ADVERTISEMENT

കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷപദവിയിലേക്കുള്ള മത്സരരംഗത്താണ് ഒരാഴ്ചയായി ഞാൻ. പാർട്ടി തിരഞ്ഞെടുപ്പ് ആഭ്യന്തര കാര്യമാണെങ്കിലും, അതു കോൺഗ്രസിനോടുള്ള ജനങ്ങളുടെ താൽപര്യം വർധിപ്പിക്കാനും പാർട്ടി അണികളെ പ്രവർത്തനത്തിന് ഉത്തേജിപ്പിക്കാനുമുള്ള അവസരമാണ്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെത്തുടർന്നു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവയ്ക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം. അതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പലരിൽ ഒരാളാണു ഞാനും. അദ്ദേഹം ആ തീരുമാനത്തിൽതന്നെ ഉറച്ചുനിൽക്കുകയായിരുന്നു. അതിനെ നാം ബഹുമാനിക്കണം.

പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മുന്നോട്ടുനീങ്ങിയില്ലെങ്കിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതുപോലെയുള്ള പരാജയങ്ങളിലേക്കു പാർട്ടി കൂപ്പുകുത്തും, മണ്ണ് ഒലിച്ചുപോകും. പാർട്ടി തിരഞ്ഞെടുപ്പ് ഈ അവസ്ഥയ്ക്കു ഗുണപരമായ മാറ്റം ഉണ്ടാക്കിയിരിക്കുന്നു. ഭാരത് ജോഡോ യാത്രയ്ക്കൊപ്പം സംഘടനാ തിരഞ്ഞെടുപ്പും പാർട്ടിയോടുള്ള ജനതാൽപര്യം വർധിപ്പിച്ചിരിക്കുന്നു. പ്രവർത്തകർ തിരഞ്ഞെടുക്കുന്ന പ്രസിഡന്റിനു സംഘടനാപരമായ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും അണികളെ ശക്തരും സുസ‍ജ്ജരുമാക്കി പാർട്ടിയെ പുനർനിർമിക്കുന്നതിനും കൂടുതൽ മേൽക്കൈ ലഭിക്കും. അത്തരമൊരു പ്രസിഡന്റിന്, പൊതുജനങ്ങളെ പിന്തുണയ്ക്കായി സമീപിക്കുന്നതിനു കൂടുതൽ നിയമസാധുതയുമുണ്ടാകും. എന്റെ നാമനിർദേശപത്രികയെ പിന്തുണച്ച് കശ്മീർ മുതൽ കേരളം വരെയും ഉത്തർപ്രദേശും ഉത്തരാഖണ്ഡും മുതൽ തമിഴ്നാടുവരെയും പഞ്ചാബ് മുതൽ നാഗാലാൻഡ് വരെയുമുള്ള സാധാരണ പാർട്ടി പ്രവർത്തകരുടെ ഒപ്പുകൾ ലഭിച്ചുവെന്നതിൽ എനിക്കു തികച്ചും അഭിമാനമുണ്ട്.

ആരു തിരഞ്ഞെടുക്കപ്പെട്ടാലും അടിയന്തര പ്രാധാന്യം കൊടുക്കേണ്ട ഒരു വിഷയമുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വോട്ടുചെയ്ത 19 ശതമാനം ജനങ്ങൾക്കപ്പുറത്തേക്കു പിന്തുണ വ്യാപിപ്പിക്കാനുള്ള പദ്ധതി തയാറാക്കണം. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഹിന്ദുത്വം അല്ലാതെ മറ്റു കാരണങ്ങളാൽ ബിജെപിയിലേക്കു ചാഞ്ഞ വോട്ടർമാരുടെ പിന്തുണ തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിന്, പാർട്ടിയുടെ ചരിത്രത്തിൽ ചുവടുറപ്പിച്ചു നിൽക്കുന്നതോടൊപ്പം, ഇന്ത്യൻ യുവത്വത്തിന്റെ സ്വപ്നങ്ങളുമായി സംവദിക്കാൻകൂടി കഴിയുന്ന നേതാവിനെയാണ് ആവശ്യം. കൂടുതൽ നല്ല സമൂഹനിർമിതിക്കു കോൺഗ്രസ് ആവശ്യമാണെന്നു കരുതുന്നവരാണു നമ്മുടെ യുവാക്കൾ. 21–ാം നൂറ്റാണ്ടിലെ ലോകം മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെ പുൽകാൻ കാത്തിരിക്കുന്നവരാണ് അവർ. അതിനാൽ, കോൺഗ്രസിനു മുന്നിൽ രണ്ട് അടിയന്തര കടമകളാണുള്ളത്: രാജ്യത്തിന്റെ അഭിലാഷങ്ങൾ സാധ്യമാക്കാനുള്ള ദർശന പദ്ധതി രൂപപ്പെടുത്തണം, ഒപ്പം പാർട്ടിയുടെ അടുത്തകാലത്തെ പ്രവർത്തനങ്ങളെ ദുർബലമാക്കിയ സംഘടനാപരമായ പരിമിതികൾ മറികടക്കുകയും വേണം.

tharoor-coloum

ഫലപ്രദമായ നേതൃത്വവും ഒപ്പം പാർട്ടിയുടെ പുനഃസംഘാടനവുമാണ് ഇതിന് ഉത്തരമായി എന്റെ മനസ്സിലുള്ളത്. താഴെക്കിടയിലുള്ള ഭാരവാഹികളിലേക്കു കൂടുതൽ അധികാരങ്ങൾ എത്തിച്ചുള്ള വികേന്ദ്രീകൃതമായ സംഘടനാ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രിക ഞാൻ ഇറക്കിയത് അതിനാലാണ്. സംസ്ഥാന നേതാക്കൾക്കും സാധാരണ പ്രവർത്തകർക്കും കൂടുതൽ അധികാരങ്ങൾ വീതിച്ചു നൽകുന്നത് പുതിയ നേതാവിനെ അമിതാധികാര പ്രയോഗത്തിൽനിന്നു സ്വതന്ത്രനാക്കും. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസിന്റെ ദേശീയ സ്വീകാര്യത ശക്തിപ്പെടുത്തിയത് ഈ സംസ്ഥാന ബന്ധങ്ങളാണെന്ന് ഓർക്കണം.

പാർട്ടിക്ക് ഇന്ന് ആവശ്യമുള്ള ഊർജം നൽകുക, ഒപ്പം കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു നേടാൻ കഴിഞ്ഞ വോട്ടുകൾക്ക് അപ്പുറത്തേക്കു സ്വാധീനം വ്യാപിപ്പിക്കുക. പാർട്ടിയുടെ പരമ്പരാഗത രീതികളിൽ ഏറെക്കാലം പ്രവർത്തിച്ചു മടുക്കാത്ത ഒരു പുതിയ നേതാവിന് ഈ രണ്ടു കാര്യങ്ങളും ഫലപ്രദമായി നിറവേറ്റാനാകുമെന്നു ഞാൻ കരുതുന്നു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പാർട്ടിയുടെ എല്ലാ തലങ്ങളെയും ഉണർത്തുകയും മാറ്റങ്ങൾക്കു വേണ്ടിയുള്ള ആരോഗ്യകരവും ക്രിയാത്മകവുമായ ചർച്ചകൾക്കു പ്രചോദനമാകുകയും ചെയ്യും.

ചില പ്രധാന കാരണങ്ങളാലാണ് ഞാൻ മത്സരിക്കാൻ തീരുമാനിച്ചത്. ഒന്ന്, ‍ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽകൂടി മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താനാകൂ എന്ന കോൺഗ്രസ് പ്രസിഡന്റിന്റെയും രാഹുൽ ഗാന്ധിയുടെയും അഭിപ്രായത്തോടു ഞാൻ പൂർണമായും യോജിക്കുന്നു. അതുപോലെ, പാർട്ടിയെ പരിവർത്തനപ്പെടുത്താനും ഊർജസ്വലമാക്കാനുമുള്ള പല ആശയങ്ങളും എനിക്കു മുന്നോട്ടുവയ്ക്കാനുണ്ട്. ‘ഹൈക്കമാൻഡ് സംസ്കാരം’ അവസാനിപ്പിച്ച് അടിത്തട്ട് ശക്തമാക്കുക, പരസ്പര ചർച്ചയിലൂന്നിയുള്ള പ്രവർത്തനരീതിയിലൂടെ സാധാരണ പ്രവർത്തകർക്കു കൂടുതൽ ബഹുമാന്യത നൽകുക, എല്ലാ തലത്തിലെയും നേതൃത്വവുമായി അവർക്ക് ഊഷ്മള ബന്ധം സ‍ൃഷ്ടിക്കാനുള്ള അവസരമൊരുക്കുക.

തിരഞ്ഞെടുപ്പു രംഗത്തേക്കിറങ്ങും മുൻപ്, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും മുൻ പ്രസി‍‌ഡന്റ് രാഹുൽ ഗാന്ധിയും സുതാര്യമായ തിരഞ്ഞെടുപ്പിനെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ഒരു ‘ഔദ്യോഗിക സ്ഥാനാർഥി’യെ പിന്തുണയ്ക്കാതെ നിഷ്പക്ഷത പാലിക്കുമെന്നും എനിക്ക് ഉറപ്പു നൽകിയിരുന്നു. ഈ പോരാട്ടത്തിൽ എനിക്കു വിജയസാധ്യത കുറവാണെന്ന വാദമുണ്ട്. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടി അധികാരവ്യവസ്ഥ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നു വിശ്വസിക്കുന്ന ഏറെപ്പേരുണ്ട്. ‘അഭിപ്രായ ഐക്യ’ത്തിനുവേണ്ടി ഞാൻ മത്സരത്തിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെടുന്നവരോട് ഒന്നേ സൂചിപ്പിക്കാനുള്ളൂ: മാറ്റങ്ങൾക്കും പാർട്ടിയുടെ ഭാവിക്കും വേണ്ടിയുള്ള ക്രിയാത്മകമായ ആശയസംവാദം ആത്യന്തികമായി കോൺഗ്രസിനെ ശക്തമാക്കുമെന്നും രാജ്യമനസ്സിൽ അതിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഫലം എന്താകുമെന്നു ചിന്തിക്കാതെ, ശരിയെന്ന് ഉറപ്പുള്ള ബോധ്യത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള ധൈര്യം ഒരാൾ കാണിക്കേണ്ടതുണ്ട്. നാം ഏതെങ്കിലും കാര്യത്തിൽ ശക്തമായ വിശ്വാസം പുലർത്തുന്നുവെങ്കിൽ, അതിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കാൻ സജ്ജരാകേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഇന്നേവരെ ഞാൻ എടുത്തിട്ടുള്ള നിലപാടാണത്. എന്നാൽ, ആരു വിജയിച്ചാലും ആത്യന്തികമായ നേട്ടം പാർട്ടിക്കു തന്നെ ആയിരിക്കണം.

∙വാൽക്കഷണം

രണ്ടാഴ്ചകൊണ്ട് ഒട്ടേറെ നഗരങ്ങൾ സന്ദർശിച്ചും പതിനായിരത്തോളം പ്രതിനിധികളെ കഴിയുന്നത്ര ഫോണിൽ ബന്ധപ്പെട്ടുമുള്ള തിരഞ്ഞെടുപ്പു പ്രചാരണം കഠിനവും ആയാസകരവുമാണ്. എന്നാൽ, ചില അപ്രതീക്ഷിത സംഭവങ്ങൾ നമ്മെ പെട്ടെന്ന് ആവേശഭരിതരാക്കും. ഹൈദരാബാദിൽനിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ പൈലറ്റ് ക്യാപ്റ്റൻ ഇന്ദർ പ്രീത് സിങ് ‘ വിമാനത്തിൽ യാത്ര ചെയ്യുന്ന ഡോ. ശശി തരൂരിനു പ്രത്യേക സ്വാഗതം’ എന്ന് അനൗൺസ് ചെയ്തപ്പോൾ യാത്രക്കാർ ഒന്നടങ്കം കയ്യടിച്ചത് ആഹ്ലാദകരമായിരുന്നു! യാത്രയിലുടനീളം ഞാൻ സഹയാത്രികർക്കൊപ്പം സെൽഫിക്കു സന്തോഷപൂർവം നിന്നുകൊടുത്തു. സർവവ്യാപിയായ മൊബൈൽ ഫോൺ ക്യാമറകളുടെ കാലത്തും ചില യുവാക്കൾ ഓട്ടോഗ്രാഫ് ചോദിച്ചെത്തിയതും കൗതുകകരമായി. അത്രയേറെ വ്യത്യസ്തരായ ജനതയുടെ ഹൃദയങ്ങൾ സ്പർശിക്കാൻ രാഷ്ട്രീയത്തിനുള്ള കഴിവു തന്നെയാണ് ഈ പ്രയത്നത്തെ മൂല്യവത്താക്കുന്നത്. 

English Summary: Shashi Tharoor column Tharoor line on congress president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com