ADVERTISEMENT

അനുദിനം വിശാലമാകുന്നു ലഹരിയുടെ ലോകം. പുതിയ ഉൽപന്നങ്ങളും പുത്തൻമാർഗങ്ങളുമായി കൂടുതൽ ആളുകളെ അതു ചുറ്റിപ്പിടിക്കുന്നു. പിടികൂടുന്നതോ, വിതരണത്തിന് എത്തിക്കുന്നതിന്റെ വളരെ ചെറിയ ശതമാനം മാത്രവും. കോവി‍ഡിനുശേഷം ലഹരിയുടെ ഒഴുക്ക് വല്ലാതെ കൂടിയെന്ന് അന്വേഷണ ഏജൻസികൾ

ഇന്ത്യയിലേക്കുള്ള ലഹരിക്കടത്ത് വലിയ അളവിൽ വർധിച്ചെന്ന് അന്വേഷണ ഏജൻസികൾ. ഫലവർഗങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിൽ വൻതോതിൽ നടത്തിയ ലഹരിമരുന്നു കടത്ത് പിടികൂടിയത് ഒടുവിലത്തെ ഉദാഹരണം. യുവാക്കളെയും കൗമാരക്കാരെയും ലഹരിവലയിൽ കുടുക്കാൻ മാഫിയകൾ പല മാർഗങ്ങളും പ്രയോഗിക്കുന്നു. 2021ൽ മാത്രം 345 വിദേശ പൗരരാണു ലഹരി മരുന്നുകടത്തുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പിടിയിലായത്. പിടികൂടിയതിന്റെ പലമടങ്ങ് വലുപ്പമുള്ളതാണ് രാജ്യത്തെ ലഹരിശൃംഖലയെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിൽ മലയാളികളും ഒട്ടേറെ.

 

ഓറഞ്ചിൽ മാത്രമല്ല, തപാലിലുമെത്തും ‘മരുന്ന് ’ 

കോവിഡ്കാലത്തിനു ശേഷം ലഹരിമരുന്നു കടത്തിനു പല മാർഗങ്ങൾ സ്വീകരിക്കുന്നുവെന്ന എൻസിബി റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ്  ആപ്പിളും ഓറഞ്ചും ഉൾപ്പെടെയുള്ള ഫലവർഗങ്ങൾക്കൊപ്പം ലഹരിമരുന്നു കടത്തിയിരുന്നെന്ന കണ്ടെത്തൽ. 

drugs-report

കുറിയർ, പാഴ്സൽ, തപാൽ തുടങ്ങിയ മാർഗങ്ങളിലൂടെയും മനുഷ്യരെ കാരിയറുകളാക്കിയും ലഹരിക്കടത്തുണ്ടെന്നു 2021ലെ എൻസിബി റിപ്പോർട്ടിൽ പറയുന്നു. ഇത്തരം മാർഗങ്ങളിലൂടെയുള്ള കടത്ത് പിടികൂടുക ശ്രമകരമാണ്. 2019നെ അപേക്ഷിച്ച് 2020ൽ പാഴ്സൽ മുഖേനയുള്ള ലഹരിക്കടത്തുകേസുകൾ നാലിരട്ടിയായാണു വർധിച്ചത്.

 

ഡാർക്നെറ്റും ക്രിപ്റ്റോ കറൻസിയും

ലഹരിക്കുപയോഗിക്കുന്ന 15 ലക്ഷം ട്രാമഡോൾ ടാബ്‌‌ലറ്റുകളും 8000 ബോട്ടിൽ കോഡെയ്നും 2021 ജൂണിൽ എൻസിബി ഡൽഹി മേഖലാ യൂണിറ്റ് പിടികൂടിയിരുന്നു. ഈ ഇടപാട് ഡാർക്നെറ്റ് (പ്രമുഖ സേർച് എൻജിനുകളുടെ പരിധിക്കു പുറത്തുള്ള ഇന്റർനെറ്റ് ശൃംഖല) മുഖേനയാണ് നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. തൊട്ടടുത്ത മാസം കൊൽക്കത്തയിൽ 54 പാഴ്സലുകളിലായി 25 കിലോഗ്രാം കഞ്ചാവ് കടത്തിയതു പിടികൂടി. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിച്ചായിരുന്നു ആ ഇടപാടെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.

പാഴ്സൽ മുഖേന ലഹരി കടത്തിയ കേസുകൾ

2017 – 27

2018 – 40

2019 – 67

2020 – 260

2021 – 146

 

കടലിലൂടെ ഒഴുകും ലഹരി

അറബിക്കടലും ബംഗാൾ ഉൾക്കടലും വഴി ലഹരി കടത്തുന്നതു വ്യാപകമായിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ലഹരിക്കടത്തിന്റെ 70 ശതമാനത്തിലധികവും കടൽ മാർഗമാണെന്നാണു കണക്ക്. അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നുമാണ് കടത്ത് കൂടുതൽ. ഇന്ത്യയിൽ വിൽക്കുന്നതിനു പുറമേ ശ്രീലങ്കയിലേക്കും മാലദ്വീപിലേക്കും കടത്തുന്നതിനുള്ള ഇടത്താവളങ്ങളായും ഇന്ത്യൻ തീരങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യൻ തീരത്തെത്തിച്ച 3959.45 കിലോഗ്രാം ഹെറോയിനും 303.4 കിലോഗ്രാം കൊക്കെയ്നും 2021ൽ വിവിധ സംഭവങ്ങളിലായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡ‍ിആർഐ), എൻസിബി, ഗുജറാത്ത് പൊലീസ്, ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് എന്നിവ പിടികൂടിയിട്ടുണ്ട്.

ലഹരി വസ്തുക്കളും വഴികളും

∙ ഓപ്പിയം (കറപ്പ്): ലഹരി വസ്തുവായ കറപ്പിൽനിന്ന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മോർഫിൻ ഉൾപ്പെടെയുള്ള മരുന്നുകൾ വേർതിരിച്ചെടുക്കുന്നുണ്ട്. ഇവ ലഹരിവസ്തുക്കളായും ഉപയോഗിക്കുന്നു. രാജസ്ഥാൻ, യുപി, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ കടത്തുന്നത്. മണിപ്പുർ, ബംഗാൾ, ജമ്മ‍ു കശ്മീർ, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാന ഇടത്താ‍വളങ്ങളെന്ന് എൻസിബി റിപ്പോർട്ടിൽ പറയുന്നു.

∙ ഹെറോയിൻ: രാസപ്രക്രിയയിലൂടെ ഓപ്പിയത്തിനു രൂപമാറ്റം വരുത്തിയാണ്, വലിയ ലഹരി അടിമത്തമുണ്ടാക്കുന്ന സിന്തറ്റിക് ലഹരി മരുന്നായ ഹെറോയിൻ നിർമിക്കുന്നത്. 

ഇന്ത്യയിലേക്കു ഹെറോയിൻ എത്തുന്നത് പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഇന്ത്യ – പാക്ക് അതിർത്തിയിലൂടെയാണ്. തെക്കു പടിഞ്ഞാറൻ ഏഷ്യയിൽനിന്നു കടൽമാർഗവും എത്തുന്നു. പഞ്ചാബ്, ഡൽഹി, യുപി സംസ്ഥാനങ്ങളിലാണ് വലിയതോതിൽ ഹെറോയിൻ വേട്ട നടന്നിട്ടുള്ളത്. 

കോവിഡ് കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്ക, യുഗാണ്ട, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹെറോയിൻ കടത്ത് വർധിച്ചു. മനുഷ്യരെ കാരിയറുകളാക്കിയാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് നടക്കുന്നത്.

∙ കഞ്ചാവ്: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു റോഡ് മാർഗമാണ് വ്യാപകമായി കഞ്ചാവ് കടത്തുന്നത്. ഇന്ത്യ– നേപ്പാൾ അതിർത്തിയിലും ഒഡീഷ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് വലിയ തോതിൽ കഞ്ചാവ് പിടികൂടിയിട്ടുള്ളത്. അസം, ഒഡീഷ, ബംഗാൾ, ബിഹാർ, യുപി, നാഗാലാൻഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കഞ്ചാവിന്റെ പ്രധാന റൂട്ട് മാപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്.

∙ ഹഷീഷ്: ചരസ് എന്നും വിളിപ്പേരുള്ള ഹഷീഷ് കഞ്ചാവിന്റെ ഉപോൽപന്നമാണ്. കശ്മീരും ഹിമാചൽപ്രദേശുമാണ് പ്രധാന ഉൽപാദന കേന്ദ്രങ്ങൾ. ഇവിടെനിന്നു രാജ്യത്തിന്റെ പല ഭാഗത്തേക്ക് എത്തുന്നു. നേപ്പാളാണ് മറ്റൊരു പ്രധാന ഉറവിടം.

∙ കൊക്കെയ്ൻ: ബ്രസീൽ, അർജന്റീന, കൊളംബിയ, ബൊള‍ീവിയ, പെറു തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു വിമാനമാർഗം കൊക്കെയ്ൻ എത്തുന്നത്. ആഫ്രിക്കൻ പൗരന്മാരാണ് ഇന്ത്യയിൽ കൊക്കെയ്നിന്റെ പ്രധാന കാരിയർമാർ. അഫ്ഗാനിസ്ഥാനിൽനിന്നും ഇന്ത്യയിലേക്കു കടത്തുന്നുണ്ട്. ദ്രവരൂപത്തിൽ കൊക്കെയ്ൻ കടത്തുന്നതാണ് പുതിയ ട്രെൻഡ്. 2021ൽ ഇന്ത്യയിൽ പിടികൂടിയ കൊക്കെയ്നിന്റെ അളവ് അതിനു മുൻപുള്ള നാലു വർഷങ്ങളിൽ ആകെ പിടികൂടിയതിനെക്കാൾ അധികമാണ്.

കറപ്പിന്റെയും കഞ്ചാവിന്റെയും കൃഷിഭൂമികൾ

2021ൽ അരുണാചൽ പ്രദേശ്, അസം, മണിപ്പുർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ വൻതോതിൽ കറപ്പ് കൃഷി കണ്ടെത്തി   

നശിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ത്രിപുര, തെലങ്കാന എന്നിവിടങ്ങളിൽ കഞ്ചാവുകൃഷിയും കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.

5 വർഷത്തിനിടെ ഇന്ത്യയിൽ നശിപ്പിച്ച കറപ്പ് കൃഷി, കഞ്ചാവ് കൃഷി (ഏക്കറിൽ)

2017 – 7602 , 8515

2018 – 10819 , 8476

2019 – 10386 , 22297

2020 – 10769 , 21559

2021 – 10798 , 27510

പുതുതലമുറക്കാർ

ആംഫെറ്റമിൻ പോലെയുള്ള ഉത്തേജകങ്ങൾ (എടിഎസ്), നിയമപരമായും നിയമവിരുദ്ധമായും ഉപയോഗിക്കുന്ന പ്രീകഴ്സർ കെമിക്കലുകൾ(മരുന്നുകളുടെ മൂലഘടകങ്ങൾ), വൈദ്യ ശുപാർശയോടെ മാത്രം ഉപയോഗിക്കാവുന്ന മരുന്നുകൾ, പുതിയ ലഹരി വസ്തുക്കൾ (ന്യൂ സൈക്കോട്രോപിക് സബ്സ്റ്റൻസസ് –എൻപിഎസ്) തുടങ്ങിയവ ഇന്ത്യയിലും വ്യാപകമാണ്.

കേരളം: സ്ഥിതി ഗുരുതരം

2021ൽ കേരളത്തിൽ പിടികൂടിയ വിവിധയിനം ലഹരി വസ്തുക്ക
ളുടെ അളവ് (കിലോഗ്രാമിൽ)

(ബ്രാക്കറ്റിൽ ഇന്ത്യയിലെ ആകെ കണക്ക്):

എടിഎസ് – 0.28 (297.34)

എഫീഡ്രൈൻ/ സ്യൂഡോഎഫീഡ്രൈൻ – 11.66 (253.12)

കഞ്ചാവ് – 4568 (7,47,961)

ഹഷീഷ് – 6.89 (4140.02)

ഹഷീഷ് ഓയിൽ – 9.98 (97.54)

ഹെറോയിൻ – 339.93 (7618.79)

എൽഎസ്ഡി (സ്റ്റാംപ് എണ്ണം) – 831 (4291)

എംഡിഎംഎ – 5.14 (116.84)

പിടിയിലായ വിദേശികൾ–345

നേപ്പാൾ – 115

നൈജീരിയ – 87

മ്യാൻമർ – 22

ശ്രീലങ്ക – 17

യുഗാണ്ട – 15

അഫ്ഗാനിസ്ഥാൻ – 14

ഇറാൻ – 13

ടാൻസനിയ – 12

പാക്കിസ്ഥാൻ – 10

സാംബിയ – 7

ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, ഘാന – 5 പേർ വീതം

ഐവറി കോസ്റ്റ് – 4

കെനിയ – 3

മൊസാംബിക്, ജർമനി – 2 പേർ വീതം

കാമറൂൺ, കോംഗോ, പാപുവ ന്യൂ ഗിനി, മലാവി, റഷ്യ, സ്വിറ്റ്സർലൻഡ്, യുകെ – ഒരാൾ വീതം

 

വിവിധ രൂപത്തിൽ

 

കേരളത്തിൽ 2022 ജനുവരി 1 മുതൽ സെപ്റ്റംബർ 14 വരെ പിടികൂടിയ ലഹരിവസ്തുക്കൾ:

 

കഞ്ചാവ് – 3104.8 കിലോഗ്രാം

സ്പിരിറ്റ് – 11,907 ലീറ്റർ

ഹഷീഷ് – 33.199 കിലോഗ്രാം

ഹെറോയിൻ – 0.129 കിലോഗ്രാം

എംഡിഎംഎ – 5.714 കിലോഗ്രാം

എൽഎസ്ഡി – 25.193 ഗ്രാം

മെതാംഫെറ്റമിൻ – 0.883 കിലോഗ്രാം

 

(എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം)

 

English Summary:: Drugs smuggling in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com