രമല്ല, പുറത്തും ചർച്ചാവിഷയമാണ്. എംപിമാരിൽ എം.കെ.രാഘവനും ഹൈബി ഈഡനും ഒപ്പമെന്നു വ്യക്തമായി കഴിഞ്ഞു. എംഎൽഎമാരിൽ മാത്യു കുഴൽനാടൻ ചാഞ്ഞു നിൽക്കുന്നെങ്കിലും നേതൃത്വം അദ്ദേഹത്തെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. 

കേരളത്തിൽനിന്ന് 12 പേരാണ് അദ്ദേഹത്തിന്റെ പത്രികയിൽ ഒപ്പിട്ടത്. 17 പേർ അതിനു തയാറായെന്നും ഒപ്പ് അധികമായതിനാൽ വേണ്ടെന്നുവച്ചതാണെന്നും അവകാശപ്പെടുന്നവരുണ്ട്. ഒപ്പിട്ടവരിൽ കൂടുതലും എ വിഭാഗക്കാരാണ്. എന്നാൽ, ഖർഗെയുടെ പരിചയസമ്പത്തിനെ പുകഴ്ത്തിയ ഉമ്മൻ ചാണ്ടി, ഗ്രൂപ്പിന് ആ നിലപാട് ഇല്ലെന്നു അതുവഴി വ്യക്തമാക്കി. 

രമേശ് ചെന്നിത്തലയ്ക്കു പകരം പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ വാഴിച്ചപ്പോൾ കാർമികനായ ഖർഗെയോട് ഉമ്മൻ  ചാണ്ടിക്കും ചെന്നിത്തലയ്ക്കും അകൽച്ചയുണ്ടായിരുന്നു. ആരെയെങ്കിലും ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചപ്പോൾ ഇല്ലെന്നാണു ഖർഗെ പറഞ്ഞത്. സതീശനാണ് അവരുടെ നോമിനിയെന്നു പിന്നീട് വ്യക്തമാക്കപ്പെട്ടു. 

  തങ്ങളെ ഇരുട്ടിൽ നിർത്തിയതിൽ ഇരുവരും പ്രതിസ്ഥാനത്തു കാണുന്നവരിൽ ഒരാൾ ഖർഗെയാണ്. പക്ഷേ, അതിനു പകരംവീട്ടാനുള്ള മാനസികാവസ്ഥയിലല്ല ഇരുനേതാക്കളും. ഖർഗെയ്ക്കൊപ്പം അഞ്ചു സംസ്ഥാനങ്ങളിൽ പ്രചാരണത്തിനു പോകാൻ ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയവരിൽ ഒരാൾ ചെന്നിത്തലയാണ്.

ആരു കോൺഗ്രസ് അധ്യക്ഷനായാലും രാഹുൽ ഗാന്ധിയായിരിക്കും പരമോന്നത നേതാവ് എന്നു വി.ഡി.സതീശൻ കരുതുന്നു. അപ്പോൾ ഗാന്ധി കുടുംബത്തിനു വിശ്വാസമില്ലാത്ത നേതാവ് അധികാരകേന്ദ്രം ആയാൽ അതു സംഘർഷങ്ങളിലേ കലാശിക്കൂ എന്ന് അദ്ദേഹം വിചാരിക്കുന്നു. 

സമൂഹമാധ്യമങ്ങളിൽ തരൂരിനു കിട്ടുന്ന പിന്തുണ കെ.സുധാകരനെ സ്വാധീനിക്കുന്നുണ്ട്. അതിന്റെ ഭാഗമായും മനസ്സിലുള്ളത് ഒളിപ്പിക്കുന്ന ശീലം ഇല്ലാത്തതിനാലും ചില തരൂർ അനുകൂല പ്രതികരണങ്ങൾ അദ്ദേഹം തുടരുന്നു; മറ്റുള്ളവർ അതിൽ അനിഷ്ടത്തിലാണ്. 

യുവത തരൂരിനൊപ്പമോ? 

കേരളത്തിലെ നേതാക്കളുടെ പിന്തുണ തരൂർ പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ, ചെറുപ്പക്കാരുടെ ഭാഗത്തുനിന്ന് വോട്ട് കിട്ടിയാൽ അതിശയിക്കാനില്ല. തരൂരിനെ തുണച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനു ലഭിക്കുന്ന അഭിനന്ദനങ്ങൾക്കു കണക്കില്ല. 

പാർലമെന്റിലോ ഭരണരംഗത്തോ എന്ത് ഉന്നതപദവിയും തരൂരിനു ലഭിച്ചോട്ടെ; പക്ഷേ, കോൺഗ്രസ് അധ്യക്ഷനാകാ‍ൻ എന്തു യോഗ്യതയാണ് അദ്ദേഹത്തിനുള്ളത് എന്നാണു  മുതിർന്നവർ യുവാക്കളോടു ചോദിക്കുന്നത്. കേരളത്തിലോ കേന്ദ്രത്തിലോ കാര്യമായ സംഘടനാപദവികൾ തരൂർ വഹിച്ചിട്ടില്ല. ഉണ്ടായിരുന്ന പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒരു മാസം മുൻപ് ഒഴിഞ്ഞു. മറ്റു രാഷ്ട്രീയ സാധ്യതകളും തന്റെ മുന്നിലുണ്ടെന്ന് അഭിമുഖത്തിൽ പ്രതികരിച്ച ആളെയാണോ കോൺഗ്രസ് പ്രസിഡന്റ് ആക്കേണ്ടതെന്നു ചോദിക്കുന്നവരും ഉണ്ട്. 

പ്രവർത്തകരിൽ ആത്മവീര്യം നിറയ്ക്കാനും പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും മാറ്റം പ്രതിഫലിപ്പിക്കാനും ഖർഗെയോ തരൂരോ അനുയോജ്യൻ എന്ന ചോദ്യം കോൺഗ്രസിനും വോട്ടർമാർക്കും മുന്നിലുണ്ടാകും. 

ഗാന്ധി ജയന്തി ദിനത്തിൽ, ഫെയ്സ്ബുക്കിൽ രാഷ്ട്രപിതാവിന്റെ ചിത്രത്തിനൊപ്പം തരൂർ പങ്കുവച്ച അദ്ദേഹത്തിന്റെ ഉദ്ധരണി പലരുടെയും മനസ്സിൽ തറച്ചുകയറുകയും ചെയ്യും.‘‘ ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ കളിയാക്കും, അതിനു ശേഷം അവർ നിങ്ങളുമായി പോരാട്ടം തുടങ്ങും. അതോടെ നിങ്ങൾ വിജയിക്കും’’.

English Summary:AICC President election, Shashi Tharoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com