കണ്ണു തുറപ്പിക്കണം വിദ്യാർഥി കുടിയേറ്റം

HIGHLIGHTS
  • മാറിച്ചിന്തിച്ചില്ലെങ്കിൽ കേരളം നൈപുണ്യമില്ലാത്തവരുടെ നാടാകും
education-1
SHARE

ജൂതർ കഴിഞ്ഞാൽ ലോകത്തെ ഏറ്റവുമധികം ചിതറപ്പെട്ട ജനതയാണു മലയാളികൾ. എന്നാൽ, ഒരു വ്യത്യാസമുണ്ട്. രണ്ടായിരത്തോളം വർഷം ജൂതർക്കു സ്വന്തമായി ഒരു നാടുണ്ടായിരുന്നില്ല. മലയാളികൾക്ക് അതുണ്ടായിരുന്നു - എഴുത്തുകാരൻ സക്കറിയയുടെ നിരീക്ഷണമാണിത്. 

പ്രവാസത്തിന്റെ പല ഘട്ടങ്ങൾ കടന്നുവന്ന മലയാളികൾ നിർണായകമായൊരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണിപ്പോൾ- വിദ്യാർഥി കുടിയേറ്റം ഭാവികേരളത്തിന്റെ ദിശ നിശ്ചയിക്കുന്നത്ര വലിയ സാമൂഹികചലനമായി രൂപപ്പെടുന്നു. മലയാളിപ്രവാസത്തിന്റെ ഈ പുതിയ ഘട്ടത്തെയാണ് ‘കടൽ കടന്ന് പഠനവും’ എന്ന പരമ്പരയിൽ മലയാള മനോരമ അടയാളപ്പെടുത്തിയത്. 

പഠിക്കാൻ വിദേശത്തുപോകുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിൽ ഓരോ വർഷവുമുണ്ടാകുന്ന കുതിച്ചുചാട്ടം അമ്പരപ്പിക്കുന്നതാണ്. 2021–22ൽ കേരളത്തിലെ ബാങ്കുകളിൽനിന്നു വിദേശപഠനത്തിനു വായ്പയെടുത്തത് 82,781 പേർ. ഒരുവർഷം ഹയർ സെക്കൻ‍ഡറിയും തുല്യകോഴ്സുകളും പഠിച്ചിറങ്ങുന്നവരിൽ അഞ്ചിലൊന്നും തുടർന്നുള്ള പഠനത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നാടുവിടുന്നു എന്നർഥം. ഈ ഒഴുക്കിന് ഓരോ വർഷവും ഗതിവേഗം കൂടുകയുമാണ്. ഇവർ വിദേശരാജ്യങ്ങളിൽ പഠനശേഷവും തുടരാനുള്ള സ്റ്റേബാക്ക് സൗകര്യം പ്രയോജനപ്പെടുത്തിയും സ്ഥിരതാമസാനുമതി നേടിയും അവിടെ ജീവിതമുറപ്പിക്കുന്നു. 30-40 പ്രായക്കാരായ പ്രഫഷനലുകൾ വരെ സ്റ്റുഡന്റ് വീസയിൽ കുടിയേറുന്നു. 

ഈ പലായനത്തിന്റെ കാരണങ്ങൾ തേടി മലയാള മനോരമ നടത്തിയ സർവേയിൽ ഏറ്റവുമധികം വായനക്കാർ ചൂണ്ടിക്കാട്ടിയത് തൊഴിലവസരങ്ങളിലും ശമ്പളത്തിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളം തങ്ങളെ നിരാശപ്പെടുത്തുന്നുവെന്ന കാര്യമാണ്. കാലത്തിനൊത്തു മാറാത്ത സാമൂഹികാന്തരീക്ഷവും ജെൻഡർ മുൻവിധികളും ഒട്ടും പ്രതീക്ഷ പകരാത്ത രാഷ്ട്രീയ പ്രവർത്തനശൈലിയും കൂടിയാകുമ്പോൾ മടുപ്പു പൂർണമാകുന്നു. വിരൽത്തുമ്പിൽ തുറന്നുകിട്ടുന്ന വെർച്വൽ ലോകം വിദേശത്തെ കൂടുതൽ സ്വതന്ത്രവും വിശാലവുമായ ജീവിതം അവർക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു. 

ഗൾഫ് പ്രവാസത്തിന്റെ ഏറ്റവും വലിയ സവിശേഷത, അവിടെ പോയവർക്കു നാടുമായുള്ള ബന്ധം നിലനിർത്താനായി എന്നതാണ്. ഗൾഫിൽ സ്ഥിരതാമസാനുമതി കിട്ടാത്തതും ഇതിനു കാരണമായി. എന്നാൽ, ഇപ്പോൾ കാനഡയിലേക്കും യുഎസിലേക്കും ഓസ്ട്രേലിയയിലേക്കും പോകുന്ന മലയാളികൾ തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ല. ഗുരുതരമായ നൈപുണ്യനഷ്ടമാണ് ഇതിന്റെ അനന്തരഫലം. ആയുർദൈർഘ്യത്തിലെ വർധനയും ജനസംഖ്യാച്ചുരുക്കവും മൂലം ഇപ്പോൾതന്നെ പ്രായമേറിയവരുടെ നാടായ കേരളത്തിൽ ഇനി സ്ഥിതി കൂടുതൽ രൂക്ഷമാകും. 

ഈ കുടിയേറ്റത്തെ തടയുകയല്ല വേണ്ടത്. കേരളീയ ജീവിതത്തിന്റെ അടഞ്ഞ വാതായനങ്ങളെ പുറംലോകത്തേക്കു തുറന്നിട്ടത് കഴിഞ്ഞ നൂറ്റാണ്ടിലെ പ്രവാസമാണ്. ഇപ്പോഴത്തെ ഒഴുക്കിനെ സ്വാഭാവിക പ്രക്രിയയായി ഉൾക്കൊള്ളുകയും എന്നാൽ, കേരളത്തിന്റെ ഭാവിയെ ബാധിക്കാതിരിക്കാൻ ദീർഘവീക്ഷണത്തോടെ ബദൽവഴികൾ തേടുകയും വേണം. കേരളീയ സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റൽ ശാക്തീകരണമാണു പരിഹാരമെന്ന് മനോരമയ്ക്കൊപ്പം ഈ പരമ്പരയുടെ ആലോചനയിലും എഴുത്തിലും പങ്കാളിയായ മുരളി തുമ്മാരുകുടി ഓർമിപ്പിക്കുന്നു. നമ്മുടെ യുവജനങ്ങൾ നാടുവിടുമ്പോൾ പകരം ഇവിടെയെത്തുന്നവരും നൈപുണ്യമുള്ളവരാകണം. തൊണ്ണൂറുകളിൽ കർണാടക സർക്കാർ ഐടിക്കു നൽകിയ പ്രാമുഖ്യം ബെംഗളൂരു നഗരത്തെ മാറ്റിയെടുത്തത് എങ്ങനെയെന്നോർക്കുക. കാഴ്ചപ്പാടും ലക്ഷ്യബോധവുമുണ്ടെങ്കിൽ കേരളത്തിലും ഇതു സാധ്യമാകും. 

വിദ്യാർഥി കുടിയേറ്റത്തിന്റെ മറ്റു വശങ്ങളിലേക്കും സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതുണ്ട്. വിദേശത്തുപോകുന്ന മലയാളി വിദ്യാർഥികളുടെ സമഗ്ര ഡേറ്റാബേസ് തയാറാക്കേണ്ടതിന്റെ ആവശ്യകത യുക്രെയ്ൻ യുദ്ധം നമുക്കു ബോധ്യപ്പെടുത്തിത്തന്നു. സർക്കാരിനു കീഴിൽ സ്റ്റുഡന്റ് മൈഗ്രേഷൻ വിങ് തുടങ്ങുകയും പ്രീ ഡിപ്പാർച്ചർ കൗൺസലിങ് ലഭ്യമാക്കുകയും വേണം.  ഗൾഫ് കാലത്തേതിൽനിന്നു വ്യത്യസ്തമായി പണം കൊടുത്തുള്ള ഈ പ്രവാസം നമ്മുടെ നാട്ടിലെ സാമൂഹികവിടവുകളെ രൂക്ഷമാക്കാതിരിക്കാനുള്ള ഇടപെടലുകളും വേണം.

വിദേശപഠനത്തിനുള്ള ബാങ്ക് വായ്പ കഴിഞ്ഞ സാമ്പത്തികവർഷം 6000 കോടി രൂപ കവിഞ്ഞു. ഇതിന്റെ 40% വരെ കിട്ടാക്കടമാകാനുള്ള സാധ്യത സംസ്ഥാനതല ബാങ്കേഴ്സ് സമിതി ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തികഭാരം നിസ്സാരമല്ല. വിദേശപഠന സ്കോളർഷിപ്പുകളെക്കുറിച്ചു വിദ്യാർഥികളിൽ അവബോധമുണ്ടാക്കാനും അവരെ അതിനു പ്രാപ്തരാക്കാനും കഴിയുന്നുണ്ടോയെന്നു നമ്മുടെ അധ്യാപകർ സ്വയം ചോദിക്കേണ്ടതുണ്ട്.

മനോരമയിൽ ഈ പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങിയ ദിവസം പത്രത്തിലെ പ്രധാന ലോകവാർത്ത ബ്രിട്ടനിൽ ഋഷി സുനക് പ്രധാനമന്ത്രിയായതായിരുന്നു. കേരളത്തിലെ പ്രധാനവാർത്തയാകട്ടെ സർവകലാശാലാ വൈസ് ചാൻസലർ നിയമനങ്ങളുടെ പേരിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോരും. ലോകം മുന്നേറുന്നതിന്റെ വിരുദ്ധദിശയിൽ നമ്മുടെ നാട് തപ്പിത്തടഞ്ഞുനിൽക്കുമ്പോൾ യുവതലമുറ സ്വന്തം വഴിതേടിപ്പോകുന്നതിൽ അദ്ഭുതമില്ല. ഈ പ്രവാസം നൽകുന്ന മുന്നറിയിപ്പ് വ്യക്തമാണ് – ഭൂതകാലക്കുളിരിൽനിന്നു പുറത്തുകടന്ന് കേരളം മനസ്സുകൊണ്ട് കൂടുതൽ ചെറുപ്പമാകണം, വിശാലമാകണം. ഇല്ലെങ്കിൽ പാതാളത്തിലേക്കു സ്വയം ചവിട്ടിത്താഴ്ത്തിയ ജനതയായിട്ടാകും വരുംകാലം നമ്മെ ഓർക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS