പുഴുക്കളും പ്രാണികളും പൂമ്പാറ്റകളുമൊക്കെ എക്കാലത്തും വ്യാജവാർത്താനിർമാതാക്കളുടെ പ്രിയപ്പെട്ട ജീവികളാണ്. അവയുടെ രൂപത്തിലെയും ആകൃതിയിലെയും വൈചിത്ര്യം, അത്ര സാധാരണമായി കാണാനിടയില്ലാത്തതിന്റെ അപരിചിതത്വം എന്നിവയൊക്കെയാണ് അതിനു കാരണം. പ്രത്യേകതരം പുഴുവിന്റെ പടമൊക്കെ വച്ച് വ്യാജൻ തയാറാക്കിയാൽ ആരും പെട്ടെന്നു വിശ്വസിച്ചുപോകും.
അങ്ങനെ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിൽ ഏറ്റവും കൂടുതൽ ഇഴഞ്ഞല്ല, പറന്നുനടന്ന ഒരു സുന്ദരൻ, കളർഫുൾ പുഴുവിന്റെ കഥ എല്ലാവരും അറിഞ്ഞിരിക്കും. പേടിപ്പെടുത്തുന്ന ഈ സന്ദേശത്തിനൊപ്പമാണ് കക്ഷിയുടെ ചിത്രം പ്രചരിച്ചത്: ‘കാണാൻ നല്ല ഭംഗിയൊക്കെയുണ്ടെങ്കിലും കടിച്ചാൽ അഞ്ചു മിനിറ്റിനകം മരണം സുനിശ്ചിതം. അങ്ങനെ കർണാടകയിലും മറ്റും ഒരുപാടു പേർ ഇതിനകം മരിച്ചു കഴിഞ്ഞിരിക്കുന്നു.’ വിശ്വസിക്കാൻ പുഴുവിന്റെ കടിയേറ്റു മരിച്ച ചിലരുടെ ചിത്രങ്ങളും സന്ദേശത്തിലുണ്ടായിരുന്നു.
മെസേജ് കിട്ടിയവർ കിട്ടിയവർ ഫോർവേഡ് ചെയ്തുചെയ്ത് നാടാകെ വിവരം പരന്നു. ഭാഗ്യവശാൽ, അതോടൊപ്പം തന്നെ വസ്തുതാന്വേഷകർ ആരാണീ കൊലകൊല്ലി പുഴു എന്ന അന്വേഷണവും ആരംഭിച്ചു. സംഗതി നമ്മുടെ നാട്ടിലൊക്കെയുള്ള ലിമാകോഡിഡേ കുടുംബത്തിൽപെട്ട ‘കപ്പ് മോത്ത്’ എന്നൊക്കെ അറിയപ്പെടുന്ന ആളാണ്. ദേഹത്തു തൊട്ടാൽ തരിപ്പോ ചൊറിച്ചിലോ ഒക്കെ ഉണ്ടാകാനിടയുണ്ടെന്നല്ലാതെ ആളെക്കൊല്ലാനൊന്നും ഈ പാവത്തിനു ശേഷിയില്ലെന്നു വിദഗ്ധർ പറയുന്നു. അപ്പോൾ മരിച്ചവരുടേതെന്നു പറയുന്ന ചിത്രങ്ങളോ? അതു മഹാരാഷ്ട്രയിൽ ഇടിമിന്നലേറ്റു മരിച്ച ആളുകളുടേതാണ്!

കുറച്ചുനാൾ മുൻപ് അത്തരത്തിൽ പ്രചരിച്ച മറ്റൊന്നാണു ചിത്രത്തിൽ കാണുന്ന ശലഭം. അതിന്റെ ചിറകുകളുടെ ഡിസൈൻ പാമ്പിന്റെ തല പോലെയാണ്. ‘150 പേർ ഈ ചിത്രശലഭത്തിന്റെ കടിയേറ്റു മരിച്ചു. കടി കിട്ടിയാൽ അഞ്ചു മിനിറ്റിൽ കൂടുതൽ ജീവിച്ചിരിക്കില്ല’ – ഇതായിരുന്നു ചിത്രത്തിനൊപ്പമുള്ള സന്ദേശം. സത്യത്തിൽ, അറ്റ്ലസ് മോത്ത് എന്ന പാവം നിശാശലഭമാണു കക്ഷി. ആരെയെങ്കിലും കടിക്കാൻ ഇതിനു വായ് പോലുമില്ലെന്നതാണ് ഏറ്റവും രസകരം!
സൊമാലിയയിൽനിന്ന് ഇറക്കുമതി ചെയ്ത പഴത്തിലെ പുഴു എന്ന പേരിൽ പ്രചരിച്ച വിഡിയോ ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ വർഷം പരിഭ്രാന്തി പരത്തിയിരുന്നു. ഹെലികോബാക്ടർ എന്ന പുഴു അകത്തായാൽ 12 മണിക്കൂറിനുള്ളിൽ മസ്തിഷ്കമരണം സംഭവിക്കുമെന്നായിരുന്നു വിഡിയോയിലെ വിശദീകരണം. ഒടുവിൽ, യുഎഇയിലെ അബുദാബി അഗ്രികൾചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി തന്നെ സംഗതി വ്യാജമാണെന്നു പ്രഖ്യാപിച്ചു. യഥാർഥത്തിൽ, ഹെലികോബാക്ടർ എന്നതു പുഴുവല്ല, ഒരിനം ബാക്ടീരിയയാണ്!

ഈ ജനുസ്സിൽപെട്ട സമീപകാലത്തെ വ്യാജവാർത്തകളിൽ ഏറ്റവും രസകരമായതു കഴിഞ്ഞവർഷം മധ്യത്തിലാണു പ്രചരിച്ചത്. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ പരീക്ഷണങ്ങൾക്കിടെ ചോർന്ന ഒരിനം കൊതുക് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കു പറക്കുന്നു എന്നായിരുന്നു വാർത്ത.
വയാഗ്ര കുത്തിവച്ച് ജനിതകമാറ്റം വരുത്തിയ കൊതുകുകളായിരുന്നു ഇവ! കടിച്ചാൽ പിന്നെ ലൈംഗികോത്തേജനം നിലയ്ക്കില്ലെന്നതാണു പ്രശ്നം!
ആളുകളെ രസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സത്യവുമായി ഒരു ബന്ധവുമില്ലാത്ത തമാശ– ആക്ഷേപഹാസ്യ വാർത്തകൾ കൊടുക്കുന്ന വേൾഡ്ന്യൂസ് ഡെയ്‌ലി റിപ്പോർട്ട് എന്ന വെബ്സൈറ്റ് പടച്ചെടുത്തതായിരുന്നു ഈ ‘വാർത്ത.’ ആരു സൃഷ്ടിച്ചതാണെന്നതിൽ എന്തുകാര്യം, ലോകത്തു പലയിടത്തും ആളുകൾ സംഗതി വിശ്വസിച്ചു!
English Summary: Fake news about worm