നിരാലംബരാകരുത് നെൽക്കർഷകർ

HIGHLIGHTS
  • നെല്ലുസംഭരണം ഇനിയെങ്കിലും സുഗമമായി നടന്നേതീരൂ
alappuzha-paddy-procurement
SHARE

പതിവുപോലെ ഇത്തവണയും പ്രതിസന്ധിയിലായിരിക്കുകയാണ് നെല്ലുസംഭരണം. ആറു വർഷമായി സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് തങ്ങൾ നെല്ലുസംഭരണത്തിൽനിന്നു വിട്ടുനിൽക്കുകയാണെന്നു മിൽ ഉടമകളുടെ സംഘടനയായ കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ പറഞ്ഞിരിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാർഥമായ ഇടപെടലില്ലാതെ വരുന്നതു കേരളത്തിലെ പതിനായിരക്കണക്കിനു നെൽക്കർഷകരോടുള്ള വെല്ലുവിളിതന്നെയാണ്. ഓരോ സീസണിലും ഇത്തരത്തിൽ നെല്ലുസംഭരണം വൈകിപ്പിച്ചു കർഷകരെ കണ്ണീരിലാഴ്ത്തുന്ന തനിയാവർത്തനം ഇനിയെങ്കിലും അവസാനിക്കേണ്ടതല്ലേ? 

കേരളത്തിൽ ഏറ്റവുമധികം നെല്ലു സംഭരിക്കുന്ന പാലക്കാട് ജില്ലയിൽ കൊയ്ത്തു പകുതിയായിട്ടും സംഭരിക്കാൻ നടപടിയായിട്ടില്ല. ആലപ്പുഴയിലും കൊയ്തുകൂട്ടിയ നൂറുകണക്കിനു ക്വിന്റൽ നെല്ല് പാടത്തു കെട്ടിക്കിടന്നു നശിക്കുന്ന അവസ്ഥയിലാണ്. മഴ തുടർന്നാൽ കൃഷി നശിക്കും; കൊയ്തെടുക്കുന്ന നെല്ലിന് ഈർപ്പത്തിന്റെ പേരിൽ വില ലഭിക്കാതെയും വരും. കൊയ്ത്തു തുടങ്ങിയിട്ടും സംഭരണം ആരംഭിക്കാത്തതിനാൽ, കിട്ടിയ വിലയ്ക്കു പ്രാദേശിക മില്ലുകാർക്കു നെല്ലു വിൽക്കുകയല്ലാതെ കർഷകർക്കുമുന്നിൽ മറ്റു വഴിയില്ല. നെല്ലു സൂക്ഷിക്കാൻ കർഷകർക്കു സൗകര്യമില്ലാത്തതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. 

കാർഷിക മേഖലയിൽ പ്രതിസന്ധിയുടെ കാർമേഘങ്ങൾ നിലനിൽക്കുന്ന സമയത്ത്, കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കിലോയ്ക്ക് 28.20 രൂപ താങ്ങുവിലയ്ക്കു സപ്ലൈകോ നെല്ല് ഏറ്റെടുക്കുന്നതാണ് ആശ്വാസം. പക്ഷേ, ഓഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ കൊയ്ത്തു തുടങ്ങുമെന്നും ഓണത്തോടെ സജീവമാകുമെന്നും അറിഞ്ഞിട്ടും സംഭരണകാര്യത്തി‍ലുണ്ടായതു നിരുത്തരവാദിത്തമാണ്. കൊയ്ത്താരംഭിച്ചു നെല്ലെടുത്തു തുടങ്ങേണ്ട സമയത്തു മാത്രമേ സർക്കാരും സപ്ലൈകോയും ഇതെക്കുറിച്ചു ചർച്ച നടത്താൻ തയാറാകൂ എന്നതാണു വലിയ വീഴ്ച. 

അൻപതിലേറെ മില്ലുകളുടെ സഹകരണത്തോടെ സംഭരണം നടന്നിരുന്ന സ്ഥാനത്ത് മൂന്നു മില്ലുകാർ മാത്രമാണ് ഇത്തവണ സംഭരണത്തിനു തയാറായി രംഗത്തെത്തിയത്. മുൻകാലങ്ങളിൽ സംഭരണം നടത്തിയതുമായി ബന്ധപ്പെട്ട്, തങ്ങളുടെ ഒട്ടേറെ ആവശ്യങ്ങൾ സർക്കാർ പരിഹരിക്കേണ്ടതുണ്ടെന്ന് ഇവർ പറയുന്നു. ഇത്തവണ കൊയ്ത്തിന് ഒരു മാസം മുൻപേ പ്രശ്നങ്ങൾ മില്ലുകാർ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ചർച്ച ചെയ്യാൻ വേണ്ടത്ര സമയം നൽകിയിട്ടും  സംഭരണകാര്യത്തിൽ തീരുമാനമാവാത്തതു നിർഭാഗ്യകരമാണ്. നെല്ലു കൈകാര്യം ചെയ്ത് അരിയാക്കിയ ഇനത്തിൽ  മില്ലുടമകൾക്കു  ലഭിക്കാനുള്ള 15 കോടിയിലേറെ രൂപ ഉടനെ വിതരണം ചെയ്യുക, ഒരു ക്വിന്റലിനു 272 രൂപ കൈകാര്യച്ചെലവായി നൽകുക തുടങ്ങിയവയാണ് മില്ലുടമകൾ വർഷങ്ങളായി സർക്കാരിന്റെ മുന്നിൽവച്ചിട്ടുള്ള പ്രധാന ആവശ്യങ്ങൾ.

മിൽ ഉടമകളുടെ വിലപേശൽ ഒഴിവാക്കി സർക്കാർതന്നെ സംഭരണത്തിനു സ്ഥിരം സംവിധാനം ഒരുക്കുമെന്ന പ്രഖ്യാപനം കർഷകർക്കും ഏറെ പ്രതീക്ഷ നൽകിയിരുന്നു. മന്ത്രിമാർ പതിവായി ഇത് ആവർത്തിക്കുകയും ചെയ്തുപോന്നു. എന്നാൽ, ഓരോ സീസണിലും ചർച്ചകളും ഒത്തുതീർപ്പുകളുമായി മുന്നോട്ടുപോകുന്നതല്ലാതെ, സംഭരണത്തിൽ സ്ഥിരം സംവിധാനത്തെക്കുറിച്ച് ആലോചിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻപോലും സർക്കാർ ശ്രമിക്കാത്തതെന്തുകെ‍ാണ്ടാണ്?

വിലയുമായി ബന്ധപ്പെട്ട കാര്യത്തിൽ കർഷകരോടും സർക്കാർ വാക്കുപാലിച്ചിട്ടില്ല. നെല്ലു സംഭരണത്തിൽ കേന്ദ്രം പ്രഖ്യാപിച്ച വർധന അതേപടി അംഗീകരിക്കാത്തതിനാൽ 2 വർഷത്തിനുള്ളിൽ കൃഷിക്കാർക്കുണ്ടായ നഷ്ടം കിലോയ്ക്ക് 1.72 രൂപയാണ്. കേന്ദ്രം വില വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ വിഹിതം വെട്ടിക്കുറയ്ക്കുന്നതാണു കാരണം. നെല്ലു സംഭരിച്ച തുക യഥാസമയം കർഷകർക്കു കൈമാറാൻ ഇത്തവണ സർക്കാരിന്റെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചതു നല്ല കാര്യം തന്നെ. എന്നാൽ, സംഭരണത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കൺസോർഷ്യംകൊണ്ട് എന്തു ഗുണമാണ് ഉണ്ടാകുക? 

ഒട്ടേറെ പ്രശ്നങ്ങൾ നേരിടുമ്പോഴും ന്യായവിലയ്ക്കു നെല്ലു സംഭരിക്കുമെന്നതാണു കർഷകരുടെ ഏക ആശ്വാസം. ആ പ്രതീക്ഷയുടെ കടയ്ക്കലാണു കത്തിവയ്ക്കുന്നത്. ഇക്കാര്യത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ്, സംഭരണത്തിലെ അപാകതകൾക്കു സർക്കാർ ശാശ്വതപരിഹാരം ഉണ്ടാക്കുകതന്നെ വേണം.

English Summary: Crisis in Paddy procurement 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}