ADVERTISEMENT

ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതു ശിക്ഷാർഹം എന്ന ബോർഡ് വച്ച് നാം മാലിന്യപ്രശ്നം പരിഹരിച്ചതിനെപ്പറ്റി മൂക്കു പൊത്തിയാണെങ്കിലും എല്ലാവരും ഓർക്കുന്നുണ്ടാവും. അന്ധവിശ്വാസങ്ങൾ നിരോധിച്ച് നിയമസഭ നിയമം പാസാക്കിക്കഴിഞ്ഞാൽ ഏത് ഒടിയനും മറുതയും ഒന്നു പേടിക്കും. അന്ധവിശ്വാസം നിരോധിച്ചിരിക്കുന്നു എന്ന ബോർഡ് വയ്ക്കുകകൂടി ചെയ്താൽ കടക്കു പുറത്ത് എന്നു പറയുന്ന ഫലമാണ്. മാലിന്യ ബോർഡിന്റെ മറുപുറത്തു തന്നെ അറിയിപ്പെഴുതി ചെലവു ചുരുക്കുകയും ചെയ്യാം.

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന നാടൻ പ്രയോഗം അന്ധവിശ്വാസമാണോ അല്ലയോ എന്നു കഷ്ടകാൽജി ചോദിക്കുമ്പോൾ അപ്പുക്കുട്ടൻ വിഷമത്തിലാകുന്നു. ഒന്നു ചതിച്ചുനോക്ക് എന്നു പറഞ്ഞാൽ അധാർമികമാകും. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്കു വാങ്ങി നാട്ടുകാരെ മുഴുവൻ പൊട്ടന്മാരാക്കിയാൽ ദൈവം നേരിട്ട് ഇടപെടുമോ എന്നു ചോദിച്ചാൽ, മുഖ്യമന്ത്രി സ്വകാര്യമായി പറഞ്ഞേക്കാം: ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല.

നിയമം പാസാക്കുന്ന നിയമസഭയുടെമേൽ അന്ധവിശ്വാസം വന്നുവീണതിന്റെ കെടുതികൾ അനുഭവിക്കുന്ന ഒരു സംസ്ഥാനമെങ്കിലും നിലവിലുണ്ട്: രാജസ്ഥാൻ. രാജസ്ഥാൻ നിയമസഭയുടെ അംഗബലം 200. എന്നാൽ, ഒരിക്കൽപോലും 200 പേരുമായി നിയമസഭ ചേരാൻ വിധിയില്ല എന്നാണ് അന്ധമായി തോന്നുന്ന വിശ്വാസം.

2018ൽ നിലവിൽ വന്ന ഇപ്പോഴത്തെ നിയമസഭയിൽ ഇതുവരെ ആറ് എംഎൽഎമാർ മരിച്ചു. മരണത്തിനു കക്ഷി രാഷ്ട്രീയമില്ലാത്തതിനാൽ കോൺഗ്രസുകാരും ബിജെപിക്കാരുമൊക്കെ മരിച്ചവരിലുണ്ട്. ഏഴു തവണ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎ ബൻവർലാൽ ശർമയാണ് ഏറ്റവുമൊടുവിൽ മരിച്ചത്; രണ്ടാഴ്ച മുൻപ്.

സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ പരിസരത്ത് ഭൂതപ്രേതങ്ങൾ വിലസുന്നുണ്ടെന്ന വിശ്വാസം ചിലർ രഹസ്യമായി വച്ചുപുലർത്തുന്നുണ്ടെങ്കിലും അന്ധവിശ്വാസമുദ്ര വീണെങ്കിലോ എന്നു വിചാരിച്ചു പുറത്തുപറയുന്നില്ല. നിയമസഭാ മന്ദിരത്തിന്റെ സ്ഥാനം പഴയൊരു ശ്മശാനത്തിനടുത്താണെന്നും അതിന്റെ ചില ഭാഗങ്ങൾ നിയമസഭാ വളപ്പിലേക്കു നീണ്ടുകിടക്കുകയാണെന്നും നാട്ടുകാർ പറയുന്നുണ്ട്.

താൻ സ്പീക്കറായിരുന്നപ്പോൾ ചില എംഎൽഎമാർ മാത്രമല്ല, നിയമസഭയിലെ ചില ജീവനക്കാരും തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നു ബിജെപി എംഎൽഎ കൈലാഷ് മേഘ്‌വാൾ സാക്ഷ്യപ്പെടുത്തുന്നു. ‘എനിക്ക് അന്ധവിശ്വാസമൊന്നുമില്ല, എന്നാലും പരിഹാരക്രിയകൾ നടത്താൻ ഞാൻ അനുവദിച്ചു’ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കേരളത്തിലെ അന്ധവിശ്വാസങ്ങൾ മുഴുവൻ ആവാഹിച്ച് ഒരു ഏഴിലംപാലയിൽ കൊണ്ടുവന്ന് ആണിയടിക്കാൻ തീരുമാനിച്ചാൽ ഒരിക്കലും 13 ആണി അടിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ തീർച്ചയായും ശ്രദ്ധിക്കും. 12 ആണി; അല്ലെങ്കിൽ 14.

എ,ബി,സി,ഡി എഴുതിയ നമ്പർ ലോക്കുകൊണ്ടാണ് കേരള ഹൈക്കോടതി അന്ധവിശ്വാസങ്ങളെ പൂട്ടിയതെന്നു നമുക്കറിയാം. ഹൈക്കോടതിയിൽ 13 എന്ന മുറിയില്ലാത്തതിനെതിരെയുള്ള കേസ് സുപ്രീം കോടതിയിലെത്തിയതിനെ തുടർന്നാണ് അവിടത്തെ മുറികളുടെ എണ്ണം പുനഃക്രമീകരിച്ചത്. കെട്ടിടത്തിന്റെ ഓരോ നിലയിലും എ,ബി,സി,ഡി എന്നിങ്ങനെ മുറികൾ. ഒന്നാം നിലയിലെ മുറികൾ 1എ, 1ബി, 1സി, 1ഡി എന്ന മട്ടിൽ. ഒരു നിലകൂടി കയറുമ്പോൾ 2എ, 2ബി, 2സി, 2ഡി. ഹൈക്കോടതിക്ക് എട്ടു നിലകളേ ഉള്ളൂ എന്നതിനാൽ 13 എ,ബി,സി,ഡി വേണ്ടിവരുന്നില്ല. എട്ടിൽ തട്ടി മുറികൾ അവസാനിക്കുന്നു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നു പറയുന്നത് ഒരു അന്ധവിശ്വാസമാണെന്നു പറയാൻ വയ്യല്ലോ.

English Summary: Tharangangalil on superstition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com