ലഹരിബന്ധമുള്ളവർ പടിക്ക് പുറത്ത്

HIGHLIGHTS
  • മനോരമ യുവജാഗ്രതാ കൂട്ടായ്മയിൽ ഒറ്റക്കെട്ടായി സംഘടനകൾ
drug-use-women-main-image
SHARE

കോട്ടയം ∙ നാട്ടിലും വീട്ടിലും ക്യാംപസിലും ലഹരിക്കെതിരെ കണ്ണുകൾ തുറന്നുവയ്ക്കാൻ കേരളത്തിന്റെ യുവത. ലഹരിവിരുദ്ധ സേനയായി സംഘടനകളെ പരിവർത്തനം ചെയ്യുമെന്ന്, മലയാള മനോരമ സംഘടിപ്പിച്ച ‘അരുത് ലഹരി’ യുവജാഗ്രതാ കൂട്ടായ്മയിൽ സംഘടനകൾ വ്യക്തമാക്കി. ‘ലഹരിക്കെതിരെയുള്ള യുദ്ധത്തിൽ ഞാനും നീയും ഇല്ല, നമ്മളേയുള്ളൂ’ എന്ന പ്രഖ്യാപനത്തിന്റെ വേദിയായി കൂട്ടായ്മ മാറി.

‘ലഹരിക്കെതിരെ ജനകീയ കവചം എന്ന പരിപാടിയുമായി ഡിവൈ എഫ്ഐ മുന്നോട്ടുപോകുകയാണ്. സംസ്ഥാനമാകെ ജാഗ്രതാ സമിതികളുണ്ടാക്കും. എല്ലാ വിഭാഗം ആളുകളെയും പങ്കാളികളാക്കും. ‘ലഹരിയാകാം കളിയിടങ്ങളിലൂടെ’ എന്ന പേരിൽ സ്പോർട്സിനെ ബദൽ ലഹരിയാക്കി വളർത്തിയെടുക്കാൻ 4 കേന്ദ്രങ്ങളിൽ കായിക ടൂർണമെന്റുകൾ നടത്തും. എല്ലാ ഗ്രാമങ്ങളിലും കായിക പരിപാടികളുണ്ടാകും. നിരീക്ഷണത്തിനും ലഹരിവിമോചന പ്രവർത്തനത്തിനും ഊന്നൽ നൽകും. ലഹരി ഉപയോഗം തെറ്റല്ലെന്ന തരത്തിലുള്ള പൊതുബോധം ചില സിനിമകൾ സൃഷ്ടിച്ചിട്ടുണ്ട്. ആ ബോധം തിരുത്തും. ലഹരിക്കെതിരെ ഒരു യുദ്ധത്തിന്റെ വിളംബരവുമായിത്തന്നെ സംഘടന ഇറങ്ങിത്തിരിക്കുകയാണ്-’വി.കെ.സനോജ് (ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി)

‘ക‍ഞ്ചാവ് ഉപയോഗം ഫാഷനാണെന്നു കാണിക്കുന്ന സിനിമകൾക്കെതിരെ സമൂഹത്തിന്റെ പ്രതികരണം ഉണ്ടാവണം. ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ് ‘റിയൽ ഫ്രണ്ട്’ എന്ന പേരിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും. ലഹരി കാര്യങ്ങളിൽ കുറ്റകൃത്യം ചെയ്തവരെ ഇരയായി കണ്ട് അവരെ അതിൽനിന്നു പിന്തിരിപ്പിക്കും. ആശുപത്രികൾ, ലഹരി വിമുക്ത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഹരിയുടെ ഇരകളായി ദുരിതം അനുഭവിക്കുന്നവർ കഴിയുന്ന വാർഡുകളിൽ കുട്ടികളുമായി സ്റ്റഡി ടൂർ നടത്തണം. ലഹരി ഉപയോഗത്തിന്റെ ദുരന്തം അനുഭവിക്കുന്നവരെ കാണുമ്പോൾ ഇതുപയോഗിച്ചാൽ നാളെ തങ്ങൾക്കും ഈ അനുഭവമായിരിക്കുമെന്ന് ഇതുവഴി കുട്ടികളെ ബോധ്യപ്പെടുത്താൻ കഴിയും.’–രാഹുൽ മാങ്കൂട്ടത്തിൽ (യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി)

‘മുഴുവൻ വാർഡുകളിലും യുവമോർച്ച ജനകീയ സ്ക്വാഡുകൾക്കു രൂപം നൽകും. ഇവർ വീടുകളിൽ സമ്പർക്കം നടത്തും. മാതാപിതാക്കൾക്കും ബോധവൽക്കരണം നൽകും. 2 പ്രളയത്തെയും 2 വർഷത്തെ കോവിഡിനെയും നേരിടാൻ ഒറ്റക്കെട്ടായാണു കേരളം പ്രവർത്തിച്ചത്. ആ കൂട്ടായ്മയാണു താഴേത്തട്ടു വരെ ഇപ്പോൾ വേണ്ടത്. അതു മാത്രമാണ് ഇതിനുള്ള ഒറ്റമൂലി. രാഷ്ട്രീയം മാറ്റിവച്ചു രംഗത്തിറങ്ങണം.’– ദിനിൽ ദിനേശ്(യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി)

youth-leaders
മലയാള മനോരമ സംഘടിപ്പിച്ച ‘അരുത് ലഹരി’ യുവ ജാഗ്രതാ കൂട്ടായ്മയിൽ കേരളത്തിലെ യുവജന, വിദ്യാർഥി സംഘടനകളുടെ നേതാക്കൾ ലഹരിക്കെതിരെ ഐക്യപ്രഖ്യാപനം നടത്തുന്നു. മുൻനിരയിൽ ഇടത്തുനിന്ന്: ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റ് ടോബി തൈപ്പറമ്പിൽ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, കെഎസ്‌സി സംസ്ഥാന പ്രസിഡന്റ് രാഖേഷ് ഇടപ്പുര, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സബീഷ് നെടുംപറമ്പിൽ. പിൻനിര: എഐവൈഎഫ് കോട്ടയം ജില്ലാ സെക്രട്ടറി പി.ആർ.ശരത്കുമാർ, എബിവിപി ദേശീയ നിർവാഹക സമിതിയംഗം ഡോ. വൈശാഖ് സദാശിവൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് റോണി മാത്യു, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദ്. ചിത്രം: മനോരമ

‘എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, മനോരമ നല്ലപാഠം തുടങ്ങിയ കൂട്ടായ്മകളെ ചേർത്ത് ലഹരിക്കെതിരെയുള്ള ചൈൽഡ് ആർമിയാക്കി മാറ്റാൻ കഴിയണം. എന്റെ ശിഷ്യർ ലഹരി ഉപയോഗിക്കില്ലെന്ന് ഓരോ അധ്യാപകനും പറയാൻ കഴിയണം. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ‘നാട്ടുമുറ്റം’ എന്നൊരു ക്യാംപെയ്ൻ യൂത്ത്‌ ലീഗ് നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഇതു നടത്തുന്നത്. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്കും യൂത്ത്‌ ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്. ലഹരിക്കെതിരെ അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ബോധവൽക്കരണ പരിപാടി എല്ലാ സ്കൂളുകളിലും സംഘടിപ്പിക്കണം. ലഹരിയുമായി ബന്ധപ്പെട്ട് അതിഥിത്തൊഴിലാളികളെ പ്രത്യേകം നിരീക്ഷിക്കണം.’– പി. ഇസ്മായിൽ(യൂത്ത്‌ ലീഗ് സംസ്ഥാന ട്രഷറർ)

‘മുഴുവൻ താലൂക്കുകളിലും ലഹരിക്കെതിരെ യുവജന സദസ്സ് നടത്തും. ഇപ്പോൾ 7 ജില്ലകളിൽ പിന്നിട്ടു കഴിഞ്ഞു. ലഹരിയുടെ പിടിയിൽനിന്നു മോചിതരായവരുടെ അനുഭവങ്ങൾക്കു പ്രചാരണം നൽകും. ഐടി, സിനിമാ മേഖലയിലുള്ളവർ ലഹരി ഉപയോഗത്തിനു മറ്റുള്ളവരിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അവരെ ഇതിൽനിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും.’–റോണി മാത്യു(യൂത്ത് ഫ്രണ്ട്–എംസംസ്ഥാന പ്രസിഡന്റ്)

‘ലഹരി ഉപയോഗിക്കുന്ന ഒരാൾ പോലും സംഘടനയുടെ ഭാരവാഹിത്വത്തിൽ ഉണ്ടാവില്ല. നിരോധിത ലഹരിയുടെ ഉപയോഗം എവിടെ കണ്ടാലും അധികൃതരെ അറിയിക്കും. അതിഥിത്തൊഴിലാളികളുടെ കാര്യത്തിൽ കർശന നിരീക്ഷണം ആവശ്യമാണ്. കഴിഞ്ഞ 5 വർഷത്തിനിടെയാണ് കേരളത്തിൽ ലഹരിയുടെ ഉപയോഗം വല്ലാതെ വർധിച്ചത്.’– സബീഷ് നെടുംപറമ്പിൽ(യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി)

‘ലഹരിക്കെതിരെ സംസ്ഥാന സർക്കാരും മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങളും തുടങ്ങിവച്ച പോരാട്ടത്തിനൊപ്പം അണിചേരും. ഒക്ടോബർ 7നു കൊല്ലത്തു ലഹരിവിരുദ്ധ ജാഥ സംഘടിപ്പിക്കും. യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങൾ തീരുമാനിച്ചുറപ്പിച്ചാൽ ഒരു പരിധിവരെ ലഹരിയെ ചെറുക്കാം. അതിനു നേതൃപരമായ പങ്കുവഹിക്കും. ലഹരിക്കേസിൽ പിടിക്കുന്നതു കാരിയർമാരെയാണ്. അവർക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം. വിവരം കൈമാറുന്നവർക്കു സർക്കാർ സംരക്ഷണമൊരുക്കണം.’– ഉല്ലാസ് കോവൂർ(ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ്)

‘ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുവരുന്ന ഏത് വിദ്യാർഥി, യുവജന പ്രസ്ഥാനവുമായും സഹകരിക്കാൻ സംഘടന തയാറാണ്. സംഘടന സ്വന്തം നിലയിലും ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തും. കേരളത്തിലെ എല്ലാ വിദ്യാർഥി, യുവജന സംഘടനകളും ചേർന്ന് ജാഗ്രതാ സമിതി രൂപീകരിക്കണം. ലഹരി ഉപയോഗിക്കുന്നവർ സംഘടനയിൽ ഭാരവാഹികളായി ഉണ്ടാവില്ല. ഒത്തൊരുമിച്ചു നിന്നാൽ ലഹരിമരുന്നിന്റെ ഉപയോഗം തടയാൻ കഴിയും.’– പി.ആർ.ശരത്കുമാർ (എഐവൈഎഫ് ജില്ലാ സെക്രട്ടറി, കോട്ടയം)

@ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കെഎസ്‌‌യു പ്രവർത്തകർ വീടുകൾ കയറി ഇറങ്ങിയുള്ള ബോധവൽക്കരണം നടത്തുന്നുണ്ട്. കണ്ണൂർ ജില്ലയിൽ മികച്ച പ്രതികരണമാണു ലഭിച്ചത്. വിദ്യാർഥി ഹോസ്റ്റലുകൾ ലഹരി ഉപയോഗത്തിന്റെയും വിപണനത്തിന്റെയും കേന്ദ്രങ്ങളായി മാറുകയാണ്. ഇതിൽ നിന്നു കോളജ് ഹോസ്റ്റലുകളെ മോചിപ്പിക്കാൻ കഴിയണം. സിനിമയിൽ ലഹരി ഉപയോഗിക്കുന്നതായി കാണിക്കുന്ന നായകൻ യഥാർഥ ജീവിതത്തിൽ താൻ അങ്ങനെയുള്ള ആളല്ലെന്നു വിദ്യാർഥികളോടു പറയണം. ഇക്കാര്യത്തിൽ ഇടപെടലുകളുണ്ടാകണം.’– കെ.എം.അഭിജിത്ത്(കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്)

‘അതിഗൗരവമുള്ള ഒരു വിഷയത്തെ സർക്കാർ സർവ സന്നാഹങ്ങളോടെയും നേരിടുന്നതിന്റെ ആദ്യഘട്ടത്തിൽതന്നെ മലയാള മനോരമ അതിനൊപ്പം ചേർന്നത് അഭിനന്ദനീയമാണ്. കേരളത്തിലെ വിദ്യാർഥി, യുവജന സംഘടനകൾക്ക് ഇക്കാര്യത്തിൽ കാര്യമായ പങ്കുവഹിക്കാൻ കഴിയും എന്ന വിശ്വാസം കൃത്യമാണ്. എല്ലാ സംഘടനകളും ഇക്കാര്യത്തിൽ ഒരുമിച്ചു നിൽക്കണം. സർക്കാരിന്റെയോ മാധ്യമങ്ങളുടെയോ ക്യാംപെയ്നുകൾക്കു ശ്രദ്ധ കൊടുക്കാത്ത ഒരു വിഭാഗം വിദ്യാർഥികളെയും യുവാക്കളെയുമാണു ബോധവൽക്കരിക്കാനുള്ളത് എന്ന ചിന്ത വേണം. സ്ഥിരം നടത്തുന്ന ബോധവൽക്കരണ പരിപാടി ഗൗരവത്തിൽ കാണാത്ത സ്ഥിതിയുണ്ട്. ശൈലിയും ഭാഷയും മാറ്റണം. അതിനുള്ള ആലോചനകൾ വേണം. ക്യാംപസുകളിലും ഹോസ്റ്റലുകളിലും ലഹരിവിൽപന തടയാനുള്ള ഇടപെടൽ നടത്തും.’– പി.എം.ആർഷോ (എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി)

‘എബിവിപിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒക്ടോബർ അവസാനം കാസർകോട് മുതൽ തിരുവനന്തപുരം വരെ ബോധവൽക്കരണ യാത്ര സംഘടിപ്പിക്കും. ക്യാംപസുകൾ സന്ദർശിച്ചു വിശദീകരിക്കും. അരാഷ്ട്രീയവാദം ക്യാംപസുകളെ കീഴ്പ്പെടുത്തുന്ന സ്ഥിതിയുണ്ട്. ലഹരിമാഫിയ ആദ്യം ലക്ഷ്യമിടുന്നത് അരാഷ്ട്രീയവാദികളെയാണ്. അവർ ഒറ്റപ്പെട്ടു നിൽക്കുന്നവരായതിനാൽ വലയിൽ വീഴ്ത്താൻ എളുപ്പമാണ്. ഇതിനെതിരെ വിദ്യാർഥിസംഘടനകളുടെ രാഷ്ട്രീയ ജാഗ്രത വേണം. നമുക്കു ലഹരിവിമുക്ത ക്യാംപസുകൾ വേണം. ആഘോഷങ്ങൾ അതിനുള്ള സന്ദേശങ്ങളാക്കണം. ക്യാംപസുകളിൽ ലഹരിക്കെതിരെയുള്ള മിന്നൽ പരിശോധനകൾക്കു സംഘടനകൾ സഹകരിക്കണം.’– ഡോ. വൈശാഖ് സദാശിവൻ (എബിവിപി ദേശീയ‌‌ നിർവാഹകസമിതിയംഗം)

‘ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്ക് ഭാരവാഹിത്വം നൽകില്ലെന്ന തീരുമാനം എടുത്തിട്ടുണ്ട്. ഹയർ സെക്കൻഡറി ക്യാംപസുകൾ കേന്ദ്രീകരിച്ചാണ് ലഹരി വ്യാപാരം ഏറ്റവുമധികം നടക്കുന്നത് എന്നതിനാൽ എച്ച് എസ്എസ് മേഖലയിൽ കാര്യമായ ബോധവൽക്കരണം അനിവാര്യമാണ്.’– ബിലാൽ റഷീദ് (എംഎസ്എഫ് സംസ്ഥാന സെക്രട്ടറി)

‘ലഹരിക്ക് അടിമപ്പെട്ടവരെ അംഗങ്ങൾ പോലുമാക്കില്ലെന്ന പ്രതിജ്ഞ മുഴുവൻ വിദ്യാർഥി, യുവജന സംഘടനകളുമെടുക്കണം. സ്കൂളുകളിലും കോളജുകളിലും ലഹരിക്കെതിരെ സ്റ്റുഡന്റ് ബീറ്റ് ഓഫിസർമാരെ തിരഞ്ഞെടുക്കണം. സിനിമ, ടൂറിസം, ഐടി മേഖലകളിൽ ലഹരി വ്യാപിക്കുന്നതു തടയാൻ കർമപദ്ധതി വേണം. ലഹരി മാഫിയയെക്കുറിച്ചു വിവരം നൽകുന്നവർക്കു പൂർണ സംരക്ഷണം ഉറപ്പാക്കണം.’– ടോബി തൈപ്പറമ്പിൽ(കേരള സ്റ്റുഡന്റ്സ് കോൺഗ്രസ്–എം സംസ്ഥാന പ്രസിഡന്റ്)

‘ലഹരിയുടെ വേരുകൾ എവിടെ നിന്നു വരുന്നു എന്ന കാര്യത്തിൽ അന്വേഷണമുണ്ടാകണം. ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തിറങ്ങുന്ന കുട്ടിക്കുറ്റവാളികൾ പിന്നീട് എവിടെ പോകുന്നു എന്നതു സംബന്ധിച്ച് അന്വേഷണം വേണം. ഇവരെ ക്വട്ടേഷൻ സംഘങ്ങളും ലഹരി മാഫിയയും ഉപയോഗിക്കുന്നു. ലഹരി ഇടപാടു സംബന്ധിച്ച് അറിയിക്കാൻ കഴിയുന്ന ടോൾ ഫ്രീ നമ്പർ വേണം.’– രാഖേഷ് ഇടപ്പുര (കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്)

English Summary: Youth leaders against drugs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}