വടക്കഞ്ചേരി: ഒരു വിലാപത്തിന്റെ പേര്

Vadakkancherry Bus Accident
അപകടത്തിൽ മരിച്ച വിദ്യാർഥികൾക്കും അധ്യാപകനും മന്ത്രി ആന്റണി രാജു അന്തിമോപചാരം അർപ്പിക്കുന്നു.
SHARE

പാലക്കാട് വടക്കഞ്ചേരിക്കടുത്തുണ്ടായ ബസപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളടക്കമുള്ളവരുടെ ഓർമയിൽ കേരളമാകെ വിലപിക്കുകയാണ്. സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിനു പിന്നിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പെ‍ാലിഞ്ഞുപോയ ഹതഭാഗ്യർ എക്കാലത്തും തീരാസങ്കടമായി നമ്മുടെ മനസ്സിലുണ്ടാകും. നാടിന്റെ ശാപമായ വാഹനാപകടങ്ങൾ കുറയ്ക്കാൻ കർശനവും ഫലപ്രദവുമായ നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്നുകൂടി ഈ വലിയ ദുരന്തം ഓർമിപ്പിക്കുന്നു. 

വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നെന്നും വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയിരുന്നു എന്നുമാണ് റിപ്പോർട്ട്. ഈ ബസ് കോട്ടയം ആർടി ഓഫിസിന്റെ വിലക്കുപട്ടികയിലാണുള്ളത്. പിഴ ഒടുക്കാത്തതിന് 5 കേസുകളും നിലവിലുണ്ട്. നിയന്ത്രണ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണു പല വാഹനങ്ങളും മരണവേഗത്തിൽ അപകടത്തിലേക്കു പായുന്നതെന്നതാണ് ഏറെ കഷ്‌ടം. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗങ്ങളില്ലേ എന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചതിന് ഉത്തരം നൽകേണ്ട ഉത്തരവാദിത്തം സർക്കാർസംവിധാനങ്ങൾക്കുണ്ട്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വിൻഡ് സ്ക്രീനിന്റെ നടുവിൽ പേരെഴുതിയത് ഉൾപ്പെടെ വടക്കഞ്ചേരി ദുരന്തത്തിലുൾപെട്ട ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങളുടെ നിര ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിക്കുകയുണ്ടായി.

നിയമങ്ങളും നിയന്ത്രണങ്ങളും കൂസാതെ പായുന്ന വാഹനങ്ങൾക്കുനേരെ കർശന നടപടി ഉണ്ടായേതീരൂ. കൊല്ലം പെരുമൺ എൻജിനീയറിങ് കോളജ് വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെടുന്നതിനു മുൻപ് ബസിനു മുകളിൽ പൂത്തിരി കത്തിച്ചു തീ പടർന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടതു കഴിഞ്ഞ ജൂലൈയിലാണ്. നിയമപ്രകാരമല്ലാതെ ലൈറ്റ് ഘടിപ്പിച്ചതും ആഘോഷങ്ങൾക്കായി അലങ്കാര ലൈറ്റും ഓഡിയോ വിഡിയോ ഉപകരണങ്ങളും ഘടിപ്പിക്കാൻ വയറിങ് നടത്തിയതുമായ വാഹനങ്ങൾക്കെതിരെ കർശന നടപടിക്കു ഗതാഗത കമ്മിഷണറുടെ നിർദേശമുണ്ടായതാവട്ടെ, ഏപ്രിലിലും. മലയാളി വിദ്യാർഥികൾ വിനോദയാത്രയ്ക്കു പോയ ബസ് ഗോവയിൽ തീപിടിച്ച് അപകടമുണ്ടായതിനു പിന്നാലെയായിരുന്നു ആ നടപടി. രാത്രിനേരത്ത് എല്ലാ റോഡുകളിലും പരിശോധനയ്ക്കു സ്ക്വാഡുകളെ അക്കാലത്തു നിയോഗിച്ചിരുന്നു. ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ കർശന പരിശോധന നടത്തി പിഴ ഈടാക്കാനുള്ള അന്നത്തെ നിർദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?  

വടക്കഞ്ചേരി അപകടത്തെത്തുടർന്നും അധികൃതർ ഉഷാറോടെ നിയമലംഘനങ്ങൾ തടയാൻ രംഗത്തിറങ്ങും. ഇത്തരത്തിലുള്ള വലിയ അപകടങ്ങൾക്കു പിന്നാലെ നിരത്തിൽ കർശന പരിശോധനയും നടപടികളും ഉണ്ടാവുമെങ്കിലും ചെറിയ കാലയളവിനുള്ളിൽതന്നെ അതെല്ലാം അവസാനിപ്പിച്ച്, വീണ്ടും നിയമലംഘനങ്ങൾക്കു വാതിൽ തുറന്നുകെ‍ാടുക്കുന്ന നമ്മുടെ പതിവുരീതിക്ക് എന്നാണ് അവസാനമുണ്ടാകുക? നിർദേശങ്ങളെയും നിയമങ്ങളെയും ഭയമില്ലാത്തതാണു പ്രശ്നമെന്ന് ഇന്നലെ ഹൈക്കോടതിക്കു പറയേണ്ടിവന്നത് ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാവുന്നു. സർക്കുലറുകൾ ഇറക്കുകയല്ല, നടപടിയെടുക്കുകയാണു വേണ്ടതെന്നും കോടതി ഓർമിപ്പിക്കുകയുണ്ടായി. 

മറ്റു നടപടികളോടൊപ്പം വേഗപ്പൂട്ട് കർശനമാക്കിയേതീരൂ. അമിതവേഗത്തിൽ ഓടാനായി വേഗപ്പൂട്ട് അഴിച്ചുവയ്ക്കുന്നവരുണ്ട്. ഇതു കർശനമായി പരിശോധിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പഠന, വിനോദയാത്രകളുടെ വേളയാണിത്. അതുകെ‍ാണ്ടുതന്നെ, യാത്രാവാഹനങ്ങളുടെ ഫിറ്റ്നസിന്റെ കാര്യത്തിലടക്കം വ്യാപക പരിശോധനയും ജാഗ്രതയും ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യത്തിൽ സ്കൂൾ അധികൃതരും സൂക്ഷ്മശ്രദ്ധ പുലർത്തണം. സ്കൂൾ, കോളജ് വിദ്യാർഥികളുടെ വിനോദയാത്രയ്ക്ക് ടൂറിസ്റ്റ് വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന സർക്കുലർ മൂന്നു മാസം മുൻപ് മോട്ടർ വാഹന വകുപ്പ് ഇറക്കിയിരുന്നു. 

നമ്മുടെ പാതകളിലൂടെ ഭ്രാന്തു പിടിച്ചോടുന്ന വാഹനങ്ങളുടെ അമിതവേഗത്തിനും അശ്രദ്ധയ്ക്കും മറ്റു നിയമലംഘനങ്ങൾക്കും ഇനിയും രക്‌തസാക്ഷികൾ ഉണ്ടായിക്കൂടാ. യാത്ര പറഞ്ഞിറങ്ങി മടങ്ങിവരാത്തവരെയോർത്തു പ്രിയപ്പെട്ടവർ ജീവിതകാലമത്രയും വിലപിക്കാൻ ഇടയാക്കിക്കൂടാ. കേരളത്തിലെ റോഡുകളും വാഹനങ്ങളും മനുഷ്യജീവനു കൊടുക്കുന്ന വില ചെറുതല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനും സമൂഹത്തിനുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് എൻഫോഴ്സ്മെന്റ് ഓഫിസർമാർവഴി ട്രാൻസ്പോർട്ട് കമ്മിഷണറും ജില്ലാ പൊലീസ് മേധാവികൾ വഴി സംസ്ഥാന പൊലീസ് മേധാവിയും നിരോധിക്കണമെന്നു ഹൈക്കോടതി ഇന്നലെ നിർദേശിക്കുകയുണ്ടായി.

വടക്കഞ്ചേരി ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കെല്ലാം മലയാള മനോരമയുടെ ഹൃദയാഞ്ജലി. റോഡ് സുരക്ഷയ്ക്കു പരമപ്രാധാന്യം നൽകി, അപകടങ്ങൾ കുറയ്ക്കുന്നതുതന്നെയാണ് അവർക്കുള്ള ഏറ്റവും മികച്ച ശ്രദ്ധാഞ്ജലിയെന്നുകൂടി ഓർമിക്കാം.

English Summary: Vadakkencherry Accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}