ADVERTISEMENT

നോവലുകളിലൂടെയാണ് ആനി ഏർനോ ഫ്രാൻസിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും പ്രശസ്തയായി മാറിയത്. ഇവരുടെ പ്രധാന രചനകളായി വിലയിരുത്തുവാൻ കഴിയുന്നത് ഒരു പുരുഷന്റെയിടം (എ മാൻസ് പ്ലേസ്), ഒരു സ്ത്രീയുടെ കഥ (എ വുമൻസ് സ്റ്റോറി), വർഷങ്ങൾ (ദി ഇയേഴ്സ്) എന്നിവയാണ്. ഇവയെല്ലാം ഫ്രാൻസിൽ സമകാലീന ക്ലാസിക്കുകളായി മാറുകയും ചെയ്തു. 

ഫ്രാൻസിലെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചാണ് അവർ നോവലുകളിൽ പരാമർശിക്കുന്നത്. നോവലുകൾ കൂടാതെ നോൺ ഫിക്‌ഷൻ വിഭാഗത്തിലെ രചനകളും അവരെ ഏറെ ശ്രദ്ധേയയാക്കി. 2014ൽ പാട്രിക്ക് മൊദിയോനൊയ്ക്കു ശേഷം നൊബേൽ സമ്മാനം ഫ്രഞ്ച് സാഹിത്യത്തിനു ലഭിക്കുന്നത് ആനിയിലൂടെയാണ്. മനുഷ്യജീവിതത്തിന്റെ സമസ്യകളെക്കുറിച്ചു വിഭിന്നമായ കോണുകളിലൂടെ ചിന്തിക്കുവാനും പ്രതികരിക്കുവാനുമുള്ള ധൈര്യം അവർ പ്രകടിപ്പിച്ചു എന്നുള്ളതും പ്രാധാന്യമർഹിക്കുന്നു. ഫ്രാൻസിൽ ഗർഭഛിദ്രാനുമതി ലഭിക്കാൻ വേണ്ടി ആനി ഏർ‌നോ പോരാടിയതിന്റെ ചരിത്രം അവരെ ഏറെ ശ്രദ്ധേയമാക്കി മാറ്റിയതിന്റെ അനുഭവം ഇന്നും സജീവമായി നിലനിൽക്കുന്നു. ഭാരതത്തിൽ ഈയിടെയുണ്ടായ സുപ്രീം കോടതി വിധിയുടെ മാനവികതയുമായി ഇതിനെ വിശകലനം ചെയ്യാനാകും. 

വേറിട്ട കാഴ്ചപ്പാടുകൾ

ജീവിതത്തെ ശരിക്കും വിഭിന്നമായ കോണുകളിലൂടെയാണ് ആനി ഏർനോ കാണുന്നതും വിലയിരുത്തുന്നതും. സ്ത്രീ–പുരുഷ വ്യത്യാസമോ ഭാഷയോ വർ‍ഗമോ ഒന്നുംതന്നെ അവരെ ഇതിൽനിന്നും മാറ്റിനിർത്തുന്നുമില്ല. ഇത്തവണത്തെ നൊബേൽ കമ്മിറ്റി ഇതിനെക്കുറിച്ചു ശക്തമായ സൂചനകൾ നൽകുന്നുമുണ്ട്. 1988 ൽ ഫ്രാൻസിൽ പ്രസിദ്ധീകരിച്ച ‘ഒരു പുരുഷന്റെയിടവും’ ‘ഒരു സ്ത്രീയുടെ കഥ’യുമാണവരെ ഫ്രാൻസിൽ കൂടുതൽ ശ്രദ്ധേയയാക്കി മാറ്റിയത്. ആത്മകഥാംശപരമായ ‘വർഷങ്ങൾ’ 2019ലെ മാൻ ബുക്കർ രാജ്യാന്തര പുരസ്കാരത്തിന്റെ ഹ്രസ്വപട്ടിക വരെ അവരെ എത്തിച്ചതാണ്. ഈ മികച്ച രചനകളുടെയെല്ലാം ഇംഗ്ലിഷ് പരിഭാഷ ലഭ്യമായതോടെ നമ്മുടെ രാജ്യത്തടക്കമുള്ള വായനക്കാർക്കു പ്രിയപ്പെട്ട എഴുത്തുകാരിയായി അവർ മാറുകയായിരുന്നു. 

vaikom-murali
വൈക്കം മുരളി

അറുതിയില്ലാത്ത അഭിലാഷങ്ങൾ 

ആനി ഏർ‌നോ തന്റെ രചനകളിൽ ലൈംഗികത കൈകാര്യ ചെയ്യുന്ന രീതിയും വിഭിന്നമാണ്. ഇക്കാര്യത്തിൽ അവർ സങ്കോചത്തിലേക്കു വഴിമാറി പോകുന്നുമില്ല. അവർക്കുള്ളിലെ അഭിലാഷങ്ങൾ കൂടുതൽ അഭിലാഷങ്ങളിലേക്കാണു കടന്നുചെല്ലുന്നത്. മരണത്തിന്റെ പ്രതീകാത്മകമായ സമന്വയവും സന്തോഷത്തിന്റെ ഭാവാത്മകതകളും അവരുടെ എഴുത്തിന്റെ വഴികളിൽ പുതിയ തലങ്ങൾ തുറന്നുതന്നു. ഗർഭനിരോധത്തിനുവേണ്ടി ധീരമായി വാദിച്ചതിന്റെ പിന്നിലെ നീക്കങ്ങളും ഒരിക്കലുമൊരു നാണക്കേടായി അവർ കരുതിയതുമില്ല. സ്വന്തം എഴുത്തിനെ മോചനത്തിന്റെ ശക്തിയായിട്ടാണവർ കാണുന്നത്. എത്ര ശുദ്ധമായ ആഖ്യാനശൈലിയിലാണവർ രചനയുടെ പുതിയ മേഖലകൾ കണ്ടെത്തുന്നത്. താൻ തിരഞ്ഞെടുത്ത സർഗാത്മകമായ വഴികളെക്കുറിച്ച് അവർക്ക് തെല്ലും ആശങ്കയുണ്ടായിരുന്നില്ല. മാനവരാശി ഇന്ന് ജീവിതത്തിൽ നേരിടുന്ന ദുരന്തങ്ങളും വേദനകളും ഒഴിവാക്കിക്കൊണ്ടൊരു എഴുത്തിന്റെ വഴി തിരഞ്ഞെടുക്കുവാനും അവർ തയാറാകുന്നില്ല. 

ചിന്തിപ്പിച്ച് ‘പുരുഷന്റെയിടം’

‘ഒരു പുരുഷന്റെയിടം’ എന്ന നോവലിലൂടെ തന്റെ പിതാവ് ജീവിതത്തിൽ നേരിട്ട അപമാനത്തിന്റെ തീവ്രതയെക്കുറിച്ചാണവർ ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ഇത് വേട്ടയാടിക്കൊണ്ടിരുന്നതിന്റെ ഓർമകൾ ആനിയിലെ എഴുത്തുകാരിയെ കൂടുതൽ ചിന്തിപ്പിക്കുകയും ദുഃഖിതയാക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിന്റെ നിലനിൽപിനുവേണ്ടി പിതാവ് നടത്തിയ പോരാട്ടങ്ങൾ ശക്തമായി നോവലിൽ പ്രതിഫലിച്ചു നിൽക്കുന്നുണ്ട്. പ്രാദേശിക ഫ്രാൻസിലെ തകരുന്ന ജീവിതത്തിന്റെ പ്രതിഫലനങ്ങൾ ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇത്തരം അന്തരീക്ഷത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പ്രതികരിക്കുന്ന ആനിയുടെ ചിത്രം ആരെയും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇന്നത്തെ ലോകം ഇതുപോലെ എത്രയെത്ര സമാനമായ ചിത്രങ്ങളാണു നേരിൽ കാണുന്നതെന്നും കൂടി നാം ഓർക്കേണ്ടിയിരിക്കുന്നു. പിതാവിന്റെ വാർധക്യകാലത്തെ പരിമിതികളും പുത്രിയുടെ ജീവിതത്തോടുള്ള ആഭിമുഖ്യത്തിന്റെ തീവ്രതയുമൊക്കെ ഈ നോവലിന്റെ പ്രമേയത്തിലെ ശക്തമായ കാഴ്ചകളാണ്.

പുതുതാരം 

ഇരുപതോളം പുസ്തകങ്ങൾ ഇതിനകം രചിച്ചിട്ടുള്ള അവർ ലോകസാഹിത്യത്തിലെ പുതിയ ഒരു താരമായി മാറിയിരിക്കുന്നു. ചുറ്റുമുള്ള ജീവിതത്തിനപ്പുറം മറ്റൊന്നിനെയും ആശ്രയിക്കാതെ മാനവരാശിയുടെ സമസ്യകൾക്ക് ഉത്തരം കണ്ടെത്തുവാനും ശ്രമിക്കുന്നു. 

ശുദ്ധമായ ഭാഷയിൽ വിട്ടുവീഴ്ചയില്ലാത്ത ആഖ്യാനത്തിന്റെ ശബ്ദമാണ് ആനിയുടേതെന്ന്, സ്വീഡിഷ് അക്കാദമിയുടെ കണ്ണുതുറപ്പിക്കുവാൻ കഴിഞ്ഞത് അത്ര ചെറിയ കാര്യമല്ല. ‘ഒരു പുരുഷന്റെയിട’ത്തിൽ അവർ സൂചിപ്പിക്കുന്നുണ്ട്, ഇവിടെ യാതൊരുവിധ അതിഭാവുകത്വത്തിന്റെ അനുസ്മരണങ്ങളുമില്ല. വിപരീതാർഥ പ്രയോഗങ്ങളുടെ വിജയാഹ്ലാദങ്ങളില്ല. ശരിക്കും ഇതൊരു പക്ഷം പിടിക്കാത്ത രചനയുടെ വിജയമാണ്. ഇവ എത്ര വേഗത്തിലാണ് ആനിയെന്ന എഴുത്തുകാരിയിലൂടെ, അവരുടെ രചനകളിലൂടെ പുതിയ പാതകളും ലക്ഷ്യങ്ങളും കണ്ടെത്തുന്നത്.

വനിതാ നൊബേൽ @ 60 

നൊബേൽ പുരസ്കാരം നേടുന്ന അറുപതാമത്തെ വനിതയാണ് ആനി ഏർനോ. സാഹിത്യത്തിൽ നൊബേൽ നേടുന്ന 17–ാം വനിത. ഏഴരക്കോടി രൂപയുടേതാണു പുരസ്കാരം. ആദ്യ വനിതാ ജേതാവ് മേരി ക്യൂറി 2 തവണ നൊബേൽ നേടി. മേരി ക്യൂറിയുടെ മകൾ ഐറീൻ ജോലിയോ ക്യൂറി ഭർത്താവ് ഫ്രെഡറിക് ജോലിയോയ്ക്കൊപ്പം 1935ലെ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയിരുന്നു. 2014ലെ സമാധാന നൊബേൽ നേടിയ മലാല യൂസഫ്സായാണ് ഏറ്റവും പ്രായം കുറഞ്ഞ ജേതാവ്– 17 വയസ്സ്. 

ഹാപെനിങ് സിനിമയായപ്പോൾ

ഫ്രാൻസിൽ ഗർഭഛിദ്രം നിയമപരമായി നിരോധിക്കപ്പെട്ടിരുന്ന 1960കളിൽ ഏർനോയ്ക്കു നടത്തേണ്ടി വന്ന ഗർഭഛിദ്രത്തെക്കുറിച്ചുള്ള ‘ഹാപെനിങ്’ (2000) കോളിളക്കം സൃഷ്ടിച്ച കൃതിയാണ്. ഈ നോവൽ ആസ്പദമാക്കി ഫ്രഞ്ച് സംവിധായിക ഓദ്രി ദിവൊൻ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വർഷത്തെ വെനീസ് മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയിരുന്നു. 

English Summary: Who is Annie Ernaux, winner of Nobel Prize in Literature 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com